ADVERTISEMENT

ഒരു വർഷം കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതിയെ കണ്ടിട്ട്. ‘വിക്രം വേദ’യുടെ തകർപ്പൻ വിജയത്തിന്റെ ആരവത്തിലായിരുന്നു ആ കൂടിക്കാഴ്ചയെങ്കിൽ ‘96’ എന്ന സിനിമ തിയറ്ററിൽ നിന്നഴിച്ചുവിട്ട നൊസ്റ്റാൾജിയയുടെ കാറ്റിലലിഞ്ഞാണ് ഇക്കുറി കണ്ടത്. ‘96’ ലെ നായികയായ

ജാനു നായകനായ രാമചന്ദ്രനോടു പറഞ്ഞ ആ ഡയലോഗ് ഒന്നു തിരുത്തി ഇങ്ങനെ പറയാതെ തരമില്ലായിരുന്നു, ‘റൊമ്പ ദൂരം പോയിട്ടേൻ...’

ADVERTISEMENT

സിനിമ മോഹിച്ച 24 വയസ്സുകാരനിൽ നിന്ന് തമിഴിലെ പുതിയ സൂപ്പർ സ്റ്റാറിലേക്ക് വലിയ ദൂരം പിന്നിട്ട ഭാവമൊക്കെ ചെറുചിരിയിലൊതുക്കി വിജയ് സേതുപതി പറഞ്ഞു തുടങ്ങി, ‘‘സൂപ്പർസ്റ്റാറായി എന്നു തോന്നിയിട്ടില്ല, അങ്ങനെ തോന്നാതിരിക്കുന്നതാണ് ഇഷ്ടവും. ഓരോ സിനിമ കഴിയുമ്പോഴും ചെറിയ ഭയം ഉള്ളിൽ തോന്നും. വിജയിക്കുമ്പോൾ എക്സൈറ്റ്മെന്റല്ല, റിലാക്സേഷനാണ് തോന്നുന്നത്. ഒരു നിമിഷം വൈകാതെ ദൈവത്തോടു നന്ദി പറയും...’’

തമിഴിൽ മാത്രമല്ല, കേരളത്തിലും ‘96’ തരംഗമാണ് ?

ADVERTISEMENT

സംവിധായകൻ സി. പ്രേംകുമാർ ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതോ കൊറിയൻ സിനിമ കോപ്പിയടിച്ചതാകുമെന്നാണ്. പക്ഷേ, കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിലൊരു തുടിപ്പ്. 1996ൽ തഞ്ചാവൂരിലെ സ്കൂളിൽ നിന്നു പത്താം ക്ലാസ് പാസ്സായ ഒരുകൂട്ടം വിദ്യാർഥികള്‍ 20 വർഷത്തിനു ശേഷം കൂടിച്ചേർന്ന കഥയാണ്. അതിൽ നൊസ്റ്റാൾജിയയുടെ കുളിരു മാത്രമല്ല, രാമചന്ദ്രനു ജാനുവിനോടുള്ള ഉള്ളുതൊട്ട പ്രണയവുമുണ്ട്.

എട്ടു വർഷമായി സ്കൂൾ സുഹൃത്തുക്കളോടൊപ്പം റീയൂണിയനിൽ പങ്കെടുക്കാറുണ്ട് ഞാന്‍. ആ നൊസ്റ്റാൾജിയയുള്ളതു െകാണ്ട് കഥ വല്ലാതെ ഇഷ്ടമായി. ഓപ്പണിങ് സോങ്ങാണ് കുറച്ച് ബുദ്ധിമുട്ടി ചെയ്തത്. ആൻഡമാനിലാണ് ആദ്യത്തെ ഷോട്ടുകൾ, പിന്നെ കൊൽക്കത്ത, ജയ്പുർ, ജയ്സാൽമീർ, കുളു മണാലി... രാത്രി മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലത്തേക്കെത്തും. പകൽ ഷൂട്ടിങ്. അതു കഴിഞ്ഞ് പിന്നെയും യാത്ര. ഈ യാത്രകൾക്കിടെ കാറിൽ സുഖമായി കിടന്നുറങ്ങും.

