ഒറ്റ മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. പക്ഷേ, മലയാളിക്ക് അല്ലു അർജുൻ ‘മല്ലു’ അർജുനാണ്. മൊഴിമാറ്റ സിനിമകൾക്ക് കേരളത്തിൽ വലിയ വേരോട്ടമുണ്ടായ കാലത്ത് മലയാളിയുടെ മനസ്സിലേക്ക് ചുവടുവച്ചെത്തിയ തെലുങ്കുപയ്യൻ പിന്നെ ഇറങ്ങിപ്പോയില്ല. അന്നു മുതൽ ആരാധകരുടെ മനസ്സിൽ അല്ലു മല്ലുവായി.
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തേ കേരളത്തിൽ മാത്രം അ ഞ്ഞൂറോളം അല്ലു അർജുൻ ഫാൻസ് അസോസിയേഷനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിലും റെക്കോർഡ് – 13 മില്യൺ. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമാതാരം.
തലമുറ മാറുന്നുണ്ട്. പക്ഷേ, അല്ലു അർജുൻ സ്ക്രീനിൽ കാണിക്കുന്ന ഊർജത്തിന് മാത്രം ഒരു കുറവുമില്ല. ‘ബണ്ണി’ സിനിമ ഒാളം തീർത്ത കാലത്ത് ക്യാംപസ് ഡേയ്ക്ക് ബണ്ണിയെ പോലെ തലകുത്തി ഡാൻസ് ചെയ്തവർ അച്ഛന്മാരായി. അവരുടെ മക്കളും ഇപ്പോൾ അല്ലു ഫാൻസ് ആണ്. ‘വൈകുണ്ഡപുരത്തിലെ’യും ‘പുഷ്പ’ യിലെയുമൊക്കെ പാട്ടുകൾക്ക് കുട്ടികൾ പറന്നു ചുവടുവയ്ക്കുന്നു.
എവിടെ നിന്നാണ് ഇത്രയും ഊർജം, എ പ്പോഴും പോസിറ്റീവ് ആയിരിക്കുന്നതിന്റെ രഹസ്യമെന്താണ്?
ചുറ്റുമുള്ള ആളുകളാണ് എപ്പോഴും പോസിറ്റീവ് ആയി നിർത്തുന്നത്. അവര്‍ തരുന്ന ഊർജമാണ് ഡാൻസിലും ഫൈറ്റിലും എല്ലാം കാണുന്നത്. അത് പ്രേക്ഷകരിലും ചലനങ്ങളുണ്ടാക്കുന്നെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നും.
ജോലി ചെയ്യുന്ന ടീമിനെപ്പോഴും എ ന്നിലേക്ക് സന്തോഷം പകരാനുള്ള ഊർജമുണ്ട്. അവർക്കൊപ്പം നിന്നാൽ മതി. അ പ്പോൾ നമ്മളറിയാതെ തന്നെ പോസിറ്റീവ് വൈബ്സ് ഉള്ളിലുണ്ടാകും.
പുതിയ സിനിമ ‘പുഷ്പ’യിൽ ഫഹദ് ഫാസി ലും ഉണ്ടല്ലോ. ഫഹദിന്റെ അഭിനയം അദ്ഭുതപ്പെടുത്തിയോ?
ചന്ദനക്കടത്തുമായി ബന്ധപ്പെട്ടാണ് ‘പുഷ്പ’യുടെ കഥ മുന്നോട്ടു പോകുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ. ഫഹദും ഞാനും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഫഹദിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. നടനായി മാത്രമല്ല വ്യക്തി എന്ന നിലയിലും ഫഹദ് എന്നെ അദ്ഭുതപ്പെടുത്തി.
