Wednesday 18 May 2022 03:29 PM IST

‘സിനിമയിലെ പോലെ പാചകത്തിനും ഇദ്ദേഹത്തിന് അസിസ്റ്റന്റ് വേണം’: ജോണി ആന്റണിയുടെ ഭാര്യ പറയുന്നു

Vijeesh Gopinath

Senior Sub Editor

jhonny-antony-fam-foto

ജീവിതം നിവർത്തിയിട്ട് ഒാരോ സീനും പറയുകയാണ് ജോണി ആന്റണി. വരിയുടെ വരമ്പിൽ ചിരിയുടെ മട വീഴുന്നുണ്ട്. പക്ഷേ, നോക്കിയാൽ കാണാം. അതിൽ കണ്ണീരിന്റെ നീർച്ചാലുണ്ട്. നെറ്റിയിൽ‌ വെള്ളി നിറമുള്ള, ഭാഗ്യത്തിന്റെ പര ൽമീൻ പാച്ചിലുകളുമുണ്ട്.

സംവിധാനത്തിൽ നിന്ന് അഭിനയിത്തിലേക്ക് വഴി തിരിഞ്ഞപ്പോഴും ചിരിത്താരമായപ്പോഴും ‌ഉള്ളിലപ്പോഴുമുണ്ട് ചങ്ങനാശേരി മാമ്മൂട്ടിലെ ആ ഒാലവീട്. മഴത്തള്ളലിൽ ചോർന്നു വിറച്ച വീടിനകത്തെ ഉറങ്ങാരാത്രികൾ. പ്രീഡിഗ്രിയിൽ ‘നിന്നിറങ്ങി’ ചങ്ങനാശേരി – എരുമേലി ബസിലെ കണ്ടക്ടർ ആയ കാലം. ഒടുവിൽ രജനീകാന്തിനെ പോ ലെ കണ്ടക്ടർ കുപ്പായം അഴിച്ചിട്ട് മദ്രാസിലേക്ക് വണ്ടി കയറിയത്. എത്രയെത്ര ഒാർമപ്രദക്ഷിണങ്ങൾ.

‍ജോളിയായിരിക്കുന്നതിന്റെ രഹസ്യം ചോദിച്ചാൽ ജോ ണി ആന്റണിക്ക് ഒറ്റ ഉത്തരമേയുള്ളൂ– ‘അപ്പനും അമ്മച്ചിയും പിന്നെ, കർത്താവ് ഈശോമിശിഹായും.’ വെറുതെ പറയുന്നതല്ല, കണ്ടും കൊണ്ടും അറിഞ്ഞതാണ്.

‘‘വലിയ വർത്തമാനം പറയുന്നതല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് ഈസ്റ്ററുകളുണ്ട്. ഉയർത്തെഴുന്നേൽപ്പുകളുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം മരണത്തെ ജയിക്കുക അപ്രാപ്യമാണ്. പക്ഷേ, ജീവിതത്തെ ജയിക്കാനാകും. എന്നു വച്ച് ഞാൻ വലിയ ആളായെന്നല്ല കേട്ടോ. അപ്പനും അമ്മച്ചിയും കർത്താവു തമ്പുരാനും പഠിപ്പിച്ചത് ഒാർത്തതാണ്.’’ വിജയത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പുകളെക്കുറിച്ച് ജോണി ആന്റണി.

മാമ്മ‌ൂട്ടിലെ അന്തോനിച്ചേട്ടന് അൻപത്തിരണ്ടാം വയസ്സില്‍ പിറന്ന പുത്രനാണ് ജോണി ആന്റണി. മാമിച്ചേടത്തിയുടെ നാൽപ്പത്തിരണ്ടാം വയസ്സിൽ. മൂത്ത മകനും ഇളയ രണ്ടു പെൺകുട്ടികൾക്കും ശേഷം.

മകൻ ജനിച്ചപ്പോൾ ഒാലവീടിന്റെ വാതിൽപ്പാളിയിൽ അന്തോനിച്ചേട്ടൻ എഴുതിയിട്ടു– 1971 ജൂലൈ 16 അശ്വതി നക്ഷത്രം. ‘ഇതെന്നതാ അന്തോനിച്ചാ, ഈ എഴുതിയിട്ടത്’ എന്നു ചോദിച്ച കൂട്ടുകാരോട് അദ്ദേഹം പറ‍ഞ്ഞു, ‘‘ജോണി ച്ചൻ ജനിച്ച ദിവസമാണ്. മുപ്പതാം വയസ്സു മുതൽ അവന് നല്ല കാലം ആണ്. അവന്റെ പേരിലായിരിക്കും ഞാനറിയപ്പെടുന്നത്. അന്നു ഞാൻ ഉണ്ടാവുമോ ആവോ?’’

