വിജയ് നായരുടെ ‘നിൻ അനുരാഗമിതെൻ സിരയിൽ’ എന്ന നോവലിന് രാജേഷ് കെ.ആർ. ‘വനിത ഓൺലൈനില്‍’ എഴുതിയ വായനാനുഭവം വായിക്കാം –
വിജയ് നായരുടെ ‘നിൻ അനുരാഗമിതെൻ സിരയിൽ’ എന്ന നോവൽ പ്രണയത്തിന്റെ സ്വർണശലഭങ്ങൾ പാറുന്ന തെളിവെയിലാണ്. നാവികസേനയിലെ ലെഫ്റ്റനൻറ് കമാൻഡറായ ഗോപീകൃഷ്ണനും ഡോക്ടർ ഇഷയും തമ്മിലുള്ള പ്രണയത്തിന്റെ ശുഭ്രവരയിൽ നിറങ്ങൾ തൂകി ജ്വലിപ്പിച്ച സൗഹൃദങ്ങളുണ്ട്. അഞ്ജലി റാണയുമായുള്ള വേഴ്ചയുടെ അപരാധബോധത്തിന്റെ കൂർപ്പ് ഗോപീകൃഷ്ണന്റെ നൈതികബോധത്തെ ഇടയ്ക്കിടെ മുറിവേൽപ്പിക്കുന്നു. ഗോപീകൃഷ്ണന്റെയും ഇഷയുടെയും പ്രണയത്തിന്റെ സൗഗന്ധികപ്പൂവ്, മകൾ സാൻവി. സന്ദേഹത്തിന്റെ തുരുമ്പ് ചുവയ്ക്കുമ്പോഴും പ്രണയമരത്തെ താങ്ങിനിർത്തിയ സൗഗന്ധികപ്പൂവ്. ദാമ്പത്യത്തകർച്ചയിൽ നിലവിട്ടുപോയ അഞ്ജലി ഗോപീകൃഷ്ണനിലേക്ക് ചായുമ്പോൾ ഗോപീകൃഷ്ണന്റെയും ഇഷയുടെയും പ്രണയത്തിന്റെ തെളിഞ്ഞ നഭസ്സിൽ സന്ദേഹത്തിന്റെ കാർനിഴലുകൾ പാളിവീഴുന്നു. തെന്നിമാറുന്ന ഒരുലച്ചിലിൽപോലും നോവുന്ന പ്രണയമാണ് ഇഷയുടേത്. കാലം, അവളെ ഗോപീകൃഷ്ണനിൽനിന്ന് അകറ്റുമ്പോഴും സാൻവിയോടൊപ്പം ഇഷ കാത്തിരിക്കുകയാണ്; ഉള്ളിലെ കലക്കവെള്ളമടിഞ്ഞ് തെളിയുന്നതിനായി.
കട്ടൻക്കാപ്പിയിൽ സ്നേഹത്തിന്റെ മധുരം ചേർത്ത് പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന രാമുഭായ്. പ്രണയപാതയിൽ ചൂട്ടുവെളിച്ചം നൽകിയ ദീപ, ബിജു തുടങ്ങിയ സൗഹൃദങ്ങൾ. മകന്റെ ഇഷ്ടങ്ങൾക്കൊപ്പം തന്റെ സന്തോഷത്തിന്റെ വഴികൾ തുറന്നിട്ട ഗോപീകൃഷ്ണന്റെ അമ്മ ശോഭന. സന്ദിഗ്ദ്ധട്ടത്തിൽ ഗോപീകൃഷ്ണനെ തേടിയെത്തുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് രാജശേഖർ. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അദൃശ്യകരങ്ങൾകൊണ്ട് അവർക്കു ചുറ്റുമുള്ള വൃത്തം പൂർത്തിയാവുന്നത് ഗോപീകൃഷ്ണനും ഇഷയും കാണുന്നു.
