ADVERTISEMENT

തമിഴ് രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി പരാജയത്തിന്റെ രുചിയറിഞ്ഞ സിനിമാ താരങ്ങളെക്കുറിച്ച് ടി. അനീഷ് എഴുതിയ പുസ്തകമാണ് ‘പരാജിത നായകർ’. ഈ പുസ്തകത്തിന്റെ രചനാനുഭവം അനീഷ് ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുന്നത് വായിക്കാം –

പത്തു വയസ്സു വരെയുള്ള പള്ളൂരിലെ കുട്ടിക്കാലത്തെ എന്റെ വലിയ പേടികളിലൊന്ന് നാണിയമ്മയെ കെട്ടേണ്ടി വരുമോന്നായിരുന്നു.

ADVERTISEMENT

എടവലത്തെ കിണറ്റിൻകരയിൽ അമ്മയെന്നെ കുളിപ്പിക്കുമ്പോൾ കൊത്തിയരിഞ്ഞ പുല്ലുകെട്ടും തലയിലേന്തി ഇടവഴിയിൽ നിന്ന് നാണിയമ്മ പ്രത്യക്ഷപ്പെടും:

‘‘എണേ സ്രീമതീ, ഞി ഇന്റെ ചെക്കനെ നല്ലോണം കുളിപ്പിച്ച് മൊഞ്ചനാക്കി വെക്ക്, ഓൻ വലുതായിറ്റ് വേണം എനക്ക് കല്യാണം കയിക്കാൻ...’’.

ADVERTISEMENT

നാണിയമ്മയിൽ നിന്ന് രക്ഷപ്പെട്ടോടുക എന്നത് അക്കാലത്തെ എന്റെ പ്രധാന ടാസ്‌കായിരുന്നു. എന്നാൽ അച്ഛമ്മയും കൊറുമ്പിയമ്മയും നാണിയമ്മയും ചേർന്നുള്ള പരദൂഷണസദസ്സിലെ സിനിമാകഥകൾ ഒളിച്ചിരുന്ന് കേൾക്കാൻ രസമായിരുന്നു.

കൊറുമ്പിയമ്മ പ്രേംനസീറിന്റെ ആളായിരുന്നു. അച്ഛമ്മയ്ക്കിഷ്ടം എം ജി ആറിനെയും. മാഹി ടാക്കീസിൽ നിന്ന് ‘പരാശക്തി’ കണ്ടതിൽ പിന്നെയാണ് നാണിയമ്മ ശിവാജി ഗണേശൻ ഫാൻ ആകുന്നത്. ആദ്യം ആ പേര് കേൾക്കുന്നതും ത്രിമൂർത്തി സദസ്സിലെ നാണിയമ്മയുടെ കഥകളിൽ നിന്ന് തന്നെ. കണ്ണുകൾ തുറിപ്പിച്ച്, കവിളുകൾ വീർപ്പിച്ച് ശിവാജിയെ അനുകരിച്ച് കാട്ടി കൃശഗാത്രയായ നാണിയമ്മ ശിവാജിയോളം വളർന്നു. കഥകൾ കേട്ടുകേട്ട് നാണിയമ്മപ്പേടിയും മാറി.

ADVERTISEMENT

‘പരാജിത നായകർ’ - തമിഴ് രാഷ്ട്രീയത്തിന്റെ കഥ എന്ന ഒരു പരമ്പരയുടെ ആലോചനകൾക്കിടയിലാണ് നാണിയമ്മ വീണ്ടും ആവേശിച്ചത്. നാണിയമ്മയെപോലെ കഥപറയുകയും സാംസ്കാരിക ചരിത്രവിശകലനത്തിന്റെ രീതിശാസ്ത്രം പിൻപറ്റി വിഷയം കൈകാര്യം ചെയ്യുകയും വേണമെന്ന ഒരു തീരുമാനമെടുക്കുന്നത് അങ്ങനെയാണ്. പുസ്തകത്തിന് ഇതുവരെ ലഭിച്ച റിവ്യൂകളിലെല്ലാം നിരൂപകർ ആഖ്യാനപരമായ ഈ പ്രത്യേകത ചൂണ്ടിക്കാട്ടിയത് സന്ദർഭവശാൽ ഓർക്കുന്നു.

