ADVERTISEMENT

പ്രശസ്ത പലസ്‌തീൻ എഴുത്തുകാരി അദനിയ്യ ശിബ്‌ലിയുടെ ‘തഫ്‌സീൽ സാനവി’ ‌എന്ന ശ്രദ്ധേയ നോവൽ ‘മൈനർ ഡീറ്റെയിൽ’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ.എൻ.ഷംനാദ് തന്റെ വിവർത്തനാനുഭവം ‘പലസ്തീൻ ചരിത്രത്തിന്റെ വിലാപവും ഒരു പുസ്തകത്തിന്റെ തലവരയും: ‘മൈനർ ഡീറ്റെയിൽ’ എന്ന രാഷ്ട്രീയ നോവൽ’ എന്ന പേരിൽ ‘വനിത ഓൺലൈനില്‍’ എഴുതിയതു വായിക്കാം –

സാഹിത്യം കേവലം ഭാവനയല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവരുടെയും വിസ്മൃതിയിലാഴ്ത്തപ്പെട്ടവരുടെയും ഉച്ചത്തിലുള്ള ചെറുത്തുനിൽപ്പുകൂടിയാണെന്ന് സമകാലിക ലോകത്തെ ബോധ്യപ്പെടുത്തിയ എഴുത്തുകാരിയാണ് പലസ്തീനിയൻ നോവലിസ്റ്റായ അദനിയ്യ ശിബ്‌ലി. ചരിത്രത്തിന്റെ താളുകളിൽ നിന്നും ബോധപൂർവ്വം മായ്ച്ചുകളയാൻ ഭരണകൂടങ്ങൾ ശ്രമിച്ച ഒരു നിഷ്ഠൂരമായ യഥാർത്ഥ സംഭവത്തെ മുൻനിർത്തി അവർ രചിച്ച ‘തഫ്‌സീൽ സാനവി’ (Minor Detail) എന്ന നോവൽ, അന്താരാഷ്ട്ര സാഹിത്യവേദികളിൽ ഇന്നും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചുകൊണ്ടിരിക്കുകയാണ്. സയണിസ്റ്റ് അധിനിവേശത്തിന്റെ ക്രൂരതകളും, സ്വന്തം മണ്ണിൽ അപരരായി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ ആഴമേറിയ വേദനകളും വരച്ചുകാട്ടുന്ന ഈ നോവലിന്റെ ഉള്ളടക്കത്തിലേക്കും, അതിന്റെ മലയാള വിവർത്തനമായ ‘മൈനർ ഡീറ്റെയിൽ’ എന്ന പുസ്തകത്തിന്റെ രാഷ്ട്രീയത്തിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടമാണിത്.

ADVERTISEMENT

അദനിയ്യ ശിബ്‌ലി

നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, സർവ്വകലാശാല അദ്ധ്യാപിക, അക്കാദമിക് റൈറ്റർ തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന അദനിയ്യ ശിബ്‌ലി പലസ്‌തീനിലെ സമകാലിക എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയാണ്. 2023-ലെ ഫ്രാങ്ക്ഫർട്ട് അന്തർദേശീയ പുസ്തകമേളയിൽ അവർക്ക് നൽകാനിരുന്ന പുരസ്‌കാരം അവസാന നിമിഷം പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദം ലോക സാഹിത്യസദസ്സുകളിലാകെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.

ADVERTISEMENT

വടക്കൻ പലസ്തീനിലെ ഗലീലിയയിലാണ് 1974-ൽ അദനിയ്യ ജനിക്കുന്നത്. അമേരിക്കയിൽ സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണവും പിന്നീട് അരങ്ങേറിയ ഭീകരതയ്ക്കെതിരേയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധങ്ങളും ബ്രിട്ടീഷ്-ഫ്രഞ്ച് ടെലിവിഷനുകളിൽ എപ്രകാരമാണ് ചിത്രീകരിക്കപ്പെട്ടത് എന്ന വിഷയത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദനിയ്യ, ബെർലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ കുറേക്കാലം അദ്ധ്യാപികയായിരുന്ന അദനിയ്യ 2013 മുതൽ പലസ്‌തീനിലെ വെസ്റ്റ് ബാങ്കിലുള്ള റാമല്ല ബിർസൈത്ത് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി കൾച്ചറൽ സ്റ്റഡീസ് വകുപ്പിൽ പാർട്ട് ടൈം പ്രൊഫസറായും ജോലി ചെയ്യുകയാണ്.

