Tuesday 02 November 2021 04:47 PM IST

‘അന്നെനിക്ക് 23 വയസ്, പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം’: പുതിയ തീരുമാനങ്ങളുമായി ആൻ

Vijeesh Gopinath

Senior Sub Editor

anne-augustine

‘അന്നെനിക്ക് 23 വയസ്, പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം’: പുതിയ തീരുമാനങ്ങളുമായി ആൻ

ഏറ്റവും പ്രിയപ്പെട്ട ഇടം ഏതെന്നു ചോദിച്ചാൽ അച്ഛന്റെ ‘ഇടംനെ‍ഞ്ച്’ ആണെന്ന് ആൻ പറയും. സിനിമയിലെ ഇടവേളകളിൽ അഗസ്റ്റിൻ വീട്ടിൽ എത്തുമ്പോൾ ആഘോഷത്തിന്റെ അമ്പു പെരുന്നാളിന് കൊടിയേറുമായിരുന്നു. കോഴിക്കോടൻ സൗഹൃദങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തും. രാവുകൾ പൊടിപൊടിക്കുമ്പോൾ അച്ഛന്റെ നെ‍ഞ്ചിൽ പറ്റിപ്പിടിച്ചുറങ്ങിയ കുട്ടിക്കാലം.

ആ കാലമൊന്നും ഇനി തിരികെ എത്തില്ലെന്ന സങ്കടത്തോളം വ ലിയ നീറ്റൽ മറ്റൊന്നിനുമില്ലെന്ന് ആൻ ഇപ്പോഴും പറയുന്നു. ജീവിതത്തിൽ പിന്നീടെത്തിയ എല്ലാ സങ്കട മേഘങ്ങളെയും ഒാടിച്ചു കളയാ ൻ അച്ഛന്റെ ഒാർമകൾ മതിയെന്നും.

അച്ഛന്റെ മരണം, വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചത്, സിനിമയിൽ നിന്നു മാറി നിന്നത്... ഇരുപത്തിനാലു വയസ്സിനുള്ളി ൽ മുള്ളുരഞ്ഞു നീറിയതെല്ലാം മാഞ്ഞു കഴിഞ്ഞു. ആൻ പറഞ്ഞു തുടങ്ങുകയാണ്...

സിനിമയിൽ നിന്ന് അഞ്ചു വർഷം മാറിയത് എന്തിനായിരുന്നു?

അന്ന് സിനിമയെ ഗൗരവമായിട്ട് എടുത്തിരുന്നില്ല. ഒരുപാടുപേർ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്നും തിരിച്ചറിഞ്ഞില്ല. സിനിമ എന്നു പറഞ്ഞാൽ എനിക്ക് അച്ഛനായിരുന്നു. സെറ്റിൽ നടക്കുന്നതൊക്കെ വന്നു പറയുക, ഞാനഭിനയിച്ച സിനിമ അച്ഛൻ കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക. ഇതിനൊക്കെ വേണ്ടിയാണ് അന്ന് അഭിനയിച്ചത്.

അതുകൊണ്ടു തന്നെ അച്ഛന്റെ മരണവും ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. അവസരങ്ങളൊക്കെ വേണ്ടെന്നു വ ച്ചു. ആ ദിവസങ്ങൾ വാക്കുകള്‍ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു.

കുറച്ചു കൂടി പക്വത വന്നിട്ടു മതിയായിരുന്നു വിവാഹം എന്നിപ്പോൾ തോന്നുന്നുണ്ടോ?

മുൻപു പറഞ്ഞതു പോലെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തിൽ‌ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാൻ കാണുന്നത്.

ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. എന്നും പ്രാർഥിക്കുന്ന ആളാണ് ഞാൻ. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാർഥനയാകാം ആ ദിവസങ്ങൾ മറികടക്കാൻ സഹായിച്ചത്. കരഞ്ഞു തകർന്ന് ഉറങ്ങാൻ കിടന്നാലും അടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ മനസ്സു പറയും– സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളിൽ നിന്നൊക്കെ ഉണർന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു.

അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാൻ മാത്രം ഉൾപ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നിൽക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവർക്കും പ്രശ്നങ്ങളില്ലേ? എന്നെക്കാൾ എത്രയോ വ ലിയ സങ്കടങ്ങൾ നേരിടുന്നവരുണ്ടാകും.

പൂർണരൂപം ഒക്ടോബർ–നവംബർ ലക്കത്തിൽ വായിക്കാം

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കോസ്റ്റ്യൂം: കഹാനി, കോഴിക്കോട്