അതുപോലെ ഈ രചനയുടെ വഴിയിൽ ഓർക്കുന്ന മറ്റൊരു പേരാണ് സീതമ്മാൾ പാട്ടി. മലയാളികൾക്കു അത്ര പരിചയം കാണാത്ത എസ്. എസ്. രാജേന്ദ്രൻ എന്ന തമിഴ് ചലച്ചിത്ര താരത്തിന്റെ, തമിഴ്‌നാട്ടിൽ തന്നെ ഞാൻ കണ്ടുമുട്ടിയ ഏക ആരാധിക. മദ്രാസ് സർവകലാശാലയിൽ പി ജി ചെയ്യാൻ ചെന്നൈയിലെത്തിയപ്പോൾ എന്നെ തമിഴ് പഠിപ്പിക്കാൻ ഒരുമ്പെട്ട്, ഗതിയില്ലാതെ മലയാളം പഠിക്കേണ്ടി വന്ന തമിഴ് ഗവേഷക സുഹൃത്ത് അഭിരാമിയുടെ അച്ഛമ്മ. എം ഫിൽ വിദ്യാഭ്യാസത്തിനു ശേഷം കലാകൗമുദി പത്രത്തിൽ ജോലിക്കു കയറും മുമ്പ് മിക്ക ഞായറാഴ്ചകളിലും ഉച്ചതിരിഞ്ഞാൽ ആവടിക്ക് ബസ് കയറും. സീതമ്മാൾ പാട്ടി ചൂടോടെ നീട്ടുന്ന പ്രത്യേകരുചിയുള്ള കീര (ചീര) വടയും കരിപ്പട്ടി കാപ്പിയുമായിരുന്നു മുഖ്യ പ്രലോഭനം, വട ചുടുന്നതിനിടെ പറയുന്ന പഴംപുരാണങ്ങളും സിനിമാവിശേഷങ്ങളും കേൾക്കാം. കഥകളിൽ അധികവും എസ് എസ് ആർ നിറഞ്ഞു നിൽക്കും.

t-aneesh-book-2

കേൾക്കാനൊരു കാത് കിട്ടിയതിന്റെ അഹങ്കാരമൊന്നും പുറത്ത് കാട്ടാതെ, നിനക്കൊക്കെ വേണെങ്കി കേട്ടാമതി എന്ന മട്ടിലാണ് തുടങ്ങുക. പിന്നെ പിന്നെ ആവേശം മൂത്ത് വട ചുടുകയാണ് എന്ന കാര്യമേ മറക്കും. ‘വട...വട’ എന്നോർമ്മിക്കൽ എന്റെ ജോലിയാണ്.

അങ്ങനെ വീണുകിട്ടിയ കഥയാണ് എസ്. എസ്. രാജേന്ദ്രൻ എന്ന ആരാധ്യ പുരുഷനെ കാണാൻ, ആവടി പാൽപ്പണ്ണയിൽ നിന്നു ചെന്നൈ തേനാംപേട്ട എൽഡാംസ് റോഡിലുഉള ബംഗ്ലാവിന് മുന്നിലെത്തിയ കളിക്കൂട്ടുകാരികളായ രണ്ടു പെൺകുട്ടികളുടെ സാഹസികയാത്ര. അത് പറയുമ്പോൾ പ്രായം മറന്നു ആ കവിളുകളിൽ രക്തഛവി പടർന്നിരുന്നു... പുളുക്കഥയെന്ന അഭിരാമിയുടെ നിരുത്സാഹപ്പെടുത്തലിൽ ശുണ്ഠിയെടുത്ത്, കാലപ്പഴക്കമുള്ള ഒരു നോട്ടുബുക്ക്‌ തുറന്നു പഴയ ഫാൻഗേളിന്റെ മനസ്സ് കുടഞ്ഞിട്ടു. ഒരു പകൽ മുഴുവൻ മദ്രാസിലെ കൊടും വെയിലിൽ എസ് എസ് ആറിനെ കാണാൻ കാത്തുനിന്നു, ഒടുവിൽ വാച്ച്മാന്റെ ദയവിൽ കിട്ടിയ, പിഞ്ഞിപ്പഴകിയ ഒരു ഓട്ടോഗ്രാഫ്!.