2000 മുതൽ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടാണ് അദനിയ്യ ശിബ്‌ലി തന്റെ സർഗാത്മകജീവിതം ആരംഭിക്കുന്നത്. 2001-ലാണ് ആദ്യ നോവലായ ‘മസാസ്’ (Touch) പ്രസിദ്ധീകരിക്കുന്നത്. യുവ പലസ്‌തീൻ എഴുത്തുകാർക്കായുള്ള എം.എം.ഖത്താൻ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച അറബിനോവലിനുള്ള 2001-ലെ പുരസ്‌കാരം ഈ നോവലിനാണ് ലഭിച്ചത്. 2004-ൽ പുറത്തിറങ്ങിയ ‘കുല്ലുനാ ബഈദ് ബി ദാതിൽ മിഖ്‌ദാർ അനിൽ ഹുബ്ബ്’ (We Are Equally Far From Love) എന്ന രണ്ടാമത്തെ നോവലും ഇതേ പുരസ്കാരത്തിന് അർഹമായി. ‘Keep your eye on the wall: Palestinian Landscapes’, ‘In Ramallah: On the Borders’ എന്നിവ അവരുടെ ശ്രദ്ധിക്കപ്പെട്ട ലേഖനസമാഹാരങ്ങളാണ്. യൂറോപ്പിലെ ബാനിപൽ മാഗസിനും വെയിൽസിലെ ഹേ ഫെസ്റ്റിവലും ചേർന്ന് സംഘടിപ്പിച്ച ‘Beirut 39’ പ്രോജക്ടിൽ ഉൾപ്പെട്ട പലസ്തീൻ എഴുത്തുകാരിയായിരുന്നു അദനിയ്യ. നാല്പത് വയസിൽ താഴെയുള്ള, അറബ് ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 39 അറബ് എഴുത്തുകാരെ തിരഞ്ഞെടുക്കാനായി നടത്തിയ പ്രശസ്‌തമായ പ്രോജക്ടായിരുന്നു ഇത്.

minor-details-2
ADVERTISEMENT

‘മൈനർ ഡീറ്റെയിലി’ന്റെ കഥ

2004-ൽ തന്റെ രണ്ടാമത്തെ നോവൽ പുറത്തിറങ്ങിയതിനു ശേഷം അദനിയ്യ ശിബ്‌ലിയുടേതായി മറ്റൊരു നോവൽ പ്രസിദ്ധീകൃതമാകുന്നത് നീണ്ട 12 വർഷങ്ങൾക്കുശേഷമായിരുന്നു. 2017-ൽ ലെബനോണിലെ ദാറുൽ ആദാബ് പ്രസിദ്ധീകരിച്ച ‘തഫ്സീൽ സാനവി’ എന്ന അറബി നോവൽ ശരിക്കും അവരുടെ തലവര മാറ്റിവരച്ചു. 2020-ൽ അമേരിക്കൻ പരിഭാഷകയായ എലിസബത്ത് ജാക്വത്തിന്റെ ‘Minor Detail’ എന്ന ഇംഗ്ലിഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടതോടുകൂടി ഈ നോവൽ ഏറെ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ആ വർഷത്തെ നാഷണൽ ബുക്ക് അവാർഡ് ഫോർ ട്രാൻസ്‌ലേറ്റഡ് ലിറ്ററേച്ചറിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഈ നോവൽ 2021-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനത്തിനായി ലോങ് ലിസ്റ്റും ചെയ്യപ്പെട്ടു.

