Friday 30 November 2018 04:55 PM IST

അതൊരു ജിന്നാണ്! യാത്രകളെ പ്രണയിക്കുന്ന ജിന്ന്... മഞ്ഞിന്റെ ലോകം കീഴടക്കാൻ അതിനു വേണം നമ്മുടെ ഒരു വോട്ട്; അറിയണം ബാബു സാഗർ ആരെന്ന്

Binsha Muhammed

babz

‘ബാബുക്കയാണോ ആള്...അതൊരു ജിന്നാണ് ഭായ്...ജീവിക്കുന്നെങ്കിൽ അങ്ങേരെ പോലെ ജീവിക്കണം.’

പലരും കൊതിക്കുന്ന ഡോക്ടർ പണി വേണ്ടെന്നു വച്ച് കാടും മലയും കുന്നും കയറിയിങ്ങിയ ചെക്കനെക്കുറിച്ച് നാട്ടുകാർ ആദ്യം പറഞ്ഞത് ഇങ്ങനെ, ‘ അവന് വട്ടാ... മുഴുത്ത വട്ട്. അല്ലെങ്കിൽ ഈ ഡോക്ടർ പണി ആരെങ്കിലും വേണ്ടായെന്നു വയ്ക്കോ?’, മകന്റെ കഴുത്തിൽ സ്റ്റെതസ്കോപ്പ് വീഴാൻ നേർച്ചകാഴ്ചകളുമായി കാത്തിരുന്ന വീട്ടുകാരും ഒടുവിൽ സഹികെട്ട് വിളിച്ചു, ‘താന്തോന്നി’. എന്തിനധികം പറയണം, നേരത്തും കാലത്തും വീട്ടിൽ കയറാതെ ഹിമാലത്തിലേക്കും ലഡാക്കിലേക്കും വണ്ടിവിട്ട് പോകുന്ന ചെക്കനെ സ്വന്തം ഭാര്യപോലും ‘മൊഴിചൊല്ലി.’ ഭർത്താവിനെ ഡോക്ടറായിക്കാണാൻ കൊതിച്ച അവർ അങ്ങനെയൊരു തീരുമാനമെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

മേൽപ്പറഞ്ഞ കലാപരിപാടികൾ ജീവിതത്തിന്റെ പലദശകളിലായി കയറിയിറങ്ങിപ്പോയെങ്കിലും നമ്മുടെ കഥാനായകൻ കുലുങ്ങിയില്ല. അസ്ഥിക്ക് പിടിച്ച യാത്രാജ്വരത്തിന് മരുന്നില്ലെന്ന് മനസ്ിലാക്കി അയാള്‍ പറന്നു കൊണ്ടേയിരുന്നു. മഞ്ഞിനേയും മരങ്ങളേയും പ്രണയിച്ച്... കാടും മേടും താണ്ടി...കാറ്റിനോടും കുയിലിനോടും കിന്നാരം പറഞ്ഞ്... പരിധികളില്ലാതെ പറക്കുകയാണയാൾ. ബാബുസാഗർ എന്ന കടലുണ്ടിക്കാരൻ ഡോക്ടറ സഞ്ചാരിപ്പിള്ളേർ ‘ജിന്നെന്നു’ വിളിക്കാൻ ഇതിൽപ്പരം എന്ത് വേണം?...ഓരെ കാണാൻ കിട്ടൂല കോയാ...ജിന്നുമാതിരിയങ്ങനെ പറന്നു നടക്കുവല്ലേ?