തമിഴരുടെ താരാരാധനയുടെ കഥകൾ പിന്നെയും ഏറെ കേട്ടു. അത്യുക്തികൾ കലർന്നും അല്ലാതെയും. സബർബൻ ട്രെയിനിൽ വെച്ച് ഏതാനും മലയാളി സുഹൃത്തുക്കൾ രജനികാന്തിന്റെ ഏതോ ഒരു സിനിമയെ വിമർശിച്ചതിന് കത്തിയുമായി അവർക്കു നേരെ അലറിയടുക്കുന്ന ആരാധകനെ ഭയപ്പാടോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്. ‘ബാബ’ പടം പരാജയപ്പെട്ടതിൽ മനംനൊന്തു ആത്മഹത്യ ചെയ്ത തൊട്ടടുത്ത ചേരിയിലെ കപിലൻ എന്ന യുവാവിനെ മറക്കാവുന്നതല്ല. 2014 -ൽ ജയലളിത അഴിമതികേസിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട് ചെയ്യേണ്ടി വന്നിട്ടുണ്ട്.

എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞത് പോലെ കീറാകാശത്തിനു കിഴിൽ ജീവിക്കുന്ന മലയാളിയുടെ ആത്മബോധം ഏറെകുറെ ശക്തമാണ്. ഈ സുരക്ഷിത ബോധം അല്ല തമിഴന്. ഏറെ ഊഷരമായ ഭൂമികളിൽ തലയ്ക്കു മുകളിലും താഴെയും നീണ്ടു കിടക്കുന്ന ആകാശവും ഭൂമിയും ഉള്ള അരക്ഷിത ജീവിതം നയിക്കുന്ന ഗ്രാമീണർക്ക് ഒരു സംരക്ഷക ബിംബം വേണം. അത് എം ജി ആർ ആകാം, രജനി ആകാം, മാതൃബോധത്തിന്റെ സുരക്ഷാകവചമായി തോന്നപ്പെടുന്ന ജയലളിതയാകാം. ഈ ലോകക്രമത്തിൽ ഇക്കാലത്ത് കുറേകൂടി മാറ്റങ്ങൾ വന്നിട്ടുണ്ട്. എങ്കിലും താരാരാധനയിലും സംരക്ഷകനിലും തമിഴർ പ്രതീക്ഷ കൈവെടിയുന്നില്ല.

