Monday 04 January 2021 04:46 PM IST

മണിബായിയെ സ്നേഹിക്കുന്നവർ ആക്രമിക്കുമോ എന്നു പേടിച്ചു, സെറ്റിൽ നിന്നും ഇറങ്ങി ഓടി: ജാഫർ പറയുന്നു

Vijeesh Gopinath

Senior Sub Editor

jaffar-idukki

കടുപ്പം കൂട്ടിയെടുത്ത കട്ടൻചായയുടെ ‘കൂട്ടാണ്’ ജാഫർ ഇടുക്കിക്ക്. പക്ഷേ, മിണ്ടിത്തുടങ്ങുമ്പോൾ അതിൽ ചിരിയുടെ നാരങ്ങാനീര് വീഴും. എല്ലാ ഇടുക്കിക്കാരെക്കുറിച്ചും പറയും പോലെ മനസ്സിലെ മണ്ണൊന്നു മാറ്റിയാൽ കാണാം, പച്ച മനുഷ്യന്റെ വേരോട്ടം. പുറത്തിറങ്ങാനിരിക്കുന്ന ‘സാജൻ ബേക്കറി’ എന്ന സിനിമയുടെ പോസ്റ്ററിൽ എഴുതിയ പോലെ, ‘ഇത്തിരി പ്രക‍ൃതിയുള്ള സിനിമയാണോ, ജാഫറിക്ക നിർബന്ധമാ...’

സിനിമയിൽ‌ മാത്രമല്ല ജീവിതത്തിലും തനി നാട്ടിൻപു റത്തുകാരനായതു കൊണ്ടാകാം കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ജാഫർ കരഞ്ഞു പോയത്.   

‘‘ സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു... എന്തൊക്കെ ആരോപണങ്ങൾ.

പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേ ട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ച‌ു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.

എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിെല മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഒാർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അ പ്പുറത്താണ്.

നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പ ള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു‌ ചോദിച്ചാലോ... അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ.

ഒടുവിൽ ഞാന്‍‌ തീരുമാനിച്ചു, വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാൾ വലുത് അനുഭവിച്ചു കഴിഞ്ഞു...’’ ജാഫർ ഒാർക്കുന്നു.

കലാഭവൻ മണിയുടെ ഒാർമകൾ ഇപ്പോഴും വേട്ടയാടാറുണ്ടോ?

കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അ വിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഒാര്‍മ വന്നു, കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.

മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.

അവസാനമായി കണ്ടത് ഇന്നും ഒാര്‍മയുണ്ട്. സാധാരണ കാണുന്നതിനേക്കാൾ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാൻ നിർബന്ധിച്ചു. പിന്നെ, കേൾക്കുന്നത് മരണ വാര്‍ത്തയാണ്.

വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘർഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്തെന്ന മട്ടിലുള്ള വാർത്തകൾ...

‍മണിയുടെ മരണം കഴിഞ്ഞ് ‘തോപ്പിൽ ജോപ്പ ന്റെ’ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഒാർമകൾ കയറും പൊട്ടിച്ചു വരാൻ‌ തുടങ്ങി. അവിടെയുള്ളവർ‌ പഴയ കാര്യങ്ങൾ ഒാരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാൻ‌ പറ്റാത്ത അവസ്ഥയായി. ഞാൻ ആ സെറ്റിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി ഒാടി.

ആ കാലഘട്ടം എങ്ങനെയാണ് മറികടന്നത്?

കോമഡി നിറഞ്ഞ പതിവു വേഷങ്ങളുമായി മുന്നോട്ടു പോയപ്പോഴായിരുന്നു ‘മഹേഷിന്റെ പ്രതികാരം.’ അതൊരു ബ്രേക്ക് ആയിരുന്നു. സിനിമയിൽ ഞാനൊരു ഘടകമായി എന്നു തോന്നിച്ചിരുന്ന ആ കാലഘട്ടത്തിലായിരുന്നു വിവാദങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നര വർഷത്തോളം മനസ്സിൽ നിന്നേ സിനിമ ഇറങ്ങിപ്പോയി.

