ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. ‘നിറം’ വൻ വിജയമായപ്പോള്‍, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു വച്ചു.
മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുംമൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. അങ്ങനെ അച്ഛന്റെ വഴിയേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു ബോബനുമെത്തി. ‘നിറം’ തിയറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോഴും ആ പഴയ പ്രകാശ് മാത്യുവിൽ നിന്നു വലിയ മാറ്റമൊന്നുമില്ല ബോബന്. അതേ രൂ പം, ചിരി, സംസാരം...
‘‘കഴിഞ്ഞ ഒക്ടോബറിൽ 54 വയസ്സ് തികഞ്ഞു. പ്രായം കേൾക്കുമ്പോൾ പലർക്കും അതിശയമാണ്. എല്ലാവരുടെയും മനസ്സിൽ ഞാനിപ്പോഴും പ്രകാശ് മാത്യുവാണ്. അതൊരു ഭാഗ്യം. കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതു നിസ്സാരമല്ലല്ലോ. എന്നെ സംബന്ധിച്ചു സിനിമകളുടെ എണ്ണം കുറവെങ്കിലും ‘നിറം’, ‘കല്യാണരാമൻ’ പോലെ എപ്പോഴും ഓർമിക്കപ്പെടുന്ന ചില വേഷങ്ങളുണ്ട്. വലിയ സന്തോഷം.’’
അന്നത്തെ േപാെല ചുള്ളനായി ഇന്നുമിരിക്കുന്നതിന്‍റെ രഹസ്യം തിരക്കുമ്പോള്‍ മറുപടി പറയുന്നത് ബോബന്‍റെ ഭാര്യ ഷെല്ലിയാണ്. ‘എത്ര ആഹാരം കഴിച്ചാലും തടി കൂടില്ല. അങ്ങനെയൊരു പ്രകൃതമാണ്. ബോബച്ചൻ നല്ല ഭക്ഷണപ്രേമിയാണ്. വയറു നിറച്ച് ആസ്വദിച്ച് കഴിക്കും. സമയമുള്ളപ്പോൾ നടക്കാൻ പോകും എന്നല്ലാതെ, പറയത്തക്ക വർക്ക് ഔട്ട് ഒന്നും ഇല്ല. എങ്കിലും ശരീരം എപ്പോഴും ഇങ്ങനെ തന്നെ. പലരും ചോദിക്കും, ‘ബോബൻ ഏതു ഡയറ്റ് ആണ് ഫോളോ ചെയ്യുന്നതെ’ന്ന്. അങ്ങനെയൊരു സംഗതിയേ ഇല്ലെന്നു പറയുമ്പോൾ അവർ വിശ്വസിക്കില്ല. ‘ഞാൻ ആഹാരം കഴിക്കാൻ വേണ്ടിയാണ് ജീവിക്കുന്നേ’ എന്നാണു ബോബച്ചൻ പറയുന്നത്.
കുറുപ്പുംതറയാണ് എന്റെ നാട്. പക്ഷേ, ജനിച്ചതും വളർന്നതുമൊക്കെ ജർമനിയില്‍. അവിടെ ആശുപത്രി മേഖലയിലായിരുന്നു പപ്പയ്ക്കു ജോലി. എന്റെ അമ്മച്ചി നന്നായി പാചകം ചെയ്യും. അതുകൊണ്ടു തന്നെ ബോബച്ചന്‍ വീട്ടിലെത്തിയാൽ തീന്‍മേശയില്‍ ആഘോഷമാണ്.’’
കഥകള്‍ കേട്ടിരുന്ന മൂത്ത മകന്‍ സിലാൻ അപ്പോള്‍ പ്രശംസിച്ചു, ‘‘പപ്പയും ഗംഭീര കുക്കാണ് കേട്ടോ. ബിരിയാണിയാണു പപ്പയുടെ സ്പെഷല്‍. ഭയങ്കര സ്പീഡിലാണു കുക്കിങ്.’’