ദുഃഖത്തിന്റെ കരിനീലിച്ച പാടുകൾ പതിഞ്ഞ ഭൂതകാലം ഇഷയെ വേദനിപ്പിക്കുന്നു. കാലം, ആ വേദനയുടെ അടരുകൾ പൊഴിച്ച് സ്നേഹത്തിന്റെ ചെംവാകകൾ പൂത്ത നിറസന്ധ്യയിലേക്കും തിരികെ, പച്ചമാംസത്തിൽനിന്ന് ചോര കിനിയുന്ന ശപ്തകാലത്തിലേക്കും അവളെ കൊണ്ടുചെന്നു നിർത്തുന്നു. പേമാരിയുടെ കാളമേഘങ്ങൾ ആർത്തലച്ചു പെയ്ത, കൂലംകുത്തിയൊഴുകിയ യമുനാനദി വഴിമാറിനിന്ന രാവിൽ, വസുദേവർ തലയിലേറ്റിയ കുട്ടയിൽ മലർന്നുകിടന്നു മന്ദസ്‌മിതം തൂവുന്ന ഭഗവാൻ ശ്രീകൃഷ്ണന് മുകളിൽ ഫണങ്ങൾ വിരിച്ച് കാവൽനിന്ന അനന്തനാഗം പോലെ ഇഷയുടെ മുകളിൽ സൂക്ഷ്‌മദൃക്കുമായി കാവൽ നടന്നവർ. സ്‌നേഹത്തിന്റെ അദൃശ്യകരങ്ങൾ തന്നെ തൊടുന്നത് അപ്പോളവൾ അറിയുന്നുണ്ട്.
സർവാത്മൻ നമസ്തേതു സ്വാമികൾ ദുരൂഹതയുടെ ചുഴികളിൽനിന്നു നിവർന്ന് കാലികസമസ്യകളെ പൂരിപ്പിക്കുന്ന വ്യക്തിത്വമായി രൂപം മാറുന്നു. നന്മയുടെ ഒരു മഹാവൃക്ഷം നമുക്കുമുന്നിൽ വളരുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. ഭിക്ഷാടന മാഫിയയുടെ ചതുപ്പിൽ പൂണ്ടുപോകുന്ന ബാല്യങ്ങൾ. അംഗവിച്ഛേദനം വന്നു വികൃതരായ കുരുന്നുകളെ ഉടച്ചു കളയുന്ന മഹാശ്യംഖലയായ ഭിക്ഷാടനമാഫിയ. കാലവും ദേശവും കടന്നെത്തുന്ന അവരുടെ കഴുകൻകണ്ണുകളിലെ രക്തച്ചുവപ്പും പകയും.
പ്രണയത്തിന്റെ നനഞ്ഞ വിരലുകളിൽ, അതിന്റെ തണുപ്പിൽ ജീവിതത്തിന്റെ അങ്ങേയറ്റംവരെയുള്ള വഴികളിലേക്കു നടന്നുതുടങ്ങുന്ന ഗോപീകൃഷ്ണനും ഇഷയും. മദിപ്പിക്കുന്ന പ്രണയത്തിന്റെ നിറവസന്തത്തിലേക്കു തെന്നിവീഴുന്ന ഒരു നിഴൽത്തുണ്ടിന് ആ വസന്തത്തിൽ ശ്രീയെഴുതിയ മാമരങ്ങളെ കടപുഴക്കാനാവും. സന്ദേഹത്തിന്റെ വിഷാണു
ആകാശപ്പൊക്കമുള്ള പ്രണയവൃക്ഷത്തെയും മറിച്ചിടും. എങ്കിലും, പ്രണയശലഭങ്ങൾ പാറിയ, ഓർമ്മകളിൽ വസന്തങ്ങളുടെ മാരിവില്ലുകൾ തെളിഞ്ഞ, പ്രണയം ജ്വലിപ്പിച്ച മധുരിമ സുഖഗന്ധമെഴും മദിരാസവമായ് ഗോപീകൃഷ്ണനെയും ഇഷയെയും പുണരുന്നുണ്ട്. ‘നിൻ അനുരാഗം എൻ സിരകളിൽ’ പൂത്തുയരുമ്പോൾ പ്രണയം, അത് പൂവിട്ട ഇലകളിലേക്കും ചില്ലകളിലേക്കും തിരികെയെത്തും.
യാ ദേവി സർവ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിത...