Saturday 18 April 2020 10:38 AM IST

‘ആനകൾ പണിയില്ലാതെ വെറുതെ നിന്നാൽ മദപ്പാടിന് സാധ്യത ഏറെയാണ്’; കോവിഡ് കാലത്ത് ആനക്കാര്യങ്ങളുമായി ബാബു നമ്പൂതിരി!

Ajit Abraham

Assistant Editor

eleerpojhbvg

"കഴിഞ്ഞ ഫെബ്രുവരി മുതൽ എന്റെ ആനകൾ വെറുതെ നിൽപാണ്." 56 വയസുള്ള കാഞ്ഞിരക്കാട് ശേഖരനെയും 40 കാരൻ കാഞ്ഞിരക്കാട് ഗജേന്ദ്രനെയും വാത്സല്യത്തോടെ തലോടി പ്രശസ്ത ചലച്ചിത്രനടൻ ബാബു നമ്പൂതിരി ചില ആനക്കാര്യങ്ങൾ  പറഞ്ഞു തുടങ്ങി. "എന്റെ മാത്രമല്ല ആന ഉടമസ്ഥരുടെ എല്ലാം സ്ഥിതി ഇത് തന്നെ. " ഓൾ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ  വൈസ്പ്രസിഡന്റ് ആയ ബാബു നമ്പൂതിരിക്ക് ആന ഉടമകൾ നേരിടുന്ന പ്രതിസന്ധികൾ അതിന്റെ എല്ലാ തീവ്രതയോടെയും സ്വന്തം അനുഭവത്തിൽ നിന്നു തന്നെ അറിയാം. 

ആന വെറുതെ ഇങ്ങനെ പണിയില്ലാതെ നിൽക്കുമ്പോൾ മദപ്പാടിന് സാധ്യത ഏറെയാണ്. കോവിഡ് മഹാമാരിയായതിനാലാണ് ഇങ്ങനെ ഇവരെ വെറുതെ നിറുത്തിയിരിക്കുന്നതെന്നു നമുക്ക് മനുഷ്യർക്കല്ലേ അറിയൂ. ഈ പാവം ആനകൾക്ക്  അതു മനസ്സിലാകില്ലല്ലോ. 

ആനച്ചന്തത്തിനു പിന്നിലെ ബുദ്ധിമുട്ടുകൾ പലർക്കും അറിയില്ല. വിശപ്പു മാറാൻ  മാത്രം ഒരു ആനയ്ക്ക്  ദിവസവും കുറഞ്ഞത് 15 പനംപട്ട എങ്കിലും വേണം. പുറത്തു നിന്ന് ഒരു പനംപട്ട  കുറവിലങ്ങാട് , മണ്ണയ്ക്കനാട്ടെ എന്റെ വീട്ടുമുറ്റത്ത് എത്തുമ്പോൾ 100 രൂപയോ അതിലധികമോ ആകും. അടുത്ത പ്രദേശങ്ങളിലുള്ള പനംപട്ട തീർന്നു വരികയാണ്. മാത്രമല്ല, എല്ലാ ദിവസവും പനംപട്ട ഉള്ളിൽ ചെന്നാൽ ആനയുടെ വയറിന് ദീനം വരും. അതുകൊണ്ട് ആഴ്ചയിൽ 3-4 ദിവസം പോതപുല്ല്  കൊടുക്കും. അത് മറ്റ് ഏജൻസികളെ ആശ്രയിച്ച് വരുത്തിക്കാൻ ചെലവ് കൂടും.

ആനയുടെ ഷെഡ് കണ്ടില്ലേ, ഏറെ ഉയരത്തിൽ നിർമിച്ചിരിക്കുന്നത്. ആന വെറുതെ നിൽക്കുമ്പോഴും  സ്വന്തം ശരീരത്തിലോ അതിന്റെ തുമ്പികൈ എത്തുന്ന മറ്റു ഇടങ്ങളിലോ ഉരസിക്കൊണ്ടിരിക്കും." ആനയുടെ രസതന്ത്രങ്ങൾ വിവരിക്കുകയായിരുന്നു, കുറവിലങ്ങാട് ദേവമാതാ കോളജിലെ രസതന്ത്ര അധ്യാപകനായിരുന്ന ബാബു നമ്പൂതിരി. അതായത് ആനയുടെ തുമ്പികൈ എത്താത്ത ഉയരത്തിൽ മേൽക്കൂര നിർമിച്ചില്ലെങ്കിൽ എപ്പോൾ പണി കിട്ടിയെന്ന്  ചോദിച്ചാൽ മതി.

