ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ താരരാജാവിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ലോക മലയാളികൾ. 2019 ജനുവരി ആദ്യ ലക്കം വനിത മാസികയിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം വായിക്കാം...
മലയാളിയുടെ മനസ്സിലെ മോഹമായി മോഹൻലാൽ മാറിയിട്ട് നാൽപത്തൊന്നു വർഷം. ആ ഇഷ്ടം കൂടുന്നതേയുളളല്ലോ...
റാമോജി ഫിലിം സിറ്റിയിലെ വഴിയിലൂടെ ഇളംകാറ്റ് ഇടം തോളും ചെരിച്ച് കടന്നു പോയി. നാട്ടിൽ ആരാധകർ കൊട്ടിക്കയറുന്ന ദിവസമാണിന്ന്. ഒടിയന്റെ റിലീസ് ദിവസം. ആദ്യ ഷോയുടെ റിപ്പോർട്ടുകൾ കൊടുംകാറ്റും ഇടിമുഴക്കവും ഉണ്ടാക്കുന്നുണ്ട്. പക്ഷേ, ലോകത്തെ ഏറ്റവും ശാന്തമായ നദിയായി ലാൽ ഒഴുകി. മുന്നിലൂടെ പോയ തെലങ്കാന ബസ്സിലെ കുട്ടികൾ ‘മോഹൻലാൽ ഗാരു’ എന്ന് അദ്ഭുതപ്പെടുന്നതു കേട്ടപ്പോൾ അവർക്കു നേരെ കൈ വീശി.
നാലു പതിറ്റാണ്ടായി മലയാളി മോഹിച്ചു കൊണ്ടേയിരിക്കുന്നു. വര്‍ഷമേറും തോറും മുറുകുന്ന വീഞ്ഞു പോലെ ആ സ്നേഹത്തിന്റെ വീര്യം കൂടിയിട്ടേയുള്ളൂ. തോളു ചരിച്ചുള്ള നടത്തവും മീശപിരിക്കലും കുസൃതിയും റെയ്ബാൻ ഗ്ലാസ്സും... ഒാരോ സിനിമ തീരുമ്പോഴും സ്ക്രീനിൽ നിന്ന് ഒപ്പം ഇറങ്ങി പോരുന്ന എത്രയെത്ര കാര്യങ്ങൾ.
പണ്ട്, ‘ൈമ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്’ എന്ന ഡയലോഗിൽ പൊട്ടിത്തെറിച്ച കൗമാരക്കാരന് ഇപ്പോൾ അതേ പ്രായത്തിലുള്ള മകനുണ്ട്. അവൻ ആരാധന മൂത്ത് പാടുന്നു, ‘നെഞ്ചിനകത്ത് ലാലേട്ടൻ, നെഞ്ചു വിരിച്ച് ലാലേട്ടൻ’
ഇഷ്ടത്തേക്കാൾ വലിയ ‘ലാലിഷ്ടം’.
‘എന്തോ, ‘ലാലേട്ടനെ ഇഷ്ടമാണെല്ലാവർക്കും.’ എന്താകാം അങ്ങനെ?’’
‘‘അതെന്താ കുഴപ്പാണോ?’’ കണ്ണിറുക്കി മറുപടി. ‘‘ഞാൻ തിരിച്ച് എല്ലാവരേയും ഇഷ്ടപ്പെടുന്നതു കൊണ്ടാകാം. എന്നെ ഇഷ്ടമല്ലാത്തവരേയും എനിക്കിഷ്ടമാണ്. അവരേയും ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു വലിയ ചിത്രത്തിന്റെ റിലീസ് ദിവസം ഏറ്റവും ശാന്തമായ മനസ്സോടെയിരിക്കാൻ എങ്ങനെ കഴിയുന്നു?
