Wednesday 21 February 2024 03:46 PM IST

ടോക്സിക് ആയ ബന്ധങ്ങളിൽ നിന്നു പുറത്തു വന്നവർ, സിംഗിൾ മദേഴ്സ് ആയ സുഹൃത്തുക്കൾ നൽകിയ പാഠം: രമ്യ നമ്പീശൻ പറയുന്നു

V.G. Nakul

Sub- Editor

ramya-nambeesan

‘നറുമുഗയേ നറുമുഗയേ നീയൊരു നാഴിഗൈ നില്ലായ്....’ സ്റ്റുഡിയോ ഫ്ലോറിൽ നിറയുന്ന പി. ഉണ്ണികൃഷ്ണന്റെ മധുരസ്വരത്തിനും മനോഹര ഈണത്തിനുമൊപ്പം രമ്യ നമ്പീശനും പാടിത്തുടങ്ങി. പിന്നെ, സ്വയമറിയാതെ താളത്തിന്റെ തുടിയലകൾ ചെറുനൃത്തച്ചുവടുകളായി. ‘‘സംഗീതവും നൃത്തവും എനിക്കൊരിക്കലും പിരിയാനാകാത്ത കൂട്ടുകാരികളാണ്. നല്ല പാട്ട് കേട്ടാൽ അറിയാതെ ഒപ്പം മൂളും. ശരീരം താളത്തിനൊത്തു നീങ്ങും. മറ്റാരെങ്കിലും ശ്രദ്ധിക്കുമോ എന്നൊന്നും ചിന്തിക്കാറില്ല. നമ്മൾ നമ്മളെ സന്തോഷിപ്പിച്ചാലേ, ജീവിതവും ജോലിയും നന്നാകൂ...’’ രമ്യ പറയുന്നു.

കരിയറിന്റെ തുടക്കത്തിൽ നിന്നു കാലം പിന്നിട്ടപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ് ?

വളരെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു പണ്ട്. ധൈര്യം കുറവുള്ള ആൾ എന്നും പറയാം. ഇപ്പോൾ അങ്ങനെയല്ല. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്നു മനസ്സിലാക്കിയപ്പോ ൾ നിമിഷങ്ങൾ പരാമാവധി ആസ്വദിക്കുക, സന്തോഷം ക ണ്ടെത്തുക എന്ന രീതിയിലേക്ക് ചിന്തകൾ മാറി.

കോവിഡ് കാലത്തിനു ശേഷം അങ്ങനെയൊരു ചിന്താഗതി പലർക്കും ഉണ്ടായിട്ടുണ്ട്. ‘ഇപ്പോൾ, ഈ നിമിഷത്തി ൽ ജീവിക്കുക’ എന്നതാണ് പ്രധാനം. അല്ലാതെ അനാവശ്യ പരിഭ്രമങ്ങളും നെഗറ്റിവിറ്റിയും ചുമന്നു ജീവിക്കേണ്ട ആവശ്യമില്ല.അടുത്തത് എന്താണു സംഭവിക്കുകയെന്നറിയില്ല. അതിനാൽ, ഉള്ള സമയത്തു പരമാവധി സന്തോഷിക്കുക. എന്നു കരുതി എപ്പോഴും സന്തോഷിച്ചിരിക്കുന്ന ടോക്സിക് പോസിറ്റിവിറ്റിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. സങ്കടം വരുന്ന സാഹചര്യങ്ങളുണ്ടാകാം. അത് ജോലിയെ ബാധിക്കാതെ സ്വസ്ഥമായി ഇരിക്കുക. മറ്റുള്ളവർക്കു കഴിയുന്നത്ര ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക.

ഈ ചിന്തകൾ ഉള്ളിലുണ്ടായിരുന്നതു തന്നെയാണ്. സമൂഹത്തെ പേടിച്ചും മറ്റുള്ളവരുടെ അഭിപ്രായത്തിന് ഊ ന്നൽ കൊടുത്തും ജീവിച്ചതിനാൽ തിരിച്ചറിഞ്ഞില്ല എന്നേയുള്ളൂ. നമ്മൾ ആദ്യം നമ്മളെ വിശ്വസിച്ചാലേ, മറ്റുള്ളവർ നമ്മളെ വിശ്വസിക്കുകയുള്ളൂ.

