ADVERTISEMENT

മലയാളത്തിലെ ശ്രദ്ധേയകഥാകൃത്ത് ബിജു സി.പി.യുടെ പുതിയ കഥാസമാഹാരമാണ് ‘ലെ പ്രാന്തിസ്’. പത്ത് കഥകളാണ് ഈ പുസ്തകത്തിൽ. ‘ലെ പ്രാന്തിസ്’ലെ കഥകളെക്കുറിച്ച്, അവയുടെ എഴുത്തനുഭവങ്ങളെക്കുറിച്ച്, ‘ഉള്ളത്തില്‍ നിറയുന്ന തള്ളലുമായി സജീവമായിരുന്ന അന്തര്‍ധാരയുടെ

ചില പ്രതിക്രിയകള്‍’ എന്ന പേരിൽ ബിജു സി.പി. ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം–

ADVERTISEMENT

ഒരു കഷണം 501 ബാര്‍ സോപ്പ്, 50 ഗ്രാമിന്റെ പകുതി ചായപ്പൊടി, ഒരു കിലോ അരി... പാടത്തും പറമ്പിലും പണികളൊക്കെ കഴിഞ്ഞ് വൈകുന്നേരം ആളുകള്‍ പീടികയിലേക്ക് വരും. അന്നന്നത്തേക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ കഷ്ടി വാങ്ങിയൊപ്പിക്കാനാണ്. ആറുമണിയോടെ ചെറിയൊരു ആള്‍ക്കൂട്ടമുണ്ടാകും. വീടിനോടു ചേര്‍ന്നു തന്നെയായിരുന്നു ഞങ്ങളുടെ ചെറിയ പീടിക. ചുള്ളിക്കല്‍ ഏലി, കവലയ്ക്കല്‍ ഏലി, ശോഭച്ചേച്ചി, യോഹന്നാച്ചന്‍, കുഞ്ഞുകൊച്ച്, രാജന്‍ ചേട്ടന്‍... ഒരു കൂട്ടം ആളുകള്‍. അന്നത്തെ പണിപ്പാടുകള്‍, കളിചിരികള്‍, തിരക്കുകൂട്ടല്‍, ഇടയ്ക്ക് തെറിക്കുന്ന ചെറുതെറികള്‍ ഒക്കെയായി അവര്‍ പറഞ്ഞു നിറയുന്നുണ്ടാവും. മേലുകീഴ് നോട്ടമേയില്ലാതെ. 1980കളിലും 90കളിലുമായി കിടക്കുന്ന ആ കാലത്ത് നാട്ടിലെമ്പാടുമുണ്ടായിരുന്ന മനുഷ്യര്‍ വീട്ടിലേക്കു കൊണ്ടു വന്ന് കഥകള്‍ തന്നിരുന്നു എനിക്ക്. അങ്ങനെയാണ് കഥയുടെ സൂത്രപ്പണിയുമായി ഒരു അന്തര്‍ധാര നമുക്കും പറ്റിയേക്കുമല്ലോ എന്ന് ഒരു തോന്നലുണ്ടായത്. അന്തര്‍ധാരയല്ലേ, സ്വയം അറിയാതെ അത് ഉള്ളില്‍ അങ്ങ് ഉറവപൊട്ടുകയായിരുന്നു. ഇന്നലെകളിലെ ആ ജീവിതം തന്നെയാണല്ലോ കഥകളായി നിറയുന്നത്. നാളെയുടെ തണലുകളാവുന്നത്. അക്കാലത്ത് അതൊന്നും അങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കടന്നുപോന്ന വഴികളിലെ നമ്മള്‍ തന്നെയാണ് നമ്മുടെ കഥ എന്ന് ഇപ്പോള്‍ ഒരുമട്ട് തിരിച്ചറിയുന്നുണ്ട്.