വ്യക്തിപരമായ ഇത്തരം നുറുങ്ങനുഭവങ്ങൾക്കൊപ്പം, തമിഴ് രാഷ്ട്രീയ ഭൂമികയിലെ രണ്ടര ദശാബ്ദത്തിലധികം കാലത്തെ മാധ്യമപ്രവർത്തനം നൽകിയ പരിചയങ്ങളും, തമിഴ് രാഷ്ട്രീയത്തെ കുറേക്കൂടെ അടുത്ത് നിന്ന് കാണാനുള്ള ശ്രമങ്ങളും അതിനായി കിട്ടിയ അവസരങ്ങളും ഒക്കെ ചേരുന്നതോടെയാണ് ‘പരാജിത നായകർ’ എന്ന പുസ്തകത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. എന്നാൽ അത്തരം കഥകളിൽ നിന്ന് ചരിത്രപരമായ ഉള്ളടക്കം മാത്രം സ്വീകരിച്ചു കൊണ്ട് ത്യാജ്യഗ്രാഹ്യബുദ്ധിയോടുകൂടിയേ രചന നടത്താവൂ എന്ന നിർബന്ധമുണ്ടായിരുന്നു. കെട്ടുകഥകളുടെ ഉള്ളറകളിലേക്ക് കടന്നു അവയെ അപനിർമ്മിക്കാനുള്ള ശ്രമവും വിപുലമായ അന്വേഷണങ്ങളോടെ നടപ്പാക്കാൻ സാധിച്ചു. കണ്ണിമറ, കോട്ടൂർ പുരം ലൈബ്രറികളും, വിവിധ ജില്ലകളിലെ ഗ്രന്ഥാലയങ്ങളും, തമിഴ് സിനിമാ രംഗത്തെ തലമുതിർന്ന മാധ്യമസുഹൃത്തുക്കളും ഒക്കെ രചനയെ താരാതമ്യേന എളുപ്പമുള്ളതാക്കി.

ഇന്ത്യൻ രാഷ്ട്രീയം പൊതുവെ ദേശീയ പാർട്ടികൾക്കും മുന്നണി ബന്ധങ്ങൾക്കും, പ്രാദേശിക ജാതി വിഭാഗങ്ങൾക്കുമിടയിൽ ചുറ്റിത്തിരിയുമ്പോൾ ആറു ദശാബ്ദക്കാലമായി ഡി എം കെ, എ ഐ എ ഡി എം കെ എന്നീ രണ്ടു ദ്രാവിഡ കക്ഷികൾക്ക് മാറി മാറി ഭരണം ഏൽപ്പിച്ചു കൊണ്ടിരുന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സിനിമയും ഭരണാധികാരവും തമ്മിലുള്ള ചരിത്രപരമായ ഒരു സംയോജനം നിലനിർത്തിയും, ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ആശയ അടിത്തറയിൽ നിലയുറപ്പിച്ചും ഒരു സവിശേഷ സാമൂഹിക ക്ഷേമ മാതൃക സ്വീകരിച്ചു മുന്നോട്ടു പോയി എന്നുള്ളതാണ് തമിഴ് നാടിനെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് രാഷ്ട്രീയമായി വ്യത്യാസപ്പെടുത്തുന്നത്. 1967 - ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മേധാവിത്വം അവസാനിച്ച കാലം തൊട്ടു നിലവിൽ വന്ന ഇരുകക്ഷികളിൽ കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പ് മുന്നണിസംവിധാനവും ഏകകക്ഷി ഭരണവും അവസാനിക്കുന്നത് 2026 - ൽ ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ് വെട്രി കഴകം അധികാരത്തിൽ വരുന്നതോടെയാണ്. വിജയ്‌യുടെ മുഖ്യമന്ത്രി പദവി അധികമാരും പ്രതീക്ഷിച്ചതല്ല. പ്രതിപക്ഷ മുന്നണി സംവിധാനങ്ങളിലുള്ള പോരായ്മകൾ എം കെ സ്റ്റാലിന്റെ തുടര്‍ഭരണത്തിനു വഴിവെക്കുമെന്നും വിജയ് പരിമിതമായ നേട്ടമുണ്ടാക്കുമെന്നുമാണ് മിക്കവരും ധരിച്ചത്. എന്നാൽ ഓരോ വീട്ടിലും ഒരു ആരാധകനെ സൃഷ്ടിക്കാനും മുതിർന്നവരെ സ്വാധീനിക്കാനും കഴിയുന്ന തരം സോഷ്യൽ മീഡിയ ഇടപെടലുകൾ വിജയ്‌യ്ക്ക് അനുകൂലമായി തീർന്നു. കൃത്യതയാർന്ന ഒരു പദ്ധതിയോടെ ഡി എം കെ സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരത്തിന്റെ ഗുണഫലം ടി വി കെ യിലേക്ക് കേന്ദ്രീകരിക്കാൻ അവർക്കു വലിയൊരളവു സാധിച്ചു.