ADVERTISEMENT

സിനിമാരംഗത്ത് എന്നേക്കാൾ വളരെ സീനിയറാണ് തൃഷ. അവരെ നേരിൽ കാണുന്നതുവരെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, അടുത്ത വീട്ടിലെ കുട്ടിയെ പോലെ വളരെ അടുപ്പത്തിൽ ഇടപെട്ട് അവർ സീൻ കൂളാക്കി. മിക്ക ഷോട്ടുകളും ആദ്യ ടേക്കിൽ തന്നെ ഓക്കെയായി. ആ സെറ്റിന്റെ എനർജിയായിരുന്നു അതിനു കാരണം. സൈലന്റായി തനിച്ചിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാനും. എന്നോടു തന്നെ സംസാരിച്ചും എന്നെത്തന്നെ അറിഞ്ഞും സമയം ചെലവഴിക്കുന്ന ശീലവുമുണ്ട്. അപ്പോഴല്ലേ നമ്മളോടു സ്നേഹമുണ്ടാകൂ. പക്ഷേ, യാത്രകളൊന്നും അധികം ചെയ്തിട്ടില്ല. തനിച്ചു യാത്ര ചെയ്യുന്ന ശീലം ഒട്ടുമില്ല.

സ്കൂൾ കാലത്തെ വിജയ് സേതുപതിയുടെ ജാനു ആരായിരുന്നു ?

മധുരയിൽ നിന്ന് 85 കിലോമീറ്റർ അകലെ രാജപാളയത്താണ് ഞാൻ ജനിച്ചതും വളർന്നതും. നാലു മക്കളാണ് ഞങ്ങൾ. അപ്പ കാളിമുത്തു സിവിൽ എൻജിനീയറായിരുന്നു, അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. അച്ഛൻ ബിസിനസിൽ പരാജയപ്പെട്ടതോടെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി. അമ്മ വീട്ടിൽ പശുവിനെ വളർത്തിയിരുന്നു. അമ്മ അറിയാതെ രഹസ്യമായി പശുവിന്റെ പാൽ കറന്നു കുടിക്കുന്നത് എന്റെ പ്രധാന വികൃതിയായിരുന്നു.

സ്കൂൾ ഓർമകളൊന്നും അത്ര നിറമുള്ളതല്ല. ക്ലാസ്സിൽ ശരാശരിയിൽ താഴെയുള്ള കുട്ടി. വലിയ പൊക്കവും വണ്ണവും ഇല്ലാത്തതിനാൽ സ്കൂൾ സ്പോർട്സ് ടീമിലുമില്ല. വിജയ് ഗുരുനാഥ േസതുപതി എന്നാണു മുഴുവന്‍ പേര്. പേരിന്റെ നീളക്കൂടുതലും കുറച്ച് പ്രശ്നമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്. അവളെ കാത്തുനിൽക്കുന്നതും എന്റെ കാത്തിരിപ്പിന് അവൾ പുഞ്ചിരി പകരം തരുന്നതും കണ്ട്, കൂട്ടുകാരനാണ് ഇത് ‘ലവ്’ ആണെന്നു പറഞ്ഞത്.

‘ലവ്’ എന്ന വാക്ക് പോലും ആദ്യമായി കേൾക്കുന്നത് അ ന്നാണ്. പക്കാ തമിഴ് മീഡിയം സ്കൂളാണ്. അഞ്ചാം ക്ലാസ്സ് വരെ സൺഡേ, മണ്‍ഡേ, ട്യൂസ്ഡേ പോലും അറിയില്ലായിരുന്നു.

കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങൾ ചെന്നൈയിലേക്കു താമസം മാറി. ആറാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേർന്ന ശേഷം ജീവിതം മാറി. എന്റെ ‘ജാനു’ ആ നാലാംക്ലാസ്സുകാരിയാണ്. അവളുടെ പേരു പോലും ഓർമയില്ല. ആ നാളുകളോടു വല്ലാത്ത സ്നേഹമുണ്ട്. പക്ഷേ, തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല.

പക്ഷേ, ജീവിതത്തിൽ ജെസിയെ പ്രപ്പോസ് ചെയ്യാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ?

ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ 20Ðാം വയസ്സിൽ ഗൾഫിലേക്കു പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ചു പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞു. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ‘ഐ ലവ് യൂ’ എന്നല്ല ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്നു നേരേയങ്ങു ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓക്കെ പറഞ്ഞു. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം എന്റെ 23Ðാം വയസ്സില്‍ വിവാഹം. നിശ്ചയത്തിന്റെയന്നാണ് നേരിൽ കാണുന്നത്. പിന്നെ, ഗൾഫിലേക്കു പോയില്ല.

family

അപ്പോഴാണ് സിനിമാമോഹം മനസ്സിൽ കയറിയത് ?

കുട്ടിക്കാലത്ത് വീട്ടിൽ എല്ലാവരും ടിവിയിൽ സിനിമ കാണുമ്പോൾ ഞാൻ ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിട്ട് അച്ഛന്റെ കടം കുറച്ചൊക്കെയേ വീട്ടിയിരുന്നുള്ളൂ. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയിൽ അവസരം തേടിയത്. ജെസിക്ക് അതിനോടു താൽപര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ ശരിയാണ്, സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവൾക്കോ ഐഡിയ ഇല്ല.

കുറച്ചുനാളുകൾക്കകം ജെസി ഗർഭിണിയായി. തിരിച്ചു ഗ ൾഫിലേക്ക് പോകാതിരുന്നതിൽ നിരാശ തോന്നിത്തുടങ്ങി. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോർത്ത് ഭയവും. പക്ഷേ, അ പ്പോഴേക്കും ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി. അവൾക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോർത്ത് മോഹം മാറ്റിവയ്ക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും അവൾ പറഞ്ഞു. പലപ്പോഴും ചാൻസ് തേടി ഇറങ്ങുമ്പോൾ വണ്ടിക്കൂലിക്കുള്ള കാശ് പോക്കറ്റിൽ വച്ചുതരും. മോനുണ്ടായി കഴിഞ്ഞ സമയത്താണ് സിനിമയിൽ വേഷങ്ങൾ കിട്ടിത്തുടങ്ങിയത്. എന്നും സപ്പോർട്ട് തന്ന് കൂടെ നിന്നത് ജെസിയാണ്. ‘96’ ഏറ്റവുമിഷ്ടപ്പെട്ടതും ജെസിക്കാണ്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.

‘96’ന്റെ കടം ഏറ്റെടുത്തും വാർത്തകളിൽ താരമായി ?

സിനിമ മിക്കപ്പോഴും റിസ്ക് കളിയാണ്. ഒരു സിനിമയുടെ പ രാജയത്തിന്റെ കടമെല്ലാം അടുത്ത സിനിമയിൽ നിന്നു തിരിച്ചുപിടിക്കാമെന്നാണ് നിർമാതാവ് വിചാരിക്കുന്നത്. സിനിമ തിയറ്ററിലെത്തിയാലേ അതു സാധിക്കൂ. ‘96’ തിയറ്ററിലെത്തിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് എന്നറിഞ്ഞപ്പോൾ ഇത്ര നല്ല സിനിമ പ്രേക്ഷകർക്ക് കിട്ടാതെ പോകുന്നതിൽ വിഷമം തോന്നി. പണമാണോ സിനിമയാണോ മുഖ്യമെന്ന് എന്നോടുതന്നെ ചോദിച്ചു.