ഒറ്റ മുറിക്കുള്ളില്‍ അടച്ചിരുന്നു, പുറത്തേക്കിറങ്ങില്ല, ജോലിയില്ല. അങ്ങനെ ദുരിതമായി ഇരിക്കുമ്പോഴാണ് നാദിർഷ ഇക്ക എന്ന മഹാമനസ്കൻ വിളിക്കുന്നത്. ഒരു ഷോയ്ക്കു വേണ്ടിയാണെന്നു പറഞ്ഞ് അൻപതിനായിരം രൂപ തന്നു. പക്ഷേ, അത് ഷോയ്ക്കല്ല എന്നെ സഹായിക്കാനാണെന്ന് അപ്പോഴേ മനസ്സിലായി. വെറുതേ തന്നാൽ വാങ്ങിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് കള്ളം പറഞ്ഞു തന്നത്.

‘എന്നെ സഹായിക്കാനല്ലേ ഇക്ക ആ െെപസ തന്നതെന്നു’ പിന്നീടു ഞാൻ ചോദിച്ചു. അപ്പോൾ‌ അത് എന്‍റെ അടുത്ത സിനിമയുെട അഡ്വാന്‍സാണെന്നു കരുതിക്കോളാന്‍‌ പറഞ്ഞു. സത്യത്തില്‍ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ആ സിനിമയാണ് എനിക്ക് രണ്ടാം ജന്മം തന്നത്.

മരിച്ചാലും മറക്കാനാകാത്ത സംഭവങ്ങളാണതൊക്കെ. ദൈവം സഹായിച്ച് ഞാൻ അതിനെ തരണം ചെയ്തു. ദൈവത്തിനു നമ്മളെ ഇഷ്ടം ആയതുകൊണ്ടാകും ദൈവരൂപത്തിൽ പലരും സഹായിച്ചത്.

റേഡിയോ മെക്കാനിക് ആയിരുന്ന കാലമൊക്കെ ഇപ്പോ ഒാർക്കാറുണ്ടോ?

എസ്എസ്എൽസി രണ്ടുപ്രാവശ്യം എഴുതി തോറ്റിരിക്കുന്ന സമയം. പാടിക്കൊണ്ടിരിക്കുന്ന റേഡിയോയുടെ ഉള്ളിലേക്ക് മെഴുകുതിരി ഉരുക്കി ഒഴിക്കുക, കുടക്കമ്പി സ്പീക്കറിലെ കാന്തത്തിൽ പിടിപ്പിക്കുക ഇതൊക്കെയാണ് പ്രധാന പരിപാടികൾ. റേഡിയൊ അഴിച്ചുള്ള പരീക്ഷണങ്ങൾ തുടങ്ങിയപ്പോൾ ഉപ്പ എന്നെ ചെറുതോണിയിലുള്ള രാഘവൻ മാഷിന്റെ വിജ യ സൗണ്ട്സിൽ കൊണ്ടു ചെന്നാക്കി.

െെവകിട്ട് അഞ്ചു മുതൽ നാലു മണിക്കൂർ പഠനം. ഒന്നരവർഷം മാഷിന്റെ കൂടെ നിന്നു. യുദ്ധക്കളം പോലെ കിടന്ന ആ റിപയറിങ് ഷോപ് ഞാൻ അടുക്കി വച്ചു. ആയിടയ്ക്കാണ് എന്റെ ബന്ധുവും മാഷിന്റെ മറ്റൊരു ശിഷ്യനുമായ നാസർ എന്റെ ‘സൽ‌പ്രവൃത്തികൾ’ കാണുന്നത്. നന്നായി ജോലി ചെയ്യും, വിശ്വസിച്ച് കാര്യം ഏല്‍പ്പിക്കാം എന്നൊക്കെ മാഷ് സർട്ടിഫിക്കറ്റ് തന്നപ്പോൾ എന്നാൽ ഇവനെ ഞാൻ കൊണ്ടു പൊയ്ക്കോട്ടേ എന്ന് നാസർ ചോദിക്കുന്നു. അങ്ങനെ പിന്നീടു നാസറിനൊപ്പം തടിയമ്പാട് എന്ന സ്ഥലത്തേക്ക്...

