Friday 30 November 2018 12:41 PM IST

‘ജിമ്മിനോട് നോ പറഞ്ഞു, ഡയറ്റിനെ പ്രണയിച്ചു’; ഒറ്റയടിക്ക് ഹരി കുറച്ചത് 17 കിലോ; ഡയറ്റ് രഹസ്യം

Asha Thomas

Senior Sub Editor, Manorama Arogyam

hari

ശരീരഭാരം 101 കിലോയെത്തിയപ്പോൾ രണ്ട് ഒന്നുകൾക്കു നടുവിൽ വീർപ്പുമുട്ടുന്ന പൂജ്യത്തിന്റെ അതേ അവസ്ഥയിലായിരുന്നു കൊല്ലം സ്വദേശിയായ ഹരികൃഷ്ണനും. എപ്പോഴും ശ്വാസംമുട്ടുന്നതുപോലുള്ള ഒരു ഫീലിങ്. അൽപദൂരം നടക്കുമ്പോഴേ കിതച്ചുതുടങ്ങും. മനസ്സിനെ മുഴുവൻ വിഷാദത്തിന്റെ പാട മൂടിയതുപോലെ. ഭാരം 100 കഴിഞ്ഞപ്പോഴേ പരിഭ്രാന്തിയുണ്ടായിരുന്നു. കാൽമുട്ടിനും കൈമുട്ടിനും അസഹ്യവേദന വന്നതോടെ ഡോക്ടറെ കണ്ടു. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കുത്തനെ കൂടിയിരിക്കുന്നു. ഭാരം കുറച്ചില്ലെങ്കിൽ യൂറിക് ആസിഡ് നിരക്ക് ഇനിയും ഉയരുമെന്നും ഭാവിയിൽ അതു കരളിനെയും വൃക്കയേയും തകർക്കുമെന്നും ഡോക്ടർ മുന്നറിയിപ്പു നൽകി. അങ്ങനെയാണ് ഭാരം കുറയ്ക്കാൻ ഹരികൃഷ്ണൻ തീരുമാനിച്ചത്. ഇനിയുള്ള കഥ ഹരികൃഷ്ണൻ തന്നെ പറയട്ടെ.

‘‘ ജിമ്മിൽ പോകാമെന്നായിരുന്നു ആദ്യ ചിന്ത. എന്നാൽ ജിമ്മിൽ പോക്ക് നിർത്തിയാൽ പോയ ഭാരം അതേ സ്പീഡിൽ തിരിച്ചുവരുമെന്നു പലരും പേടിപ്പിച്ചു. മാത്രമല്ല യൂറിക് ആസിഡ് ഉയർന്നതിനാൽ വ്യായാമം ചെയ്താലും സന്ധികൾക്കു പരുക്കേൽക്കാം. ഇന്റർനെറ്റിലെ ഒരു വിഡിയോയിൽ നിന്നാണ് ഗായത്രി ന്യൂട്രിസൊല്യൂഷൻസ് എന്ന ഡയറ്റ് ചിട്ടപ്പെടുത്തിയുള്ള ഭാരംകുറയ്ക്കലിനെക്കുറിച്ചു കാണുന്നത്. അവരോടു സംസാരിച്ചപ്പോൾ എന്റെ ഭക്ഷണരീതി കൊണ്ടു വന്ന അമിതഭാരമാണെന്നു ബോധ്യമായി.

ജോലിക്കു കയറുന്നത് 2009 ലാണ്. 68 കിലോയായിരുന്നു അന്നു ശരീരഭാരം. ഐടി രംഗത്ത് വൈകിയിരുന്നു ജോലി ചെയ്യൽ സാധാരണകാര്യമാണല്ലോ. രാത്രി ഒാഫിസിൽ ഇരിക്കുമ്പോൾ സ്വാഭാവികമായും ജങ്ക് ഫൂഡും പെപ്സി, കോള പോലുള്ള പാനീയങ്ങളും ഇടവിട്ടു കഴിക്കും. രാത്രി തട്ടുകടഭക്ഷണമോ ഫ്രൈഡ് ഫൂഡോ കഴിക്കും. ആഴ്ചയിൽ ഒരു പാർട്ടിയെങ്കിലും കാണും. അവിടെയും ജങ്ക് ഫൂഡും മധുരവുമാകും മെനുവിൽ. ഉച്ചയ്ക്ക് പീറ്റ്സയോ ബർഗറോ കഴിച്ചു വയറുനിറയ്ക്കും. നാലുമണിനേരത്ത് അധികവും എണ്ണപ്പലഹാരങ്ങളാണ് കഴിക്കുക. 101ലേക്ക് ഭാരം ഒാടിക്കയറാൻ ഇത്രയും പോരേ?

