Saturday 11 September 2021 03:14 PM IST

അപ്പയെയും അമ്മയെയും പോലെ പ്രണയിച്ചു വിവാഹം കഴിക്കാൻ‌ മോഹമില്ലേ?: ബോൾഡായി ചക്കിയുടെ മറുപടി

Vijeesh Gopinath

Senior Sub Editor

chakki

പത്തു വയസ്സുള്ളപ്പോഴാണ് അശ്വതി ‘ഒാർമയ്ക്കായ്’ എന്ന സിനി‌മ കാണുന്നത്. സംവിധാനം ഭരതൻ. ഭരത്ഗോപിയുടെ സംസാരശേഷിയില്ലാത്ത കലാകാരൻ. മാധവിയുടെ സൂസന്ന. അവരുടെ മ കൾ ചക്കി. കണ്ണീരുപ്പുള്ള ആ സിനിമ കണ്ട് അശ്വതി കുറേ കരഞ്ഞു. അതുകഴിഞ്ഞ്, അഞ്ചാം ക്ലാസുകാരി അശ്വതി അന്നൊരു തീരുമാനമെടുത്തു. മകളുണ്ടായാൽ ചക്കിയെന്നേ വിളിക്കൂ.

അശ്വതി പിന്നീട് സിനിമയിലെത്തി, പാർവതിയായി. ഹിറ്റ് സിനിമകളില്‍ നായികയായി. ജയറാമിന്റെ ഭാര്യയായി. ആദ്യ കു‍‍ഞ്ഞു പിറന്നപ്പോൾ അവനെ കണ്ണൻ എന്നു വിളിച്ചു. മകളുണ്ടായപ്പോൾ‌ വിളിപ്പേരു കണ്ടുപിടിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പത്തു വയസ്സിലേ തീരുമാനിച്ചതല്ലേ...

‘‘അങ്ങനെയാണ് മാളവിക ചക്കിയായത്.’’ കണ്ണിൽ ചിരി ചൊരിഞ്ഞിട്ട് പാർവതി പറഞ്ഞു. വീട്ടിനുള്ളില്‍, അമ്മയുടെ സാരിയുടെ അതേ നിറത്തിലുള്ള ലെഹങ്കയില്‍ മാളവിക ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നു.

‘‘ചക്കിയുടെ പേരു മാത്രമല്ല. ചെറിയ പ്രായത്തിൽ മനസ്സിൽ വിചാരിച്ച പല കാര്യങ്ങളും പിന്നീട് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പതിനേഴു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ചെന്നൈയിൽ‌ വരുന്നത്. ‘പൂവുക്കുൾ ഭൂകമ്പം’ എന്ന തമിഴ് സിനിമയുടെ ഷൂട്ട്. കെ.കെ നഗറിലായിരുന്നു ചിത്രീകരണം. തൊട്ടപ്പുറത്തെ സ്ട്രീറ്റിലാണ് കെപിഎസി ലളിതച്ചേച്ചി താമസിക്കുന്നത്. ഉച്ചയ്ക്ക് ചേച്ചി എന്നെ വീട്ടിലേക്ക് കൊണ്ടുപോകും. നല്ല ഊണു തരും.

ഒരു ദിവസം വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് ആ സ്കൂൾ കണ്ടത്. ഒരേ നിറമുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ പറന്നു നടക്കുന്നു. അന്നെനിക്കു തോന്നി, ഈ സ്കൂളിൽ എന്റെ കുട്ടികളെയും പഠിപ്പിക്കണം.

ഒാർക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. അന്ന് ജയറാമിനെ വിവാഹം കഴിക്കും എന്നു പോലും തീരുമാനിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഞാനും ജയറാമും ചെന്നൈയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മക്കളുണ്ടായി. കണ്ണനും ചക്കിയും ആ സ്കൂളിൽ തന്നെയാണ് പ ഠിച്ചത്’’ നീളമുള്ള പാവാടയിട്ട് പാർവതിക്ക് മുന്നിലേക്കു ചക്കി വന്നു. സിനിമയിലോ പരസ്യത്തിലോ ആയിരുന്നെങ്കിൽ ‘കുട്ടികളൊക്കെ എത്ര വേഗത്തിലാണ് വളരുന്നതെന്ന’ ഡയലോഗ് പറയാവുന്ന രംഗം.