babz1

പൈൻമരക്കാടുകൾ പുഞ്ചിരിതൂകി നിൽക്കുന്ന, ആപ്പിളുകൾ തലയാട്ടി നിൽക്കുന്ന മണാലി ഭൂവിലെ കർഷകന്‍, സാഹസിക യാത്രികൻ, സഞ്ചാരികളുടെ ‘അവധൂതൻ’ ബാബുസാഗറിന് വിശേഷണങ്ങൾ ഏറെ. കാടും മേടും മലയും പുഴയും മടുക്കാത്ത ആ സഞ്ചാരി പുതിയൊരു ഉദ്യമത്തിനായുള്ള തയ്യാറെടുപ്പിലാണ്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഡോ. ബാബു സാഗർ. എല്ലുപോലും നുറുങ്ങുന്ന തണുപ്പത്ത്, രക്തം പോലും ഉറഞ്ഞുരുകുന്ന നാട്ടിൽ‌ ഇന്ത്യയെ പ്രതിനിധീകരിച്ച് സാഹസിക ദൗത്യത്തിനിറങ്ങുമ്പോൾ ബാബു സാഗറിന് ഇതുവരെയെില്ലാത്തൊരു ത്രില്ലുണ്ട്. വനിത ഓൺലൈനുമായി അക്കഥ ബാബു പങ്കുവയക്കുകയാണ്. അപ്പൊ ഗെറ്റ് റെഡി... റൈഡ് മോഡ് ഓൺ...

മരുന്നുകൾക്കിടയിൽ നിന്നും മഞ്ഞിന്റെ നാട്ടിലേക്ക്

ഡോക്ടർ– കർഷകൻ. രണ്ടു തമ്മിൽ അലുവയും മത്തിക്കറിയും പോലുള്ള വ്യത്യാസം തോന്നുന്നില്ലേ. അപ്പോ എന്റെ വീട്ടുകാരേയും കുറ്റം പറയാനൊക്കില്ല. കഷ്ടപ്പാട് പഠിപ്പിച്ച ചെക്കൻ കാടും മലയും കയറിയിറങ്ങുമ്പോൾ അത് താന്തോന്നിത്തരമെന്നേ പറയാനാകൂ. പക്ഷേ ഉള്ളിന്റെയുള്ളിൽ എന്റെ മനസ് എന്നോട് പറഞ്ഞ ഒരു വലിയ ശരിയുണ്ടായിരുന്നു. എനിക്കു മാത്രം ദഹിക്കുന്ന ഒരു വലിയ ശരി. ആ കഥയാണ് എനിക്ക് പറയാനുള്ളത്– ജീവിത യാത്രയുടെ ഫസ്റ്റ് ഗിയറിൽ ബാബുവിന്റെ കഥ ഓടിത്തുടങ്ങി.

20 വർഷം മുമ്പ് ബംഗളുരുവിൽ ബിഎസ്‍സി മൈക്രോ ബയോളജി പഠിക്കുന്ന ചെക്കൻ, ഒരു യാത്ര പോകുകയാണ്. ഇവിടെ അടുത്തൊന്നുമല്ല ലഡാക്കിലേക്ക്. കെട്ടുപൊട്ടിയ പട്ടം പോലെ പറക്കുന്ന പ്രായത്തിൽ ഇമ്മാതിരി യാത്രകൾ പതിവല്ലേ. വീട്ടുകാർ കാര്യമാക്കിയില്ല. ഞാനും അതേ. പക്ഷേ ശിഷ്ടകാല ജീവിതത്തിന്റെ ടൈം ടേബിൾ തന്നെ മാറ്റിയെഴുതാൻ പോന്ന വിധമുള്ള യാത്രയായിരുന്നു അതെന്ന് ആരറിഞ്ഞു. ആർ എക്സ് 100 ബൈക്കും ഞാനും പിന്നെ കുറേ ചങ്ങാതിമാരും. മണാലി വഴിയുള്ള യാത്രയിൽ മഞ്ഞിൽ കുരുങ്ങി കുറേനാൾ അവിടെ കഴിയേണ്ടി വന്നു. ഒരമ്മൂമ്മയാണ് ഭക്ഷണവും വഴിച്ചെലവിന്റെ കാശും ഒക്കെ തന്നത്. ചില സമയങ്ങളിൽ ചീത്ത അനുഭവങ്ങളാണ് നമ്മുടെ ത്രിൽ ഏറ്റുന്നത്. ഉള്ളതു പറയാല്ലോ... ഈ ആയാത്ര എനിക്കു തന്ന റിസ്ക്...ബുദ്ധിമുട്ട്... എന്നിലെ സഞ്ചാരിക്ക് വളമാകാൻ ഇതൊക്കെ തന്നെ ധാരളമായിരുന്നു. എന്റെ ട്രാവലർ മോഡ് ഓണായത് അവിടെ നിന്നാണ്. മണാലിയുടെ ആ താഴ്‍വാരത്തു നിന്ന്.

babz-8

വീട്ടുകാരുടെ താന്തോന്നി

ഇനിയും ഇങ്ങനെ പോയാൽ ചെക്കനും ഒപ്പം വീട്ടുകാരുടെ ഡോക്ടർ സ്വപ്നവും കൈവിട്ടു പോകും എന്നറിയാമെന്നതു കൊണ്ടാകണം വീട്ടുകാർ ബാബുസാഗർ എന്ന പതിനെട്ടുകാരനെ ഡോക്ടർ കൂടിയായ ഉപ്പ മുഹമ്മദ് റഷ്യയിലേക്ക് പാക്ക് ചെയ്തു. 8 വർഷം കടന്നു പോയി, പക്ഷേ യാത്രയുടെ രുചി ഉള്ളിന്റെയുള്ളിൽ നിന്നും നാവിലേക്ക് തികട്ടി തികട്ടി വന്നു കൊണ്ടേയിരുന്നു. യൂറോപ്പ് ട്രിപ്പിന്റെ പേരിൽ ഉപ്പയും ഉമ്മയും അറിയാതെ ഓരോ വർഷവും മണാലിയെന്ന സ്വപ്നഭൂമിയെ തൊട്ടറിഞ്ഞു കൊണ്ടേയിരുന്നു. ഒരു തീർത്ഥ യാത്ര പോലെ, ഒരു വർഷവും മുടക്കം വരുത്തിയില്ല. പഠനകാലത്ത് ഒരിക്കൽ മാത്രമാണ് ആ യാത്ര തുടങ്ങിയത്. 2013ൽ ഉപ്പയുടെ മരണകാലത്ത്.

ഡോക്ടർ പെണ്ണിനെ കെട്ടണമെന്നത് ഉമ്മ ജമീലയുടെ കൂടി ആഗ്രഹമായിരുന്നു. ഡോക്ടർ ദമ്പതികൾ നടത്തുന്ന ഒരു ആശുപത്രി, അതായിരുന്നു ഉപ്പയുടെ സ്വപ്നവും ആശയവും. പക്ഷേ പാതിവഴിക്കെവിടെയോ അത് വഴുതിപ്പോയി. എന്നെ മുഴുവൻ സമയ ഡോക്ടറായിക്കാണാൻ ആഗ്രഹിച്ച ഭാര്യയും എന്നെവിട്ട് പോയി. ഒന്നാലോചിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല. എന്റെ ഈ അലച്ചിൽ തന്നെ കാരണം, പാതിയിൽ മുറിഞ്ഞ ഞങ്ങടെ ദാമ്പത്യത്തിൽ ആകെയുള്ള സന്തോഷം മകളാണ്, ഐസ.

babz-6

സ്റ്റെതസ്കോപ്പിൽ യാത്രയുടെ മിടിപ്പ്

രോഗികളുടെ മിടിപ്പ് പരിശോധിക്കുമ്പോഴും ശ്വാസംമുട്ടുന്ന ഒരു യാത്രികൻ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. ആ വിളികേട്ടിറങ്ങിയപ്പോൾ വീട്ടുകാരുടെ ശകാരവും ആവോളം കേട്ടു. എല്ലാം പാട്ടിനു വിട്ട് ഒന്നുമാലോചിക്കാതെ മണാലിയിലേക്ക് വണ്ടി കയറി. കൈയ്യിലുള്ള സമ്പാദ്യം നുള്ളിപ്പെറുക്കി ‘ബാബുഷ്ക’ എന്ന പേരിൽ അവിടെയൊരു റെസ്റ്റോറന്റ് തുടങ്ങി. ബാബുഷ്ക എന്നാൽ റഷ്യയിൽ മുത്തശ്ശിയെന്നാണ് അർത്ഥം, മണാലിയിൽ അന്ന് ഞങ്ങളെ രക്ഷിച്ച മുത്തശ്ശിയില്ലേ, എന്റെ ഇക്കണ്ട യാത്രകൾക്കെല്ലാം വളമായ മുത്തശ്ശി, അവരോടുള്ള ബഹുമാനാർത്ഥമാണ് ഇങ്ങനൊരു ഉദ്യമം.