ജർമ്മൻ പരിഭാഷ പുറത്തിറങ്ങിയതോടെ ജർമ്മൻ സാഹിത്യസംഘമായ Lit Prom ന്റെ 2023-ലെ സാഹിത്യ സമ്മാനത്തിനായി ഈ നോവൽ തിരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത അന്തർദേശീയ പുസ്തകമേളയായ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിൽവച്ച് 2023 ഒക്ടോബർ 20-ന് പുരസ്‌കാരം സമ്മാനിക്കാനാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് ഒക്ടോബർ ഏഴിന് പലസ്‌തീൻ പോരാളി സംഘടനയായ ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തുന്നതും തുടർന്ന് പ്രതികാരനടപടിയായി ഇസ്രയേൽ ഗാസയ്ക്കു നേരേ യുദ്ധം തുടങ്ങുന്നതും. ഈ പശ്ചാത്തലത്തിലാണ് അദനിയ്യയുടെ നോവൽ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ചില ജർമ്മൻപത്രങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ട് പുസ്‌തകമേളയിലെ പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവച്ചതായി Lit prom അധികൃതർ പ്രഖ്യാപിച്ചു.

ലോകവ്യാപകമായി സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. നൊബേൽ ജേതാക്കളായ അബ്ദുൽ റസാഖ് ഗുർണ, ഓൾഗ ടോകാർചുക് അടക്കമുള്ള വിഖ്യാതരായ ആയിരത്തോളം എഴുത്തുകാർ ഫ്രാങ്ക്ഫർട്ട് പുസ്‌തകമേളയുടെ നടപടിയെ വിമർശിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ഷാർജ ബുക്ക് അതോറിറ്റി, അറബ് പബ്ലിഷേഴ്സ് അസോസിയേഷൻ, എമിറേറ്റ്സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ തുടങ്ങിയവർ 2023-ലെ ഫ്രാങ്ക്ഫർട്ട് പുസ്‌തകമേള ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. Minor Detail എന്ന ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകരാകട്ടെ പുസ്‌തകമേള നടന്ന ദിവസങ്ങളിലാകെ നോവലിന്റെ ഈ-ബുക്ക് സൗജന്യമായി ലഭ്യമാക്കിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സ്‌പാനിഷ്, ഫ്രഞ്ച്, പോളിഷ്, പോർച്ചുഗീസ് ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ട ഈ നോവലിന്റെ അറബിയിൽനിന്നും നേരിട്ടുള്ള പരിഭാഷയാണ് ‘മൈനർ ഡീറ്റെയിൽ’ എന്ന പുസ്‌തകം.

കുഴിച്ചുമൂടപ്പെട്ട സത്യം

1949-ൽ പലസ്‌തീനിലെ നെഗേവ് മരുഭൂമിയിൽ അരങ്ങേറിയൊരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് അദനിയ്യ ശിബ്‌ലി ‘തഫ്‌സീൽ സാനവി’ (Minor Detail) എന്ന നോവൽ രചിച്ചിരിക്കുന്നത്. 1948 മേയിലാണ് പലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും നിഷ്‌കാസനം ചെയ്ത ശേഷം ടെൽ അവീവ് കേന്ദ്രമാക്കി ഇസ്രയേൽ എന്ന യഹൂദ ദേശരാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നത്. പിന്നീട് നടന്ന ഒന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിനെത്തുടർന്ന് തെക്കൻ പലസ്തീനിലെ നെഗേവ് മരുഭൂമി വരെയുള്ള ഭാഗങ്ങൾ ഇസ്രയേൽ സൈന്യം പിടിച്ചടക്കി.