അമ്മയുടെ കഥകൾ കേട്ട് മാളവിക പറഞ്ഞു, ‘‘അമ്മ ഒരു തീരുമാനം എടുത്താൽ അതെടുത്തതാണ്. ഞാനും അപ്പയും കണ്ണനുമൊക്കെ വർഷങ്ങൾക്കു മുന്നേ ഡയറ്റും ജിമ്മുമൊക്കെ ജീവിതത്തിലേക്ക് കൊണ്ടു വന്നതാണ്. അ പ്പോഴും അമ്മ അത്ര കാര്യമായി അതിനെ കണ്ടില്ല. പക്ഷേ, കഴിഞ്ഞ ആറുമാസമായി ഡയറ്റിലാണ്.

ഞാനൊക്കെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഡയറ്റിനെ ചീറ്റ് ചെയ്യും. നല്ല മട്ടൻ ബിരിയാണി കഴിക്കും. പ ക്ഷേ, അമ്മ ഒരു രക്ഷയുമില്ല. ഒരു കാര്യം തീരുമാനിച്ചാൽ പിന്നോട്ടില്ല. ഇപ്പോൾ അമ്മയാണ് എല്ലാവരെയും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്’’ മാളവികയുടെ ചിരിയിലേക്ക് പാർവതിയുടെ വലിയ കണ്ണുകൾ വിടർന്നു ചെന്നു.

സിനിമയിലുണ്ടായിരുന്ന കാലത്തേക്കാൾ മെലി‍ഞ്ഞല്ലോ?

പാർവതി: എല്ലാവരും വർക്കൗട്ടും ഡയറ്റും കൊണ്ടു നട ക്കുമ്പോൾ എനിക്കു മാത്രം മാറിനിൽക്കാനാകില്ലല്ലോ. ലോക്ഡൗണാണ് ‘പ്രചോദനം’. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ ആദ്യ അനുഭവമല്ലേ. എല്ലാവരും വീട്ടിൽ. പാചകം ചെയ്യാൻ‌ സഹായിക്കുന്നവർ‌ വരുന്നുമില്ല. ഞങ്ങൾ‌ നാലും മത്സരിച്ച് അടുക്കളയിൽ കയറും. എല്ലാ വിഭവത്തിനും ഒരേയൊരു പൊതു സ്വഭാവമേയുള്ളൂ, ഫാറ്റ്. സോസും ചീസും മീറ്റും ആകെ ബഹളം. പീത്‌സയുടെയും ബിരിയാണിയുടെയുമൊക്കെ ആളായിരുന്നു ചക്കി. അങ്ങനെ കഴിച്ചു കഴിച്ച് എല്ലാവരും നന്നായി തടിച്ചു. ‌ഇപ്രാവശ്യം ലോക്ഡൗൺ തുടങ്ങിയപ്പോൾ ഞാൻ ഡയറ്റ് ചെയ്യാനുറപ്പിച്ചു.

ആദ്യം ചെയ്തത് ‘വീഗൻ’ ആകുകയാണ്. പൂർണമായും വെജിറ്റേറിയൻ. പാലും പാലുൽപ്പന്നങ്ങളും ഉേപക്ഷിച്ചു. പിന്നെ, വ്യായാമവും തുടങ്ങി. പത്തു കിലോ കുറഞ്ഞു. മസിൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ ഒരു കിലോ കൂടിയിട്ടുണ്ട്. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഫിൽ‌റ്റർ കോഫി. പാലിൽ നിന്ന് പൊങ്ങുന്ന കാപ്പിയുടെ ഗന്ധം എന്റെ വലിയ വീക്നസ് ആയിരുന്നു. ഒടുവില്‍ അതിനെയും മറികടന്നു.

ചക്കിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നെ കിടക്കുന്നില്ലേ? വന്നാൽ ക്യാമറയ്ക്ക് മുന്നിലോ പിന്നിലോ?