കഥ പറയാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ? ‘ജോണീ, ജോണീ.. യെസ് പപ്പാ’ എന്ന നേഴ്‌സറിപ്പാട്ടിലെ പപ്പ ചോദിക്കുമ്പോള്‍ ജോണി പറയുന്നില്ലേ താന്‍ പഞ്ചസാര തിന്നുന്നില്ലെന്ന്. ജോണി പറയുന്ന ആ നുണ അവന്റെ ആദ്യത്തെ കഥയൊന്നുമല്ലെന്ന് പപ്പയ്ക്കറിയാം. അതുകൊണ്ടാണ് അവനോട് വായ് തുറക്കാന്‍ പറയുന്നത്. ജോണി വായ് തുറക്കുമ്പോളോ! പപ്പാ അവനെ ‘തൂക്കീ വെളുത്ത പഞ്ചാരച്ചിരികളോടെ’. കഥ പറയാനുള്ള വാസന മനുഷ്യര്‍ക്കൊക്കെയുള്ളതു തന്നെയാണ്. മനുഷ്യന്റെ സഹജസ്വഭാവങ്ങളിലൊന്ന്. വെള്ളത്തില്‍ തിര തള്ളുന്നതു പോലെ ഉള്ളത്തിലൊരു തള്ളല്‍ ഏതാണ്ടെല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും. പലര്‍ക്കും അത് പല മട്ടിലാണ് അനുഭവപ്പെടുക എന്നു മാത്രം. ആട്ടവും പാട്ടും കൊട്ടും വരയും ഒക്കെയൊക്കെ ആ ഉള്‍ത്തുള്ളലിന്റെ തള്ളിമറിയലുകള്‍. ഉള്ളത്തില്‍ തള്ളുന്ന ആ തിരയിളക്കമാണ് മനുഷ്യന്റെ സര്‍ഗാത്മകത. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് ആ സര്‍ഗാത്മകതയാണ്. പുറംപാളിയിലെ നമ്മള്‍ അറിയാതെ തന്നെ ആ ഉള്‍ത്തള്ളല്‍ എവിടെയൊക്കെയോ ചില കണ്ണുകളും കാതുകളും തുറന്നു വെച്ചിട്ടുണ്ട്. കാണലിന്റെ, കേള്‍ക്കലിന്റെ ഒരു അന്തര്‍ധാരയാണ് അതും. അതാണ് നമ്മെ കഥകളിലേക്ക് നയിക്കുന്നത്. അങ്ങനെ, സ്വയമറിയാതെ എവിടെവിടെയോ കൊളുത്തിപ്പിടിച്ച ചില ഉള്ളറിവുകളാണ് കഥകളായി എഴുതിയെത്തുന്നത്.

ADVERTISEMENT

നേര്യമംഗലത്തിനടുത്ത് ബ്ലാവന കടത്തു കടന്ന് ഉള്‍ക്കാട്ടിലേക്ക് ഒന്നു രണ്ടു തവണ പോയിട്ടുണ്ടായിരുന്നു. ഏറെക്കാലം കഴിഞ്ഞ് ഒരിക്കല്‍ കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വച്ച് ഒരു ആദിവാസി കുടുംബത്തെ കണ്ട കഥ ഒരു സുഹൃത്താണ് പറഞ്ഞത്. 16 വയസ്സിനു മുമ്പ് പ്രസവിച്ച കുഞ്ഞിനെയും കൂട്ടി വീട്ടുകാര്‍ക്കൊപ്പം പട്ടണത്തിലേക്കു പോകുന്ന ഒരു അമ്മപ്പെണ്‍കുട്ടി. ആ കുഞ്ഞിനു ജന്മം നല്‍കിയത് കുറ്റമാണെന്നു കണ്ട നിയമം, ചാര്‍ത്തിയ പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്ന തന്റെ പ്രിയനെ കാണാനാണ് യാത്ര. ആറളത്തെവിടെ നിന്നോ വന്ന ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനമ്മമാരും. ഉള്‍ക്കാട്ടിലെ കോളനികളില്‍ കഴിയുന്ന ഒരു വിഭാഗം ആദിവാസി ജനത ഇന്നുമുണ്ട് നമ്മുടെ കേരളത്തില്‍. പൊതുകേരളത്തിന്റെ സാംസ്‌കാരികപ്പകിട്ടുകള്‍ ഒന്നുമറിയാത്തവര്‍. അവരുടെ ജീവിതരീതിയനുസരിച്ച് ഒരുമിച്ചു ജീവിച്ചാലും 16 വയസ്സിനു മുമ്പ് പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ പോക്‌സോ കേസില്‍ അകത്താകും. പ്രശ്‌നംപിടിച്ച ഒരു നിയമ സങ്കീര്‍ണതയാണത്. അഴിക്കുന്തോറും കുരുങ്ങുന്ന ഒരു നിയമക്കുരുക്ക്. അതിനെക്കുറിച്ചുള്ള ഏതേതോ വിചാരങ്ങളുടെ അന്തര്‍ധാരയിലാണ് ‘ലെ പ്രാന്തിസ്’ എന്ന സമാഹാരത്തിലെ ‘ചെറിയോര്‍ക്കുള്ള കരുതല്‍’ എന്ന കഥ എഴുതാനായത്.