അന്തോനിച്ചേട്ടൻ പഴയ ഏഴാം ക്ലാസായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ബർമയിലും സിംഗപ്പൂരും പോയിട്ടുണ്ട്. റിട്ടയറായ ശേഷം പല ബിസിനസുകളും ചെയ്തു. പക്ഷേ, പണം തിരിച്ചു വരാത്ത വിധം പിണങ്ങി പോയി.

ഒടുവിൽ മാമ്മൂടുള്ള ഒാലവീട്ടിൽ. അപ്പോഴും അന്തോനിച്ചേട്ടനും മാമിച്ചേടത്തിയും തളർന്നില്ല. മീൻ കച്ചവടം തുടങ്ങി. അധ്വാനിച്ചു. കാൽക്കിലോ വെളിച്ചെണ്ണ കൊണ്ട് ആഴ്ചകളോടിച്ചു. തേങ്ങ ചേർക്കാത്ത ഗോതമ്പടയിൽ സ്നേഹം നിറച്ച് വിളമ്പി. പതുക്കെ ജീവിതം തിരിച്ചു പിടിച്ചു. ജോണി ആന്റണി കണ്ട ആദ്യ ഉയർത്തെഴുന്നേൽപ്പ്.

‘‘ഇറച്ചിയൊക്കെ ഞായറാഴ്ചയും വിശേഷ ദിവസങ്ങളിലും മാത്രമേ വീട്ടിലേക്ക് വരികയുള്ളൂ. അതും സാമ്പത്തിക സ്ഥിതി അനുസരിച്ച്. അപ്പൻ മാമ്മൂട് മാർക്കറ്റില്‍ പോയി അരക്കിലോ ഇറച്ചി വാങ്ങും, ഖദർമുണ്ടും ജൂബയും തോളിലൊരു തോർത്തും കയ്യിൽ തേക്കിലയിൽ പൊതിഞ്ഞ ഇറച്ചിയുമായുള്ള വരവ് കാണുമ്പോഴേ സന്തോഷമാണ്.

ഞാൻ ഒാടിപ്പോയി ചിരട്ട എടുത്തു വയ്ക്കും. അമ്മച്ചി ചിരട്ടയുടെ മുകളിൽ‌ പിച്ചാത്തി വച്ച് കുഞ്ഞതായി മുറിക്കും. സൺഡേ സ്കൂളിലിരിക്കുമ്പോഴും മനസ്സിൽ കറി തിളയ്ക്കുന്ന മണമായിരിക്കും. വിരുന്നുകാരു‌ണ്ടെങ്കിൽ അമ്മച്ചി ചാറു നീട്ടി പെരളൻ‌ കറിയാക്കും. ഉരുളക്കിഴങ്ങൊക്കെ ഇട്ടുള്ള ഒരു അഡ്ജസ്റ്റ്മെന്റ്. അമ്മച്ചിയുടെ സാമ്പത്തിക അച്ചടക്കം ഇന്നും എനിക്ക് അദ്ഭുതമാണ്.

ഈസ്റ്റർ രുചികൾ

ഈസ്റ്ററിന് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ വെളുപ്പിനെ ഉള്ള കുർബാനയ്ക്കാണ് പോകുക. തിരിച്ചു വരുമ്പോഴേക്കും അമ്മച്ചി പാലപ്പം ചുടുന്ന തിരക്കിലാകും. നടന്നു വന്ന വിശപ്പിൽ‌ നാലെണ്ണം കറിയൊന്നും കൂട്ടാതെ ഒറ്റത്തട്ടാണ്. കറിയപ്പോൾ അടുപ്പത്തു കയറിയിട്ടേ ഉണ്ടാകുകയുള്ളൂ.