ചെറിയ കാര്യങ്ങളെന്നു തോന്നിപ്പിക്കുന്ന ഒട്ടേറെ ദിനചര്യകൾ വേറെയുമുണ്ട്. ആനയെ കുളിപ്പിക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്. ശരീരം മുഴുവൻ തണുപ്പിച്ച്, ചകിരി കൊണ്ടുരച്ച്  രണ്ട് പാപ്പാൻമാരുടെ ഒന്നര - രണ്ടു മണിക്കൂർ നേരത്തെ പണിയാണ്. പാപ്പാൻമാർക്ക് 500 രൂപ വച്ച് കൊടുക്കണം ബാറ്റ ആയിട്ട്. അവർക്ക് ആഹാരം ചെലവ് വേറെ. ആനയുടെ വൃത്തിയുടെ കാര്യത്തിലും അതീവ കരുതൽ വേണം . ദിവസവും 2 തവണ ആനയെ കെട്ടുന്ന തറി മാറ്റി കെട്ടണം.

ഇതിനു പുറമേ സുഖചികിത്സകൾ. അതിന് ആയുർവേദ മരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്. അഞ്ച്- എട്ട് കിലോ അരിയുടെ ചോറും, ചോളം ,അമുക്കുരു ഇങ്ങനെ കുറെ ചേരുവകൾ ചേർത്ത് മരുന്നുകളും.

"കാടാറു മാസം നാടാറു മാസം  എന്നല്ലേ. അതായത് 6 മാസം ഉത്സവ കാലം,6 മാസം വിശ്രമകാലം." മാറിയ സാഹചര്യങ്ങളിൽ സാമ്പത്തിക വശം വൻ തളർച്ചയിലാണെന്ന് ബാബു നമ്പൂതിരി. "തടി പിടുത്തവും കൂപ്പും  ഒക്കെ  കോവിഡിന് മുമ്പേ നിലച്ചതാണ്. മാത്രമല്ല  ആന പരിപാലനത്തിൽ സർക്കാർ കർശന നിബന്ധനകൾ കൂടി ചേർത്തതോടെ, ആ വഴിക്കുള്ള വരുമാനവും സ്വാഹ.

ഇത്തവണ തൃശൂർ പൂരവും ചടങ്ങിന് മാത്രമായി. അതു മാത്രമല്ല  വൈക്കത്തഷ്ടമി, തൃപ്പൂണിത്തുറ വൃശ്ചികോത്സവം, ആറാട്ടുപുഴ,പൂരം, കൂടൽമാണിക്യം ഉത്സവം ഇതിൽനിന്നെല്ലാം ആന ഒഴിവായി. സത്യം  പറഞ്ഞാൽ പ്രശസ്ത ഉത്സവങ്ങൾക്ക് ആനയെ കൊണ്ടുപോകുന്നത് ലാഭം നോക്കിയല്ല. അതൊരു ഐശ്വര്യമാണ്, മാഹാത്മ്യമാണ്. പല ഉത്സവങ്ങൾക്കും പ്രതിഫലം ആനയുടെ ചെലവു കാശിൽ മാത്രം ഒതുങ്ങിയിട്ടുണ്ട്.

തറവാട്ടിൽ ആനകൾ കുറയാതെ നോക്കണം എന്നാണ് കാരണവന്മാർ പറഞ്ഞിരുന്നത്. ഞങ്ങൾക്ക് 3 ആനകൾ ഉണ്ടായിരുന്നു. അതിൽ ഒന്നു ചെരിഞ്ഞു.... നാലു വർഷം മുമ്പ്.... എനിക്കേറെ പ്രിയങ്കരനായിരുന്നു രാജഗോപാലൻ "- സിനിമയിൽ കേട്ട് പരിചയിച്ച  ആ പതിഞ്ഞ സാത്വിക ശബ്ദം അൽപ നേരം മുറിഞ്ഞു. പിന്നെ കണ്ണുകളടച്ചു ,മെല്ലേ തുറന്ന്... ശുഭാപ്തി വിശ്വാസത്തോടെ "കുറയ്ക്കുന്നില്ല. പക്ഷേ, ക്ഷീണിക്കാൻ പാടില്ല മാഷേ, ആനകളും അവരുടെ ഉടമസ്ഥനും." 

Tags:
  • Spotlight