എന്താണു സന്തോഷത്തിന്റെ കീ വേഡ് ?

നമ്മൾ എപ്പോഴും വലിയ കാര്യങ്ങളാണ് ആഘോഷിക്കുന്നത്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയെന്നതാണ് എന്റെ ഫിലോസഫി. രാവിലെ നല്ലൊരു ഗീ റോസ്റ്റ് കിട്ടിയാൽ, അല്ലെങ്കിൽ രുചികരമായ അപ്പവും മുട്ടക്കറിയും കിട്ടിയാൽ ഞാൻ ഹാപ്പി.

‘എങ്ങനെ വലിയ നേട്ടങ്ങളുണ്ടാക്കാം’, ‘കോടീശ്വരനാകാം’ എന്നാണു കുട്ടിക്കാലം മുതലേ നമ്മളെ പഠിപ്പിക്കുന്നത്. അല്ലാതെ, ‘എങ്ങനെ പരാജയങ്ങളെ നേരിടാം’, ‘ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാം’ എന്നൊന്നുമല്ല. ആ ഭാരങ്ങളൊക്കെ കളഞ്ഞ്, കെട്ടുകൾ പൊട്ടിച്ച്, മനുഷ്യനെ അറിഞ്ഞു മുന്നോട്ടു പോകണം.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. പക്ഷേ, അതൊരു വലിയ സംഭവമാ‌ണെന്നു സ്വയം തോന്നിയാൽ തീർന്നു. അഭിനയിക്കുന്നു, പണം കിട്ടുന്നു, ജീവിക്കുന്നു. അതിനു മേലെ ഒന്നുമില്ല. എല്ലാവരും മനുഷ്യരാണ്. ശ്വസിക്കുന്നു, ഭക്ഷണം കഴിക്കുന്നു, സന്തോഷിക്കുന്നു, മരിക്കുന്നു. അത്രയൊക്കെയേ ഉള്ളൂ.

‘പാവംകുട്ടി’ ഇമേജിൽ നിന്നുള്ള പുറത്തുവരവ് ?

ആദ്യ കാലത്ത് വിമർശനങ്ങളെ ഭയമായിരുന്നു. പെട്ടെന്നു വിഷമം വരും. പ്രായത്തിന്റെതായ ചില കുഴപ്പങ്ങൾ. ഇ പ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, അതൊക്കെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയൊന്നും മാറുമായിരുന്നില്ലെന്നു തോന്നുന്നു. സിനിമയിലാണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിച്ചു. ഓരോ ഘട്ടങ്ങളിലും പലതരം അരക്ഷിതാവസ്ഥകളിലൂടെ കടന്നു വന്നതിന്റെ ബലമുണ്ട്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. എന്റെ തന്നെ ബെറ്റർ വേർഷനെ കൊണ്ടുവരാനാണു ശ്രമിക്കുന്നത്.

20 വർഷത്തെ സിനിമ ജീവിതത്തില്‍, നടി, വ്യക്തി എ ന്നീ നിലകളിൽ ഞാൻ തൃപ്തയാണ്. നാല് ഭാഷകളില്‍ മികച്ച ടെക്നീഷൻസിനൊപ്പം നല്ല സിനിമകളുടെ ഭാഗമാ യി. കുടുംബം നൽകിയ പിന്തുണ പോലെ എനിക്കവരെയും പിന്തുണയ്ക്കാനായി.

പുറത്തു നിന്നു നോക്കുന്നവർക്ക് ‘രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല’ എന്നു തോന്നുന്നുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്നമാണ്.

പ്രതിസന്ധികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് ?