റിലീസും സമാധാനവുമായിട്ട് എന്തു ബന്ധം? ‘ഒടിയൻ’ ഒരു പാവം സിനിമയാണ്. നാട്ടിൻപുറത്തിന്റെ സംസ്കാരവും വൈകാരിക ബന്ധങ്ങളും ഒക്കെയുള്ള കുഞ്ഞു സി നിമ. റിലീസ് ആയതോടെ അത് ജനത്തിന്റേതായി. പിന്നീട് അതേക്കുറിച്ച് ഒാർമിക്കുന്നതു കൊണ്ട് എന്താണു ഗുണം? അതിൽ ഇനി നമുക്കൊന്നും ചെയ്യാൻ പറ്റില്ല ഏതു സിനിമയും നന്നായാൽ നല്ലത്. മോശമായാൽ അതിൽ ദുഃഖിച്ചിരുന്നിട്ട് കാര്യവുമില്ല.
‘ഒടിയനും’ ‘ലൂസിഫറും’ കഴിഞ്ഞു. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തുടങ്ങി. ഇനി ആ സിനിമ മാത്രമേയുള്ളൂ മനസ്സിൽ. ഇന്നലെ രാത്രിയിലാണ് ആദ്യമായി കുഞ്ഞാലി മരയ്ക്കാറിന്റെ ലൊക്കേഷനിൽ പോകുന്നത്. മൂന്നരക്കോടി രൂപ മുടക്കി കപ്പലുകളുടെ രൂപം അവിടെ സെറ്റിട്ടിട്ടുണ്ട്.
ആ കപ്പലുകളിൽ കയറിനിന്ന് കുഞ്ഞാലി മരയ്ക്കാറുടെ വേഷമണിഞ്ഞ് സിനിമയ്ക്കായി എഴുതി വച്ച സംഭാഷണങ്ങ ൾ പറയുമ്പോൾ കഥാപാത്രത്തിലേക്ക് അറിയാതെ സഞ്ചരിക്കാൻ തുടങ്ങും. അതു മാത്രമേ ഇനി മനസ്സിലുണ്ടാകൂ. ഞാനറിയാതെ കുഞ്ഞാലി മരയ്ക്കാറായി തീരും.
മരയ്ക്കാരുടെ ലൊക്കേഷനിലേക്ക് ലാൽ എത്തുമ്പോൾ പ്രിയദര‍്‍ശന്റെ ക്യാമറയ്ക്കു മുന്നിൽ ഉദിച്ചുയർന്ന ഒരു നക്ഷത്രമുണ്ടായിരുന്നു– പ്രണവ് മോഹൻലാൽ. പേമാരിയും കൊടുങ്കാറ്റും തകർത്താടുന്ന സീൻ. കടലിൽ കൈവിട്ട് ഉലയുന്ന ചെറുവഞ്ചിയാണ് ക്യാമറയിലേക്ക് കയറേണ്ടത്.
ഇതെല്ലാം കണ്ട് പ്രണവ് ദൂരെ നിൽക്കുന്നു. തൊട്ടപ്പുറം പ്രിയന്റെ അരികിൽ ലാലും– ഒരേ ആകാശത്തിൽ താരസൂര്യനും നക്ഷത്രവും..
പണ്ട് അഭിനയം കഴിഞ്ഞ് ലാലേട്ടൻ വീട്ടിലെത്തുമ്പോൾ പരുക്കു പറ്റിയോ എന്ന് അമ്മ നോക്കാറുണ്ടായിരുന്നിേല്ല, ഇപ്പോൾ പ്രണവിന്റെ ഫൈറ്റുകൾ കണ്ട് പേടി തോന്നാറുണ്ടോ?
സിനിമയല്ലേ? ഫൈറ്റിനിടയ്ക്ക് കയ്യും കാലുമൊക്കെ മുറിയും. നമുക്കൊന്നും ചെയ്യാനാകില്ല. അതെല്ലാം സിനിമയുടെ ഭാഗമാണ്. അതിനേക്കാൾ റിസ്കുള്ള കാര്യങ്ങൾ പ്രണവ് സിനിമയ്ക്കു പുറത്ത് ചെയ്യുന്നുണ്ടല്ലോ? റോക് ക്ലൈമ്പിങ്, പാർകൊർ ട്രെയിനിങ്, ട്രക്കിങ്... ഇതെല്ലാം അയാളുടെ പ്രായത്തിന്റെ ഇഷ്ടങ്ങളാണ്.
