ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ.
നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഒാരോ ലാൽ കഥാപാത്രങ്ങളും ഒാരോ ഛായാമുഖികളാണ്. അതിലേക്കു നോക്കുമ്പോൾ ഏ തൊക്കെയോ നിമിഷങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കാണാനാകുന്ന മാന്ത്രികവിദ്യ.
അതുകൊണ്ടാണല്ലോ, സ്ക്രീനിലെ ലാൽപ്രണയങ്ങളിൽ നമ്മുടെ ‘ആ ആളെ’ കൊതിച്ചു പോകുന്നത്. ലാൽചിരികളിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ ചിരി യോർമ വരുന്നത്. ലാൽസ്നേഹങ്ങളിൽ എന്നൊക്കെയോ ഹൃദയം തൊട്ടു പോയവരെ തൊട്ടടുത്തെന്ന പോലെ അറിയാനാകുുന്നത്. സങ്കടത്തിൽ വിറയ്ക്കുന്ന ആ വിരൽത്തുമ്പു കണ്ടാൽപോലും കണ്ണീരു പൊട്ടിപ്പോകുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും ആ കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തത്. ലാലോത്സവങ്ങൾക്കു മലയാളി എന്നും ഇങ്ങനെ ആർപ്പുവിളിച്ചുകൊണ്ടേയിരിക്കുന്നത്...
കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ മെസൊണറ്റിെന്‍റ വാതില്‍ തുറന്നത് അതിശയങ്ങളിലേക്കായിരുന്നു. ഇരുനിലകളിലായി ഒരു മ്യൂസിയം പോലെ ഒരുക്കിയ പുതുപുത്തന്‍ അപാര്‍ട്മെന്‍റ്. വിലമതിക്കാനാകാത്ത ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, കൗതുകവസ്തുക്കൾ. എല്ലാത്തിനും ഒാരോ കഥ പറയാനുണ്ട്.
വനിതയുടെ കവർ ചിത്രം സുചിത്രയെ കാണിച്ച്, ഇവർ ഇതിനു ‘ലാലിബനും സുചിയും’ എന്ന് അടിക്കുറിപ്പെഴുതുമെന്നു കുസൃതി പറഞ്ഞു മോഹൻലാൽ സംസാരിക്കാനിരുന്നു. മടിയിലേക്കു സിംബ എന്ന പൂച്ച അധികാരത്തോടെ ചാടിക്കേറി. പ്രണയവിരലുകൾകൊണ്ട് ലാല്‍ സിംബയെ തലോടിത്തുടങ്ങി.
മരുഭൂമിയിലെ രാപ്പകലുകൾ, തണുപ്പും മണ ൽക്കാറ്റും, ഒരുപാട് അധ്വാനം വേണ്ടി വന്ന സിനിമയല്ലേ വാലിബൻ?
ഒരു മുത്തശ്ശിക്കഥ പോലുള്ള സിനിമയാണ് മ ലൈക്കോട്ടൈ വാലിബൻ. കാലം, ദേശം, ഭാഷ അതിനൊക്കെ അപ്പുറമുള്ള സിനിമ. എവിടെയാണ്, ഏതു സമയത്താണ് നടന്നതെന്നു പോലും അറിയില്ല. അമര്‍ചിത്രകഥ വായിക്കുന്നതു പോലെ, മുത്തശ്ശിക്കഥ േകള്‍ക്കും പോലെ കാണാനാകുന്ന സിനിമ, അതാണ് വാലിബൻ.
അതുപോലൊരു സ്ഥലം കേരളത്തിൽ ഇല്ലാത്തതു കൊണ്ടാണ് ജയ്സാൽമീറിലെത്തിയത്. 2000 ത്തോളം പേരൊക്കെ പങ്കെടുത്ത സീനുകളുണ്ട്. ഭയങ്കര തണുപ്പായിരുന്നു. മറ്റുള്ളവർക്കു തണുപ്പിനെ ചെറുക്കുന്ന വസ്ത്രങ്ങൾ ധരിക്കാം. പക്ഷേ, അഭിനേതാക്കൾക്ക് അതു പറ്റില്ലല്ലോ. ഞാനടക്കം ഒരുപാടു പേർക്ക് സുഖമില്ലാതായി.