‘പുഷ്പ’യിൽ അഭിനയിച്ചപ്പോഴും ഫഹദ് പതിവു തെറ്റിച്ചില്ല. മനസ്സിൽ തട്ടുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടാ യിട്ടുണ്ട്. ഫഹദിന്റെ അഭിനയ ജീവിതത്തിൽ ഭൻവർ സിങ് ഷെഖാവത്ത് ഒാർത്തിരിക്കുന്ന കഥാപാത്രമായി മാറും എ ന്നുറപ്പാണ്. വ്യത്യസ്തമായ ചില കാര്യങ്ങൾ ഭൻവർ സിങിനു വേണ്ടി ഫഹദ് ചെയ്തിട്ടുണ്ട്. അത്രയും ഗംഭീരം. അത് പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നുറപ്പാണ്.
ലൈറ്റ് ബോയ് മുതൽ താരങ്ങൾ വരെ ഈ സിനിമയ്ക്കുവേണ്ടി അവരുടെ കരിയർ ബെസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. അത് സിനിമയിൽ ഉറപ്പായും കാണാം. സിനിമയിറങ്ങും മുൻപു തന്നെ ‘ശ്രീവല്ലി’ പോലുള്ള പാട്ടുകൾ ഹിറ്റായിക്കഴിഞ്ഞു.
നൃത്തം പഠിക്കാത്ത, ആനിമേറ്റർ ആകാൻ ആഗ്രഹിച്ച അല്ലുവിന്റെ ടേണിങ് പോയിന്റ് ഏതാണ്?
എന്റെ ഡാൻസിനെ അഭിനന്ദിക്കുന്ന ഒരുപാടു പേരുണ്ട്. ആ നൃത്തം ചെയ്യാനെടുക്കുന്ന അധ്വാനത്തെക്കുറിച്ചു പ ലർക്കും അറിയില്ല. ഞാൻ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതൽക്കേ അതിനോട് ഒരുപാടിഷ്ടമായിരുന്നു.
സിനിമയിലെത്തിക്കഴിഞ്ഞാണ് ഡാൻസ് ചെയ്യാൻ തുടങ്ങുന്നത്. സ്വന്തമായി പഠിച്ചു. ആദ്യമൊക്കെ ഒാരോ സ്റ്റെപ്പും കണ്ണാടിക്കു മുന്നിൽ ചെയ്തു നോക്കുമായിരുന്നു. ഇപ്പോഴും വലിയ ഹോംവർക്കുകൾ നടത്തിയിട്ടാണ് ലൊക്കേഷനിലെത്താറുള്ളത്.
കുട്ടിക്കാലത്തെ ആഗ്രഹം അനിമേഷൻ പഠിക്കാനായിരുന്നു. ഞാൻ സിനിമയിലെത്തുമെന്നോ ഇത്രയും ആരാധകരുണ്ടാകുമെന്നോ ഒരിക്കലും കരുതിയില്ല. കുറച്ചുകൂ ടി മുതിർന്നു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബം സിനിമയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ച് തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് ആളുകൾ ഞങ്ങളെ സ്നേഹിക്കുന്നത്. എന്നിലൂെടയും അത് മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം വന്നു. അങ്ങനെ നടനാകാൻ തീരുമാനിച്ചു.
സിനിമകളിൽ അഭിനയിക്കും തോറും പ്രേക്ഷകരിൽ നിന്നുള്ള സ്നേഹം തിരിച്ചറിയാൻ തുടങ്ങും. ഒരിക്കൽ അതു കിട്ടിയാൽ വീണ്ടും അനുഭവിക്കാൻ ആഗ്രഹം തോന്നും. അവർക്കു വേണ്ടിയുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ തോന്നും.
സിനിമ കരിയറായി തിരഞ്ഞെടുത്ത കാലത്ത് ചിരഞ്ജീവി തന്ന ഉപദേശം എന്താണ്?