നാസറിനു പച്ചമരുന്നു വ്യാപാരമുണ്ടായിരുന്നു. അതിനോടു ചേർന്നാണ് ഇലക്ട്രോണിക്സ് കട. തേപ്പുപെട്ടി, മിക്സി, റേഡിയോ എല്ലാം നന്നാക്കാൻ പഠിച്ചു. കട എന്നെ ഏൽപ്പിച്ചു പോകാം എന്ന വിശ്വാസം നാസറിനു വന്നു. അങ്ങനെ ഒരേ സമയം വാതത്തിന്റെയും അതേ സമയം മിക്സിയുടെയും പ്രശ്നങ്ങൾ പരിഹരിച്ചു തുടങ്ങി. ഇന്നും മുട്ടു വേദനയ്ക്ക് കൊടുക്കുന്ന പച്ചമരുന്നിന്റെ കൂട്ട് നാവിന്‍ തുമ്പിലുണ്ട്.

േറഡിയോ മെക്കാനിക്കിൽ നിന്നു മിമിക്രിയിലേക്ക് എത്ര ദൂരം ഉണ്ടായിരുന്നു വീട്ടിലെ ഒരു മുറി സാരി കൊണ്ടു മറച്ച് ഞാൻ റേഡിയോ റിപ്പയറിങ് തുടങ്ങി. അങ്ങനെയൊരു ദിവസമാണ് കെൽട്രോൺ കമ്പനിയുടെ ചെറിയ റേഡിയോയുമായി ഒരാൾ വീട്ടിലെത്തുന്നത്, ഇടുക്കി രാജൻ മാഷ്.

മേശപ്പുറത്തു കിടക്കുന്ന കസെറ്റുകൾ കണ്ട് മിമിക്രിയൊക്കെ ഇഷ്ടമാണോ എന്നദ്ദേഹം ചോദിച്ചു.

ഞാന്‍ പറഞ്ഞു, ‘മാഷ് കാരണമാണ് സ്കൂളിൽ ഞാനാദ്യമായി മിമിക്രി അവതരിപ്പിച്ചത്...’

ഇതു കേട്ട് അന്തിച്ചു നിന്ന അദ്ദേഹത്തോട് ഞാൻ ആ കഥ പറഞ്ഞു. മാഷിന്റെ ബന്ധു ബിജുവും ഞാനും ഒരുമിച്ചു പഠിച്ചതാണ്. ബിജു ഭയങ്കര വാചകമടിക്കാരനാണ്. സ്കൂളിൽ ക ലോത്സവത്തിനു പേരു കൊടുക്കേണ്ട ദിവസം വന്നപ്പോൾ ബിജു ഒരു തള്ള്, ‘എന്റെ ചേട്ടൻ ഉണ്ട് രാജൻ. വലിയ മിമിക്രിക്കാരൻ ആണ്. നാദിർഷയും മൂപ്പരും കൊച്ചിൻ ഓസ്കാറി ൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ചേട്ടനോടു ചോദിച്ച് ഞാൻ ഒന്നു രണ്ട് െഎറ്റം പഠിച്ചിട്ടുണ്ട്. നോക്കിക്കോ എനിക്കു ഫസ്റ്റ് കിട്ടും.’ ബിജുവിന്റെ ഈ ആവേശം കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാനും മത്സരിക്കാൻ തീരുമാനിച്ചു.