ഷൂട്ട് നടക്കുന്ന സ്ഥലത്തിനടുത്ത് ആശുപത്രികളുമില്ല. ഒടുവില്‍ ചെറിയൊരു ക്ലിനിക്ക് കണ്ടെത്തി െചന്നപ്പോള്‍, അവിടെയുണ്ട് ഒരു മലയാളി നഴ്സ്. വയനാടുകാരി ലില്ലിക്കുട്ടി. കാനഡയ്ക്കു പോകാനുള്ള ആഗ്രഹത്തില്‍ നഴ്സിങ് പഠിച്ചതാണ്. ഇവിെടത്തി, ഈ നാട്ടിലെ അവസ്ഥ കണ്ടപ്പോള്‍ പിന്നെ കാനഡ മോഹം ഉപേക്ഷിച്ച് ഇവിടെ നിൽക്കാൻ തീരുമാനിച്ചു. ഇപ്പോൾ 16 വർഷമായി.
ഷൂട്ട് കാണാനെത്തിയ പയ്യൻ ഒരു ദിവസം മൊബൈലിൽ ചില ഫോട്ടോകൾ എടുത്തു. സെക്യൂരിറ്റി അതു തടഞ്ഞതിന്‍റെ ദേഷ്യത്തിന് അവിടെയുണ്ടായിരുന്ന കടന്നൽ കൂട്ടില്‍ കല്ലു വലിച്ചെറിഞ്ഞിട്ടാണ് അവന്‍ പോയത്. കടന്നലുകള്‍ ഇളകി ഒരുപാടു പേർക്കു കുത്തേറ്റു. പലരുടെയും മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം മാറി. നൂറോളം പേർ ആശുപത്രിയിലായി.
ജയം ഒരു ലഹരിയാണെന്നു സിനിമയിലുണ്ട്. വിജയത്തെ എങ്ങനെയാണു കാണുന്നത്?
നടൻ യോദ്ധാവ് ഒന്നുമല്ല. വിജയിച്ചേ അടങ്ങൂ എന്നു പറഞ്ഞിറങ്ങുന്ന യുദ്ധമല്ല സിനിമ. ഗുസ്തിയിൽ ഒരാളേ വിജയിക്കൂ. എന്നാൽ സിനിമയിൽ ഒരാളുടെ മാത്രം വിജയവും പരാജയവും ഇല്ല. സിനിമ വിജയിച്ചാൽ അത് എല്ലാവരുടെയും കൂടി ജയമാണ്.
ലിജോയുടെ എല്ലാ സിനിമകളെയും പോലെ വാലിബനും ഉറപ്പായും ഒരു സംവിധായകന്റെ കൂടി സിനിമയാണ്. ഇങ്ങനെയാണോ സിനിമ എന്നു തോന്നാവുന്ന ഒരു ക്ലൈമാക്സും രംഗങ്ങളും ഒക്കെ അതിലുണ്ട്. പിന്നെ വിജയവും പരാജയവും എല്ലാം മൊമെന്ററിയാണ്. ഒരാൾ വിളിച്ചു സിനിമ സൂപ്പർഹിറ്റാണെന്നു പറയുമ്പോൾ ആ നിമിഷത്തേക്കുള്ള സന്തോഷമാണ്. തൊട്ടടുത്ത നിമിഷം അതു മാറിക്കഴിഞ്ഞു.
ഇത് വനിതയുടെ വാലന്റൈൻസ് ഡേ ലക്കമാണ്. പ്രണയ സമ്മാനങ്ങൾ നൽകുന്ന ആളാണോ?
സമ്മാനങ്ങൾ കൊടുക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണു ഞാന്‍. സമ്മാനം എന്നു പറയുന്നതു തന്നെ ഭയങ്കര രസമുള്ള കാര്യമല്ലേ? ആരു തരുന്നു, എന്താണു സമ്മാനം, എങ്ങനെ തരുന്നു, എവിെടവച്ചു തരുന്നു... ഒ ക്കെ പ്രധാനമാണ്. നല്ല നല്ല ഇഷ്ടങ്ങളിലല്ലേ നല്ല നല്ല സമ്മാനങ്ങളും സംഭവിക്കുന്നത്. പ്രണയസമ്മാനങ്ങൾ കൊടുക്കാൻ താൽപര്യമുള്ളവർ ഇനിയും പ്രണയിക്കട്ടെ.