ചക്കി: ഉറപ്പായും ഞാന്‍ ക്യാമറയ്ക്ക് പിന്നിൽ തന്നെയായിരിക്കും. പക്ഷേ, സിനിമ എന്റെ മേഖലയല്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ല. അപ്പയും കണ്ണനുമൊക്കെ സിനിമയ്ക്കായി ചെയ്യുന്ന കഷ്ടപ്പാടുകൾ എത്രയെന്ന് എനിക്കറിയാം. എന്നിട്ടും ‘മോശം’ എന്ന ഒറ്റ കമന്റിൽ ആ അധ്വാനത്തെ തകർത്തു കളയുന്നവരുണ്ട്. എനിക്കത് അംഗീകരിക്കാനാകില്ല. അ ത്തരം കമന്റുകൾ എന്നെ തകർത്തു കളയും. സെൽഫിയി ൽ കാണാൻ ഭംഗിയില്ലെന്നു തോന്നിയാൽ അസ്വസ്ഥയാകുന്ന ആളാണ് ‍ഞാൻ.

ചെറുപ്പത്തിലേ സ്പോർ‌ട്സിനോടുള്ള താൽപര്യം കൊ ണ്ടാണ് ഞാൻ െവയില്‍സിലെ കാര്‍ഡിഫ് െമട്രോെപാളി റ്റന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്പോർട്സ് മാനേജ്മെന്റ് പഠിച്ചത്. പഠനം കഴിഞ്ഞു വന്നപ്പോഴേക്കും നാട്ടിൽ കോ വിഡും അതിെന്‍റ ബഹളങ്ങളുമായി. അങ്ങനെ കരിയറിൽ രണ്ടു വർഷം പോയി. ഇതിനിടയിൽ ഒരു ഹ്യൂമന്‍ റിേസാഴ്സ്മെന്‍റ് കോഴ്സ് ചെയ്തു. ഇപ്പോൾ ഹെൽത് കെയർ രംഗത്ത് എച്ച് ആർ വിഭാഗത്തിലാണ് ജോലി.

malavika-jayaram-parvathy

പാർവതി: പ്രേക്ഷകർക്ക് എപ്പോഴും താരങ്ങൾ പൊതു സ്വത്താണ്. അവർക്കിഷ്ടമുള്ള രീതിയിൽ പെരുമാറുകയും വേണം. ഇത് രണ്ടും ചക്കിക്ക് സഹിക്കാൻ പറ്റും എന്നെനിക്ക് തോന്നിയിട്ടില്ല. ചക്കി പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുമാണ്. അതുകൊണ്ട് സിനിമ ചക്കിക്ക് ചേരുമോ എന്നെനിക്കും സംശയമുണ്ട്.

എങ്കിലും നായികയാകാനുള്ള ക്ഷണം കിട്ടിയിട്ടുണ്ടാകില്ലേ?

ചക്കി: ഒരുപാടു പേർ വിളിച്ചിട്ടുണ്ട്. കുറച്ചു നാൾ മുൻപു വരെ അധികം മീഡിയയിലൊന്നും വരാതെ മാറി നിൽക്കുകയായിരുന്നില്ലേ. എന്റെ രൂപമെന്താണെന്നുപോലും പലർക്കും അറിയില്ലായിരുന്നു.

‘വരനെ ആവശ്യമുണ്ട്’ സിനിമ തുടങ്ങും മുന്‍പ് അനൂപ് സത്യൻ വിളിച്ചിരുന്നു. ആ സമയത്ത് ഞാൻ യുകെയിൽ പഠിക്കുകയാണ്. അതുപോലെ ഗീതുച്ചേച്ചിയും (ഗീതു മോഹന്‍ദാസ്) സിനിമയിൽ അഭിനയിക്കാന്‍ താൽപര്യമുണ്ടോ എന്നു ചോദിച്ചു. ചേച്ചിയെ എനിക്ക് അത്രയിഷ്ടമായതുകൊണ്ട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മുങ്ങി. എ ന്റെ ഈ മൂഡ് എപ്പോൾ മാറും എന്നറിയില്ല. അപ്പോൾ ചില പ്പോൾ തീരുമാനങ്ങളും മാറിയേക്കാം.

ജയറാമിനെ നിങ്ങൾ രണ്ടുപേരും കളിയാക്കുന്ന ഒരു കാര്യം പറയാമോ?