1949 ആഗസ്റ്റിൽ ഇസ്രയേൽ സൈന്യത്തിലെ ഒരു പ്ലാറ്റൂൺ ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുള്ള നെഗേവ് മരുഭൂമിയുടെ തെക്കേ മുനമ്പിൽ ക്യാമ്പ് ചെയ്യുന്നു. നാടോടികളടക്കമുള്ള അറബ് വംശജരായ പലസ്‌തീനികൾ ആ പ്രദേശത്തുണ്ടെങ്കിൽ അവരെ ഉന്മൂലനം ചെയ്യുകയായിരുന്നു ആ പ്ലാറ്റൂണിന്റെ ലക്ഷ്യം. ഒന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഈജിപ്ഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ തകർന്ന നിരിം എന്ന ജൂത സെറ്റിൽമെന്‍റ് സ്ഥാപിച്ചിരുന്ന സ്ഥലത്തായിരുന്നു ഇസ്രയേലി പ്ലാറ്റൂൺ ക്യാമ്പ് ചെയ്‌തത്‌. ഇവരുടെ കൈയിലകപ്പെടുന്ന ഒരു പലസ്തീൻ നാടോടിപ്പെൺകുട്ടിയെ പട്ടാളക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും സംഭവം പുറത്തറിയാതിരിക്കാനായി കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടുന്നതുമാണ് ഈ പുസ്‌തകത്തിന്റെ ആദ്യഭാഗത്തിന് ആധാരമായ സംഭവം.

ഇസ്രയേൽ രാഷ്ട്രസ്ഥാപകനായി കരുതുന്ന ഡേവിഡ് ബെൻഗൂറിയന്റെ ഡയറിക്കുറിപ്പുകളിൽ ഈ സംഭവത്തെക്കുറിച്ച് സൂചനയുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനായി ഇസ്രയേൽ സൈന്യം ശ്രമിച്ചുപോന്നു. പിൽക്കാലത്ത് കുറ്റകൃത്യത്തിലേർപ്പെട്ട ചില സൈനികർ തന്നെ നടത്തിയ തുറന്നുപറച്ചിലുകൾ കാരണം പ്ലാറ്റൂൺ കമാൻഡർ അടക്കം ഇരുപത് സൈനികരെ പട്ടാളക്കോടതി കോർട്ട് മാർഷലിന് വിധേയരാക്കി. കൂട്ടബലാൽസംഗക്കുറ്റം ചുമത്താതെ കൊലപാതകത്തിന്റെ പേരിൽമാത്രമാണ് കമാൻഡറടക്കമുള്ള ഏതാനും സൈനികർക്ക് പട്ടാളക്കോടതി പതിനഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാൽ അപ്പീൽകോടതി പിന്നീട് ഈ ശിക്ഷ ലഘൂകരിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു.

പക്ഷേ, അപ്പോഴും സൈനികകോടതികളിൽ അരങ്ങേറിയ ഈ നിയമനടപടികളൊക്കെയും ‘സ്റ്റേറ്റ് സീക്രട്ട്’ ആയി സൂക്ഷിക്കാനാണ് ഇസ്രയേലിഭരണകൂടവും സൈന്യമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും (ഐ.ഡി.എഫ്.) ശ്രമിച്ചത്. പിൽക്കാലത്ത് പ്രമുഖ ഇസ്രയേലി പത്രമായ ‘ഹാരെറ്റ്സി’ൽ പ്രസിദ്ധീകരിച്ച ഒരു ഫീച്ചറായിരുന്നു ഈ നിഷ്ഠൂരസംഭവം ഇസ്രയേലിനകത്തും പുറത്തും ചർച്ച ചെയ്യപ്പെടാനിടയാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ഇംഗ്ലിഷ് സൈന്യത്തിൽ സേവനം ചെയ്‌തിട്ടുള്ള മോശേ എന്ന വ്യക്തിയായിരുന്നു ആ പ്ലാറ്റൂണിന്റെ കമാൻഡർ എന്ന വിവരവും ഹാരെറ്റ്സ് പുറത്തുവിട്ടിരുന്നു. അപ്പോഴും കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട അറബ് പെൺകുട്ടി ആരായിരുന്നു എന്നുമാത്രം യാതൊരു വിവരവുമില്ലായിരുന്നു.

