Thursday 09 March 2023 03:33 PM IST

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ, ഇതു ഞാനല്ല... തകരപ്പാട്ടയല്ല, ഇത് സൂപ്പർ കണ്ടെയ്നർ ഹോം

Sunitha Nair

Sr. Subeditor, Vanitha veedu

con1

കണ്ടെയ്നറുകൾ വെറും തകരപ്പാട്ടകളല്ല, വിദേശ വീടുകളെ വെല്ലും സൂപ്പർ ഹോം നിർമിക്കാൻ പര്യാപ്തമാണെന്നു തെളിയിക്കുകയാണ് വീണ്ടും വീണ്ടും. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് ഐസിഎൽ ഫിൻകോർപ് ഉടമ അഡ്വ. കെ. ജി. അനിൽകുമാർ. ബിസിനസ്സിൽ മാത്രമല്ല, ഏർപ്പെടുന്ന എല്ലാ രംഗത്തും. അതിനൊരുദാഹരണമാണ് ഇരിങ്ങാലക്കുടയിൽ വീടിനോടു ചേർന്നുള്ള ഏഴ് സെന്റിൽ ഈയടുത്ത് നിർമിച്ച കണ്ടെയ്നർ ഹോം. ഫിൻകോർപ്പിന്റെ ഓഫിസ് അടക്കം അവരുടെ പല കെട്ടിടങ്ങളും രൂപകൽപന ചെയ്ത ഡോ. തോമസ് മാഞ്ഞൂരാനാണ് കണ്ടെയ്‌നർ വീട് എന്ന ആശയം മുന്നോട്ടു വച്ചത്. അനിൽകുമാറും ഭാര്യ ഉമയും ഉടൻ തന്നെ സമ്മതം മൂളി.

20 അടിയുടെ ഒരു കണ്ടെയ്നറിന് 160 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്ന് കണ്ടെയ്നറുകൾ ചേർത്തു വച്ച് നിർമിച്ച ഈ വീടിന്റെ വിസ്തീർണം ഓപ്പൻ സ്പേസുൾപ്പെടെ 800 ചതുരശ്രയടിയാണ്. 20 അടി നീളവും എട്ടടി വീതിയും എട്ടടി ആറിഞ്ച് ഉയരവുമാണ് കണ്ടെയ്നറിന്റെ പുറം അളവുകൾ. 19 അടി നാലിഞ്ച് നീളം, ഏഴടി ഒൻപ‍തി‍ഞ്ച് വീതി, ഏഴടി പത്തിഞ്ച് ഉയരം എന്നിങ്ങനെയാണ് അകത്തെ അളവുകൾ. 20 അടി കണ്ടെയ്നറിന് 2,300 കിലോയാണ് ഭാരം. ഇതിന് 28 ടൺ വരെ ഭാരവാഹക ശേഷിയുണ്ട്.തുരുമ്പ് പോലെയുള്ളവയിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്ന കോർട്ടൻ സ്റ്റീൽ കൊണ്ടാണ് കണ്ടെയ്നർ നിർമിച്ചിരിക്കുന്നത്.

con2

വലിയ ലോറിയിൽ കൊണ്ടു വരുന്ന കണ്ടെയ്നർ, ക്രെയിൻ ഉപയോഗിച്ചാണ് എടുത്തു വയ്ക്കുന്നത്. 1x1 അടിയുള്ള ആറ് കോൺക്രീറ്റ് തൂണുകളിൽ കണ്ടെയ്നറിന്റെ കാലുകൾ ലോക്ക് ചെയ്ത് ഉറപ്പിക്കുന്നു. അതിനാൽ വേണമെങ്കിൽ ഭാവിയിൽ മറ്റൊരിടത്തേക്ക് എടുത്ത് മാറ്റി വയ്ക്കുകയുമാകാം.

തടിയുടെയും മെറ്റലിന്റെയും പാളികളാണ് കണ്ടെയ്നറിന്റെ തറയിൽ. ഇവിടെ അതിനു മുകളിൽ ചെറുതായി കോൺക്രീറ്റ് ചെയ്ത് ടൈൽ ഇട്ടു. ഇത് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാൻ ഉദ്ദേശ്യമില്ലാത്തതിനാലും ചവിട്ടുമ്പോൾ ശബ്ദമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് കോൺക്രീറ്റ് ചെയ്തത്.

con4

ചുമരിലും സീലിങ്ങിലും അലുമിനിയം ഫോയിലോടു കൂടിയ XLPE (ക്രോസ്‌ ലിങ്ക് പോളി എത്‌ലീൻ) ഷീറ്റ് ഒട്ടിച്ചു. ചൂട് കടത്തിവിടാതിരിക്കാനാണ് ഇത്. ചുമരുകൾക്ക് ഫൈബർ സിമന്റ് ബോർഡ് നൽകി അതിനു മുകളിലാണ് XLPE ഷീറ്റ് ഒട്ടിച്ചത്. അതുകൊണ്ട് വീടിനുള്ളിൽ ചൂട് അനുഭവപ്പെടുന്നില്ല. സിമന്റ് ഫൈബർ ബോർഡിന് തടിയുടെ ഫ്രെയിം നൽകി അതിനുള്ളിലാണ് വയറിങ് ചെയ്തിരിക്കുന്നത്. സിമന്റ് ഫൈബർ ബോർഡിന്റെ വകഭേദമായ സിമന്റ് കോംപസിറ്റ് ബോർഡാണ് പുറംഭിത്തിക്ക് ഉപയോഗിച്ചത്. അതിൽ ചെറിയ ഡിസൈനുള്ളതിനാൽ കാഴ്ചയ്ക്ക് നല്ല ഭംഗിയാണ്.

con3

രണ്ട് കണ്ടെയ്നർ താഴെയും ഒരു കണ്ടെയ്നർ മുകളിലുമായി സ്ഥാപിച്ചു. മുകളിലെ കണ്ടെയ്നർ അൽപം മുന്നോട്ട് ഇറക്കി കാന്റിലിവർ പോലെ നൽകിയതു കാരണം ലിവിങ് റൂമിനും പുറമേയ്ക്ക് ഓപ്പൻ സ്പേസിനും അധികം സ്ഥലം ലഭിച്ചു.