എനിക്ക് മിമിക്രിയും മോണോആക്ടും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല. പാണ്ടിലോറിയിൽ മത്തങ്ങ കയറ്റി വരുന്ന കഥ അവതരിപ്പിച്ചു. ലോറി പൊലീസ് തടയുന്നതും അതി ൽ കഞ്ചാവ് കണ്ടുപിടിക്കുന്നതും ഒക്കെയായിരുന്നു ഉള്ളടക്കം. യഥാർഥത്തിൽ മോണോആക്ട് ആയിരുന്നു.ബിജു കഷ്ടപ്പെട്ട് പ്രേംനസീറിനെ അനുകരിച്ചു, പക്ഷേ ചീറ്റി പോയി. റിസൽട്ട് വന്നപ്പോൾ എനിക്ക് സെക്കന്‍ഡ്. ബിജുവിന് ഒന്നും കിട്ടിയതുമില്ല.

ഈ കഥ കേട്ട് രാജൻ മാഷ് ചിരിയോടു ചിരി. അങ്ങനെ ഞങ്ങൾ നല്ല ചങ്ങാതിമാരായി. ചില മിമിക്രി നമ്പരുകൾ പഠിപ്പിച്ചു. ഞാനത് പല വേദികളിലും അവതരിപ്പിച്ചു.

മിമിക്രിയൊന്നും മറന്നിട്ടില്ല. സംശയമുണ്ടെങ്കിൽ‌ കേട്ടോളൂ, എന്നു പറഞ്ഞ് ഫ്ളാസ്കിൽ വെള്ളം നിറയ്ക്കുന്നതും പലഹാര കണ്ണാടിക്കുള്ളില്‍ പെട്ട ഈച്ചയുടെ അവസ്ഥയുമെല്ലാം ജാഫർ ആദ്യ സ്റ്റേജിന്റെ ആവേശത്തോടെ കേള്‍പ്പിക്കുന്നു...

മിമിക്രിയുമായി കൊച്ചിയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നോ?

അതിനു മുൻപ് നാട്ടിലെ സ്റ്റേജിനെക്കുറിച്ച് ഒാർക്കാതിരി ക്കാൻ ആകില്ല. ഞാനും നാട്ടിലെ ചങ്ങാതിമാരും ചേർന്ന് ‘ഇ ടുക്കി ക്രേസി ബോയ്സ്’ എന്നൊരു ട്രൂപ് തുടങ്ങി. ചാർലി ചാപ്ലിൻ ആറു ബലൂൺ പിടിച്ചു നിൽക്കുന്നു. അതിൽ ഞങ്ങളുടെ ആറു തലകൾ, അതായിരുന്നു പോസ്റ്ററിലെ ചിത്രം. അമ്പലത്തിലെ മകരവിളക്കിന്റെ പരിപാടി ആയിരുന്നു ആദ്യ ഷോ. വ ലിയ ഗ്രൗണ്ട്. ചിരിക്കാൻ കാത്തിരിക്കുന്ന ജനക്കൂട്ടം. പക്ഷേ, കോമഡി ചീഞ്ഞളിഞ്ഞു നാശമായി. നാട്ടുകാർ എന്ന കൺ‌സഷൻ കിട്ടിയില്ലായിരുന്നെങ്കിൽ കമ്മിറ്റിക്കാർ െെകവച്ചേനെ. അതായിരുന്നു ആദ്യ അനുഭവം.

രാജൻ മാഷ് വഴിയാണ് കൊച്ചി ജോക്സ് ഇന്ത്യയിലേക്ക് എത്തുന്നത്. അവിടെ ആറു വർഷം. പിന്നെ, അബി ഇക്കയുടെ കൂടെ. പിന്നെ, കലാഭവനിൽ.