ചുരുക്കത്തിൽ ജോസഫ് വിജയ് വിജയിച്ചത് താരപരിവേഷത്തോടൊപ്പം, ഒരു ബദലായി സ്വയം ഉയർത്തിക്കാട്ടി, രാഷ്ട്രീയ സാഹചര്യങ്ങളെ അനുകൂലമാക്കുന്ന തരം ഇടപെടലുകൾ നടത്തിയതു കൊണ്ടു കൂടിയാണ്. വിജയ് അധികാരത്തിൽ വന്നതോടെ താരരാഷ്ട്രീയം വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നാടകങ്ങളും സിനിമകളും സൃഷ്ടിച്ചു, അതുവഴി ഉയർന്നു വന്ന താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുന്നിൽ നിർത്തുക എന്നത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ തന്ത്രങ്ങളിലൊന്നായിരുന്നു, സാധാരണക്കാർക്ക് എളുപ്പത്തിൽ ദഹിക്കാത്ത പ്രത്യയശാസ്ത്രപരമായ നയപരിപാടികൾ സാധാരണക്കാരിലേക്കെത്തിക്കുന്നതിനു താരങ്ങളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനു പ്രധാന കാരണം. ഇത്തരം രാഷ്ട്രീയ തന്ത്രത്തിന്റെ പരിണിതഫലം കൂടിയാണ് തമിഴ്നാട്ടിലെ താരരാഷ്ട്രീയം. സാമൂഹിക നീതി, യുക്തിചിന്ത, ജാതിവിരുദ്ധത തുടങ്ങിയ ആശയങ്ങളിൽ കെട്ടിപ്പടുത്ത ക്ഷേമ രാഷ്ട്രത്തെ സംബന്ധിച്ച ദ്രാവിഡ മാതൃക എന്ന സങ്കൽപനത്തിൽ ശ്രദ്ധിക്കാതെ, സിനിമാക്കാരുടെ രാഷ്ട്രീയക്കളി എന്നനിലയിൽ കൗതുകക്കൂടുതലോടും അനല്‍പമായ പരിഹാസത്തോടെയുമാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ പുറത്ത് നിന്നുള്ള മലയാളികളടക്കം പലരും വീക്ഷിക്കുന്നത്. ഈ ഒരു വീക്ഷണത്തെ യാഥാർഥ്യ ബോധത്തോടെ ചരിത്ര വസ്തുതകളുടെ പിന്ബലത്തിൽ ചോദ്യം ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ പുസ്തകം.

തമിഴ് നാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിച്ച ശേഷം മുഖ്യമന്ത്രിമാരായിരുന്ന സി എൻ അണ്ണാദുരൈയും എം കരുണാനിധിയും സിനിമയുടെ രചനാലോകത്ത് വലിയ സ്വാധീനം സൃഷ്ടിച്ചവരാണ്. ഇവരെ തുടർന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ പ്രേക്ഷകലക്ഷങ്ങളുടെ ആരാധ്യ പുരുഷൻ എം ജി രാമചന്ദ്രനും നായകനടിയിൽ നിന്ന് തമിഴ് ജനതയുടെ മാതൃബിംബമായി പരിണമിച്ച ജെ ജയലളിതയും എം ജി ആറിന്റെ ഭാര്യയും നടിയുമായ വി എൻ ജാനകിയും വെള്ളിത്തിരയിൽ നിറഞ്ഞാടിയ ശേഷം രാഷ്ട്രീയത്തിൽ എത്തിയവരാണ്. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പോലും രണ്ടു സിനിമകളിൽ സ്വഭാവ നടനായി മുഖം കാണിച്ചിട്ടുണ്ട്. ഈ പദവി വഹിച്ച എടപ്പാടി പഴനിസ്വാമിയും ഓ പന്നീർ സെൽവവും മാത്രമാണ് ഇതിനു അപവാദമായുള്ളവർ.