സിനിമയാണ് എനിക്ക് എന്തിനേക്കാളും വലുത്. ഇപ്പോൾ ഞാനനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം സിനിമ തന്നതാണ്. അതുകൊണ്ടാണ് പ്രതിഫലത്തുകയും കുറച്ചധികം പണവും തിരിച്ചു നൽകിയത്. ഞാൻ നൽകിയ മൂന്നു കോടിയേക്കാൾ പല കോടി സ്നേഹം തിരിച്ചുകിട്ടുമ്പോൾ ആ തീരുമാനം ശരിയാണെന്നു തോന്നുന്നു. സിനിമയുടെ മൂല്യം അറിയാതിരുന്നാൽ ഞാനൊരു നടനാകാൻ യോഗ്യനല്ല.

‘ഇമൈക്ക നൊടികൾ’ പോലെയുള്ള സിനിമകളിൽ െച റിയ േവഷങ്ങളില്‍ അഭിനയിക്കാനും തയാറാകുന്നു ?

‘ഇമൈക്ക നൊടികൾ’ പക്കാ നയൻതാര സിനിമയാണെന്ന് അ റിയാമായിരുന്നു. കഥ കേട്ടപ്പോൾ ആ റോൾ ചെയ്യാതിരിക്കാൻ തോന്നിയില്ല. പക്ഷേ, ഷൂട്ടിങ് നീണ്ടുപോയതിനാൽ ഡേറ്റ് പ്രശ്നം വന്നു. ‘ജുംഗ’യുടെ ഷൂട്ടിങ്ങിനിടെ മുടി നീട്ടിയ ലുക്കിൽ വന്നതിനാൽ കോൺഫിഡൻസ് ഇല്ലായിരുന്നു. പക്ഷേ, സിനിമ ബംപർ ഹിറ്റായി. എന്റെ കഥാപാത്രം എത്ര നേരം സ്ക്രീനിലുണ്ടാകും എന്നു നോക്കാറില്ല, എത്ര കുറച്ചു സമയത്തേക്കാണെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടാകുമോ എന്നാണ്. ഓരോ റോളും പുതിയ പാഠങ്ങൾ പഠിപ്പിക്കും.

നയൻതാരയൊടൊപ്പം രണ്ടാമത്തെ സിനിമയാണ് ‘ഇമൈക്ക നൊടികൾ.’ പക്കാ പ്രഫഷനൽ ആണവര്‍. കൃത്യസമയത്ത് സെറ്റിൽ വരും. ഷോട്ട് കഴിഞ്ഞാലും ഡയറക്ടർ പറയാ തെ കാരവാനിലേക്ക് പോകില്ല. അത്ര ഡെഡിക്കേഷൻ.

മലയാളത്തോട് വളരെ അടുപ്പമുണ്ട് ?

ഹോളിവുഡ് സിനിമകളൊന്നും കാണില്ലായിരുന്നു. മറ്റൊന്നു മല്ല കാരണം, ഭാഷ മനസ്സിലാകില്ല. പഴയ തമിഴ്, മലയാളം സിനിമകളാണ് പതിവായി കണ്ടിരുന്നത്. വടപളനിയിലെ വിഡിയോഷോപ്പിൽ നിന്ന് മലയാളം സിനിമകളെടുക്കും. വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഭാഗ്യദേവത, തന്മാത്ര, രാജമാണിക്യം, കറുത്ത പക്ഷികൾ, ഭ്രമരം... അന്നുകണ്ട സിനിമകളുടെ പേരുകളെല്ലാം ഓർമയുണ്ട്. സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം എന്നെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്, തിലകൻ സാറിന്റെയും മുരളി സാറിന്റെയും.

യുവസംവിധായകരെ തേടിയുള്ള തമിഴ് റിയാലിറ്റി ഷോയിൽ വച്ച് അൽഫോൺസ് പുത്രനെ പരിചയപ്പെട്ടു. അങ്ങനെ അൽഫോൺസിന്റെ ‘എയ്ഞ്ചൽ’, ‘നേരം’ എന്നീ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. ‘േനര’ത്തില്‍ വട്ടിരാജ എന്ന വില്ലന്‍ േവഷമായിരുന്നു. പിന്നീടിതു സിനിമയായപ്പോൾ ബോബി സിൻഹ ആ വേഷത്തില്‍ അഭിനയിച്ചു.