പരമശാന്തമായ നാടായ പോത്താനിക്കാട്ടു നിന്ന് കാനഡയിലേക്കു കുടിയേറിയ ഒരു കൂട്ടുകാരിയാണ് ‘പൗള്‍ട്രി ജനറേഷന്‍സ്’ എന്ന കഥയിലെ നായിക. അവള്‍ ഉള്‍പ്പെടെ അതിലെ ആരെയും എനിക്ക് നേരിട്ടു പരിചയമില്ല കേട്ടോ! എന്നാല്‍, ആ ജീവിതാവസ്ഥകളും പോത്താനിക്കാടും വണ്ണപ്പുറവും കോതമംഗലവും ഒക്കെ ഒരു മട്ട് പരിചയമുള്ളതാണ്. കാനഡയിലോ അവിടത്തെ ഹോട്ടലുകളിലോ ഒന്നും ഞാന്‍ പോയിട്ടില്ല. അതും ഇപ്പറഞ്ഞ ഒരന്തര്‍ധാരയില്‍ ഒഴുകിയെത്തി കണ്ണുംപൂട്ടി അങ്ങെഴുതിയതാണ്. നല്ലതുപോലെ രസിച്ച് എഴുതിയ കഥയാണ് ‘പൗള്‍ട്രി ജനറേഷന്‍സ്’. അതില്‍ പറയുന്ന പലതരം പുട്ടുകളുണ്ട്. അതില്‍ ചിലതൊക്കെ ഉണ്ടാക്കി നോക്കിയിട്ടുമുണ്ട്. കിടുക്കാച്ചി ടെയ്‌സ്റ്റാണ്! കഥ വായിക്കുന്നവര്‍ക്ക് പുട്ട് ഫ്രീയായി ഉണ്ടാക്കികഴിക്കാം!

biju-cp-2
ADVERTISEMENT

ഇങ്ങനെ ഓരോ കഥയെക്കുറിച്ചും ഓരോ അന്തര്‍ധാരക്കഥ കൂടി പറയാന്‍ തുടങ്ങിയാല്‍ സംഗതി വല്ലാതങ്ങു നീണ്ടുപോവില്ലേ! എന്നാലും ആത്മപ്രശംസ പറഞ്ഞു തുടങ്ങുമ്പോളുള്ള ഹരം അത്രയെളുപ്പമല്ലല്ലോ അടക്കി നിര്‍ത്താന്‍. മലയാളിയായ ഒരു സംരംഭകന്‍ ഉപചാരങ്ങളൊന്നുമില്ലാതെ തനി നാട്ടിന്‍പുറത്തുകാരനായി തന്റെ വിജയവഴികള്‍ വിവരിക്കുന്ന ഒരു വീഡിയോ കണ്ടപ്പോളാണ് ‘ലെ പ്രാന്തിസ്’ എന്ന കഥയിലെ കുഞ്ഞൗസേപ്പ് ഉള്ളില്‍ മുളയെടുത്തത്. സ്വന്തമായി ഒന്നുമില്ലാത്തവനാണ് കുഞ്ഞൗ. പേരു പോലും സ്വന്തമല്ലാത്തവന്‍. അവനെ വളര്‍ത്തിയ അമ്മയോ അവനുണ്ടാക്കുന്ന ഉത്പന്നങ്ങളോ അവയുടെ ബ്രാന്‍ഡുകളോ ഒന്നും അവന്റേതല്ല. അല്ലെങ്കില്‍ ആര്‍ക്ക് എന്താണ് സ്വന്തമായുള്ളത്. കസ്യ സ്വിദ്ധനം എന്ന് പണ്ടുപണ്ട് ഈശാവാസ്യോപനിഷത്തില്‍ മഹര്‍ഷി ചോദിച്ച ആ ചോദ്യം ഇന്നും അതേ പോലെ നില്‍ക്കുകയാണല്ലോ. ഒന്നുമില്ലായ്മകളുടേതായ മഹാവിജയം പറയുന്ന ഒരു പറച്ചില്‍ക്കഥയാണ് ‘ലെ പ്രാന്തിസ്’. പത്തു കഥകളുണ്ട് സമാഹാരത്തില്‍. പുഷ്പുള്‍ എന്ന് പറയാറുള്ളതു പോലെ, തുടക്കത്തില്‍ ഒരു അവതാരികയും ഒടുക്കത്തില്‍ ഒരു അഭിമുഖ വര്‍ത്തമാനവും ഉണ്ട്. പ്രിയ സുഹൃത്തും ഗംഭീരഗവേഷകയുമായ ഷംഷാദ് ഹുസൈനാണ് അവതാരികയെഴുതിയിട്ടുള്ളത്. സന്തോഷ് ഇലന്തൂര്‍ നടത്തിയതാണ് അഭിമുഖം.

ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തമായ തരത്തിലും ഭാഷയിലും പറയാനാണ് ശ്രമിച്ചിട്ടുള്ളത്. കഥകളെല്ലാം നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ചാണ്. അന്നന്നത്തെ ജീവിതത്തിന്റെ പണിപ്പാടുകളിലേക്കും കളിചിരികളിലേക്കും നൊമ്പരങ്ങളിലേക്കും നുറുങ്ങിനിറയുന്ന കുഞ്ഞു ജീവിതങ്ങളെക്കുറിച്ച്...

Biju C.P.'s 'Le Praanthies': A Deep Dive into Ten New Malayalam Stories:

Le Praanthies is a new collection of ten short stories by acclaimed Malayalam writer Biju C.P. The author delves into the inspiration behind these stories, highlighting how everyday life experiences and the inherent human desire to narrate shape his creative process.

ADVERTISEMENT