അഭിനയിക്കാൻ അധികം താൽപര്യമില്ലാത്ത ആളാണ് പ്രണവ്. ‘പെട്ടു പോയി’ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരുന്നേയുള്ളൂ. ഇനി പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയിൽ ‘പെടുക’ യായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്ടമായിരുന്നില്ല. പിെന്നപ്പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി.
അയാൾ ഉൾപ്പെടുന്ന തലമുറയ്ക്ക് കൂടുതൽ സാധ്യതകളുണ്ട്. അവർ സിനിമയ്ക്കൊപ്പം എല്ലാ ദിവസവും സഞ്ചരിക്കുകയില്ല. വേണമെങ്കില്‍ സിനിമ കഴിഞ്ഞ് ഒരു മാസം വെറുതെയിരിക്കാം. യാത്രകള്‍ പോകാം. മനസ്സിൽ നിന്ന് അഭിനയത്തെ മായ്ച് കുറച്ചു നാൾ ഇരിക്കാം. പക്ഷേ, നമുക്ക് സിനിമ അതല്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയാണ്...
പ്രണവിന്റെ യാത്രകളും ജീവിത രീതിയും അദ്ഭുതപ്പെടുത്തുന്നില്ലേ?
ഇതൊക്കെ അപ്പുവിന്റെ പ്രായത്തിൽ ഞാനും ആ ഗ്രഹിച്ച കാര്യങ്ങൾ തന്നെ. അന്ന് ‘ബാക്ക് പാക്ക്’ ഒന്നുമില്ലെങ്കിലും ഒരു ബാഗുമെടുത്ത് യാത്രപോകാൻ തോന്നിയിരുന്നു. പക്ഷേ, പലതു കൊണ്ടും ചെയ്യാനായില്ല.
ഇന്നിപ്പോൾ അയാളുടെ രീതികൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. അതുപോലെ യാത്ര ചെയ്യാൻ എനിക്കും ഇ ഷ്ടമാണ്. പക്ഷേ, എന്റെ യാത്രകളെല്ലാം ഇപ്പോൾ ‘ലക്ഷൂറിയസ് പ്രൈവസിയിലായി’ മാറിക്കഴിഞ്ഞു. അപ്പുവിനെ പോലെ ബസ്സിലോ ലോറിയിലോ ട്രെയിനിലോ എനിക്കു പോകാനാകുന്നില്ല. ഞാനപ്പോൾ ഫ്ലൈറ്റിനെ കുറിച്ച് ആലോചിക്കും. അ റിഞ്ഞോ അറിയാതെയോ യാത്രകളെല്ലാം അത്തരമൊരു ട്രാക്കിലേക്ക് ആയിപ്പോയി.
എന്തൊക്കെയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ?
വിശ്വശാന്തി– ആ വാക്കിൽ തന്നെ അച്ഛൻ വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകളുണ്ട്. വിദേശരാജ്യങ്ങളിൽ യാത്രകൾ പോകുമ്പോൾ പലരും ചോദിക്കും, കേരളത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. ആരുമായി ബന്ധപ്പെടണം? ഏതു സംഘടന വഴി അതിനു സാധിക്കും? അവിടെയുള്ള പലർക്കും സംശയമാണ്.
എനിക്കും അറിയാത്ത കാര്യമായതു കൊണ്ട് കൃത്യമായൊ രുത്തരം കൊടുക്കാൻ കഴിയാറില്ല. ആ ചിന്തയില്‍ നിന്നാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കാൻ തീരുമാനിച്ചത്.