‘സാമ്പത്തിക സ്ഥിതി’ അനുസരിച്ചാണ് ഇറച്ചി ഏതെന്ന് തീരുമാനിക്കുകയുള്ളൂ. ആട്ടിറച്ചി വല്ലപ്പോഴും. കോഴിയോ ബീഫോ ആയിരിക്കും സാധാരണ. ചിലപ്പോൾ താറാവും. വറുത്ത മല്ലി കല്ലിൽ അരച്ച് വടിച്ചൊരു എടുപ്പുണ്ട്. അതു തന്നെ കാണാൻ ഭംഗിയാണ്. വിറകടുപ്പിൽ കറി തിളയ്ക്കുമ്പോൾ ഉള്ളിൽ കൊതിയും തിളയ്ക്കും. എന്റെ ആ വേശം കാണുമ്പോൾ അമ്മച്ചി ചൂടു കഷണം എടുത്ത് ത ന്നിട്ട് വെന്തോ എന്നു നോക്കാൻ പറയും. ആ ചൂടും സ്വാദും, എരിവിന്റെ പൊള്ളലിൽ കണ്ണു നിറയുന്നതും...’’ ഇപ്പോഴും ജോണി ആന്റണിയുടെ കണ്ണു നിറ‍ഞ്ഞു, ആ ഒാർമയിൽ.

‘‘അപ്പത്തിനു വാങ്ങിയ മധുര കള്ള് വീട്ടിലെത്തിയാൽ‌ അപ്പൻ ഒരു ഗ്ലാസ് അമ്മച്ചിക്കു കൊടുക്കും. ഒരു ഗ്ലാസ് എ നിക്കും കിട്ടും. ഈസ്റ്ററിനും ക്രിസ്മസിനും അപ്പൻ ചെറിയൊരു കുപ്പി വിദേശമദ്യം വാങ്ങും. രണ്ടു ഗ്ലാസ് അപ്പൻ‌ കുടിക്കും. ഒാരോ ഗ്ലാസ് എനിക്കും അമ്മച്ചിക്കും. പാവം അമ്മച്ചി. അതു കുടിച്ചിട്ട് ആദ്യമൊന്നു ചിരിക്കും. പിന്നെ, ഒറ്റ ക രച്ചിൽ. അതെന്തിനാണെന്നു മാത്രം ഇപ്പോഴും അറിയില്ല.

അവർ തമ്മിലുള്ള അടുപ്പത്തിന്റെ സീനുകൾ സിനിമയിലേക്ക് പിന്നീടു മോഷ്ടിച്ചിട്ടുണ്ട്. ചെറിയ വഴക്കും സ്നേഹവും തമാശയും പ്രണയവും. അപ്പൻ വരാൻ വൈകിയാ ൽ കൊന്തയും കയ്യിൽ പിടിച്ച് വീടിന്റെ തിണ്ണയിൽ കയറി വേവലാതിയോടെ ഇരിക്കുന്ന അമ്മച്ചിയെ ഇന്നും ഒാർമയുണ്ട്. അതുകണ്ടാണ് ഞാൻ വളർന്നത്. അപ്പനൊരു പനി വന്നാൽ പോലും അമ്മച്ചിക്കു കരച്ചിലു വരും.

‘നേരും നെറിയോടെ ജീവിക്കണം. ആരെയും ആശ്രയിക്കാതെ ഒരു ജോലി കണ്ടുപിടിക്കണം’. എന്നെ കുറിച്ച് അ പ്പന് അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്റെ ചേട്ടൻ ജോസ് ന ന്നായി പഠിക്കുമായിരുന്നു. എൻജിനീയറിങ്ങിന് ചേരണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, അന്നത്തെ സാമ്പത്തിക പ്രയാസം കൊണ്ട് െഎടിെഎയ്ക്കാണ് ചേർ‌ത്തത്.

വഴിച്ചെലവിനും മറ്റുമായി അമ്മച്ചി ആറു രൂപ ചേട്ടനു കൊടുക്കും. ചേട്ടൻ ഹോസ്റ്റലിൽ ചെന്ന് കൂടെയുള്ള കുട്ടികൾക്ക് പാചകം ചെയ്യും. അങ്ങനെ കിട്ടുന്ന പൈസ അമ്മച്ചിക്ക് തിരിച്ചു കൊടുക്കും. പഠനം കഴിഞ്ഞ് ചേട്ടന് സർക്കാ ർ ജോലി കിട്ടി. സ്നേഹത്തിന്റെയും സഹനത്തിന്റെയും കാര്യത്തിൽ ചേട്ടനാണ് ഇന്നും എന്റെ റോൾ മോഡൽ.

