വിഖ്യാത ഇറ്റാലിയൻ സാഹിത്യകാരൻ ലൂയിജി പീരാൻഡെല്ലോയുടെ ക്ലാസിക് നോവലാണ് ‘ദ് ലേറ്റ് മത്തിയ പാസ്കൽ’. 1904-ൽ പ്രസിദ്ധീകരിച്ച ഈ കൃതി നൂറ്റാണ്ട് പിന്നിട്ടും വായനക്കാരുടെ സ്വീകാര്യത നേടി തലമുറകളിലൂടെ സഞ്ചരിക്കുന്നു.
ദുരിതപൂർണ്ണമായ ദാമ്പത്യവും കടബാധ്യതകളും കാരണം മടുപ്പ് തോന്നുന്ന ഒരു ലൈബ്രേറിയനാണ് മത്തിയ പാസ്ക്കൽ. ആകസ്മികമായി സ്വന്തം മരണവാർത്ത പത്രത്തിൽ വായിക്കുന്നതോടെ, സമൂഹം അവനെ മരിച്ചവനായി കണക്കാക്കുന്നു. ഈ അവസരം മുതലെടുത്ത് അവൻ ‘അഡ്രിയാനോ മെയ്സ്’ എന്ന പേരിൽ പുതിയൊരു ജീവിതം ആരംഭിക്കുന്നു.
അപ്രതീക്ഷിതമായി കൈവന്ന വൻസമ്പത്തും താൻ മരിച്ചുവെന്ന ലോകത്തിന്റെ നിഗമനവും മത്തിയ പാസ്ക്കലിന് പുതിയൊരു വ്യക്തിത്വം കെട്ടിപ്പടുക്കാൻ അവസരം നൽകുന്നു. എന്നാൽ, പഴയ അടയാളങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം അസാധ്യമാണെന്ന കയ്പേറിയ തിരിച്ചറിവിലേക്കാണ് ആ യാത്ര അയാളെ എത്തിക്കുന്നത്. എന്നാൽ പഴയ ജീവിതത്തിലേക്ക് മടങ്ങാനും കഴിയില്ല, പുതിയ വ്യക്തിത്വവുമായി ജീവിക്കാനും സാധിക്കില്ലെന്ന യാഥാർത്ഥ്യം അവനെ തളർത്തുന്നു. ഒടുവിൽ പഴയ നാട്ടിൽ തിരിച്ചെത്തുന്ന അവൻ, തന്നെ മറന്ന് മറ്റൊരാളെ വിവാഹം കഴിച്ച തന്റെ ഭാര്യയെയാണ് കാണുന്നത്.
വ്യക്തിത്വം, മനുഷ്യൻ അണിയുന്ന മുഖംമൂടികൾ, സാമൂഹിക വ്യവസ്ഥിതികളുടെ നിരർത്ഥകത എന്നിവയെ സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഇറ്റാലിയൻ സാഹിത്യം ഇരുപതാം നൂറ്റാണ്ടിന് സംഭാവന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നിന്റെ മലയാളത്തിലേക്കുള്ള മനോഹര വിവർത്തനമാണ് പ്രശസ്ത പരിഭാഷകൻ തുമ്പൂർ ലോഹിതാക്ഷന്റെ ‘പരേതനായ മത്തിയ പാസ്ക്കൽ’. കാർണെ ബുക്സാണ് പ്രസാധകർ.
ലൂയിജി പീരാൻഡെല്ലോ ഇറ്റാലിയൻ സാഹിത്യത്തിലെ വജ്രനക്ഷത്രമാണ്. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. ലൂയിജി പീരാൻഡെല്ലോയുടെ പ്രശസ്ത കൃതിയായ ‘പരേതനായ മത്തിയ പാസ്ക്കൽ’ ആസ്പദമാക്കി 1925 - ൽ മാർസെൽ എൽ ഹെർബിയർ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് നിശ്ശബ്ദ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
എല്ലാവിഭാഗം വായനക്കാരെയും ആകർഷിക്കത്തക്ക തരത്തിൽ ലളിതമായ പരിഭാഷയാണ് തുമ്പൂർ ലോഹിതാക്ഷന്റേത്. നോവലിന്റെ ആത്മാവ് നഷ്ടപ്പെടാതെ കൃതിയെ മലയാളത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നു അദ്ദേഹം.