നമ്മൾ വിചാരിക്കാത്ത രീതിയിൽ ഒരു വീഴ്ച വരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു തോന്നും. വിഷമം തോന്നാതിരിക്കാൻ ഞാൻ അമാനുഷികയൊന്നുമല്ലല്ലോ. സങ്കടഘട്ടം വരുമ്പോൾ അത് അംഗീകരിച്ചു കൊണ്ട് തന്നെ അതിനെ നേരിടണം. അല്ലാതെ, ‘ഞാൻ വിഷമിക്കാതെ, കരയാതെ എല്ലാം നേരിടും’ എന്നൊക്കെ ചിന്തിക്കാനുള്ള കരുത്ത് ആർക്കുമില്ല. എല്ലാവരും കരയും. എല്ലാവരും വിഷമിക്കും. അതിന്റെ ദൈർഘ്യം വ്യത്യസ്തമാകുമെന്നേയുള്ളൂ. ചിലർ ഒരു മാസം കരയും, കുറേനാൾ വിഷമിച്ചിരിക്കും. മറ്റു ചിലർ വളരെ വേഗം എഴുന്നേൽക്കും.

ആദ്യഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പാളിയോ ?

എനിക്കങ്ങനെയൊന്നും തോന്നാറില്ല. കരിയറിൽ മാറ്റം വ രുന്നത് ‘ട്രാഫിക്’ സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കു നന്ദി. അ വർ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ്, ‘ചാപ്പാകുരിശ്’, ‘ഈ അടുത്ത കാലത്ത്’ തമിഴിൽ ‘പിസ’ ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്നുവച്ച റോളുകൾ എന്നിലേക്കെത്തിയിട്ടുണ്ട്. അവ കരിയറിലെ ഓർക്കപ്പെടുന്ന സിനിമകളുമായി. തമിഴിൽ ‘സേതുപതി’ അങ്ങനെയൊന്നാണ്. ചാപ്പാക്കുരിശ് സിനിമയിലെ ലിപ്‌ ലോക്ക് സീന്‍ ചെയ്യാൻ അൽപം ടെൻഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. ‘കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം’ എന്നു തീർത്തു പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏ റ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്.

റിയൽ ലൈഫും റീല്‍ ലൈഫും ഒന്നായിക്കാണുന്നതെന്തിന് ? റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ ‘ചാപ്പാക്കുരിശ്’ എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴിവാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അങ്ങനെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറഞ്ഞാലും ‘ഹൗ യൂ ടേക്ക് ഇറ്റ്’ എന്നേയുള്ളൂ.

ramya67gbjii9

തിരക്കുകളില്ലാത്ത നേരങ്ങളിലെ ജീവിതം എങ്ങനെയാണ് ?

നല്ല സിനിമകൾ വന്നാൽ ചെയ്യണം. ജീവിതം പരമാവധി ആസ്വദിക്കണം. അതാണ് എപ്പോഴത്തെയും ചിന്ത. സിനിമ ഒരു ജോലി കൂടിയാണെങ്കിലും അതിലെ ചില പൊളിറ്റിക്സുകൾ കൈകാര്യം ചെയ്യാൻ അത്ര വശമില്ല.

പലപ്പോഴും സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നൊക്കെ മറന്നു പോകും. അതിൽ കൂടുതൽ ആഘോഷിക്കുക ചെറിയ കാര്യങ്ങളിലാണ്. വെറുതേ ‘അനന്തമായ അണ്ഡകടാഹത്തിലേക്ക്’ അന്തം വിട്ട് നോക്കിയിരിക്കുന്നതു വളരെ ഇഷ്ടമാണ്. ‘ആർട്ട് ഓഫ് ഡൂയിങ് നതിങ്’ എന്നു കേട്ടിട്ടില്ലേ. അങ്ങനെ ഇരുന്നിരുന്ന് ബോറടിക്കുമ്പോൾ ഇനി എന്തെങ്കിലും ചെയ്യണം എന്നു തോന്നും. അ താണേറ്റവും രസം.

സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയി ഭക്ഷണം ക ഴിക്കുകയാണു മറ്റൊരു പ്രധാന വിനോദം. ‘അന്ന വിചാരം മുന്നവിചാരം’ എന്നതാണ് മുദ്രാവാക്യം. പാചകം അത്ര താൽപര്യമില്ല. ‍‘സർവൈവൽ കുക്കിങ് ഒൺലി’. അപ്പോഴും എളുപ്പപരിപാടികളേയുള്ളു. എന്തെങ്കിലും പരീക്ഷിച്ചാലും ഞാൻ മാത്രമേ കഴിക്കൂ. മറ്റുള്ളവർക്കു പാചകം ചെയ്തു കൊടുത്ത്, അവർക്കത് ഇഷ്ടപ്പെട്ടാൽ വീണ്ടും ഒരുക്കി കൊടുക്കേണ്ടി വരുമല്ലോ. അത്ര മെനക്കെടാൻ വയ്യ. വലിയ ഭാരമൊന്നുമെടുക്കാതെ, ഇങ്ങനെയങ്ങ് പോണം.

സുഹൃത്തുക്കളാണോ ദൗർബല്യം ?

വലിയ സുഹൃദ്‌വലയമില്ല. കോളജ് കാലത്തും കുറച്ച് കൂട്ടുകാരേ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളാണ്. സിനിമയിലെത്തിയ ശേഷവും നല്ല കുറച്ച് സുഹൃത്തുക്കളെ ലഭിച്ചു. അപ്പോഴും ക്ലോസ് സർക്കിൾ വളരെ ചെറുതാണ്. അൽപം കരുണയും കരുതലുമാണ് ഓരോ സൗഹൃദത്തിൽ നിന്നും നമ്മളോരോരുത്തരും പ്രതീക്ഷിക്കുക. അത്ര മതി.

യാത്രകളോടുള്ള ഇഷ്ടം?

പണ്ടൊക്കെ ഷൂട്ടിങ്ങിന് എവിടേക്കെങ്കിലും പോയാൽ, ജോലി തീർത്ത് എത്രയും പെട്ടെന്ന് മടങ്ങി വരികയെന്നതായിരുന്നു രീതി. ഇപ്പോൾ അതു മാറി. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിട്ടിരുന്ന്, കാഴ്ചകൾ കാണാതെയായപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെയും സഞ്ചാരത്തിന്റെയും പ്രാധാന്യം മനസ്സിലായത്.

‘സെൽഫ് മെയ്ഡ് വുമൺ’ എന്ന സ്വാത ന്ത്ര്യം എത്രത്തോളം സഹായകരമാണ് ?

സ്ത്രീകളെ സംബന്ധിച്ച് പണം തരുന്ന സ്വാതന്ത്യം എന്തിനെക്കാളും വലുതാണ്. അതാണ് ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കാനും യാത്രകൾ ചെയ്യാനും സഹായിക്കുന്നത്. കസിൻസിനോടും സുഹൃത്തുക്കളോടും ഞാനിത് പറയാറുണ്ട്. ആത്മാഭിമാനത്തോടെ മുന്നോട്ടു പോകണമെങ്കിൽ സാമ്പത്തിക സ്വയംപര്യാപ്തത അത്യാവശ്യമാണ്.അപ്പോൾ ആ ത്മവിശ്വാസം കൂടും.

‘നിങ്ങളെ കല്യാണം കഴിപ്പിക്കും. നല്ല പയ്യനെ കിട്ടും. അ വന്റെ കൂടെ നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ’ എന്നൊണ് മിക്ക വീട്ടുകാരും പറയുക. പലപ്പോഴും സ്ത്രീ ഒരു ‘ഡമ്മി പീസ്’ ആണ്.

37–ാം വയസ്സിലും ഞാൻ ജോലി ചെയ്യുന്നു. ഇനിയും മുന്നോട്ടു പോകാനുണ്ട്. മറ്റുള്ളവരുടെ സംരക്ഷണയിലാണു ജീവിക്കുന്നതെങ്കിൽ മാനസികമായോ സാമൂഹികമായോ വളരാനാകില്ല. എനിക്കറിയാവുന്ന പലരും ജോലി കിട്ടിയിട്ടു കല്യാണത്തെക്കുറിച്ചാലോചിക്കാം എന്ന നിലപാടിലാണ് ഇപ്പോൾ. കല്യാണം എന്നത് ‘എൻഡ് ഓഫ് ദ വേൾഡ് അല്ല, പാർട് ഓഫ് ദ് ലൈഫ്’ മാത്രമാണ്.