ഇരുപത്തൊന്നോളം രാജ്യങ്ങളിൽ മിമിക്രിയുമായി പോയി. ഗൾഫിൽ രാവിലെ എത്തി പരിപാടി അവതരിപ്പിച്ചു വൈകിട്ട് തിരിച്ചു പോന്ന അനുഭവം വരെയുണ്ട്. എട്ട് സുന്ദരികളും ഞാ നും പോലുള്ള സീരിയലുകളിലേക്ക് എത്തിയപ്പോഴേക്കും കൂടുതല്‍ പേർ തിരിച്ചറിയാൻ തുടങ്ങി.

jaffar-2

അബിയെക്കുറിച്ചുള്ള ഒാർമകൾ?

അതൊരു വെറും സൗഹൃദം മാത്രമായിരുന്നില്ല. ആത്മബന്ധം കൂടിയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് എല്ലാവർ‌ക്കും വീട്ടിലേക്കു പോകാം. പക്ഷേ, ബസ്സിൽ കയറി എന്നും ഇടുക്കി വരെ പോകാെനനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് രണ്ടു വർഷം ഞാൻ അബീക്കയുെട വീട്ടിലായിരുന്നു താമസം.

ഇക്കയുടെ തമ്മനത്തെ വീടിനു പിന്നിലായി സൗണ്ട്സിസ്റ്റം സൂക്ഷിക്കാൻ ഗോഡൗണുണ്ടായിരുന്നു. അവിടെയാണു ഞാന്‍ കൂടിയത്. ഇലക്ട്രോണിക്സ് പരിപാടികൾ അത്യാവശ്യം അറിയാവുന്നതു കൊണ്ട് സൗണ്ട് സിസ്റ്റം റിപയറിങ്ങുമൊക്കെ െചയ്യും.

ഗോഡൗണിനു പിന്നിലെ മരച്ചുവട്ടിലിരുന്നാണ് ‍ഞാൻ റിപയർ ചെയ്യുന്നത്. ഇടയ്ക്ക് ഷെയിൻ നിഗം ഇരുമ്പിന്റെ ചെറിയ കഷണവുമായി വരും. സ്പീക്കറിന്റെ കാന്തത്തിൽ പിടിപ്പിക്കും. മ‌രത്തിൽ വലിഞ്ഞു കയറും. ഞാൻ വഴക്കു പറയുമ്പോഴേക്കും അകത്തേക്ക് ഒാടും. അന്നവനു നാലു വയസ്സേയുള്ളൂ. ഭക്ഷണമെല്ലാം അവിടെ നിന്നു തന്നെ. ആ കുടുംബവുമായി അ ങ്ങനെയൊരു ബന്ധമായിരുന്നു.

സിനിമയിലെത്താൻ െെവകിയെന്നു തോന്നാറുണ്ടോ?

തോന്നിയിട്ട് കാര്യമില്ലല്ലോ. അന്നും ഇന്നും എനിക്ക് സിനിമ വെട്ടിപ്പിടിക്കണം എന്ന ആർത്തിയില്ല. ആദ്യ സിനിമ റിലീസ് ചെയ്തില്ല. അപ്പോഴും വിഷമം തോന്നിയില്ല. മിമിക്രി ഐറ്റംസ് നമ്മുടെ കൈയിൽ കിടക്കുകയാണല്ലോ. പിന്നെ, എട്ടു സുന്ദരികളും ഞാനും, സന്മനസ്സുള്ളവർക്ക് സമാധാനം, കളിയിൽ അല്‍പം കാര്യം പോലുള്ള സീരിയലുകളും ഉണ്ടായിരുന്നു.

വർ‌ഷങ്ങൾക്കു മുൻപ്, വിദേശപരിപാടിക്കായുള്ള ഒരു യാത്രയിൽ സംവിധായകൻ രഞ്‍ജിത് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങി വരുമ്പോൾ അദ്ദേഹം പറഞ്ഞു, ‘കുറച്ചു ദിവസം കഴിഞ്ഞ് നീ വിളിക്കണം. മനോജ് കെ. ജയൻ നായകനാകുന്ന സിനിമയിൽ ഒരു വേഷം ഉണ്ട്...’ വീട്ടില്‍ അന്നു ഫോണില്ല. മറ്റൊരു വീട്ടിലെ ഫോൺ നമ്പർ കൊടുക്കാനും തോന്നിയില്ല.