ഒരു ജനതയുടെ വിലാപം

ഈ സംഭവത്തെ ആസ്‌പദമാക്കി തയ്യാറാക്കപ്പെട്ട ‘മൈനർ ഡീറ്റെയിൽ’ എന്ന നോവലിന് രണ്ടു ഭാഗങ്ങളാണുള്ളത്. 1949 ആഗസ്റ്റ് മാസത്തിലെ നാല് ദിവസങ്ങൾക്കിടയിൽ നെഗേവ് മരുഭൂമിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഒന്നാം ഭാഗത്തിലുള്ളത്. പ്ലാറ്റൂൺ കമാൻഡറും അറബ് പെൺകുട്ടിയുമാണ് ഈ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ. അവളുടെ പേരെന്തെന്നറിയാത്തതിനാൽ നോവലിസ്റ്റ് കഥയിലെ ഒരു കഥാപാത്രത്തിനും പേരുകൾ നൽകുന്നതേയില്ല. സ്ഥലങ്ങൾക്കുമാത്രമേ ആകെ പേരുകളുള്ളൂ. തീർത്തും യാന്ത്രികവും പരുഷവുമായ കഥനരീതിയാണ് ആദ്യഭാഗത്തുള്ളത്. ഒരു മരുഭൂമിയിലെ മണൽക്കുന്നുകളും കത്തിജ്ജ്വലിക്കുന്ന സൂര്യനും മരീചികയും കൂടാരങ്ങളുടെ തണലിൽ അഭയം തേടുന്ന കുറേ പട്ടാളക്കാരുമാണ് ഈ ഭാഗത്താകെ നിറഞ്ഞു നിൽക്കുന്നത്.

നോവലിൽ ഏറ്റവും ശ്രദ്ധേയം രണ്ടാം ഭാഗംതന്നെയാണെന്ന് പറയാം. ഒന്നാം ഭാഗത്തുനിന്നും വ്യത്യസ്‌തമായി തീർത്തും ഫിക്‌ഷണലാണ് ഈ ഭാഗം. ആദ്യഭാഗത്തു നടന്ന സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടിനിപ്പുറം വെസ്റ്റ്ബാങ്കിലും ഗാസയിലുമായാണ് രണ്ടാം ഭാഗം ഇതൾവിരിയുന്നത്. അങ്ങേയറ്റം പൊളിറ്റിക്കലായ ഈ ഭാഗം ഇസ്രയേലി അധിനിവേശത്തിനുകീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ട പലസ്ത‌ീനികളുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനായിരിക്കും ശ്രമിക്കുക.

1949-ൽ നെഗേവ് മരുഭൂമിയിൽ അരങ്ങേറിയ സംഭവത്തെ സംബന്ധിച്ച് പത്രത്തിൽ വായിക്കാനിടയയ വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ താമസിക്കുന്ന ഒരു യുവതിക്ക് ആ വാർത്തയിൽ എന്തോ പ്രത്യേക താത്പര്യം തോന്നുന്നു. അതെന്തായാലും അറബ് യുവതി അനുഭവിച്ച ദുരന്തമായിരിക്കില്ല. കാരണം അതിനെക്കാൾ എത്രയോ മടങ്ങ് വലിയ മനുഷ്യാവകാശധ്വംസനങ്ങളാണ് ഇസ്രയേലി സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെസ്റ്റ്ബാങ്ക് സ്വദേശികളായ അറബികൾ ദിനവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മറിച്ച്, അറബ് യുവതി നെഗേവിൽ കൊല്ലപ്പെട്ട് കൃത്യം ഇരുപത്തഞ്ചു വർഷം പൂർത്തിയാകുന്ന അന്നാണ് താനും ജനിച്ചതെന്ന ‘നിസ്സാര കാര്യ’മാണ് വെസ്റ്റ്ബാങ്കിലെ യുവതിയെ ഈ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കാനായി തീർത്തും അപകടകരമായ നീണ്ട യാത്രയ്ക്കിറങ്ങുവാൻ പ്രേരിപ്പിക്കുന്നത്. ആ സാഹസികമായ യാത്രക്കിടയിൽ അവൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ വിവരണാതീതമാണ്. അധിനിവേശം നിശബ്ദമായി, അർബുദം കണക്കെ തങ്ങളുടെ മണ്ണിനെയും ജീവിതത്തെയും കാർന്നുതിന്നുന്നത് നിർവികാരതയോടെ കണ്ടുനിൽക്കേണ്ടി വരുന്നൊരു ജനതയുടെ ആർത്തനാദമാണ് പിന്നെ കാണുന്നതൊക്കെയും.