സ്ഥിരം എൻജിഒ രീതികളിൽ നിന്നു മാറി മറ്റൊരു കാഴ്ചപ്പാടിൽ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് കരുതുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ പ്രഫഷനലുകൾ നമ്മുടെ നാടിനുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ, ആദിവാസി മേഖലകളിലെ പുരോഗതി... ഇങ്ങനെ പല മേഖലകളിൽ ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഒരാൾക്ക് സഹായം ചെയ്യുന്നതിനേക്കാൾ അത് ഒരുപാടു പേരിലേക്ക് എത്തിക്കുന്നതല്ലേ നല്ലത്.
ഇതെല്ലാം രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ സൂചനയായി പ്രചരിക്കുന്നുണ്ടല്ലോ?
രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണിത്. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം.
മലയാളസിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നുള്ളൂ. ഒരു കാലത്ത് നസീർസാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ ഗണേഷും മുകേഷും ഇ ന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്തു സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്‌ഷനു നിൽക്കാനുമെല്ലാം പറഞ്ഞു. പക്ഷേ ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.
ഇടയ്ക്ക് ഫോണിൽ ഒരു മെസ്സേജ്. അതു വായിച്ചൊരു കുസൃതിപ്പുഞ്ചിരി വിരിയുന്നു. യു.എസിലെ സുഹൃത്തായ ഒരു ലേഡി ഡോക്ടറിന്റേതാണ്... ‘ഒടിയനി’ൽ മദ്യപിച്ച് പിൻഭാഗമിളക്കി കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തെക്കുറിച്ചാണ് പറയുന്നത്.
‘‘നോക്കൂ... സിനിമ എത്ര സൂക്ഷ്മമായാണ് ആളുകൾ കാണുന്നത് അല്ലേ? ’’ താടിക്കുള്ളിലൊരു ലാൽചിരി മൊട്ടിട്ടു.
ചിലർ പറയുന്നു മലയാള സിനിമയിലെ ശ്രീകൃഷ്ണനാണ് മോഹൻലാൽ, ശ്രീരാമൻ മമ്മൂട്ടിയും. എന്താണ് തോന്നുന്നത്?
അങ്ങനെയൊക്കെ വിലയിരുത്തേണ്ട കാര്യമുണ്ടോ? നിങ്ങൾ ഈ ചോദ്യം മമ്മുട്ടിക്കയോടു ചോദിച്ചു നോക്കൂ. അദ്ദേഹം ‘അഡൽട് പേരൻറ്’ എന്ന രീതിയിൽ ഗൗരവത്തിൽ ഉത്തരം പറയും. ഇതിനർഥം അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയമില്ല എന്നല്ല. പ്രണയവും സ്നേഹവും എല്ലാം ഉണ്ട്. പക്ഷേ, ഒരു മുഴുനീള രക്ഷിതാവെന്ന രീതിയിലാവും മമ്മൂട്ടിക്ക ഉത്തരം പറയുക, പെരുമാറുക. ഒരു സാധനം എടുക്കേണ്ട എന്നദ്ദേഹം പറഞ്ഞാൽ പിന്നെ അതിനു ശ്രമിച്ചിട്ടു കാര്യമില്ല’. അതു കേൾക്കാൻ അദ്ദേഹത്തിനൊപ്പം ആൾക്കാരുമുണ്ട്.
പക്ഷേ, എനിക്കങ്ങനെ പറയാനാകില്ല. എനിക്കൊപ്പമുള്ളവർ ചിലപ്പോൾ ‘അതെന്താ എടുത്താൽ’ എന്നു തിരിച്ചു ചോദിച്ചേക്കാം. അതുകൊണ്ട് മറ്റുള്ളവരുടെ ഇഷ്ടത്തിൽ കയറി ചെല്ലാറുമില്ല. ഈ വ്യത്യാസമൊക്കെ കൊണ്ടാകാം അങ്ങനെ വിലയിരുത്തുന്നത്. അറിയില്ല.
നാലു പതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ടു പേർ, ഇത്ര സൗഹൃദം എങ്ങനെ വരുന്നു?