എന്റെ അച്ഛൻ നിർമാതാവായ അല്ലു അരവിന്ദ് ഗാരുവിന്റെയും അമ്മാവൻ ചിരഞ്ജീവി ഗാരുവിന്റെയും സിനിമാ യാത്ര എനിക്ക് വലിയ പാഠം തന്നെയാണ്. സൂപ്പർസ്റ്റാർ ആയിട്ടും ചിരഞ്ജീവി ഗാരു പെരുമാറുന്നതും അദ്ദേഹത്തോടുള്ള ആരാധനയുമെല്ലാം ആദരവോടെയാണ് നോക്കി നിന്നത്. രണ്ടു പേരുടെ ജീവിതവും എന്നെ വലുതായി സ്വാധീനിച്ചു. അവരെ പോലെയാകണം എന്നൊരിക്കലും എന്നോടു പറഞ്ഞിട്ടില്ല. ഞാനെന്താണോ അതു പോലെ ജീവിക്കാനേ ആവശ്യപ്പെട്ടിട്ടുള്ളൂ.
വലിയ താരകുടുംബം. സിനിമയിൽ വിജയിച്ചില്ലെങ്കിൽ എന്ന ഭയം തുടക്കകാലത്തുണ്ടായോ?
സിനിമയിലായാലും ജീവിതത്തിലായാലും സാധാരണക്കാരനായി തന്നെയാണ് വളർന്നത്. താരകുടുംബം എന്ന ലേബൽ ആദ്യ സിനിമയ്ക്കു മാത്രമേ സഹായിക്കൂ. രണ്ടാമത്തെ സിനിമ മുതൽ കഥ മാറും.
താരകുടുംബം എന്ന വിശേഷണം സിനിമയിൽ നിലനിൽക്കാൻ അത്ര സഹായിക്കുമെന്നു തോന്നുന്നില്ല. അതിന് കഠിനാദ്ധ്വാനം വേണം.
ഞാൻ ഒരിക്കലും തോൽവിയെക്കുറിച്ച് ഭയപ്പെട്ടിട്ടില്ല. ആ പേടിയുണ്ടായാൽ സമാധാനത്തോടെ അഭിനയിക്കാനാകില്ലല്ലോ. അവസരം നന്നായി ഉപയോഗിച്ചു. ഒാരോ വേഷത്തിനും വേണ്ടി അധ്വാനിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതേ ഞാൻ ചെയ്യാറുള്ളൂ. അപ്പോൾ വിജയിക്കുമോ പരാജയപ്പെടുമോ എന്ന പേടിയൊന്നും ഉണ്ടാകില്ലല്ലോ.
‘ബണ്ണി’യിൽ കണ്ട അല്ലു ‘പുഷ്പ’യിലെത്തിയപ്പോഴേക്കും കൂടുതൽ പക്വത വന്നതു പോലെ...
ആരാധകർക്ക് ഞാൻ എന്നും അല്ലു തന്നെയാണ്. അവരുടെ സ്നേഹമാണ് ഒാരോ സിനിമയും ഏറ്റെടുക്കാൻ േപ്രരിപ്പിക്കുന്നത്. എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ അവരാണ്. ചിലർ എന്റെ പേര് ടാറ്റൂ കുത്തിയിട്ടു പോലുമുണ്ട്. കേരളത്തിലും നിരവധി ഫാൻസ് ഉണ്ട്.
ഞാനൊരു മലയാള നടനല്ല. എന്നിട്ടും വർഷങ്ങളായി തുടരുന്ന ഈ സ്നേഹം എനിക്കു കിട്ടുന്ന വലിയ അംഗീകാരം തന്നെയാണ്. ‘ആർമി’ എന്നാണ് അവരെ ഞാൻ വിളിക്കുന്നത്. ഹൃദയമിടിപ്പു പോലെ എനിക്കു വേണ്ടി പ്രവർത്തിക്കുന്നവർ.
ആർമിയാണെന്നു പറയുന്നത് വെറുെതയല്ല. ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ അവർ െചയ്യാറുണ്ട്. ഈ കോവിഡ് കാലത്ത് ആഹാരവും വീട്ടു സാധനങ്ങളും അർഹരായവരെ കണ്ടെത്തി വിതരണം നടത്തിയിരുന്നു. ഇത്രയും ദൂരെയുള്ള എന്റെ പേരിൽ ഇങ്ങനെ സേവനം ചെയ്യുന്നവരെ അല്ലു ആർമി എന്നു തന്നെയല്ലേ വിളിക്കേണ്ടത്.