ഡിസംബറിൽ റിലീസാകുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന സിനിമയിൽ ഞാനും ഫഹദ് ഫാസിലും ഒന്നിച്ചുവരുന്നുണ്ട്. അതിൽ ട്രാൻസ്ജെൻഡറാണ് എന്റെ കഥാപാത്രം. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കണ്ടപ്പോൾ മുതൽ ഞാൻ ഫഹദിന്റെ ഫാനാണ്. ‘സൂപ്പർ ഡീലക്സി’ൽ ഞങ്ങൾക്ക് ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നതു കാണാനായി മാത്രം ലൊക്കേഷനിൽ പോയിരുന്നു. എത്ര റിയലിസ്റ്റിക്കായാണ് അദ്ദേഹം അഭിനയിക്കുന്നത്, സൂപ്പർ ഓസം...

ഈയിടെ മറ്റൊരു സംഭവമുണ്ടായി. ‘96’നു ശേഷം ഏഴു ദിവസത്തെ തിരുമ്മുചികിത്സയ്ക്കായി കോട്ടയ്ക്കലിൽ വന്നിരുന്നു. ചികിത്സയുടെ ഭാഗമായി വൈകിട്ട് ഒരു മണിക്കൂർ നടക്കണം. റോഡിൽ വച്ച് എന്നെ കണ്ട് ആളുകൾ ഫോട്ടോയെടുക്കാനും വിശേഷം ചോദിക്കാനും തിരക്കുകൂട്ടി. ഓരോ ദിവസവും ആ തിരക്ക് കൂടിവന്നു. മലയാളത്തിലും എനിക്ക് ഇത്രയേറെ ഫാൻസ് ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്.

മണിരത്നം സിനിമയിലും നായകനായി ?

നടനാകാൻ മോഹിച്ച കാലം മുതലേയുള്ള ‘അത്യാഗ്രഹ’മായിരുന്നു അദ്ദേഹത്തോടൊപ്പം ഒരു സിനിമ. പലവട്ടം ഫോട്ടോ അയച്ചിട്ടുമുണ്ട്. ‘രാവണൻ’ സിനിമയുടെ ഓഡിഷനു പോയെങ്കിലും സെലക്ട് ആയില്ല. ‘രാവണ’ന്റെ ഓഡിഷൻ നടന്ന അതേ സ്റ്റുഡിയോയിൽ തന്നെയായിരുന്നു ‘ചെക്ക ചെവന്ത വാന’ത്തിന്റെയും ഓഡിഷൻ.

അതിനു ശേഷം മണിസാറിന്റെ മുകൾനിലയിലെ ഓഫിസിലേക്ക് പോകാൻ പടികൾ കയറുമ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ‘നന്നായി ചെയ്തു, എന്റെ കഥയിലെ നടൻ നീയാണ്’ എന്നു മണിസാർ തോളിൽ തട്ടി പറഞ്ഞപ്പോൾ ‘പോതും ടാ, സാമീ...’ എന്നാണ് മനസ്സു അലറിവിളിച്ചത്.

സിനിമയിലെ ‘മീ ടൂ’ മൂവ്മെന്റിനെക്കുറിച്ച് ?

