Tuesday 16 July 2019 05:24 PM IST

അന്ന് പത്തിൽ തോറ്റു പഠിത്തം നിർത്തി, ഇന്ന് ‘ഡോക്ടർ’! ഓട്ടോ ഓടിച്ചും ചുമടെടുത്തും മീൻ വിറ്റും അജിത് സമ്പാദിച്ചത് അപൂർവ നേട്ടം

Roopa Thayabji

Sub Editor

ajith

വീട്ടിലെ കഷ്ടപ്പാടു കാരണം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പഠിത്തം നിർത്തി, കരിങ്കൽ ക്വാറിയിൽ പണിക്കു പോയ പാവം പയ്യനാണ് ഫ്ലാഷ് ബാക്കിലെ കെ.പി. അജിത്. തിരൂർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ജേതാവായി പേരിനൊപ്പം ‘ഡോക്ടർ’ എന്ന ബിരുദമുദ്ര കൂട്ടിച്ചേർക്കാനുള്ള യാത്രയിൽ അജിത് ചുമന്നത് അതിനെക്കാൾ വലിയ ജീവിതഭാരമാണ്. പകൽ പഠിച്ചും, രാത്രി ഓട്ടോ ഓടിച്ചും അമ്മയും അമ്മൂമ്മയും മാത്രമുള്ള വീടിന്റെ സ്വപ്നങ്ങൾക്കൊപ്പം യാത്ര ചെയ്ത ഡോ.കെ.പി. അജിത്തിന്റെ ജീവിതകഥ ഇങ്ങനെ.

വീട്ടിലെ കുട്ടി...

‘‘എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, അഞ്ചൽപെട്ടിയിലാണ് എന്റെ വീട്. ഓർമവച്ച നാൾ മുതൽ എനിക്കൊപ്പം അമ്മ ശാന്തയും അമ്മൂമ്മ ചിന്നമ്മയുമേയുള്ളൂ. അച്ഛൻ പണ്ടെങ്ങോ അമ്മയെ ഉപേക്ഷിച്ച് പോയതാണ്. പൈനാപ്പിൾ തോട്ടത്തിൽ ദീവസക്കൂലിക്ക് ജോലി െചയ്താണ് അമ്മ എന്നെ പഠിപ്പിച്ചത്. മൂവാറ്റുപുഴ അഞ്ചൽപെട്ടി യുപി സ്കൂളിൽ നിന്ന് ഏഴാംക്ലാസ് കഴിഞ്ഞ് വാരപ്പെട്ടി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരുമ്പോൾ ഒന്നേ ആഗ്രഹിച്ചുള്ളൂ, എങ്ങനെയെങ്കിലും പത്താംക്ലാസ് പാസാകണം. ആദ്യചാൻസിൽ പക്ഷേ, ‘കണക്കുകൂട്ടൽ’ ചതിച്ചു. സേ പരീക്ഷയെഴുതിയിട്ടാണ് തട്ടിമുട്ടി കണക്കു പരീക്ഷ പാസായത്, ആകെ 52 ശതമാനം മാർക്ക്.

പെട്രോളൊഴിച്ച് കത്തിച്ചാലും ‘അവൾ തേപ്പുകാരി!’ സെറ്റുസാരി ഉടുത്തില്ലെങ്കിൽ ‘പോക്ക് കേസ്’; വിമർശനക്കുറിപ്പ്

ajith-4

‘ഇതാ ഞങ്ങളുടെ ദേവാൻഷ്!’ ആദ്യത്തെ കണ്മണിയെ വരവേറ്റ് നിശാൽ ചന്ദ്രയും രമ്യയും

അവന്റെ പെണ്ണിന്റെ വൃക്ക അവനായി കാത്തുവച്ചത് വിധി; പൊന്നമ്മയെ പറ്റി പലരും പലതും പറഞ്ഞുണ്ടാക്കി; കിഷോർ സുഖം പ്രാപിക്കുമ്പോൾ

