Friday 14 October 2022 02:58 PM IST

‘പാർട്ടി സഖാവായ ഒരു പെൺകുട്ടിയുണ്ട് അന്വേഷിക്കട്ടെ’: മാഷിന്റെ കൈപിടിച്ച ശ്യാമള: ആ കഥ

Vijeesh Gopinath

Senior Sub Editor

govindan-mash

ചുവന്ന മണ്ണിനോടും ചൂഷണം ചെയ്യാനെത്തുന്ന ജന്മിമാരോടും ഒരുപോലെ പൊരുതുന്ന അമ്മയെ കണ്ടാണ് ഗോവിന്ദ ൻ എന്ന കുട്ടി വളര്‍ന്നത്. ചോര വീണു ചുവന്ന കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി വിളിക്കുന്ന ഇടിമുഴക്കമാണ് കേട്ടു ശീലിച്ചത്. ഗോവിന്ദൻ മാത്രമല്ല, മൊറാഴയിലെയും കാവുമ്പായിലെയുമൊക്കെ ആ തലമുറ വളർന്നത് അത്തരം അമ്മമാരുടെ കരുത്തു കണ്ടാണ്.

അമ്മ, മനസ്സിൽ നാട്ടിയ ഒാർമ തിരയാൻ പറഞ്ഞ പ്പോൾ ‘എല്ലാ അമ്മമാരും ഒരു പോലെയല്ലേ...’ എന്ന് എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞത് വെറുതെയല്ല. അമ്മ എന്ന ഒാർമ പാൽമണമുള്ള നൊസ്റ്റാൾ‌ജിയ അല്ല. ആ രണ്ടക്ഷരത്തിന‌് വിയർപ്പിന്റെ ഉപ്പും കനലിന്റെ പൊള്ളലുമാണ്.

എ.കെ.ജി സെന്ററിലിരുന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ അമ്മയെ ‘കണ്ട’ ഒരു യാത്രയെക്കുറിച്ചാണ് ‘മാഷ്’ ഒാര്‍ത്തത്. അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയാണ് എം. വി. ഗോവിന്ദൻ. പറശിനിക്കടവിൽ‌ ഒരു പരിപാടിക്കായി പോകുന്നു. ഒപ്പം കർഷക തൊഴിലാളി നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ സുനീത് ചോപ്രയുമുണ്ട്. ഇടയ്ക്ക് റോഡുപണി കാരണം കാർ ബ്ലോക്കിൽ പെട്ടു. ടാറിലും പുകയിലും മുങ്ങി നിൽക്കുന്ന തൊഴിലാളികൾ.

പെട്ടെന്ന് കാർ നിർത്താൻ എം.വി. ഗോവിന്ദൻ പറഞ്ഞു. ടാര്‍ച്ചൂടിലും വെയി ൽക്കനലിലും കരിഞ്ഞ തൊഴിലാളികൾക്കിടയിലെ പ്രായം കൂടിയ സ്ത്രീയെ ചൂണ്ടിക്കാണിച്ച് ചോപ്രയോടു പറഞ്ഞു, ‘അതാണ് എന്റെ അമ്മ.’

‘‘ചോപ്ര ഞെട്ടിപ്പോയി. കാറിൽ നിന്നിറങ്ങി അമ്മയുടെ അടുത്തേക്ക് ഒാടിച്ചെന്നു. ടാറിൽ പൊള്ളിയ കൈപിടിച്ചു സംസാരിച്ചു. ഞാൻ നോക്കിയപ്പോൾ ചോപ്രയുടെ കണ്ണു നിറഞ്ഞു തുളുമ്പുന്നു. എനിക്കത് വലിയ അദ്ഭുതമായി തോന്നിയില്ല. 80 വയസ്സു വരെ അമ്മ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടുണ്ട്. ഞാൻ എംഎൽഎ ആയിരിക്കുമ്പോഴും അമ്മ പാടത്തു പണിക്കു പോകാറുണ്ടായിരുന്നു. ആ ജീവിതശൈലിയാണ് അമ്മയെ 93 വയസ്സു വരെ ആരോഗ്യത്തോടെ ജീവിപ്പിച്ചത്.