ഈസ്റ്റർ കഴിഞ്ഞാൽ ഒാല മേയുന്ന ദിവസമെത്തും. ചിലപ്പോൾ പണമില്ലെങ്കിൽ മഴ ചതിക്കില്ലെന്ന് സമാധാനിച്ച് മാറ്റി വയ്ക്കും. പക്ഷേ, മഴയ്ക്കത് അറിയില്ലല്ലോ. മേയാത്ത വർഷം ചോരുന്നിടത്തെല്ലാം വീട്ടിലെ പാത്രങ്ങൾ നിരത്തിവയ്ക്കും. ഉറക്കത്തിൽ‌ മഴവെള്ളം തെറിക്കും.

ഒാല മേയുന്നത് വീട്ടിലെ ഉത്സവമാണ്. അപ്പന്റെ കൂട്ടുകാരാണ് ഇതിനെത്തുന്നത്. അവർക്ക് അപ്പൻ പാർട്ടി ന ടത്തുന്ന ദിവസമാണത്. അമ്മച്ചി കപ്പയും ഇറച്ചിയും വയ് ക്കും. വീടാണെങ്കിൽ ഉടുപ്പഴിച്ച് എല്ലും കാണിച്ചു നിൽക്കും. കെട്ടാനുള്ള തെങ്ങോല വാട്ടിക്കഴിഞ്ഞാൽ മെടഞ്ഞ ഒാലകൾ റോക്കറ്റു പോലെ മുകളിലേക്ക് പറക്കാൻ തുടങ്ങും. ഉത്തരത്തിനു മുകളിലിരിക്കുന്ന ചേട്ടന്മാരൊക്കെ അന്നെന്റെ ഹീറോ ആയിരുന്നു. കുട്ടിക്കാലത്തേ എനിക്ക് പ്രായത്തിൽ മൂത്ത ചങ്ങാതിമാരുണ്ടായിരുന്നു. അവർ തന്ന ജീവതാനുഭവങ്ങൾ വലുതാണ്. സംവിധാനം ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും ആ മുഖങ്ങൾ മനസ്സിലേക്കു വരും.

മാമ്മൂടുപള്ളിയിലെ പെരുന്നാളും മറക്കാനാകില്ല. ശനിയാഴ്ചയാണ് പ്രദക്ഷിണം. കുട്ടിക്കാലത്തെ കുഞ്ഞു വൺവേ പ്രണയങ്ങളെ പിന്നെയും കാണാൻ കിട്ടുന്ന സമയം. ഒക്കത്ത് പിള്ളേരുമായി അതുങ്ങള് പോകുന്നത് കാണാം. ‘തോപ്പിൽ ജോപ്പനി’ൽ മമ്മൂക്ക ആശ്വസിക്കും പോലെ ഞാ നും മനസ്സിൽ ഉറപ്പിക്കും, ‘അവരുടെ ഭർത്താക്കന്മാർ നമ്മുടെ അത്ര യോഗ്യരല്ല.’ ‘ഇവനിതു വരെ കെട്ടിയില്ലേ’ എന്ന മട്ടിലുള്ള പാളിയുള്ള നോട്ടങ്ങൾ തിരിച്ചു കിട്ടുകയും ചെയ്യും.’’ അപ്പന്റെ പൊട്ടിച്ചിരിയിലേക്ക് മക്കളും ചേർന്നിരുന്നു. ലുദുവീന സെന്റ് തെരേസാസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്നു. അന്ന പത്താം ക്ലാസിൽ.

വിശന്നിരുന്ന മദ്രാസ് കാലം

‘‘അപ്പന്റെ കഥയിൽ കേൾക്കാൻ സങ്കടമുള്ളത് മദ്രാസ് കാലമാണ്. പിന്നെ ഒാർക്കും, ആ അനുഭവങ്ങളാണല്ലോ അപ്പന് ഇത്രയും എനർജി കൊടുത്തത്’’ മക്കളായ ലുദുവീനയും അന്നയും പറയുന്നു.