താരപരിവേഷം തമിഴ്‌നാട് രാഷ്ട്രീയത്തെ വീണ്ടും ആവേശിച്ച 2026 - ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും (ഉദയനിധി സ്റ്റാലിൻ) ചലച്ചിത്ര താരങ്ങളാണ് എന്ന പ്രത്യേകതയും കൈവന്നു. എന്നാൽ താരത്തിളക്കം കൊണ്ടുമാത്രം കീഴടക്കാവുന്നതല്ല തമിഴരുടെ മനസ്സ് എന്ന് ഉറപ്പിച്ചു പറയാവുന്ന അനേകം പരാജിത നായകരുടെ കഥയും തമിഴ്നാടിനു പറയാനുണ്ട്, സ്വന്തം പരിവേഷം മൂലധനമാക്കി ജനവിശ്വാസം ആർജ്ജിക്കാൻ ശ്രമിച്ച താരങ്ങളിൽ എം ജി ആറും, നിലവിൽ വിജയ് യും ഒഴികെ എല്ലാവരും കാലിടറിവീണവരാണ് (ജയലളിതയുടെ രാഷ്ട്രീയ വിജയങ്ങൾക്ക് ചലച്ചിത്രേതരമായ കാരണങ്ങളാണുണ്ടായിരുന്നത്). എന്നിട്ടും സിനിമയാണ് ആത്യന്തമായി തമിഴ്‌നാടിന്റെ രാഷ്ട്രീയം കയ്യാളുന്നതെന്ന തെറ്റിദ്ധാരണ പ്രചരിക്കപ്പെട്ടതെങ്ങനെ ?. ജനാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താത്ത, സ്വന്തം നിലനിൽപിന് മാത്രം ഉതകുംവിധം അവസരവാദരാഷ്ട്രീയം പയറ്റിയ, കൃത്യവിലോപം കാണിച്ച എല്ലാ താരങ്ങളെയും തമിഴ്ജനത കയ്യൊഴിഞ്ഞിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തെ സിനിമ വിഴുങ്ങി എന്ന മട്ടിലുള്ള ആഖ്യാനങ്ങളിൽ ഏറെയും പതിരാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദളിത് - തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ താരരാഷ്ട്രീയം എന്ന സാംസ്‌കാരിക പ്രതിഭാസം എങ്ങനെ രൂപംകൊണ്ടു, എന്തായിരുന്നു അതിന്റെ സ്വഭാവം, അന്ധമായ താരാരാധന തമിഴ് രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതാക്കിയോ തുടങ്ങിയ ആലോചനകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ശിവാജി ഗണേശൻ, എസ്‌ എസ്‌ രാജേന്ദ്രൻ, കെ ഭാഗ്യരാജ്, ടി രാജേന്ദർ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ, കാർത്തിക് തുടങ്ങിയ നായകതാരങ്ങളെയും ഹാസ്യ - സ്വഭാവ നടനായ കരുണാസ്, നടനും സംവിധായകനുമായ സീമാൻ എന്നിവരെയുമാണ് ഈ വിശകലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിലും തമിഴരുടെ രാഷ്ട്രീയേച്ഛയെ ഓരോ ഘട്ടത്തിലും ത്വരിപ്പിച്ചു നിർത്തി, ഒടുവിൽ പിൻമടങ്ങിയ സൂപ്പർ താരം രജനികാന്തിനെ കുറിച്ചുള്ള അധ്യായവും അനുബന്ധമായി നൽകിയിട്ടുണ്ട്. നടീനടന്മാരടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ സജീവമാണ്. എന്നാൽ സ്വന്തമായി രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കുകയോ, നേതൃത്വം കയ്യാളുകയോ ചെയ്യാത്ത താരങ്ങളെ ഈ പുസ്തകത്തിൽ പരിഗണിച്ചിട്ടില്ല. ജാത്യാധികാര - പിതൃദായക ഇന്ത്യൻ വ്യവസ്ഥയുടെ പരിച്ഛേദമാണെങ്കിലും, തമിഴ്‌നാട് രാഷ്ട്രീയം സവർണ്ണവിരുദ്ധ പ്രക്ഷോഭങ്ങളും, പുതുമൈപെൺ പോലുള്ള ആശയങ്ങളും കൊണ്ട് പുരോഗമന പ്രത്യയശാസ്ത്രബന്ധിതവുമാണ്. എന്നാൽ സ്ത്രീകളെയോ ദളിത് വിഭാഗങ്ങളെയോ പ്രതിനിധീകരിക്കും വിധം ഒരു ചലച്ചിത്രതാരം ഉയർന്നുവരികയോ ഈ മട്ടിലുള്ള അഭിലാഷങ്ങൾ പരീക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് ഈ പുസ്തകം ഉയർത്താനാഗ്രഹിക്കുന്ന വിമർശനവുമാണ്.