സിനിമയിൽ മാത്രമല്ല, ഓഫിസുകളിലും സ്കൂളിലുമെല്ലാം സ്ത്രീകളും കുട്ടികളും ചൂഷണത്തിന് ഇരയാകുന്നുണ്ട്. പ ക്ഷേ, ‘മീ ടൂ’വിൽ പോസിറ്റീവും നെഗറ്റീവുമുണ്ടെന്നാണ് തോന്നുന്നത്. പലരും തെറ്റായി ഇതിനെ ഉപയോഗിക്കുന്നു. പ്രശസ്തരായവരെ അപകീർത്തിപ്പെടുത്താനായൊക്കെ. സ്ത്രീക ൾ മാത്രം പോരാ, കുട്ടികളും പുരുഷന്മാരും ചൂഷണങ്ങള്‍ തുറന്നു പറയണം. അധികാരം കൊണ്ട് എല്ലാവരെയും കീഴ്പ്പെടുത്താനാകുമെന്ന ചിന്ത അപ്പോഴേ മാറൂ. എത്ര വർഷം കഴിഞ്ഞായാലും തുറന്നുപറച്ചിലിനു തയാറാകുന്നവർക്ക് നീതി കിട്ടുകയും വേണം. അപ്പോഴേ പേടിയുണ്ടാകൂ.

മോൻ പിന്നീട് സിനിമയിൽ വന്നില്ല ?

മോൻ സൂര്യ ഒൻപതാം ക്ലാസ്സിലാണ്, ഇളയവൾ ശ്രീജ ആറാം ക്ലാസ്സിലും. ‘നാനും റൗഡി താനി’ലാണ് എന്റെ കുട്ടിക്കാലം സൂര്യ ചെയ്തത്. അവർക്ക് സിനിമാ മോഹമുണ്ടെങ്കിൽ വരട്ടെ. ‘പൂന്തളിരാടാ തേൻമലർ ചൂട്...’, ‘വെള്ളൈ പുറാ ഒൻട്ര്...’ പോലെ എനിക്കിഷ്ടപ്പെട്ട കുറേ പാട്ടുകളുണ്ട്. വീട്ടിലിരിക്കുമ്പോൾ ജെസിയും ഞാനും മക്കളും കൂടി ഇതൊക്കെ പാടും. പാട്ടിനിടയിൽ ജെസി നല്ല വിഭവങ്ങൾ ടേബിളിൽ നിരത്തും. വത്തക്കുഴമ്പും ബീഫ് ഫ്രൈയും എത്ര കിട്ടിയാലും ഞാൻ വി ടില്ല. ഡയറ്റൊന്നുമില്ല, ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ. എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കേരളാ ഐ റ്റമുണ്ട്, കഞ്ഞിയും തേങ്ങാ ചമ്മന്തിയും മത്തി ഫ്രൈയും. ജെ സി ഇടയ്ക്കത് ഉണ്ടാക്കും.

ലയാളത്തിലേക്ക് എപ്പോഴാണ് എന്ന ചോദ്യത്തിനു ‘സേതുപതി’യിലെ പൊലീസ് സ്റ്റൈലിൽ മീശയിലൊന്നു തലോടി പുഞ്ചിരിച്ച് മറുപടി പറഞ്ഞു, ‘റൊമ്പ നാളാ കാത്ത്ക്കിട്ടിരുക്ക്... പാക്കലാം...’

vij

 

Vijay Sethupathi - Unknown facts

∙ കാളിമുത്തു - സരസ്വതി ദമ്പതികളുെട മക്കളുെട േപരുകള്‍ വ്യത്യസ്തമാണ്. മൂത്ത മകന് അമ്മൂമ്മയുടെ പേരായ ഷൺമുഖം കൂടി ചേർത്ത് ഉമാ ഷൺമുഖപ്രിയൻ എന്നു പേരിട്ടു. രണ്ടാമന്‍ അപ്പൂപ്പന്റെ പേരായ ഗുരുസ്വാമി ചേർത്ത് വിജയ് ഗുരുനാഥ സേതുപതിയായി. മൂന്നാമന്‍റെ േപരില്‍ കൂടിയത് പ്രശസ്ത കവി ഭാരതിയാര്‍. അങ്ങനെ മൂന്നാമൻ യുവഭാരതി രാമനാഥൻ ആയി. കുലദൈവമായ കാളിയുടെ പേരു ചേർത്തപ്പോൾ ഇളയവള്‍ക്ക് കിട്ടിയത് ജയശ്രീ ഹിമവാഹിനി എന്ന പേര്.

