തമിഴ് സാഹിത്യത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ശിവശങ്കരി. നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, ജീവചരിത്രങ്ങൾ എന്നീ വിഭാഗങ്ങളിലായി നിരവധി ശ്രദ്ധേയ കൃതികൾ അവരുടേതായുണ്ട്. ഇപ്പോഴിതാ, ശിവശങ്കരിയുടെ ഹൃദയസ്പർശിയായ പത്തു ചെറുകഥകളുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ‘ദൈവം നിന്നു കൊല്ലും’ എന്ന പേരിൽ പുസ്തകമായ ഈ കഥകൾ മലയാളത്തിലേക്കു മൊഴിമാറ്റിയിരിക്കുന്നത് സി.എസ്. മീനാക്ഷി.
‘അരശ് അൻട്ര കൊല്ലും, ദൈവം നിൻട്ര കൊല്ലും’ എന്ന തമിഴ് ചൊല്ല് ഏതുകാലത്തിനും ഏതു മനുഷ്യർക്കും യോജിക്കും. കുട്ടിക്കാലത്ത് ചെയ്ത ചെറിയ ചെറിയ തെറ്റുകളെ ഇന്നു നമ്മൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അതിന്റെ അർഥം ‘ദൈവം നിൻട്ര കൊല്ലും’ എന്ന ചൊല്ല് അന്വർത്ഥമാകുന്നു എന്നാണ്. ആ വേദന അറിഞ്ഞവർ ഈ കഥകളോട് ഇഴുകിച്ചേരും.
എഴുത്തുകാരി എന്നതിനൊപ്പം ആക്ടിവിസ്റ്റുമായ ശിവശങ്കരി 1942 ഒക്ടോബർ 14 നാണ് ജനിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തമിഴ് സാഹിത്യ ലോകത്ത് അവർ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നിരവധി നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. അവരുടെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും, ഇംഗ്ലീഷ്, ജാപ്പനീസ്, ഉക്രേനിയൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ. ബാലചന്ദർ, എസ്.പി. മുത്തുരാമൻ, മഹേന്ദ്രൻ തുടങ്ങിയ പ്രശസ്ത സംവിധായകർ സംവിധാനം ചെയ്ത്, അവരുടെ എട്ട് നോവലുകൾ സിനിമകളായിട്ടുണ്ട്.
ബാലവേലയെക്കുറിച്ചുള്ള അവരുടെ നോവൽ ‘കുട്ടി എന്ന പെൺകുട്ടി’ സംവിധായിക ജാനകി വിശ്വനാഥൻ സിനിമയാക്കിയപ്പോൾ രാഷ്ട്രപതിയുടെ അവാർഡ് നേടി. നിരവധി രചനകൾ സീരിയലുകളുമായി. കസ്തൂരി ശ്രീനിവാസൻ അവാർഡ്, രാജാ സർ അണ്ണാമലൈ ചെട്ടിയാർ അവാർഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്, ഇന്റർനാഷണൽ വിമൻസ് അസോസിയേഷന്റെ വുമൺ ഓഫ് ദി ഇയർ തുടങ്ങി നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്. 18 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സാഹിത്യത്തിന്റെ തീവ്രമായ ഉറവിടങ്ങൾ, ഗവേഷണം, വിവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന അവരുടെ മെഗാ പ്രോജക്റ്റാണ് സംസ്കാരത്തിലൂടെയും സാഹിത്യത്തിലൂടെയും ഇന്ത്യക്കാരെ മറ്റ് ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്ന‘നിറ്റ് ഇന്ത്യ ത്രൂ ലിറ്ററേച്ചർ’.
‘ദൈവം നിന്നു കൊല്ലും’ തീർച്ചയായും ശിവശങ്കരിയുടെ മികച്ച കഥകളുടെ സമാഹാരമാണ്. മലയാളി വായനക്കാർക്ക് നവ്യമായൊരനുഭവം പകരാൻ ഈ കൃതിക്ക് സാധിക്കും എന്നതിൽ തർക്കമില്ല.