താഴത്തെ നിലയിൽ ചെറിയ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ ഓപ്പൻ ആണ്. പുറത്തെ കാസ്റ്റ് അയൺ കൊണ്ടുള്ള സ്പൈറൽ ഗോവണി വഴി മുകളിലെത്തുമ്പോൾ അവിടെ ഒരു കിടപ്പുമുറിയുണ്ട്. താഴത്തെയും മുകളിലെയും ഓപ്പൻ സ്പേസിൽ ഔട്ട്ഡോർ ഫർണിച്ചർ ഇട്ടിരിക്കുന്നതിനാൽ കാറ്റേറ്റിരിക്കാൻ സുഖമാണ്.

ലിവിങ് സ്പേസിലെ ചുമരിൽ കണ്ടെയ്നറിന്റെ പ്രതലത്തിനു മുകളിൽ ടെക്സ്ചർ ചെയ്ത് ഹൈലൈറ്റ് ചെയ്തു. അവിടെ മാത്രം ഫൈബർ ബോർഡ് നൽകിയില്ല. ഡൈനിങ് ഏരിയയിൽ ഊണുമേശയും അതിനൊപ്പം ഇൻബിൽറ്റ് സീറ്റിങ്ങും നൽകി. അതോടു ചേർന്ന് വോൾപേപ്പർ ഒട്ടിച്ച് ഭംഗിയേകിയ ടിവി യൂണിറ്റും നൽകിയിട്ടുണ്ട്. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റ്. കൗണ്ടർടോപ്പിന് നാനോവൈറ്റ്.

con5

കിടപ്പുമുറിയിലെ ചുമരിന് വ്യത്യസ്തതയേകാൻ ബ്രിക് ഡിസൈനിലുള്ള വോൾപേപ്പർ ഒട്ടിച്ചു. മുകളിലെ കിടപ്പുമുറിയിൽ ഹൈഡ്രോളിക് കിടക്കയാണ്. അതായത് ആവശ്യാനുസരണം ഉയർത്തുകയും താഴ്ത്തുകയും ചെയ്യാം. കിടക്ക ഉപയോഗിക്കേണ്ടാത്തപ്പോൾ ആ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതാണ് ഗുണം. കട്ടിലിനോടു ചേർന്ന് സ്റ്റോറേജ് സഹിതം ഇരിപ്പിടം ക്രമീകരിച്ചു.

യുപിവിസി കൊണ്ടാണ് ജനാലകൾ. ജനലിനും ചുമരിനുമിടയിൽ പിയു ഫോം നൽകി. ലിവിങ് ഏരിയയ്ക്കും മുകളിലെ കിടപ്പുമുറിക്കുമെല്ലാം ടഫൻഡ് ഗ്ലാസ് നൽകിയിട്ടുണ്ട്.

വീടിനു മുന്നിൽ ലാൻഡ്സ്കേപ്പിങ് ചെയ്ത് മനോഹരമാക്കി. മുറ്റത്ത് കൃത്രിമപ്പുല്ല് വിരിച്ചു; ചെറിയ വെള്ളച്ചാട്ടവും ഒരുക്കി. ചിതലിനെ പ്രതിരോധിക്കാനുള്ള ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്.

വെള്ള നിറം നൽകിയതിനാൽ വീട് വിശാലമായി തോന്നും. വെള്ള, ഇളംനീല നിറക്കൂട്ടാണ് പുറംകാഴ്ചയ്ക്ക് ചന്തമേകുന്നത്.

ആറ് മാസം കൊണ്ടാണ് ഈ കണ്ടെയ്നർ വീട് പൂർത്തിയായത്. അത് ആദ്യമായി ചെയ്തതു കൊണ്ടാണെന്ന് ഡോ. മാഞ്ഞൂരാൻ പറയുന്നു. അല്ലെങ്കിൽ മൂന്ന് മാസം കൊണ്ട് തീർക്കാവുന്നതേയുള്ളൂ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയും എല്ലാ സൗകര്യങ്ങളോടെയും നിർമിച്ചതിനാൽ ചതുരശ്രയടിക്ക് 3,000 രൂപയോളം ചെലവ് വന്നു.

ഇവിടെ താമസിച്ചു മടങ്ങുന്ന അതിഥികളുടെ സന്തോഷം തന്നെ കണ്ടെയ്നർ ഹോമിന്റെ മികവിനു തെളിവ്.

ചിത്രങ്ങൾ: സരുൺ മാത്യു

Area: 800 sqft Owner: അഡ്വ. കെ. ജി. അനിൽ കുമാർ & ഉമ Location: ഇരിങ്ങാലക്കുട

Design: ഇല്യൂഷൻസ് മാജിക് ഓഫ് ഇന്റീരിയേഴ്സ്, തൃശൂർ drtommann@gmail.com