ചക്കി: എല്ലാ വർഷവും ഞങ്ങൾ നാലുപേരും കൂടി യാത്ര പോകും. ഞാനും അമ്മയും അഡ്വഞ്ചറസ് ആൾക്കാരാണ്. എവിടെയും വലിഞ്ഞു കയറും. ഇപ്പോൾ കണ്ണനും ഞങ്ങളുടെ ടീമാണ്. പക്ഷേ, അപ്പയ്ക്ക് അതൊക്കെ പേടിയാണ്. തീം പാർക്കിലെ വലിയ റോളർസ്കേറ്റിലൊന്നും അപ്പ കയറില്ല. പാവം കുട്ടിയെ േപാെല, ഞങ്ങളുടെ ബാഗൊക്കെ പിടിച്ച് താഴെ നിന്ന് ‘റ്റാറ്റാ’ തരും.

എങ്കിലും ചില റൈഡുകളിൽ ഞങ്ങൾ വലിച്ചു കയറ്റും. അപ്പോൾ അപ്പയുടെ മുഖത്തു വിരിയുന്ന ഭാവം ഷൂട്ട് ചെയ്യുകയാണ് എന്റെ ഹോബി.

പാർവതി: പക്ഷേ, ഇക്കാര്യം ജയറാം മറ്റാരോടെങ്കിലുമാ ണ് പറയുന്നതെങ്കിൽ കഥ മാറി മറിയും. ജയറാം ധൈര്യത്തോടെ െെറഡില്‍ കയറി, ഞങ്ങൾ‌ പേടിച്ചു വിറച്ചു ബാ ഗും പിടിച്ചു താഴെ നിന്നു എന്ന മട്ടില്‍ മാറ്റിപ്പറയും. കേൾക്കുന്നവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് ജയറാമിനാണല്ലോ കൂടുതൽ.

ടീനേജ് പേരന്റിങ് ടെൻഷനുള്ള പരിപാടിയായിട്ടാണ് പല അ മ്മമാരും പറയാറുള്ളത്. ഇവിടെ എങ്ങനെയാണ്?

പാർവതി: കണ്ണനോടും ചക്കിയോടും വഴക്കിട്ടിരിക്കുന്നത് പഠിക്കുന്ന കാര്യത്തിനു മാത്രമാണ്. സ്വഭാവത്തിൽ ഇപ്പോഴും ഒരു ടീച്ചറുടെ മോള്‍‌ തന്നെയാണ് ‍ഞാനെന്ന് ജയറാമും മക്കളും പറയും. പഠിക്കുമ്പോൾ ക്ലാസിൽ ഫസ്റ്റായിരുന്നു ഞാന്‍. ചില വിഷയങ്ങളിൽ‌ മാത്രം രണ്ടാമതു പോകും. പക്ഷേ, ഇവർ രണ്ടുപേരും ഉഴപ്പിന്റെ കാര്യത്തിൽ ജയറാമിന്റെ മ ക്കൾ തന്നെയാണ്.

മക്കളെ നമ്മൾ മനസ്സിലാക്കിയാൽ മതി. അതോടെ ടീനേജ് പേരന്റിങ് എളുപ്പമാകും. അവർക്ക് അവരുടെതായ ടെൻഷനുകൾ ഉണ്ടാകും. കണ്ണനും ചക്കിയും ചില സമയങ്ങളിൽ പൊട്ടിത്തെറിക്കാറുണ്ട്. ആ സന്ദർഭങ്ങളിൽ ഞാൻ പിന്നാലെ ചെന്ന് അതു പറഞ്ഞു വലുതാക്കാറില്ല. ദേഷ്യം ആറാനുള്ള സമയം കൊടുക്കണം. അന്നേരം അവരായിട്ട് പഴയ മൂഡിലേക്കു തിരിച്ചു വരും.