2026 -ലെ നിയമസഭാ തിരഞ്ഞെടുപ്പുരംഗം മുറുകുന്നതിനിടെയാണ് മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിൽ ഈ ലേഖനങ്ങൾ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു വന്നത്. ജീവിച്ചിരിക്കുന്ന താരരാഷ്ട്രീയ നേതാക്കളുടെ നിലപാടുകളെ ഏറ്റവും കാലികമായി അവതരിപ്പിക്കാൻ ഓരോ ലേഖനങ്ങളും പരിഷ്കരിച്ചു എഴുതേണ്ടി വന്നു. ഈ പരമ്പരയുടെ പരസ്യം കണ്ടു ലോഗോസ് ബുക്സിലെ സുരേഷ് ഇത് പുസ്തകമാക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കെട്ടിലും മട്ടിലും മികച്ച പുസ്തകമാണ് ലോഗോസ് സമ്മാനിച്ചത് എന്നത് സന്തോഷത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു.

ഇത്തരം സാംസ്‌കാരിക വിശകലനവുമായി മുന്നോട്ടു പോകുമ്പോഴും പുസ്തകത്തെ വരണ്ട ആഖ്യാനമാക്കി തീർക്കാതിരിക്കാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത നാണിയമ്മയും സീതമ്മാൾ പാട്ടിയും ഒക്കെ കൂടെയുണ്ടായിരുന്നു, ഒപ്പം എഴുത്തിന്റെ വഴിയിൽ പ്രേരണചെലുത്തനും മുന്നോട്ടു പോകാനും നിരവധി സുഹൃത്തുക്കളും. കവിയും സാംസ്‌കാരിക വിമർശകനുമായ പി എൻ ഗോപീകൃഷ്ണന്റെ അവതാരിക പുസ്തകത്തിലേക്കുള്ള മികച്ച പ്രവേശിക്കയായും മാറി.



When Stars Fall: The Tale of Failed Actors in Tamil Politics:

Tamil cinema has a rich history of actors entering politics, with some achieving significant success while others faced defeat, as explored in T. Aneesh's book 'Parajitha Nayakar'. The book delves into the cultural phenomenon of star worship in Tamil Nadu, analyzing how figures like MGR, Jayalalitha, and currently Vijay, have leveraged their on-screen personas for political gain. It questions the notion that cinema solely dictates Tamil politics, highlighting the underlying principles of the Dravidian movement and the aspirations of marginalized communities. The narrative is enriched by personal anecdotes and extensive research into the political journeys of various actors who ventured into the political arena.

ADVERTISEMENT