‘‘പാചകം ചെറുപ്പത്തിലേ ഇഷ്ടമാണ്. കണ്ടു പഠിച്ചതാണ്. അത്യാവശ്യം എല്ലാ നോൺ വെജ് വിഭവങ്ങളും ഉണ്ടാക്കാനറിയാം’’ ബോബൻ പാചക വിശേഷങ്ങൾ പറഞ്ഞപ്പോള്‍ ഷെല്ലി രഹസ്യം വെളിപ്പെടുത്താനെന്ന പോലെ ബോബനെ നോക്കി. മുഖത്ത് ഒരു കുസൃതിച്ചിരി മിന്നി.

‘‘ഞങ്ങളുടെ കല്യാണം ഉറപ്പിക്കാനും ബോബച്ചന്റെ പാചകം ഒരു കാരണമാണ് കേട്ടോ.’’ ഷെല്ലി പറഞ്ഞു. ‘‘എ ന്റെ ചേച്ചിയുടെ ഭർത്താവ് ചങ്ങനാശേരിക്കാരനാണ്. അ ദ്ദേഹം വഴിയാണ് ആലോചന വന്നത്. പപ്പയ്ക്ക് ആദ്യം താ ൽപര്യം തോന്നിയെങ്കിലും പയ്യൻ സിനിമ നടനാണെന്നത് ചെറിയ ആശങ്കയായി. പക്ഷേ, എന്റെ അനിയൻ ഷാൻ നിർബന്ധിച്ചു, ഒന്നു പോയി അന്വേഷിക്കാം എന്ന്. അവൻ അപ്പോൾ കോളജിൽ പഠിക്കുകയാണ്. സിനിമയോടു വലിയ താൽപര്യവുമാണ്. പറ്റിയാൽ ഈ പേരിൽ ബോബച്ചനെ ഒന്നു കണ്ട് ഓട്ടോഗ്രാഫ് മേടിക്കുകയായിരുന്നു അവന്‍റെ ലക്ഷ്യം. ഷാനിപ്പോള്‍ ഷാന്‍മു എന്ന പേരില്‍ ബോളിവുഡിലെ മേക്കപ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമാണ്.
അങ്ങനെ പപ്പയും അവനും കൂടി ബോബച്ചന്റെ ചങ്ങനാശേരിയിലെ വീട്ടിൽ ചെന്നു. സംസാരിക്കുന്നതിനിടെ, ബോബച്ചൻ പോയി കാപ്പിയുണ്ടാക്കി എല്ലാവർക്കും കൊടുത്തു. അതിൽ പപ്പ ഇംപ്രസ്ഡ് ആയി. വീട്ടിലെത്തിയ ഉടനെ എന്നെ വിളിച്ചു പറഞ്ഞു, ‘നല്ല പയ്യനാണ്.’
പിന്നീടൊരു ദിവസം ബോബച്ചൻ എന്നെ വിളിച്ചു. ‘സ്ത്രീധനം വേണോ ?’ എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. കാരണം, മുൻപ് വന്ന പലരും പെണ്ണ് ജർമനിയിൽ ജോലിക്കാരിയാണെന്നറിയുമ്പോൾ ലക്ഷങ്ങൾ സ്ത്രീധനം ചോദിക്കും. അതു കേൾക്കുമ്പോഴേ ഞാൻ നോ പറയും. പക്ഷേ, ബോബച്ചന്റെ മറുപടി ‘ഒന്നും വേണ്ട’ എന്നായിരുന്നു. ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ പറയുന്നത്. അതോടെ എനിക്കും സമ്മതം.
ഉടൻ വന്നു ബോബന്റെ തഗ്, ‘‘ജർമനിയിൽ ജോലിയുള്ള പെണ്ണിനോട് മണ്ടന്മാരല്ലേ സ്ത്രീധനം ചോദിക്കൂ.’’
അഭിമുഖത്തിന്റെ പൂർണരൂപം വനിത ജനുവരി 18–31 ലക്കത്തിൽ