ajith-6

എട്ടാം ക്ലാസ് മുതൽ തന്നെ അമ്മയോടൊപ്പം പൈനാപ്പിൽ തോട്ടതിലും, റബർ ടാപ്പിങിനും പെയിന്റിങ്, കാറ്ററിങ് ജോലികൾക്കുമൊക്കെ പോകുമായിരുന്നു. പഠിത്തം നിർത്തിയതോടെ കൂലിപ്പണി ഫുൾ ടൈമായി. പാറത്താഴം കരിങ്കൽ ക്വാറിയിലാണ് പണി, വലിയ യന്ത്രങ്ങൾ വച്ച് പൊട്ടിച്ചിടുന്ന പാറ ചുമന്ന് ലോറിയിൽ കയറ്റണം. രാവിലെ മുതൽ വൈകിട്ടുവരെ പണിയെടുത്താൽ 300 രൂപ കൂലി കിട്ടും. മഴക്കാലമായാൽ ലോഡ് കുറവാണ്. അപ്പോൾ ഉച്ചവരെയേ പണി കാണൂ. കഷ്ടിച്ച് 150 രൂപ കിട്ടിയാലായി. അങ്ങനെയിരിക്കെ ഉച്ച കഴിഞ്ഞുള്ള സമയത്ത് പെട്ടി ഓട്ടോറിക്ഷയിലെ മീൻ കച്ചവടത്തിന് സഹായിയായി കൂടി. ഒരിക്കൽ പൈങ്ങോട്ടൂർ കവലയിലെ വൈകിട്ടത്തെ കച്ചവടത്തിനിടെ സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കുന്ന കുറേ കുട്ടികളെ കണ്ടു, അതോടെ പഠിത്തം നിർത്തിയതിന്റെ വിഷമം പതിയെ മനസ്സിൽ കയറി. ഒരു വർഷത്തെ ബ്രേക്കിനു ശേഷം ശിവംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു ചേർന്നു. ഹ്യുമാനിറ്റീസായിരുന്നു വിഷയം, അത് 64ശതമാനം മാർക്കോടെ പാസായി.

പോരാട്ടത്തിന്റെ വഴി...

സർക്കാർ പുറമ്പോക്കിലെ ഒറ്റമുറി ചെറ്റപ്പുരയിലായിരുന്നു അന്ന് ഞാനും അമ്മയും അമ്മൂമ്മയും താമസിച്ചിരുന്നത്. ഞാൻ പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് സ്വരുക്കൂട്ടിവച്ചതും ആളുകൾ സഹായിച്ചതുമെല്ലാം ചേർത്ത് 20 സെന്റ് സ്ഥലം വാങ്ങിയത്, അന്നു ഒന്നരലക്ഷം രൂപയേ അതിനാകെ വേണ്ടിവന്നുള്ളൂ. അവിടെ സർക്കാരിന്റെ ഇഎംഎസ് ഭവനപദ്ധതിയിൽ നിന്നു കിട്ടിയ 75,000 രൂപയ്ക്ക് വീടുപണി തുടങ്ങി. പ്രതിസന്ധി ഘട്ടങ്ങളിൽ പെട്ട് പണി ഇടയ്ക്ക് മുടങ്ങി. ഒരു വിധം കഷ്ടപ്പെട്ട് ഒരു മുറിയുടെയും ഹാളിന്റെയും അടുക്കളയുടെയും പണി പൂർത്തിയാക്കി താമസം തുടങ്ങി. ആ വീട്ടിലേക്ക് കറന്റ് കണക്ഷൻ കിട്ടിയതോടെ എന്റെ ജീവിതത്തിലും ആദ്യമായി ഒരു പ്രകാശനാളം മിഴിതുറന്നു.

ajith-3

ഏയ് ഓട്ടോ...

ഇതിനിടെ കൂട്ടുകാരുടെ വണ്ടിയൊക്കെ ഞാൻ ഓടിച്ച് പഠിച്ചിരുന്നു. പ്ലസ് ടു പാസായതോടെ സ്വന്തമായി ബൈക്ക് വേണമെന്ന മോഹം കലശലായി. അങ്ങനെ വീണ്ടും ബ്രേക്കെടുത്ത് ക്വാറി പണിക്കാരനായി. ഡ്രൈവിങ് ലൈസൻസ് കിട്ടിയ പാടേ കൂട്ടിവച്ച കാശെല്ലാം ചേർത്ത് ബൈക്ക് വാങ്ങി. പക്ഷേ, ബൈക്ക് വാങ്ങി കുറച്ചുദിവസത്തിനകം തന്നെ തിരിച്ചറിവുണ്ടായി, ഇതുകൊണ്ട് എവിടെ പോകാനാണ്. ഞാൻ കൂലിപ്പണിക്ക് പോകുമ്പോൾ ബൈക്ക് വീട്ടുമുറ്റത്ത് വിശ്രമിക്കും.

അങ്ങനെയിരിക്കെ വീണ്ടും പഠിക്കാൻ മോഹം, കോളജില്‍ ചേരണം. അതിനു കാരണമായത് പ്ലസ് ടുവിന് പഠിപ്പിച്ചിരുന്ന സന്തോഷ് സാറാണ്. എറണാകുളം മഹാരാജാസിലെ പൂർവവിദ്യാർഥിയായ അദ്ദേഹം കോളജ് ലൈഫിനെ കുറിച്ചു പറഞ്ഞ കഥകളൊക്കെ അത്രമാത്രം മനസ്സിൽ കൂടുകൂട്ടിയിരുന്നു. അങ്ങനെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. മലയാളം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തപ്പോൾ തനിയെ പഠിച്ചെടുക്കാൻ എളുപ്പം എന്നു മാത്രമേ ചിന്തിച്ചുള്ളൂ.