ആരു പറഞ്ഞു ഞങ്ങൾക്കിടയിൽ മത്സരബുദ്ധിയുണ്ടെന്ന്. അങ്ങനൊന്നും ഇല്ല. കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ‘ഒടിയനി’ൽ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസർ ദുൽഖറിന്റെ പേജിൽ അല്ലേ ആദ്യം വന്നത്.
മമ്മൂട്ടിക്കയ്ക്കു ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു, എനിക്കു ചെയ്യാവുന്നത് ഞാനും. റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാർ പോലും അങ്ങനെയാണ്. അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്.
നടനിൽ നിന്നു സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ മാറ്റം?
ഒരു ബ്രില്ല്യന്റ് ഡയറക്ടർ ആയി പൃഥ്വിരാജ് മാറും. സിനിമയുടെ എല്ലാ മേഖലകളും അറിയാം. ലൈറ്റിങ്, ലെൻസ്, ക്യാമറ...ഇതിനെക്കുറിച്ചെല്ലാം സൂക്ഷ്മമായി പൃഥ്വി പഠിച്ചിട്ടുണ്ട്. ‘ലൂസിഫർ’ എന്ന സിനിമ അദ്ദേഹം രസകരമായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നടനെന്ന നിലയിൽ ഇത്രയും ലൈംലൈറ്റിൽ നിൽക്കുമ്പോൾ മാസങ്ങളോളം അഭിനയിക്കാതെ സംവിധാനം ചെയ്യാനിറങ്ങി. ഇതു കാണിക്കുന്നത് ആ മേഖലയോടുള്ള പാഷൻ ആണ്. ‘വെൽ എക്സിക്യുട്ടെഡ് മേക്കിങ്’– അതാണ് ലൂസിഫർ.
എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?
നമുക്ക് ഒരുപാട് മിടുക്കരായ സംവിധായകർ ഉണ്ട്. പിന്നെന്തിനാണ് ഞാൻ സംവിധാനം ചെയ്ത് മോശമാക്കുന്നത്.
നടനാകുന്നതു പോലെയല്ല സംവിധായകനാകുന്നത്. അ ഭിനയത്തിൽ നിന്നെല്ലാം മാറി നിന്നു ചെയ്യേണ്ട കാര്യമാണ്. അത്രയ്ക്ക് പഠനം ആവശ്യമുണ്ട്. അതിനായി ഡിസൈൻ ചെയ്ത ആൾക്കാരുണ്ട്. നമ്മൾ അവർക്കൊപ്പം പോവുകയാണ് നല്ലത്. സിനിമയിലെ എത്ര ഡിപ്പാർട്മെന്റുകളെയാണ് ഒരു സംവിധായകൻ കൈകാര്യം ചെയ്യുന്നത്. ഇന്നലെ മുന്നൂറോളം പേരാണ് മരയ്ക്കാരുടെ സെറ്റിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം നീങ്ങുന്നത് പ്രിയദർശൻ എന്ന ഒറ്റ പോയന്റിലേക്കാണ്. ഒട്ടും റിലാക്സ്ഡ‍് അല്ല അത്.
ഈ സിനിമ ഇറങ്ങിക്കഴിയുമ്പോഴേക്ക് പ്രിയന് രണ്ടു വയസ്സു കൂടും. കാലാപാനി സംവിധാനം ചെയ്തു കഴിഞ്ഞതോടെയാണ് അയാൾ നരയ്ക്കാൻ തുടങ്ങിയത്. ഒാരോ സീനും മികച്ചതാക്കാനാണ് അവരുടെ ശ്രമം.
ഒരു നിമിഷം ലാൽ നിർത്തി, നേർത്ത ചിരി ചുണ്ടിൽ അമർത്തി വച്ചിട്ടു പറഞ്ഞു,‘‘പിന്നെ, ഇതൊന്നുമറിയാതെ സിനിമ ചെയ്യുന്നവരും നമുക്ക് ചുറ്റും ഉണ്ട്, അവരെക്കുറിച്ചല്ല ഞാൻ പറയുന്നത്...’’