ആവശ്യമുള്ള കാലറി മാത്രം ലഭിക്കുന്ന രീതിയിൽ ഡയറ്റ് ചിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഡയറ്റ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപേ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു. തുടർന്നു എനിമ ചെയ്ത് വയറു ശുദ്ധമാക്കി. ആദ്യ ആഴ്ച ചായയിലെ ഉൾപ്പെടെ മധുരം മുഴുവനായും ഒഴിവാക്കി. കുറച്ചു നെല്ലിക്ക കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത് തലേന്നു ശുദ്ധജലത്തിലിട്ടുവച്ച് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കും. ഇത് ശരീരത്തിലെ വിഷാംശം നീക്കാൻ നല്ലതാണ്. നാരങ്ങയും ഭാരം കുറയ്ക്കലിന്റെ വേഗം കൂട്ടും. ദിവസവും ഒരു നാരങ്ങയുടെ നീര് കഴിക്കുമായിരുന്നു. കൂടാതെ മൂന്നു മൂന്നര ലീറ്റർ ശുദ്ധജലവും പലപ്പോഴായി കുടിച്ചിരുന്നു.

hari-1

ഭക്ഷണത്തിന്റെ അളവ് ഏതാണ്ട് പകുതിയായി കുറച്ചു. പ്രാതലിന് നാല് –അഞ്ച് ദോശ കഴിച്ചിരുന്നത് രണ്ടെണ്ണം ആക്കി. പതിനൊന്നു മണിയോടെ നാല് ബദാം പരിപ്പ് അല്ലെങ്കിൽ ഒരു റോബസ്റ്റ പഴം കഴിക്കും. ഉച്ചയ്ക്ക് വളരെ കുറച്ച് ചോറ്. കൂടെ ഒരു കഷണം മീൻ. വറുത്തതോ കറിവച്ചതോ. ചീര, പാലക്ക് ചീര പോലുള്ള ഇലകൾ തോരനാക്കിയത്. എണ്ണ ഉപയോഗം ദിവസവും മൂന്നു ടീസ്പൂൺ മാത്രമാക്കി. വൈകുന്നേരം അഞ്ചോ ആറോ ബദാം. രാത്രി ഭക്ഷണം എട്ടു മണിക്കു മുൻപ് കഴിച്ചുതുടങ്ങി. ചപ്പാത്തിയും വെജിറ്റബിൾ സ്റ്റൂവും അല്ലെങ്കിൽ ഒാട്സ് മധുരവും പാലും ചേർക്കാത്തത്. പോഷകക്കുറവു തടയാൻ ദിവസവും ഒരു മൾട്ടിവൈറ്റമിൻ ഗുളിക കഴിച്ചു.

ഡയറ്റിങ് തുടങ്ങി 15 ദിവസം കഴിഞ്ഞതോടെ ഭക്ഷണത്തോട് നോ പറയാൻ പഠിച്ചു. പാർട്ടികളൊക്കെ വരുമ്പോഴും കഴിക്കാതെയായി. ഭാര്യയ്ക്കും ക്രെഡിറ്റ് നൽകണം. എന്റെ ഡയറ്റിങ് പാളിപ്പോകാതിരിക്കാൻ അവർ ജോലിയിൽ നിന്ന് അവധിയെടുത്ത് ആരോഗ്യകരമായ ഭക്ഷണം വച്ചുതന്നു.

