ഇത് സാബു ആർമി. സാബു ചേട്ടന്റെ സ്വന്തം പടയാളികൾ വാഴുന്ന ഇടം’– ഫെയ്സ് ബുക്കിൽ സാബുവിന്റെ ചങ്കുകൾ ഉണ്ടാക്കിയ പബ്ലിക് ഗ്രൂപ്പിന്റെ ചുമരിൽ ഇങ്ങനെയാണ് എഴുതിയിട്ടിരിക്കുന്നത്. സാബുവിനു വേണ്ടി സോഷ്യൽമീഡിയയിൽ വെട്ടാനും ‘വെട്ട’മാകാനും തയാറായ ആയിരക്കണക്കിനു പേർ.
എന്നാൽ വീട്ടിലോ? ഇവിടെ ഞങ്ങളാണ് സാബുവിന്റെ ആർമിയെന്ന് ഭാര്യ സ്നേഹ ഭാസ്കരന്‍. അച്ഛനെക്കുറിച്ചു തരികിട ചോദ്യങ്ങൾ ആയാൽ കുത്തി മലർത്തിക്കളയും എന്നമട്ടിൽ രണ്ടു ഝാൻസി റാണിമാർ– െഎറയും ഷിഫാലിയും.
‘‘കുടുംബത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിട്ടില്ല. തരികിട സാബു എന്ന പേരു കാണുമ്പോഴേ കുടുംബത്തിൽ കയറ്റാന്‍ കൊള്ളാവുന്നവനാണോ എന്നു സംശയിക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് സ്നേഹയും മക്കളും സംസാരിക്കട്ടെ...’’
പേരിൽ ‘തരികിട’യുള്ളയാളെ കല്യാണം കഴിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി?
സ്നേഹ: ‘‘അതു കൊള്ളാം. പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകും. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട്. ഒരിക്കൽ എയർപോർട്ടിൽ നിന്ന് ഞാനും സാബുവും പുറത്തേക്ക് ഇറങ്ങുകയാണ്. പെട്ടെന്ന് ഒരമ്മൂമ്മ ഒാടി വന്ന് കൈപിടിച്ചു നിർത്തി ചെവിയിൽ പറഞ്ഞു, ‘‘ആ പയ്യന്റെ കൂടെ കറങ്ങണ്ട. അയാൾ തരികിടയാണ്. സൂക്ഷിക്കണം’’ എന്നെ കാണാതെ സാബു തിരിഞ്ഞു നിന്നതും ആ അമ്മച്ചിയുടെ പൊടിപോലും കാണാനില്ല. പലർക്കും സാബു വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അറിയില്ല.
ലോ അക്കാദമിയിൽ നിന്നാണോ പ്രണ യം തുടങ്ങുന്നത്?
സ്നേഹ: എന്റെ സീനിയർ ആയിരുന്നു സാബു. ആ കാലത്ത് അത്ര പരിചയമില്ല. ക്യാംപസിൽ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഒാർമ. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ചാനലിൽ പരിപാടി അവതരിപ്പിക്കുന്ന പയ്യനാണെന്ന് കേട്ടിട്ടുണ്ട്.
ഞാൻ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെ ദൂരദർശൻ മാത്രമേയുള്ളൂ. ചാനലിലെ ‘തരികിട’ കാണാനുള്ള സാഹചര്യം ഇല്ല. ക്യാംപസിലൂടെ യമഹ ബൈക്കും ഓടിച്ചു നടക്കുന്നതാണ് സാബുവിനെ കുറിച്ചുള്ള അന്നത്തെ ഒാർമ. അവസാന വർഷത്തെ ‘കോർട്ട് വർക്ക് ’ ഞങ്ങൾ ഒരുബാച്ച് ആയിരുന്നു. അപ്പോൾ ‘ജസ്റ്റ് ഹായ് ബൈ’ പരിചയം. അതിനപ്പുറം മിണ്ടിയിട്ടില്ല. പഠന ശേഷം രണ്ടു വഴിക്ക്.
എന്റെ അച്ഛൻ റെയിൽവേയിൽ ആയിരുന്നു, ഡൽഹിയിൽ. പഠനശേഷം ഞാൻ അങ്ങോട്ടു പോയി. സുപ്രിംകോടതിയിലെ സീനിയർ അഡ്വക്കറ്റിനൊപ്പം പ്രാക്ടീസ് തുടങ്ങി. പിന്നെ, കുറേക്കാലം സാബുവിനെക്കുറിച്ച് കേട്ടിട്ടേയില്ല’’
ബാക്കി ഞാൻ പറയാമെന്ന് സാബു...
സാബു: നാട്ടിൽ പ്രാക്ടീസ് തുടങ്ങി. ആയിടയ്ക്കാണ് സൗദിയിൽ എയർലൈൻസ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി കിട്ടുന്നത്. നല്ല കച്ചവടക്കാരനായതു കൊണ്ട് പിടിച്ചു കയറി. അന്ന് വാട്സ്ആപ് ഒന്നും ഇല്ലല്ലോ. ആകെയുള്ളത് ഒാർക്കൂട്ട്. ഇഷ്ടം പോലെ സമയവും ഫ്രീ ഇന്റർനെറ്റും ഉണ്ട്. പഴയ പലരെയും ഒാര്‍ക്കുട്ടിൽ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്നേഹയെ ഒാർക്കൂട്ടിൽ കാണുന്നത്. പണ്ട് ക്യാംപസിൽ വച്ച് കണ്ട കുട്ടിയല്ലേ എന്നോർത്ത് ഹായ് പറഞ്ഞു, അതാണ് ദാ ഇങ്ങനെയായത്.’’സാബുച്ചിരി മുഴങ്ങി.
വിശദമായ വായന വനിത ഓഗസ്റ്റ് ആദ്യ ലക്കത്തിൽ