അമ്മയെ കാണാത്ത കുട്ടിക്കാലം

ആറു മക്കളിൽ മൂത്തയാളായിരുന്നു ഞാൻ. ദാരിദ്ര്യം കൊണ്ടാകാം അമ്മ എന്നെ അച്ഛമ്മയുടെ വീട്ടിലാക്കി. അങ്ങനെ കുട്ടിക്കാലത്തേ മൊറാഴയിലുള്ള ആ വീട്ടിലായിരുന്നു വളർന്നത്. അമ്മ വല്ലപ്പോഴും വന്ന് എന്നെ കാണും. സ്കൂൾ തുറക്കുമ്പോള്‍ ഒരു ഉടുപ്പു വാങ്ങി തരും. എനിക്ക് അച്ഛനും അമ്മയും എല്ലാം അച്ഛമ്മ തന്നെയായിരുന്നു.

അന്നൊക്കെ മിക്ക വീടുകളിലും പട്ടിണിയായിരുന്നു. പ ണിയില്ലെങ്കിൽ വീട്ടിൽ കഞ്ഞിയുണ്ടാകില്ല. അമ്മയും അ ച്ഛനും എന്റെ സഹോദരങ്ങളും എത്രയോ ദിവസങ്ങൾ വിശന്നു കിടന്നുറങ്ങിയിട്ടുണ്ട്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനായിരുന്നു. അച്ഛമ്മയുടെ വീട്ടിലായിരുന്നതു കൊണ്ട് രണ്ടു നേരം ഭക്ഷണം കിട്ടും. തൊട്ടപ്പുറത്തെ പറമ്പിലായിരുന്നു സ്കൂൾ. അഞ്ചു വയസ്സാകും മുന്നേ എന്നെ ചേർത്തു. അപ്പോൾ ഉച്ചയ്ക്ക് ഉപ്പുമാവും കിട്ടും.

mv-govindan-cpm-state-secretary-amma-family

ഹൈസ്കൂളിലൊക്കെ എത്തിയപ്പോഴും സ്ഥിതിയിൽ വലിയ മാറ്റം ഒന്നുമില്ല. ആകെ രണ്ട് ഉടുപ്പേയുള്ളൂ. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് ആദ്യമായി ചെരുപ്പിടുന്നത്. പുറത്തു നിന്ന് ചായയൊക്കെ കുടിക്കുന്നത് സ്വപ്നം മാത്രമാണ്. സ്കൂളിനടുത്ത് ഒരു കിണറുണ്ട്, ഉച്ചയ്ക്കൊന്നും കഴിക്കാനില്ലാത്തപ്പോൾ നേരെ അതിൽ നിന്ന് ഒരു തൊട്ടി വെള്ളം കോരിക്കുടിക്കും. അതായിരുന്നു ശീലം. ഇതെല്ലാം ഒരു പ്രതിസന്ധിയാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല.

അച്ഛമ്മയും അമ്മാവനുമെല്ലാം സജീവ പാർട്ടിക്കാരായിരുന്നു. കൃഷ്ണപിള്ള ദിനം ഉൾപ്പെടെയുള്ള എല്ലാ പരിപാടികൾക്കും അച്ഛമ്മയ്ക്കൊപ്പം പോകും. പിന്നെ, ബാലസംഘം, മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം കേന്ദ്രീകരിച്ചുള്ള പ്രവർ‌ത്തനങ്ങൾ, നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കൽ... കുട്ടിക്കാലം സജീവമായിരുന്നു. ആ കുട്ടിക്കാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

തീയതി നിശ്ചയിച്ചത് എം.വി. രാഘവൻ

ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് വിവാഹം. പാർട്ടി തന്നെയാണ് പി.കെ. ശ്യാമളയെ കണ്ടെത്തിയതും. ശ്യാമളയും പാർട്ടിയുടെ സജീവ പ്രവർത്തക. ‘ഇരിട്ടി ഉളിയിൽ പാർട്ടി സഖാവായ ഒരു പെൺകുട്ടിയുണ്ട് അന്വേഷിക്കട്ടെയെന്ന്’ പി. ശശിയും എം.വി. രാഘവനും ചോദിച്ചു. ഞാൻ എതിരഭിപ്രായമൊന്നും പറഞ്ഞില്ല.