സിംഗിൾ മദേഴ്സ് ആയ ഒരുപാട് സുഹൃത്തുക്കളുണ്ട്. പലരും അത്രയേറെ ടോക്സിക് ആയ ബന്ധങ്ങളിൽ നിന്നു പുറത്തെത്തി, സ്വന്തം പ്രയത്നത്തിലൂടെ ജീവിതം തിരികെപ്പിടിച്ചവരാണ്. ഒന്നു കൂടി നന്നായി സ്വയം വാ‍ർത്തെടുക്കണമെന്ന ഊർജമാണ് അവരിൽ നിന്നു കിട്ടുന്നത്. അവരോടാണ് കൂടുതൽ ബഹുമാനം.

നിലപാടുകളുടെ പേരിൽ ബുദ്ധിമുട്ടുകൾ നേ രിടേണ്ടി വന്നിട്ടുണ്ടോ?

നിലപാട് സ്വീകരിച്ചാൽ പിന്നെയതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചു ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉൾക്കൊള്ളുക.

ഒരാളെ അയാളുടെ നിലപാടിന്റെ പേരില്‍‌ തൊഴിലിടത്തിൽ ബുദ്ധിമുട്ടിക്കുന്നതു നല്ല പ്രവണതയല്ലെന്നു മാത്രമേ പ റയാനുള്ളൂ. ഞാനത് അതിജീവിക്കും. മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ചു സമാധാനമാണു പ്രധാനം. കിടന്നാൽ സുഖ മായി ഉറങ്ങാനാകണം. നിലപാടുകൾ എടുക്കാതിരുന്നാൽ ആ ഉറക്കം എനിക്കു കിട്ടില്ല.

എനിക്ക് കിട്ടിയ പാട്ട് ലോട്ടറി

പാട്ടിലേക്കുള്ള വരവ് ലോട്ടറി ആയി കിട്ടിയതാണ്. നടിയെക്കാളും ഗായികയാകാനായിരുന്നു മോഹം. എന്റെ വോയിസ് ടെക്സ്ചർ മലയാളത്തിലത്ര പരിചിതമല്ലാത്തിനാൽ അവസരം കിട്ടാനും ബുദ്ധിമുട്ടായിരുന്നു.

ഒരു ടെലിവിഷൻ പരിപാടിയിൽ പാടുന്നത് കേട്ടാണ് സംഗീത സംവിധായകൻ ശരത് സാർ ‘ഇവൻ മേഘരൂപന്‍’ലെ ‘ആണ്ടേ ലോണ്ടേ...’ എന്ന പാട്ട് പാടാൻ വിളിക്കുന്നത്. ‘ഒന്നു കൂടി ‌ആലോചിച്ചൂടേ, എന്നെ തന്നെ വിളിക്കണോ’ എന്നു ഞാൻ ചോദിച്ചതാണ്. പക്ഷേ, സാറിന് വലിയ ആത്മവിശ്വാസമായിരുന്നു.

‘ബാച്ച്ലർ പാർട്ടി’യിലെ ‘വിജനസുരഭിയും’ യാദൃച്ഛികമായി വന്നതാണ്. ഞാൻ പാടുമെന്ന് അനിയൻ രാഹുലാണ് സംവിധായകൻ അമൽ നീരദിനോടു പറഞ്ഞതും പാടിയത് കേൾപ്പിച്ചതും.

മ്യൂസിക് ഡയറക്ടർ രാഹുൽ രാജ് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെ പാടിക്കാൻ. കുറേ പ്രാവശ്യം പാടിത്തെളിഞ്ഞിട്ടാണ് ഓക്കെയായത്. ‘നീ പാടി ശരിയാക്കിയിട്ട് പോയാൽ മതി...’ എന്നു പറയില്ലേ, അതായിരുന്നു സംഭവം. ഇപ്പോൾ, ഒരു മിനി മ്യൂസിക് ബാൻഡ് തുടങ്ങണം എന്ന മോഹമുണ്ട്. ഒപ്പം നൃത്തത്തിലും സജീവമാകണം.

വി.ജി.നകുൽ

ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