ജോലിയുടെ കാര്യത്തില്‍ മാത്രമേ കണ്ണൻ ടെൻഷനാകാറുള്ളൂ. വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നില്ലെങ്കി ൽ ഒരു ദിവസമൊക്കെ മിണ്ടാതിരിക്കും. അപ്പോൾ അവനെ അവന്റെ ലോകത്തേക്ക് വിടാറാണു പതിവ്. ചക്കിക്ക് ദേഷ്യം വരുന്നതും അതു മാറുന്നതും പെട്ടെന്നാണ്.

parvathy-jayaram-chakki

ഡിഗ്രി കഴിഞ്ഞാൽ‌ കുട്ടികൾക്ക് തിരിച്ചറിവിന്റെ പ്രായമായി. അവരുടെ തീരുമാനം വിലയ്ക്കെടുക്കണം. ചിലത് അവരുടെ ഉത്തരവാദിത്തമായി വിട്ടുകൊടുക്കണം. നമ്മൾ പിന്നാലെ നടന്നു ചോദിച്ചു കൊണ്ടിരുന്നാൽ നമ്മുടെ അ ടുത്തു നിന്ന് ഒളിച്ചു വയ്ക്കാനുള്ള തോന്നലുണ്ടാകും. പിന്നെ, എന്തു തെറ്റു ചെയ്താലും നമ്മുടെ അടുത്തു വന്നു പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.

അമ്മ ഇനിയും അഭിനയിക്കണം എന്നു തോന്നിയിട്ടില്ലേ?

ചക്കി: അമ്മയെ ഇതുവരെ നടി ആയി കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാകും അഭിനയിച്ച ഒരു സിനിമയും മുഴുവനായി കണ്ടിട്ടില്ല‌. ചാനലുകളിൽ‌ വരുന്ന പാട്ടുകളും ചില രംഗങ്ങളും മാത്രം കാണും. സിനിമയിൽ അഭിനയിക്കുന്ന അമ്മ, അത് മറ്റാരോ ആണെന്നു തോന്നും. കണ്ണന്‍ ഇങ്ങ നെയല്ല. അമ്മ അഭിനയിച്ച എല്ലാ സിനിമയും കുത്തിപ്പിടിച്ചിരുന്നു കാണും. ‘വടക്കു നോക്കിയന്ത്ര’വും ‘അക്കരെ അക്കരെ അക്കരെ’യും അവന്റെ ഇഷ്ട സിനിമകളാണ്.

അമ്മയുടെ സിനിമകളേക്കാൾ എനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണകസറ്റ് കാണാനാണ്. അ പ്പയെ നന്നായി കളിയാക്കാറുമുണ്ട്. അപ്പ മേക്കപ് ഒക്കെയിട്ട് സുന്ദരനായിരിക്കുന്നു. അമ്മയാണെങ്കില്‍ ടെൻഷനടിച്ചിരിക്കുന്നു.

പാർവതി: സിനിമയിലേക്ക് വരുന്നതിനേക്കാൾ‌ എന്തെ ങ്കിലും ഇഷ്ടമുള്ള ജോലി ചെയ്യണം എന്ന കാര്യത്തിലാണ് ചക്കി നിർബന്ധിക്കാറുള്ളത്. സിനിമയിലേക്കു വീണ്ടും വരുമോ എന്ന കാര്യത്തിൽ ഉറപ്പിച്ചു പറയാനാകില്ല. കുട്ടികൾക്കു വേണ്ടിയാണ് ‍ഞാൻ മാറി നിന്നത്. അവരിപ്പോൾ‌ സ്വന്തം ചിറകിൽ പറക്കാറായി. എപ്പോഴും ഞാൻ വീട്ടിൽ വേണമെന്നില്ല. എന്നെ ആവശ്യമുള്ള സിനിമയാണെന്ന് തോന്നിയാൽ ആലോചിക്കാം.

parvathy-1

അപ്പയെയും അമ്മയെയും പോലെ പ്രണയിച്ചു വിവാഹം കഴി ക്കാൻ‌ ചക്കിക്കു മോഹമില്ലേ?

ചക്കി: എനിക്കങ്ങനെ പ്രണയം ഇതുവരെ ഉണ്ടായിട്ടില്ല. അതെക്കുറിച്ചു ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അഥവാ ഒരാളെ വിവാഹം കഴിക്കണം എന്നു തോന്നിയാൽ ഇവരതിനെ പിന്തുണയ്ക്കും എന്ന കാര്യം ഉറപ്പാണ്. ആ സ്വാതന്ത്ര്യം ഞങ്ങൾക്ക് തന്നിട്ടുണ്ട്.