അപ്പോഴും അവധി ദിവസങ്ങളിൽ കൂലിപ്പണിക്ക് പോകും. പക്ഷേ, അവസാന വർഷമായപ്പോഴേക്കും ശനിയാഴ്ചയടക്കം ക്ലാസുണ്ട്. ഞായറാഴ്ച എവിടെയും കൂലിപ്പണിക്ക് പോകാൻ പറ്റാത്തതു കൊണ്ട് വരുമാനം നിലച്ചു. അങ്ങനെയാണ് ഓട്ടോറിക്ഷ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്, രാത്രി ഓട്ടം പോകാമല്ലോ. സുഹൃത്തുക്കളിൽ ചിലർ സഹായിച്ചതോടെ സെക്കൻഡ് ഹാൻഡായി 35,000 രൂപയ്ക്ക് ഓട്ടോ വാങ്ങി. രാത്രിയൊക്കെ ഓട്ടോ ഓടിച്ചിട്ടാണ് രാവിലെ കോളജിലേക്ക് പോകുക. അതറിയാവുന്ന സജീവ് സാറും ബിന്ദു ടീച്ചറുമൊക്കെ നന്നായി സപ്പോർട്ട് ചെയ്തു. അങ്ങനെ ഡിഗ്രിക്ക് … ശതമാനം മാർക്കോടെ പാസായി.

ഡിഗ്രിക്ക് കൂടെ പഠിച്ച രേഷ്മയുടെ നിർബന്ധപ്രകാരമാണ് മൂവാറ്റുപുഴ ശ്രീനാരായണ ബിഎഡ് കോളജിൽ ബിഎഡിനു ചേർന്നത്. ആ സമയത്ത് ഫിനാൻസിട്ട് പുതിയ ഓട്ടോറിക്ഷ വാങ്ങി. വൈകിട്ട് അഞ്ചു മുതൽ രാത്രി 11 വരെ വണ്ടി ഓടും. എന്റെ കാര്യങ്ങളൊക്കെ അറിയാവുന്നവർ പതിവായി ലോങ് ഓട്ടമൊക്കെ വിളിക്കും. മാസാവസാനം ഇഎംഐ അടയ്ക്കാനുള്ള കാശ് തികയാതെ വരുമ്പോൾ ക്ലാസ് കട്ട് ചെയ്ത് ഓടും. ബിഎഡും 75 ശതമാനം മാർക്കിൽ പാസായി.

ajith-2

സ്വപ്നത്തിന്റെ വാതിൽ...

ബിഎഡ് കോളജിൽ എന്നെ പഠിപ്പിച്ച ജോബി തോമസ് മാഷാണ് നിർണായക ഇടപെടൽ നടത്തിയത്. എന്റെ ജീവിതത്തിന്റെ ഹാൻഡിൽ പിന്നെ ജോബി മാഷിന്റെ കൈയിലായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ ബാച്ചിലേക്ക് നിർബന്ധിച്ച് അപേക്ഷ അയപ്പിച്ചത് സാറാണ്. സാഹിത്യരചനയിൽ മെരിറ്റിൽ തന്നെ അഡ്മിഷൻ കിട്ടിയെങ്കിലും വീട്ടിൽ നിന്ന് മാറി നിൽക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. അമ്മൂമ്മയ്ക്ക് തീരെ വയ്യാതായി കിടപ്പിലാണ്, അമ്മ ഒറ്റയ്ക്കേയുള്ളൂ. പക്ഷേ, ജോബി സാറിന്റെ നിർബന്ധത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അപ്പോഴും വെള്ളിയാഴ് വൈകിട്ട് നാട്ടിലെത്തി, ശനിയും ഞായറും ഓട്ടോ ഓടിക്കുമായിരുന്നു.

പിജി പാസായ ശേഷം മലയാള സർവകലാശാലയിൽ തന്നെ പിഎച്ച്ഡി എൻട്രൻസ് എഴുതിയെങ്കിലും വീണ്ടും മൂന്നുവർഷം കൂടി പഠിത്തത്തിനു വേണ്ടി മാറ്റി വയ്ക്കാനില്ലെന്ന ചിന്ത ഇടയ്ക്കു വന്നു. പക്ഷേ, അന്ന് ഇടപെട്ടത് അമ്മയാണ്. ആ സ്നേഹനിർബന്ധത്തിനു മുന്നിൽ ഞാനൊരു തീരുമാനമെടുത്തു, സ്വപ്നത്തിനു പിന്നാലെ പോകുക തന്നെ. ഇതിനിടെ പണിയെടുത്ത് കിട്ടുന്ന ഇത്തിരിക്കാശു കൊണ്ട് കുറേശ്ശേയായി വീടുപണി പൂർത്തീകരിച്ചു. മൂന്നുമുറിയും ഹാളും അടുക്കളയുമുള്ള വീടിന്റെ പെയിന്റിങ്ങടക്കമുള്ള എല്ലാ പണിയും തീർന്നിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ.