പ്രീഡിഗ്രിക്ക് തോറ്റെങ്കിലും മദ്രാസിലെത്തി കഴിഞ്ഞുള്ള ഒന്നരവർഷം കൊണ്ട് ജോണി ആന്റണി ജീവിതത്തിലും സിനിമയിലും ഒന്നാം റാങ്കു നേടി. ചങ്ങനാശേരിയിൽ നിന്ന് മദ്രാസ് മെയിലിൽ കയറുമ്പോൾ ജോണിയുടെ കരച്ചിൽ കണ്ട് കോട്ടയം വരെ കൂട്ടുകാരും ഒപ്പം കയറി. കോടമ്പാക്കത്തെത്തി ബാഗ് തുറന്ന് ആദ്യം പുറത്തെടുത്തത് അമ്മച്ചി കൊടുത്തയച്ച പുതിയ നിയമത്തിന്റെ പഴയൊരു കോപ്പി. ഒരു കൊന്തയും പിന്നെ, ഒരു ഫോട്ടോയും. അതിൽ മിശിഹായുടെ ചിത്രം. അതൊന്നു തിരിച്ചാൽ മാതാവാകും.

മദ്രാസിലെത്തി കഴിഞ്ഞുള്ള ആദ്യ ഈസ്റ്ററിനും ക്രിസ്മസിനും അമ്മച്ചിയുടെ ഇറച്ചിക്കറിയുടെ രുചി ഉള്ളിൽ തിളയ്ക്കുമ്പോൾ ജോണി മനസ്സടച്ചു വച്ച് കഞ്ഞിക്കലം തുറക്കും. പിന്നെ, അച്ചാറിന്റെ കുഞ്ഞ് പാക്കറ്റ് കടിച്ചു തുറന്ന് കഞ്ഞി വലിച്ചങ്ങ് കുടിക്കും.

‘‘ നിർമ്മാതാവായിരുന്ന ജോക്കുട്ടനാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. എന്റെ ചേട്ടന്റെ പ്രായമുണ്ട്, പക്ഷേ, ജോക്കുട്ടൻ എന്നാണ് വിളിച്ചിരുന്നത്. ജോക്കുട്ടന്റെ പ്രവചനവും പ്രതീക്ഷയുമായിരുന്നു ഞാൻ. ഒൻപതാം ക്ലാസ് മുതലേ എന്നോടു പറയും. ‘നീ സിനിമയ്ക്കു വേണ്ടി ഉള്ളവനാണ്.’ ആ വാക്കുകൾ ആണ് എന്നെ സിനിമയിലെത്തിച്ചത്.

സിനിമയിലേക്കുള്ള വഴി തേടി നടന്ന ആ കാലത്ത് കോടമ്പാക്കത്തെ കുഞ്ഞു മുറിയിലായിരുന്നു താമസം. സംവിധാന സഹായിയാകാൻ പലരോടും അവസരം ചോദിച്ചു. നിരാശയായിരുന്നു ഫലം. ഇടയ്ക്ക് ജോക്കുട്ടൻ വരും കുറച്ചു പൈസ തരും. അതു തീർന്നാൽ പിന്നെ, കഷ്ടപ്പാടായി.

മദിരാശി സിനിമയുമായി വല്ലാതെ അടുപ്പിക്കും. സ്വപ്നങ്ങളില്‍ ജീവിക്കുന്നവർ, ലക്ഷ്യത്തിലേക്കെത്തിയവർ. െഎ. വി. ശശി സാർ പാഞ്ഞു പോകുന്നതു കാണാം. മുന്നിലൂടെ ഒഴുകിയ വണ്ടിയിൽ രജനീകാന്താണെന്ന് ചിലർ.

മോഹൻദാസ് എന്ന അസോഷ്യേറ്റ് ഡയറക്ടറുടെ കൂടെയായിരുന്നു ആദ്യ കാലത്ത് താമസം. പനമ്പായ വിരിച്ച് നിലത്തു കിടക്കും. കുറച്ചു കഴിഞ്ഞ് മേക്കപ്‌മാൻ മോ ഹനേട്ടൻ ഉപേക്ഷിച്ച എയർ പില്ലോ കിട്ടി. അതിന് ഒരു ഒാട്ടയുണ്ട്. ഒന്നുറങ്ങി കഴിയുമ്പോഴേക്കും കാറ്റു പോകും. ഇ ടയ്ക്ക് ജൂനിയർ ആർട്ടിസ്റ്റ് ഭരതേട്ടൻ വരും. വല്ല സിനിമയിലും അഭിനയിച്ചിട്ടാണ് വരുന്നതെങ്കിൽ പെരുന്നാളാണ്. സമൃദ്ധമായി സാമ്പാർ വയ്ക്കും. കഞ്ഞി ചോറായി മാറും. ചോറിന്റെ നടുക്ക് കിണറു പോലെ കുഴിച്ചു സാമ്പാറൊഴിച്ച് ഒരു കഴിപ്പുണ്ട്. വിശപ്പാണ് വലിയ രുചി. പിള്ളേരൊക്കെ ഏതെങ്കിലും അവസരത്തിൽ അത് തിരിച്ചറിയണം.