അപ്പയും അമ്മയുമാണ് എന്റെ റോൾ മോഡൽസ്. അപ്പ ഷൂട്ടിനു പോയപ്പോൾ വീട്ടിലെ എല്ലാ ഉത്തരവാദിത്തവും അമ്മയാണ് ഏറ്റെടുത്തിരുന്നത്. എന്നാൽ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിലെത്തിയാൽ ആ കുറവെല്ലാം തീർക്കും.

പെട്ടെന്നു കരയുന്ന, െപട്ടെന്നു ദേഷ്യപ്പെടുന്ന, െപട്ടെന്നു ചിരിക്കുന്ന ആളാണ് അപ്പ. വികാരങ്ങളുടെ ബോർഡർലൈൻ. അത് അമ്മയ്ക്ക് നന്നായിട്ടറിയാം. അപ്പയും അതുപോലെ തന്നെയാണ്. അമ്മയുടെ സ്പേസ് അമ്മയ്ക്കു ന ൽകും. കഴിഞ്ഞ ഇരുപത്തെട്ടു വർഷത്തിനുള്ളിൽ അപ്പ ഷൂട്ടിനു പോകാത്ത ദിവസങ്ങൾ വളരെക്കുറവല്ലേ? ആ അകലത്തെ ഇല്ലാതാക്കുന്നത് ഇവർ തമ്മിലുള്ള വിശ്വാസവും പരസ്പരമുള്ള തിരിച്ചറിവുമാണ്. ഈ കാര്യത്തിൽ രണ്ടുപേരുടെയും ആരാധികയാണ് ഞാൻ.

പഠനം കഴി‍ഞ്ഞു, ജോലിയും കിട്ടി. സ്വാഭാവികമായും വിവാഹം എന്നാണെന്നുള്ള ചോദ്യം വീട്ടിൽ നിന്നുണ്ടാകുന്നില്ലേ?

ചക്കി: ആ പ്ലാൻ ഇപ്പോഴില്ല. ഇവർക്കൊക്കെ അതുണ്ടെന്നു തോന്നുന്നു. ഞങ്ങളുെട കുടുംബത്തില്‍ എന്റെ ഒഴിച്ച് ബാക്കി പത്തു നാൽപ്പതു പേരുടെ സ്വപ്നമാണത്. വീട്ടിൽ വർഷങ്ങളായി ജോലിക്കു നിൽക്കുന്നവരുണ്ട്. അവർ പറയും, ‘ഉന്നെ എൻ മുതുകിലെ വച്ച് നടന്തമാതിരി ഉൻ പുള്ളയെ മുതുകിൽ വച്ചു നടക്കണം. അതു താൻമ്മാ ആസൈ...’

പക്ഷേ, എന്റെ തീരുമാനം ഇരുപത്തിമൂന്നാം വയസ്സി ലേ പറഞ്ഞിട്ടുണ്ട്. ജോലി കിട്ടി െഎഡന്റിറ്റി ഉറപ്പിച്ചു കഴിഞ്ഞിട്ടേ വിവാഹം കഴിക്കൂ. ഇന്നത്തെ കാലത്ത് പെൺകുട്ടിക ള്‍ ഒരു ജോലിയും ഇല്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ഒട്ടും ശരിയല്ല. ആ പെൺകുട്ടിയുടെ മൂല്യമാണ് നഷ്ടപ്പെടുന്നത്. സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം ചെയ്യാൻ എനിക്ക് താൽപര്യമില്ല.

പാർവതി: കുട്ടികളുടെ താൽപര്യം സത്യസന്ധമാണെങ്കിൽ നമ്മൾ അതിനൊപ്പം നിൽക്കുകയാണ് വേണ്ടത്. ച ക്കി പതിനഞ്ചു വയസ്സായപ്പോൾ മുതൽ ഞാൻ ഒാരോന്നു നോക്കി വയ്ക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ, കോസ്റ്റ്യൂം. ച ക്കിക്ക് ഇപ്പോഴും പ്ലാൻ ഇല്ലെന്നതു കൊണ്ട് ഞാനത് മടക്കിക്കെട്ടി വച്ചിരിക്കുകയാണ്.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാം ഇട്ട പോസ്റ്റിനെതിരെ വലിയ ആക്രമണം ഉണ്ടായല്ലോ?