ആഘോഷങ്ങളുടെ ടോപ് ഗിയർ...

ഇക്കഴിഞ്ഞ ജൂലായ് ഒമ്പതാം തിയതിയായിരുന്നു എന്റെ ഗവേഷണ പ്രബന്ധം അംഗീകരിക്കുന്നതിന്റെ അവസാന ഘട്ടം. ഓപ്പൺ ഡിഫൻസ് ചെയർമാൻ അടങ്ങിയ ഗവേഷണ വിലയിരുത്തൽ കമ്മിറ്റി പിഎച്ച്ഡി നൽകാമെന്ന് സർവകലാശാലയോട് ശുപാർശ ചെയ്തിട്ടുണ്ട്. ആദ്യ ഗവേഷണ ബാച്ചിലെ ഞാനടക്കമുള്ള നാലുപേരാണ് ഈ വർഷം തീസീസ് സമർപ്പിച്ചത്, ആദ്യത്തെ ഓപ്പൺ ഡിഫൻസ് നടന്നത് എന്റെയായതോടെ മലയാള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ഹോൾഡറായി ഞാൻ മാറി. ബിരുദദാന ചടങ്ങ് ഉടനേയുണ്ടാകും.

ajith-1

പിജിക്ക് പഠിക്കുമ്പോൾ മുതൽ നാലു തവണ നെറ്റ് എഴുതിയിട്ടും കിട്ടിയില്ല. ഇത്തവണ കോച്ചിങ്ങിനു പോയതിനു പുറമേ, ജെഐർഎഫ് ഉള്ള സഹഗവേഷകയായ അർച്ചനാ മോഹൻ കുറേ സഹായിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി ഗവേഷണ പ്രബന്ധം ഫ്രീയായി ടൈപ്പ് ചെയ്ത് തന്നതും അർച്ചനയാണ്.

‘ജനപ്രിയ സംസ്കാരവും മലയാള നാടകഗാനങ്ങളും’ എന്ന വിഷയത്തിലാണ് എനിക്ക് ഡോക്ടറേറ്റ് കിട്ടിയത്. സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കൂടിയായ ഗൈഡ്, പ്രഫ.ഡോ.ടി. അനിതകുമാരി ടീച്ചറിന്റെ മാർഗനിർദേശങ്ങളും സഹായവും ഒരിക്കലും മറക്കാനാകില്ല. ഗവേഷണ കാലത്ത് ആറ് അക്കാഡമിക് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 14 ദേശീയ, അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധവും അവതരിപ്പിച്ചു.

ഗവേഷണ കാലയളവിൽ(2018-2019) കേരള സർക്കാരിന്റെ ആസ്പെയർ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. 4 മാസമായിരുന്നു അതിന്റെ കാലാവധി. ഗവേഷണം ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ നിന്നും വിട്ട് മറ്റൊരു യൂണിവേഴ്സിറ്റിയുടെ ഗൈഡ് ഷിപ്പുള്ള ഗൈഡിന്റെ കീഴിൽ നടന്ന ഒരു പ്രോജക്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ഡോ.S സജീവിന്റെ മാർഗനിർദേശത്തിൽ 'നാടോടി ഈണങ്ങൾ- മലയാള ചലച്ചിത്രഗാനങ്ങളിൽ പി.ഭാസ്കരന്റെ ഗാനങ്ങളെ മുൻനിർത്തിയുള്ള പഠനം' എന്ന താ യി രുന്നു.

പഠനവുമായി ബന്ധപ്പെട്ട് പുസ്തകം വാങ്ങാനും മറ്റും സഹായം ചെയ്ത ഒരുപാടു കൂട്ടുകാരുണ്ട്. പതിവായി ഓട്ടം വിളിക്കുന്ന പലരും കൂലിക്കൊപ്പം പുസ്തകങ്ങളും തരുമായിരുന്നു. സഹായിച്ച എല്ലാ അധ്യാപകരോടും സുഹൃത്തുക്കളോടും നന്ദി. ഇപ്പോൾ ഭാഗ്യം ടോപ് ഗിയറിലായെന്നു പറയാം, പിഎച്ച്ഡി കിട്ടി, നെറ്റും. നല്ലൊരു ജോലി കൂടി കിട്ടിയാൽ അമ്മയെ പണിക്കു വിടാതെ വീട്ടിലിരുത്തണം. അതുവരെ ഓട്ടോ ഓടിച്ച് ഞാനീ കവലയിൽ ഉണ്ടാകും..’’

Tags:
  • Inspirational Story