വീണ്ടും പ്രിയനോടൊപ്പം. പഴയ സൗഹൃദവും കുസൃതിയുമെല്ലാം ഇപ്പോഴുമുണ്ടോ?
തീര‍്‍ച്ചയായും. ആ കുട്ടി ഇപ്പോഴും ഉള്ളിലുണ്ട്. അത്തരം കുസൃതികൾ എപ്പോഴും ഇഷ്ടമാണ്. അതിനെ നശിപ്പിച്ചു കളയരുത്. എല്ലാം മുൻകൂട്ടി തീരുമാനിച്ച് അതു പോലെ ഒാടുന്നവർ. അതിലെന്തു രസം?
കുട്ടികളെ കണ്ടിട്ടില്ലേ... അവർക്ക് ബോറടിയില്ല. ഒരു ചായക്കപ്പ് നൂറു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും എടുത്തു വച്ചാലും താൽപര്യത്തോടെ ചെയ്യും. ആ മനസ്സുണ്ടെങ്കിൽ മടുക്കില്ല. എത്ര നേരം ഒറ്റയ്ക്കിരുന്നാലും എനിക്ക് ബോറടിക്കില്ല. അതിനൊരു പ്രയാസവുമില്ല. ‘ബോർഡം’ എന്നു പറഞ്ഞാൽ ജീവിതത്തിന്റെ രസം പോയി എന്നല്ലേ... ആ രസം നഷ്ടപ്പെടാതിരിക്കാനുള്ള വഴി മനസ്സുകൊണ്ട് ഒരു കുട്ടിയാകുക എന്നതാണ്.
പലതും തുറന്നു പറയാൻ മടിച്ചിരുന്ന ആൾ ഇപ്പോൾ ചാനല്‍ മൈക്കിനു മുന്നിൽ ക്ഷോഭിക്കാറുണ്ടല്ലോ?
അതിനെ ക്ഷോഭമായി കാണണ്ട. റിഫ്ലെക്സ് ആ ണത്. ഒരു ചോദ്യത്തിന് തമാശമട്ടിൽ ഉത്തരം പറയുന്നു. അത് മനസ്സിലാക്കാൻ മറുവശത്തിരിക്കുന്നവർക്ക് പലപ്പോഴും കഴിയുന്നില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നു. അമ്മ എക്സ്ക്യൂട്ടീവ് യോഗത്തെക്കുറിച്ചു പത്രക്കാർക്ക് മുന്നിൽ സംസാരിക്കുന്നതിനിടയ്ക്ക് ആരോ ശബരിമല വിഷയത്തെക്കുറിച്ച് ചോദിച്ചു. അതുകേട്ട് തമാശയോടെ ‘അടി, അടി’ എന്ന മട്ടിൽ കൈ ഉയർത്തി. ഒരു ചേട്ടന്‍ അനുജനോടു ചെയ്യുന്ന പോലെ ഒരു തമാശ. അത്രയേ ഞാൻ കരുതിയുള്ളൂ. അതു പക്ഷേ, റിപ്പോർട്ടർക്കു നേരെ കൈ പൊക്കി എന്നായി.
വിശ്വശാന്തി ഫൗണ്ടേഷന്റെ ആദ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സ്ഥലത്ത് അതേക്കുറിച്ചൊന്നും ചോദിക്കാതെ കന്യാസ്ത്രീ വിവാദത്തെപ്പറ്റി ചോദിച്ചു. അപ്പോൾ മനസ്സിൽ വന്നത് ഞാൻ പറഞ്ഞു. അത് ദേഷ്യമായിരുന്നില്ല. പെെട്ടന്നുള്ള പ്രതികരണം മാത്രം. പക്ഷേ, പിന്നീടാലോചിച്ചപ്പോൾ ചോദിച്ച ആളിനെ അത് വേദനിപ്പിച്ചോ എന്നു തോന്നി. അതോടെയാണ് ഖേദം പ്രകടിപ്പിച്ചത്, ഒരു ചോദ്യം വന്നാൽ എങ്ങനെ ഉത്തരം പറയണം എന്നൊന്നും പ്ലാൻ ചെയ്യാൻ എനിക്കു പറ്റില്ല.