ചക്കി: മാസങ്ങൾക്കു മുൻപ് അഭിയനയിച്ച പരസ്യം ആ ണത്. ഞാനതിൽ അഭിനയിച്ചതും അപ്പയുടെ പോസ്റ്റും കൂട്ടിച്ചേർത്ത് ഒരു വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലായിട്ടില്ല. സോഷ്യൽമീഡിയയ്ക്ക് നന്മയും ഉണ്ട് തിന്മയും ഉണ്ട്. വിവാദങ്ങൾ ഉണ്ടാക്കുന്നത് രണ്ടു ശതമാനം ആൾക്കാരുടെ സ്വഭാവം അല്ലേ? നമ്മളത് വിട്ടുകളയണം.

മുഖം ഇല്ലാത്തവർക്ക് എന്തും പറയാം. ഫെയ്ക് െഎഡന്റിറ്റിയുടെ മറവിൽ ആരെയും കളിയാക്കാം. കുറച്ചു കൂടുതൽ ഫോളോവേഴ്സ് ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ആ സ്വാതന്ത്ര്യമാണ് ദുരുപയോഗം ചെയ്യുന്നത്.

ജയറാമിനെയും പാർവതിയെയും കുറിച്ച് പുറത്തറിയാത്ത രഹസ്യം പറയാമോ?

ചക്കി: അപ്പയുമായുള്ള അഭിമുഖങ്ങൾ കാണുമ്പോൾ‌ അ പ്പ വീട്ടിൽ ഞങ്ങളെ കളിയാക്കി കൊല്ലുകയാണെന്ന് തോന്നും. പക്ഷേ, നേരെ തിരിച്ചാണ്. അമ്മയാണ് അപ്പയെ കൂടുതൽ റോസ്റ്റ് ചെയ്യാറുള്ളത്.

ഒരുദാഹരണം പറയാം. വീട്ടിൽ സഹായിക്കാൻ വരുന്ന ഒരു ഹിന്ദിക്കാരൻ ഭയ്യ ഉണ്ട്. മൈന എന്നാണ് ഞങ്ങൾ വിളിക്കാറുള്ളത്. മൈനയ്ക്ക് ഹിന്ദിയേ അറിയൂ. വീട്ടിലാണെങ്കിൽ അപ്പയ്ക്ക് ഹിന്ദിക്ക് അഞ്ചുമാർക്ക് കഷ്ടിച്ചു കൊടുക്കാം. അമ്മയ്ക്ക് നൂറുമാർക്കും. അപ്പ മൈനയോടു സംസാരിക്കുന്നതു കേട്ടാൽ തലകുത്തി നിന്നു ചിരിച്ചു പോകും. ഹിന്ദിയും തമിഴും മലയാളവും ഇടകലർത്തിയുള്ള ഒരു പ്രത്യേകതരം ഭാഷയാണ്.

മുകളിെല മുറിയിലേക്ക് രണ്ടു കസേര എടുത്തു വയ്ക്കാ ൻ അപ്പ പറയുന്നത് ഇങ്ങനെയാണ്, ‘മൈനാ, വോ രണ്ടു ചെയർ എടുത്ത് മേൽ മെം വയ്ക്ക്.’ ഇടയ്ക്കു കേൾക്കാം, ‘‘മൈനാ... വോ മച്ച്ലിക്കൊ ഭക്ഷണം ലേശം ഇട്ടേക്കൂ...’’ വളർത്തു മീനിന് തീറ്റ കൊടുക്കാൻ പറയുന്നതാണ്.

പുറത്തു കാണുന്ന ആളേ അല്ല അപ്പ വീട്ടിൽ. പുറത്ത് ആളുകളെ ഒക്കെ ചിരിപ്പിക്കും എങ്കിലും വീട്ടിൽ വലിയ ‘സെന്റി’യാണ്. പെട്ടെന്ന് കരയും. ഒരു ദിവസം ഞാൻ സാരിയുടുത്തു വന്നു. ‘ചക്കി ഇത്രയും വളർന്നോ’ എന്നു ചോദിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി. അതാണെന്റെ അപ്പ.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