എംവി രാഘവൻ ശ്യാമളയുടെ വീട്ടിൽ ചെന്നു വിവരങ്ങൾ‌ പറഞ്ഞു. അവർക്കും സമ്മതം. അപ്പോൾ തന്നെ ഡയറിയി ൽ നോക്കി. പാർട്ടി പരിപാടികൾ ഇല്ലാത്ത ഒരു വെള്ളിയാഴ്ച ദിവസം നിശ്ചയിക്കുന്നു. ചടയൻ ഗോവിന്ദനാണ് വിവാഹക്ഷണക്കത്ത് എഴുതുന്നതും അച്ചടിക്കാൻ കൊടുക്കുന്നതും. ആ ക്ഷണക്കത്ത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

ശ്യാമള പിന്നീട് ബിഎഡ് കഴിഞ്ഞ് മൊറാഴ സ്കൂളിൽ അധ്യാപികയായി. രണ്ടുപേരും പാർട്ടിയിലുള്ളതുകൊണ്ടു രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വിവാഹശേഷവും തിരക്കുകൾക്ക് കുറവുണ്ടായിരുന്നില്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ അർദ്ധരാത്രിയാകും എത്താൻ. അതായിരുന്നു അന്നത്തെ ജീവിതശൈലി. ആ ശൈലിയിൽ അന്നും ഇന്നും വലിയ വ്യത്യാസമൊന്നുമില്ല. മക്കളുടെ പഠനകാര്യത്തിലൊന്നും സാധാരണ രക്ഷിതാക്കളെ പോലെ ശ്രദ്ധിക്കാനായില്ലെന്നത് സത്യമാണ്. പക്ഷേ, അവർ വളർന്നത് മൊറാഴയിലാണ്. സിഗരറ്റ് വലിയും മദ്യപാനവും എല്ലാം വലിയ തെറ്റായി കണ്ട നാട്. അവരുടെ സ്വഭാവ രൂപീകരണത്തിലും ജീവിതത്തിലും ഈ പാർട്ടി ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തിൽ എന്തായി തീരണം എന്ന തീരുമാനമൊക്കെ അവർ തന്നെയാണ് എടുത്തത് പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും മകൻ ശ്യാംജിത്ത് സിനിമ പഠിക്കണം എ ന്ന ആഗ്രഹം പറഞ്ഞു. ചെന്നൈയിലായിരുന്നു സംവിധാനം പഠിച്ചത്. ഇപ്പോൾ സംവിധായകൻ രഞ്ജിത്തിനൊപ്പം. വിവാഹം കഴിഞ്ഞു, രണ്ടാമത്തെയാൾ രംഗീത് തളിപ്പറമ്പ് കോടതിയിൽ അഡ്വക്കറ്റ് രണ്ടുപേരും പാർട്ടി വഴികളിലൂടെയാണ് നടന്നു വന്നത്.

കായികാധ്യാപകൻ മനസ്സിൽ കിടക്കുന്നതുകൊണ്ടാകാം കൃത്യസമയം പാലിക്കുകയെന്നത് നിർബന്ധമാണ്. അന്നും ഇന്നും ഒരുമണിക്കൂർ യോഗ ചെയ്യും. പാർട്ടി ക്ലാസ്സുകൾ എടുക്കാൻ പറഞ്ഞാൽ, മണിക്കൂറുകൾ പ്രസംഗിക്കാൻ പറഞ്ഞാൽ ഇപ്പോഴും റെഡിയാണ്. മാറാതെ നിൽക്കുന്ന ശീലങ്ങൾ.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