പ്രത്യേകിച്ച് വ്യായാമം ചെയ്തില്ലെങ്കിലും ദൈനംദിന ജോലികളിലൂടെ കൂടുതൽ ഊർജം ചെലവഴിക്കാൻ ശ്രമിച്ചു. ഫ്ലാറ്റിൽ ഞാൻ താമസിക്കുന്നത് ഏഴാം നിലയിലാണ്. ഒാഫിസ് നാലാം നിലയിലും. ഈ രണ്ടിടങ്ങളിലേക്കും ലിഫ്റ്റ് ഉപയോഗം കുറച്ചു. കോണിപ്പടി കയറിത്തുടങ്ങി. ഭാരം കുറയ്ക്കാൻ തുടങ്ങിയ നാൾ മുതലേ വൈകുന്നേരങ്ങളിൽ ഡയറി എഴുതുമായിരുന്നു. രാവിലെ അതു വായിക്കും. സ്വന്തം വികാരവിക്ഷോഭങ്ങളെ വിലയിരുത്താനും മനോഭാവം പോസിറ്റീവാക്കാനും ഈ ശീലം സഹായിച്ചു. പൊതുവേ ഒന്നും തുറന്ന് പ്രകടിപ്പിക്കാതിരുന്ന ഞാൻ ഭാര്യയോട് ടെൻഷനൊക്കെ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ മനസ്സിലെ വിഷാദമെല്ലാം മാറി.

സാധാരണ ആളുകൾ മെലിയുമ്പോഴുള്ള പ്രശ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. മുഖം മെലിഞ്ഞൊട്ടിയില്ല. കടുത്ത ക്ഷീണമില്ല. ആദ്യആഴ്ചയിൽ തന്നെ ഏഴു കിലോ കുറഞ്ഞു. അതോടെ ഡയറ്റ് തുടരാൻ ഉത്സാഹമായി. അടുത്ത ഏഴു കിലോ കുറയാൻ പക്ഷേ, മൂന്നാഴ്ച എടുത്തു. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് എനിക്കു പറയാനുള്ളതും ഇതുതന്നെ. ആദ്യത്തെ വലിയൊരു കുറയലിനുശേഷം മെല്ലെയാകും ഭാരം കുറയുക. അതുകൊണ്ട് ദിവസവും ഭാരം പരിശോധിക്കേണ്ട. ആഴ്ചയിൽ ഒരിക്കൽ നോക്കുക. ഇല്ലെങ്കിൽ പെട്ടെന്നു മനസ്സ് മടുക്കും. 17 കിലോ കുറഞ്ഞതോടെ സ്പെഷൽ ഡയറ്റ് നിർത്തി. പക്ഷേ, ഇപ്പോഴും ജങ്ക് ഫൂഡും കോളയുമൊന്നും തൊടുകയേ ഇല്ല. ദിവസവും 30–40 മിനിറ്റ് നീന്തുന്നുണ്ട്. ഫങ്ഷനുകൾക്കു കഴിക്കേണ്ടിവരുമ്പോൾ തുടർന്നുള്ള രണ്ടു ദിവസം രാവിലെയും രാത്രിയും ഫ്രൂട്ട് സ്മൂത്തികൾ മാത്രമേ കഴിക്കാറുള്ളൂ. 17 കിലോ മാത്രമല്ല ഉരുകിത്തീർന്നത്, മനസ്സിലെ വിഷാദവും സംഘർഷങ്ങളും കൂടിയാണെന്നു പറയുന്നു, കൂടുതൽ ഊർജവും ആത്മവിശ്വാസവുമുള്ള പുതിയ ഹരികൃഷ്ണൻ.

ഒഴിവാക്കിയത്

∙ മധുരവും ജങ്ക് ഫൂഡും

∙ ഭക്ഷണത്തിന്റെ അളവു കുറച്ചു

െചയ്തത്

∙ സ്നാക്കുകൾ ഹെൽതി ആക്കി

∙ 3–3.5 ലീറ്റർ വെള്ളം കുടിച്ചു

∙ ഡയറിയെഴുതിയും

കുടുംബവുമായി പങ്കുവച്ചും

പിരിമുറുക്കം അയച്ചു.