babz-5

മണാലിയെന്ന അഭിനിവേഷത്തിനു മീതേ വേരുറപ്പിക്കാൻ ബാബുഷ്ക തന്നെ ധാരാളമായിരുന്നു. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ തെക്കിൽ നിന്നു വന്ന ഒരു ‘വരത്തൻ’ മണാലിയുടെ സ്വന്തം പൗരനാകാൻ അധികംനാൾ വേണ്ടി വന്നില്ല. ആ മണ്ണ് എനിക്ക് എല്ലാം തന്നു, മരുന്നുകളുടെ അസഹ്യമായ ഗന്ധം മടുത്ത ഞാൻ ആ നാടിനെ സ്നേഹിച്ചു തുടങ്ങി. ശരിക്കും ഞാനൊരു മണാലിക്കാരനായി. ഇന്നീ മണ്ണിൽ ഞാനൊരു പൊന്നുവിളയിച്ച കർഷകനാണ്. 13 ഏക്കർ വിശാലമായ ഫാം ഹൗസ്, അവിടെ ചെറി, ആപ്പിൾ, ജാതി തുടങ്ങിയ ഫല വൃക്ഷങ്ങൾ. അതിഥികളായി പശു, കോഴി, ആട്, ചെമ്മരിയാട് എന്നിവ വേറെയും. അതെ ഇവിടം സ്വർഗമാണ്. പിന്നെ ഞാനിവിടുത്ത്കാർക്ക് ഡോക്ടർ ഭയ്യ കൂടിയാണ്. ഇടയ്ക്കിടയ്ക്ക് ഇവിടുത്തുകാരെ ചികിത്സിക്കാൻ ഞാൻ ഡോക്ടറുടെ കുപ്പായം അണിയാറുണ്ട്. അത് ഈ മണ്ണിനോടുള്ള എന്റെ സ്നേഹമാണ്. അതുകൊണ്ട് കാശുവാങ്ങാറില്ല.

babz-3

മണാലിയിലെ ജിന്ന്

യാത്രയോടുള്ള അടങ്ങാത്ത അഭിനിവേശവും പ്രണയവും കണ്ട് സഞ്ചാരിക്കൂട്ടുകാർ എനിക്കിട്ട പേരാണ് അത്. എന്ത് ചെയ്യാനാണ് ഞാനിങ്ങനെയൊക്കെ ആയിപ്പോയി. സമ്പാദിക്കുന്നതും വെട്ടിപ്പിടിക്കുന്നതും എല്ലാം നമ്മൾ കൊണ്ടു പോകുന്നുണ്ടോ. മരിക്കുന്നതിനു മുമ്പ് ഈ ലോകവും അതിന്റെ ഭംഗിയും കണ്ട് ആസ്വദിക്കാനാണ് പടച്ചവൻ പറഞ്ഞിരിക്കുന്നത്. യാത്രയെന്നത് ഞാൻ മരിക്കുന്നിടത്തോളം കാലം എന്റെ ശരീരത്തിൽ ഇൻബിൽറ്റായി പറ്റിച്ചേർന്നു കിടക്കുന്നൊരു ലഹരിയാണ്. ഒന്നിനും അതിൽ നിന്നും എന്നെ തടയാനാകില്ല. എത്രയേറെ ദുരനുഭവങ്ങൾ...അപകടങ്ങൾ...ഇവയ്ക്കൊന്നും ഈ യാത്രയോടുള്ള പ്രണയത്തെ അറുത്തുമാറ്റാൻ കഴിയുമായിരുന്നില്ല.