ഇന്നും വിഷമിക്കുമ്പോൾ, ഒറ്റയ്ക്കായെന്നു തോന്നുമ്പോൾ അഭയമാകുന്നത് ദൈവം തമ്പുരാനാണെന്നറിഞ്ഞിട്ടുണ്ട്. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേക്കെത്തുന്നതിൽ വരെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടായി. സംവിധാനത്തിൽ ഗ്യാപ് വന്നപ്പോൾ കൃത്യമായി അഭിനയത്തിലേക്ക് എന്നെ എത്തിച്ചു. നമ്മൾ നല്ല രീതിയിൽ ജീവിച്ചു പോകണമെന്ന ആഗ്രഹം ദൈവത്തിനുണ്ട്. അത് മാതാപിതാക്കളുടെ അനുഗ്രഹം കൂടിയാകാം. ഞാനിന്നും കണ്ട സ്ത്രീ രത്നങ്ങൾ എന്റെ അമ്മച്ചിയും പെങ്ങന്മാരും ഇപ്പോൾ ഭാര്യ ഷൈനിയുമാണ്. അവരുടെയൊക്കെ ക്ഷമയും കുടുംബസ്നേഹവും എന്നും സ്വാധീനിച്ചു.

jhonny-antony ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ജോക്കുട്ടന്‍ വഴി തുളസീദാസ് സാറിന്റെ അടുത്തെത്തിക്കഴിഞ്ഞ് പിന്നെ, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്തു വർഷത്തോളം അസിസ്റ്റന്റും അസോഷ്യേറ്റുമായി. മൂത്തു തന്നെയാണ് ഞാൻ പഴുത്തത്.’’ സിെഎഡി മൂസയിലേക്കേത്തും വരെയുള്ള അനുഭവ പാഠങ്ങൾ.

സിനിമ പോലെ പാചകം

അമ്മച്ചിയുടെ ദൈവവിശ്വാസം മാത്രമല്ല, കൈപുണ്യവും ജോണി ആന്റണിക്ക് പകർന്നു കിട്ടിയെന്ന് ഭാര്യ ഷൈനി പറയുന്നു. ഒറ്റ കുഴപ്പമേയുള്ളൂ, സിനിമയിലെ പോലെ പാചകത്തിനും അസിസ്റ്റന്റ് വേണം. എല്ലാം അരിഞ്ഞു കൊടുക്കണം. പൊടിയിട്ട് ഹിറ്റാക്കാൻ ജോണി ആന്റണിയും.

‘‘കറിവയ്ക്കുന്നത് സിനിമയുണ്ടാക്കുന്നതു പോലെ ത ന്നെയാണ്. വലിയ ഒരുക്കങ്ങളാണ്. ‘നന്നാവണമേ’ എന്നു പ്രാർഥിച്ചിട്ടാണ്. ‘തോപ്പിൽ ജോപ്പന്റെ’ തിരക്കഥയുമായി നിഷാദ് കോയ വന്നു. കഥ തുടങ്ങി പകുതിയായപ്പോൾ ഞാൻ ചോദിച്ചു, ‘ഉള്ളി പൊളിക്കുമോ?’ നിഷാദൊന്നു ഞെട്ടി. ഒരു കൂന ചെറിയ ഉള്ളി ഞാൻ മുന്നിലേക്ക് നീക്കി വച്ചു. കഥയുടെ ബാക്കി മട്ടൻ കറി വച്ചിട്ടെന്നു പറഞ്ഞു.

ഞാൻ പോയി കുളിച്ചിട്ടു വന്നപ്പോൾ കണ്ടത് നിഷാദിരുന്നു കരയുകയാണ്. ഉള്ളി പൊളിച്ച നീറൽ. ഇപ്പോഴും പറയും, ‘ജോണിച്ചേട്ടന്റെ കൂടെ എഴുതാൻ പോയാൽ മിനിമം ഉള്ളി പൊളിക്കാൻ അറിയണം.’ വീണ്ടും പൊട്ടിച്ചിരിയുടെ ഉയർത്തെഴുന്നേൽപ്പുകൾ...

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