പണ്ടത്തെ ചില അമ്മാവന്മാരെ കണ്ടിട്ടില്ലേ. വായിൽ നിറയെ മുറുക്കാനായിരിക്കും. തന്ത്രപരമായി ഉത്തരം പറയേണ്ട ഒരു ചോദ്യം വരുമ്പോൾ ചെറുവിരൽ ഉയർത്തി ഒരു മിനിറ്റെന്നു പറഞ്ഞ് തുപ്പാനായിട്ട് പോകും. അത്രയും സമയം കൊണ്ട് ഉത്തരം ആലോചിച്ചെടുക്കും..ഇനി അങ്ങനെ ആവേണ്ടിവരും അല്ലേ?
ഇങ്ങനെ ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. അവർ ചോദിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. അപ്പോൾ ചെയ്യാനാകുന്നത് ഇത്തരം ഇന്റർവ്യൂകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്.
അതു പോലെ ഞാൻ പറയാത്ത കാര്യങ്ങൾ പോലും വിവാദങ്ങളായി മാറി. അത് പലരെയും വേദനിപ്പിച്ചു, ഞാൻ പറയാത്ത കാര്യമായിട്ടു പോലും മറ്റുള്ളവരെ സങ്കടപ്പെടുത്തിയെന്നു കേട്ടപ്പോൾ വിഷമം തോന്നി. ഇപ്പോൾ വിവാദങ്ങളെക്കുറിച്ച് ആലോചിക്കാറേയില്ല. ഞാൻ ആരെയും വേദനിപ്പിച്ച് സംസാരിക്കാറുമില്ല. ചെയ്യാത്ത കാര്യങ്ങൾ വിവാദമാകുമ്പോൾ ഞാനെന്തിനു വിഷമിക്കണം.
മോദി വിളിച്ചു ‘മോഹൻജി’
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിസ്മയത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞു–
‘‘അദ്ദേഹം എന്നെ ‘മോഹൻജി’ എന്നാണ് വിളിച്ചത്. ഞ ങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു. സിനിമയിൽ നാൽപത്തൊന്നു വർഷമായെന്നു പറഞ്ഞപ്പോൾ അ തു വലിയ അദ്ഭുതമായി. ഞാൻ അഭിനയിച്ച സംസ്കൃത നാടകമായ കർണഭാരത്തെക്കുറിച്ച് പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ദിവസമാണു ഞാൻ അദ്ദേഹത്തെ കാണുന്നത്. ആ ദിവസത്തെക്കുറിച്ച് ഒാർക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് മോദിജിക്ക് സമ്മാനിച്ചത്.
കേരളത്തെക്കുറിച്ച് ഒരുപാടു സംസാരിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പറഞ്ഞു. എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെക്കുറിച്ചു പറഞ്ഞപ്പോൾ ‘മോഹൻജി ഞാൻ യോഗയുടെ ഒരു ബിഗ് ഫാൻ ആണെന്നായിരുന്നു മറുപടി.’ അതിനുള്ള സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞു.
ഒരിക്കൽ പോലും രാഷ്ട്രീയം കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നെന്ന് എനിക്കു തോന്നി. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊരറിവും ഇല്ലാത്തതു കൊണ്ട് അതിനെക്കുറിച്ച് പറയാനൊന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്.
കുടുംബത്തോടുള്ള കെമിസ്ട്രി
ഒരു ബന്ധത്തിലും കെമിസ്ട്രി പാടില്ല, അതു തിരഞ്ഞു പോകരുത്. പ്രത്യേകിച്ച് വിവാഹ ബന്ധത്തിൽ. ആ അറിവില്ലായ്മയാണ് അതിന്റെ ഭംഗി. വിവാഹജീവിതം ലോകത്തിലെ വലിയ അദ്ഭുതമായിട്ടാണ് തോന്നുന്നത്.