∙ സ്കൂളിൽ പഠിക്കുമ്പോള്‍ ടെലഫോൺ ബൂത്ത് ഓപ്പറേറ്ററായും സെയിൽസ്മാനായും വിജയ് സേതുപതി ജോലി ചെയ്തു. ചെന്നൈ ഡിബി ജെയ്ൻ കോളജിൽ നിന്ന് ബികോം പാസായ ശേഷം ഗൾഫിലേക്ക് പോയി.

∙ അഭിനയമോഹം കലശലായപ്പോൾ ചെന്നൈയിലെ ‘കുത്തുപ്പട്ടറെ’ എന്ന തിയറ്റർ ഗ്രൂപ്പിനൊപ്പം അക്കൗണ്ടന്റായി ചേർന്നു. നടന്മാരെ ലഭിക്കാത്ത അവസരങ്ങളില്‍ ചെറിയ റോളുകളിൽ മുഖം കാണിച്ചാണ് തുടക്കം. ഒരു പെർഫോമൻസ് കണ്ട് സംവിധായകൻ ബാലു മഹേന്ദ്ര അഭിനന്ദിച്ചതോടെ വഴി സിനിമ തന്നെയെന്നു തീരുമാനിച്ചു.

∙ മലയാളം സിനിമകൾ തമിഴിലേക്ക് ഡബ് ചെയ്ത് ലോക്കൽ കേബിൾ ചാനലിൽ കാണിക്കും. അങ്ങനെ ‘വരവേൽപ്’ എന്ന സിനിമ തമിഴിലേക്ക് ഡബ് ചെയ്തപ്പോൾ മോഹൻലാലിന് ഡബ് ചെയ്തത് വിജയ് സേതുപതിയാണ്.

∙ സിനിമ പോലെ തന്നെ ഹിറ്റാണ് വിജയ് സേതുപതിയുടെ ‘ഉമ്മ സെൽഫി’യും. ആരാധകനെ ഒരിക്കലും നിരാശരാക്കാറില്ല. ചേർത്തു നിർത്തി കവിളിൽ ഉമ്മ വച്ച് സെൽഫി എടുത്തുകൊടുക്കും. സ്നേഹത്തോടെ അവർ നൽകുന്ന ഉമ്മ തിരിച്ചു വാങ്ങുകയും ചെയ്യും.

Editor’s Pick

അതൊരു ജിന്നാണ്! യാത്രകളെ പ്രണയിക്കുന്ന ജിന്ന്... മഞ്ഞിന്റെ ലോകം കീഴടക്കാൻ വേണം നമ്മുടെ ഒരു വോട്ട്; അതിനു മുൻപ് അറിയണം ബാബു സാഗർ ആരെന്ന്

കലേഷ് പറയുന്നു, ഒരു കവിത എഴുതി, വർഷങ്ങൾക്കിപ്പുറം അതു സ്വന്തമാണെന്നു തെളിയിക്കേണ്ടി വരുന്നത് ഗതികേട്!

‘ജിമ്മിനോട് നോ പറഞ്ഞു, ഡയറ്റിനെ പ്രണയിച്ചു’; ഒറ്റയടിക്ക് ഹരി കുറച്ചത് 17 കിലോ; ഡയറ്റ് രഹസ്യം

‘നിങ്ങൾക്കൊപ്പം ഇനിയൊരു ജീവിതമില്ല’; സിസേറിയന് സമ്മതിക്കാത്ത ഭർത്താവിനോട് അവർ പറഞ്ഞത്; കണ്ണീർക്കുറിപ്പ്

അടിവയറ്റിലെ സ്ഫോടനം, യോനീവേദന, തുടയിടുക്കിലെ നീറ്റല്‍; ഇതില്‍ എവിടുന്നാണ് ഈ ഹാപ്പിനസ്സ് വരേണ്ടത്?

ADVERTISEMENT