അവരൊക്കെ വലിയ ആളുകളല്ലേ, വലിയ സിനിമകൾ ചെയ്യുന്ന ആളുകൾ. ഞാന്‍ ഫോൺ ചെയ്താൽ ശല്യമാകുമോ എ ന്നോർത്ത് വിളിച്ചില്ല. അസുരവംശം ആയിരുന്നു ആ സിനിമ. ഒരു പക്ഷേ, അന്നു വിളിച്ചിരുന്നെങ്കില്‍ അസുരവംശത്തിലൂടെ ഞാൻ സിനിമയിൽ എത്തേണ്ടതായിരുന്നു.

അഞ്ചാം പാതിര, ചുരുളി, സാജൻ ബേക്കറി, കേശു ഈ വീടിന്‍റെ നാഥൻ... മിന്നിക്കയറാനിരിക്കുമ്പോള്‍ കോവിഡ് പൂട്ടിക്കളഞ്ഞോ?

കോവിഡ് മൂലം തിയറ്ററുകൾ അടച്ചിട്ടില്ലായിരുന്നെങ്കിൽ പതിമൂന്ന് സിനിമകൾ റിലീസ് ചെയ്തേനെ. ഷൂട്ടിങ് നടന്നിരുന്നെങ്കിൽ എട്ടു സിനിമകളില്‍ ഞാനിപ്പോള്‍ അഭിനിയിച്ചേനെ. ഒ ന്നും നടന്നില്ല.

‘ജെല്ലിക്കെട്ട്’ പോലുള്ള സിനിമകൾ കഴിഞ്ഞപ്പോള്‍ കോമ‍ഡി വേഷങ്ങൾ ഇനി ചെയ്യില്ലേ എന്നു പലരും ചോദിച്ചു. പ ക്ഷേ, കോമഡിയിൽ നിന്നു മാറി നിൽക്കണമെന്ന് ഒരിക്കലും തീരുമാനിച്ചില്ല. കേശു ഈ വീടിന്റെ നാഥൻ ഒക്കെ മുഴുവൻ കോമഡി റോളാണ്.‌

വീട്ടിലെ വിശേഷങ്ങൾ ?

ഭാര്യ സിമി. മകൾ അൽഫിയ എൻജിനീയറിങ് പൂർത്തിയാക്കി. വിവാഹവും കഴിഞ്ഞു. മരുമകൻ സെലീൽ. മകൻ മുഹമ്മദ് അൽത്താഫ് പ്ലസ് ടു പാസായി. ചാർട്ടേഡ് അക്കൗണ്ടിങ് പഠിക്കണം എന്നാണ് അവന്റെ ആഗ്രഹം

വീട്ടിലെ മുതിർന്ന ആളുകളെല്ലാം പള്ളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്നു പറഞ്ഞല്ലോ. ആദ്യത്തെ സിനിമയിൽ പോയപ്പോൾ തന്നെ കുടുംബത്തിലെ വലിയ മൗലവിയോടു ഞാൻ പറഞ്ഞു, ‘ഞാനൊരു സിനിമയിൽ അഭിനയിക്കാൻ പോകുകയാണ്.’

‘നീ ഏറ്റെടുത്ത തൊഴിൽ അതാണെങ്കിൽ അതു നന്നായി ചെയ്യുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ഞാന്‍ ഈ സിനിമയുെട പിന്നാെല നടക്കുന്നതില്‍ ഇപ്പോഴും ചെറിയ നീരസമുള്ളവരൊക്കെ ഉണ്ട്. അതു മൈൻഡ് ചെയ്യുന്നില്ല. പട്ടിണി കൂടാതെ കിടക്കാൻ ഉള്ള ഒരു തൊഴിൽ, അ താണ് എനിക്ക് സിനിമ...

ഫോട്ടോ: ബേസിൽ പൗലോ