അധിനിവേശം നിശബ്‌ദം

ജനിച്ചുവീണ മണ്ണിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുവാൻ പോലും അനുവാദമില്ലാത്ത പലസ്തീനികളുടെ ദുര്യോഗമാണ് രണ്ടാം ഭാഗത്തിലെ ഓരോ താളുകളും വരച്ചിടുന്നത്. വെസ്റ്റ്ബാങ്കിൽനിന്നും ഗാസയുടെ ദിക്കിലേക്കുള്ള റോഡ് യാത്രയ്ക്കിടയിൽ 1948-നുമുമ്പുള്ള ഒരു പലസ്തീൻ മാപ്പിൽ കണ്ട അറബ് ഗ്രാമങ്ങളൊക്കെ അപ്രത്യക്ഷമായതും തൽസ്ഥാനങ്ങളിലാകെ ജൂതകുടിയേറ്റകേന്ദ്രങ്ങൾ കൂൺ കണക്കെ മുളച്ചുവരുന്നതുമായ കാഴ്‌ചകൾ മാത്രമാണ് കാണാനാകുന്നത്. ഏഴുലക്ഷം പലസ്തീനികൾക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളായി അയൽനാടുകളിലേക്ക് ഓടിപ്പോകേണ്ടിവന്ന 1948-ലെ ‘നക്‌ബ’ എന്നറിയപ്പെട്ട ദുരന്തത്തിന്റെ കയ്പേറിയ ഓർമ്മകൾ പതിറ്റാണ്ടുകൾക്കിപ്പുറം അവിടത്തെ ഹതഭാഗ്യരായ മനുഷ്യരെ വിടാതെ പിന്തുടരുന്നു എന്നുതന്നെയാണ് അദനിയ്യ പറയാൻ ശ്രമിക്കുന്നത്.

രണ്ടു ഭാഗത്തിലും പ്രത്യക്ഷപ്പെടുന്ന നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്ന നായ സയണിസ്റ്റ് അധിനിവേശത്തിനെതിരേയുള്ള പലസ്‌തീൻ ചെറുത്തുനില്പിന്റെ പ്രതീകം തന്നെയായിരിക്കും. പലസ്‌തീനികളെ അവരുടെ മണ്ണിൽ എന്നും അപരരായിത്തന്നെ കഴിയാൻ വിടുന്ന സയണിസ്റ്റ് പദ്ധതിക്കെതിരായ ഓരോ പോരാട്ടങ്ങളും അവസാനം കൊടിയ ദുരന്തങ്ങളായിത്തന്നെ പര്യവസാനിക്കുന്ന വേദനാനിർഭരമായ ചിത്രമാണ് ഈ നോവലും വായനക്കാർക്ക് മുന്നിൽ വരച്ചുകാട്ടുന്നത്...

Adaniah Shibli's 'Minor Detail': A Malayalam Translation Unveiling Palestinian Struggles:

Minor Detail, a seminal novel by Palestinian writer Adaniah Shibli, has been masterfully translated into Malayalam by Dr. N. Shamnad, offering a powerful narrative of Palestinian history and resistance. The novel delves into the suppressed truths of the Israeli occupation, highlighting the resilience and pain of a displaced people.

ADVERTISEMENT