ഒരിക്കൽ വിവാഹവാർഷികത്തിന് സുചി എനിക്കൊരു സമ്മാനം തന്നു. വിവാഹവാർഷികമാണെന്നു ഞാൻ മറന്നു പോയിരുന്നു. അതു സുചിക്കും മനസ്സിലായി. അതത്ര നല്ല കാര്യമൊന്നുമല്ല, എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്തു. െെവകുന്നേരമായപ്പോള്‍ എ ന്നെ വിളിച്ചു പറഞ്ഞു, ‘ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ.’ ഞാന്‍ നോക്കിയപ്പോൾ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതിൽ എഴുതിയിട്ടുണ്ട്, ‘ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക...’
പ്രണയവും സന്യാസവും മുന്നിൽ വച്ചാൽ ഏ താണ് എടുക്കുക?
ഉറപ്പായും ആദ്യത്തേതല്ലേ എടുക്കൂ. പ്രണയത്തിൽ കൂടി നമുക്കു സന്യാസത്തിലേക്കു പോകാം. സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയം തന്നെയാണ്. നല്ല പ്രണയത്തിൽ നമുക്കു ദേഷ്യം ഉണ്ടാകില്ല. സങ്കടമോ അസൂയയോ പൊസസീവ്നെസ്സോ ഉണ്ടാവില്ല. അതാണു യഥാർഥ പ്രണയം. സന്യാസവും അങ്ങനെ തന്നെയല്ലേ? ഞാൻ അഭിനയിച്ച ‘ഛായാമുഖി’യെന്ന നാടകത്തിൽ പറയുന്നുണ്ട്, ‘പ്രണയിക്കാൻ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണു ഭാഗ്യം വേണ്ടത്’ എന്ന്. എന്തൊരു സുന്ദരമായ വരിയാണത്.
‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ പെൺകുട്ടിയുടെ മറുപടി ‘പോടാ’ എന്നാണെങ്കിൽ എന്തൊക്കെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭീഷണിയും കൊലപ്പെടുത്തലും ആസിഡ് എറിയലും, കത്തിക്കുത്തും...
യഥാര്‍ഥ പ്രണയം ആകാശത്തോളം വലുതാണ്. പ്രണയം തകര്‍ന്നെന്നു കരുതി സങ്കടപ്പെട്ടിട്ടു കാര്യമില്ല. പിന്നെ, അതിന്റെ പിറകെ പോയി നിങ്ങളുടെ ശരീരവും മനസ്സും ബുദ്ധിയും കളയുന്നത് എന്തിനാണ്. വീണ്ടും വീണ്ടും പ്രണയിക്കൂ. ഒാഷോയുടെ ഒരു വചനമുണ്ട്. ‘ഒരു പെൺകുട്ടി നിങ്ങളെ വിട്ടു പോയി. അതിനെന്താണ്. ഒരു ലക്ഷം പെൺകുട്ടികൾ വേറെ ഇല്ലേ?’
സിനിമയിലെ രംഗങ്ങളിൽ ഏറ്റവും നന്നായി പ്രണയിക്കുന്നത് ആരെയൊക്കെയാണ്?
സിനിമയില്‍ ആരെ പ്രണയിക്കുന്നു എന്നല്ല, ആ പ്രണയരംരങ്ങളാണ് എനിക്കിഷ്ടം. ആരാണ് എന്നുള്ളതിനെക്കാൾ പ്രണയരംഗത്തിനാണു പ്രാധാന്യം. അത്തരം രംഗങ്ങളിൽ എതിർവശത്തു നിൽക്കുന്ന ആളുടെ റിയാക്‌ഷനുകൾക്കും വലിയ പ്രാധാന്യമുണ്ട്. ഉർവശിയായാലും കാർത്തികയായാലും ശോഭനയായാലുമൊക്കെ നല്ല മൊമന്റുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പിന്നെ അത്തരം രംഗങ്ങൾ കുറവല്ലേ. നമുക്കിനി വേറൊരു തരത്തിലുള്ള പ്രണയമല്ലേ കാണിക്കാൻ പറ്റുകയുള്ളൂ.
അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ആദ്യ ലക്കത്തിൽ
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ഡോ. ചെറിയാൻ െക. ഏബ്രഹാം