ഭാര്യയും ഭർത്താവും സ്വഭാവ വൈചിത്ര്യങ്ങളുള്ള രണ്ടു ജീവികളാെണന്ന സത്യം മനസ്സിലാക്കിയാൽ പിന്നെ, കുഴപ്പമില്ല. ആ സ്വഭാവഘടന മാറ്റാൻ നോക്കിയാൽ നമ്മൾ നമ്മളല്ലാതായി പോകില്ലേ...ഒരാളുടെ നല്ലതു മാത്രം ഇഷ്ടപ്പെട്ടാൽ പോര. അയാളുടെ സ്വഭാവത്തിലെ എല്ലാ ഭാവങ്ങളെയും സ്നേഹിക്കാനാകണം.
കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ തിരിച്ചറിഞ്ഞ് അതു വളർത്തി കൊണ്ടു പോയാൽ ജീവിതത്തിന്റെ നിറം കൂടും. ഒരു ചെറിയ തലവേദന വരുമ്പോൾ കൊടുക്കുന്ന കരുതലും പ രിഗണനയും അത്രയും മതി സന്തോഷത്തിന്. ഞാൻ ഒരൊറ്റ കാര്യമേ ചെയ്യാറുള്ളൂ. 99 ശതമാനവും സത്യം പറയാന‍്‍ ശ്രമിക്കും. ഒരു ശതമാനം നമ്മൾ ഹ്യൂമറായാണ് കാണുന്നത്. അതിലെ തമാശ അതുപോലെ മനസ്സിലാക്കാൻ ആയില്ലെങ്കിലോ...പൊസസീവ്നെസ് ഒരു ബന്ധത്തിലും പാടില്ല, പ്രേമവും പാടില്ല, പ്രണയിക്കുകയേ ചെയ്യാവൂ...
കൂട്ടുകാരുടെ മക്കൾ കല്യാണിയും കീർത്തിയും എല്ലാം സിനിമയിലെത്തി. മകൾ സിനിമയിലേക്കുണ്ടോ?
മോനുണ്ടല്ലോ, അതു പോരെ. അവളുടെ ഇഷ്ടം സിനിമയല്ല തിയറ്റർ ആണ്. ഇപ്പോൾ യു.എസിൽ തിയറ്ററിനെക്കുറിച്ച് പഠിക്കുന്നു
എന്തുകൊണ്ടാണ് എല്ലാവരേയും മോേന എന്നു വിളിക്കുന്നത്?
പലപ്പോഴും പലരുടെ പേര് മറന്നു പോ കും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോ നേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’ യുടെ മുൻപിൽ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേർക്കാമല്ലോ...
ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി...’’
മരയ്ക്കാർ എന്ന കഥാപാത്രത്തിലേക്ക് ജലം പോലെ ലാൽ ഒഴുകാനൊരുങ്ങി. തുടുത്ത കവിളിൽ കുഞ്ഞാലിയുടെ ഗൗരവം നിറയുന്നു.
നൂറ്റിപ്പത്തിലേെറ നായികമാരുടെ നായകൻ. അടുത്ത ജന്മത്തിൽ അവരില്‍ ആരായി ജനിക്കണം?
ഞാനങ്ങനെ ആലോചിക്കുന്നേയില്ല. ഈ ജന്മത്തിലെ മോഹം തന്നെ തീരുന്നില്ലല്ലോ... എങ്കിലും ഉത്തരത്തിനു വേണ്ടി പറയാം, അവരുടെയെല്ലാം അടുത്ത ജന്മത്തിലും നായകനായി ഞാൻ അഭിനയിക്കും.’’
ചുറ്റും ലാൽചിരിയുടെ പൂവ് വിരിയുകയാണ്.