ജീവിതത്തിലെ പ്രണയനായികയെക്കുറിച്ചു പറയൂ?
പലരും ചോദിക്കും സിനിമയിൽ ഇത്ര റൊമാന്റിക് ആയ ആൾ വീട്ടിൽ എങ്ങനെയാണെന്ന്. ജീവിതത്തിലും ഞാൻ റൊമാന്റിക് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരുപാർട്ടിക്കിടയിൽ കണ്ട പരിചയം പിന്നെ, പ്രണയമായി. ആ കാലമൊക്കെ ആലോചിക്കുമ്പോൾ രസമുണ്ട്.
വീട്ടില്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സത്യസന്ധമായിരിക്കും. നന്നായി വിമർശിക്കും. വിമർശനം എനിക്ക് വേദനിക്കാതെ എങ്ങനെ പറയണമെന്ന് സ്നേഹയ്ക്കറിയാം.
സിനിമയിൽ നന്നായി ഡാൻസ് ചെയ്യുന്ന ആൾ മക്കളുടെ കൂടെ വീട്ടിൽ ചുവടുവയ്ക്കാറുണ്ടോ?
കുട്ടിക്കാലം പെട്ടെന്ന് തീർന്നു പോകും. അതുകൊണ്ട് അ വരുടെ ഈ പ്രായം ഞാൻ നന്നായി ആസ്വദിക്കുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും അവർക്കൊപ്പമാണ്. കുസൃതികളൊക്കെ ഇപ്പോഴെ ഉണ്ടാവൂ.
മകൻ അയാനും മകൾ അർഹയ്ക്കും ഡാൻസ് ഇഷ്ടമാണ്. ക്യാമറയ്ക്കു മുന്നിൽ നിൽക്കാനാണ് അർഹയ്ക്ക് ഇഷ്ടം. ചെറിയ വിഡിയോ ചെയ്യും. ഞാനത് പ്രോത്സാഹിപ്പിക്കും. അർഹയുടെ ആദ്യ സിനിമ ഉടൻ വരും. ഞാൻ അതിനായി കാത്തിരിക്കുകയാണ്.
എന്നാണ് മലയാള സിനിമയിലേക്ക്?
കേരളത്തിലുള്ള ആരാധകർ വർഷങ്ങളായി എന്റെ തെലുങ്ക് സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്. രണ്ടു പതിറ്റാണ്ടിനു മുൻപ് ‘ആര്യ’ കേരളത്തിൽ ഡബ് ചെയ്തിറങ്ങിയപ്പോൾ വലിയ ഹിറ്റായി. അതിൽ നിന്നില്ല. ‘ബണ്ണി’യും ‘ഹാപ്പി’യുമൊക്കെ വലിയ ഹിറ്റുകളായി.
ഇപ്പോഴത്തെ കുട്ടികൾ ചാനലുകളിൽ ആ സിനിമ കണ്ട് ആരാധകരാകുന്നെന്ന് പലരും പറയാറുണ്ട്. ആ സ്നേഹം നിലിനിർത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഇനിയിറങ്ങാൻ പോകുന്ന പുഷ്പയും മലയാളികൾക്ക് ഇഷ്ടപ്പെടുന്ന തീം തന്നെയാണ്.
മികച്ച തിരക്കഥയുണ്ടെങ്കിൽ തീർച്ചയായും ഞാൻ മലയാളത്തിൽ അഭിനയിക്കും. ഒാരോ വർഷവും പുതുമയുള്ള നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നില്ലേ? അപ്പോൾ വളരെ ശ്രദ്ധിച്ചു വേണം സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ. മല്ലുവിന് അല്ലുവിന്റെ ഗിഫ്റ്റാകണം ആ സിനിമ എ ന്നാണ് എന്റെ ആഗ്രഹം.
വിജീഷ് ഗോപിനാഥ്