babz-2

അടുത്തിടെ ഹിമാചൽ പ്രദേശിലെ കോമിക് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രാമത്തിലൂടെ ഞങ്ങളൊരു യാത്രനടത്തി. ഇടയ്ക്ക് സ്നോ ഫോൾ ഉണ്ടായി. പറഞ്ഞാൽ വിശ്വസിക്കില്ല, പഞ്ഞിക്കെട്ട് പോലെ പാറക്കെട്ടുകൾ ഞങ്ങളുടെ മേൽ പതിച്ചു. എന്റെ ചങ്ങാതി കൊക്കയിലേക്ക് പതിച്ചു. ഞങ്ങളുടെ ബൈക്ക് എഞ്ചിൻ രണ്ട് കഷണമായി. ആ ദുരന്തമുഖത്തു നിന്നും മിലിട്ടറിയാണ് ഞങ്ങളെ രക്ഷിച്ചത്. പക്ഷേ ഇതു കൊണ്ടൊന്നും ഞങ്ങൾ പഠിക്കില്ല ഭായ്... അട്ടയെ പിടിച്ച് മെത്തയിൽ കിടത്താൻ നോക്കിയാൽ കിടക്കുമോ, പിന്നെയും ഇറങ്ങിത്തിരിച്ചു, കണക്കുകൾ ശരിയാണെങ്കിൽ ഏകദേശം 25 രാജ്യങ്ങളെങ്കിലും ഇതിനകം സന്ദർശിച്ചു കാണും. പലതും സാഹസിക യാത്രകൾ, എന്നിട്ടും. യാത്രയെന്ന ആ ലഹരി വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേയിരിക്കുന്നു.

ആർട്ടിക്കിൽ ഉറഞ്ഞു കിടപ്പുണ്ട് എന്റെ സ്വപ്നം

babz-4

കണ്ടത് മനോഹരം കാണാത്ത് അതിമനോഹരം എന്ന് കേട്ടിട്ടില്ലേ... ആർട്ടിക്ക് പോളാർ എക്സ്പിഡിഷൻ കേവലമൊരു മത്സരം മാത്രമല്ല. ഇതു വരെ അനുഭവിച്ചറിയാത്ത എന്തോ ഒരു ലഹരി എനിക്കായി ഒരുക്കി അവിടുത്തെ മഞ്ഞുകണങ്ങൾ കാത്തിരിപ്പുണ്ട്. പൂർവ്വകാല അനുഭവങ്ങൾ, അപകടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പലരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മനുഷ്യശരീരം തണുത്തുറഞ്ഞ് ഐസ് കട്ടയായി പരിണമിക്കുന്ന അവിടുത്തെ തണുപ്പിനെ എങ്ങനെ നേരിടും എന്നാണ് പലരും എന്നോട് ചോദിക്കുന്നത്. ഹിമപാതം ഉണ്ടാകാനുള്ള സാധ്യത വേറേയും, പക്ഷേ അതൊന്നും എന്നെ പിന്നോട്ട് വലിക്കുന്നില്ല. പിന്നെ മൈനസ് 30 ഡിഗ്രി സെൽഷ്യസിനടുത്തുള്ള കാലാവസ്ഥയിൽ ജീവിച്ച് എനിക്ക് ആവോളം പരിചയമുണ്ട്. മദിരാസിയായ ബാബു സാഗറിനെ ഇക്കണ്ടാ കാലം മുഴുവൻ മണാലിയിലെ ഈ മണ്ണ് സഹിച്ചില്ലേ, പിന്നെയാണോ പ്രയാസം. പിന്നെ ഹിമാലയവും ഏവറസ്റ്റും എന്റെ കാലടികളെ തേടി ഒരിക്കൽ എത്തിയിട്ടുണ്ട് താനും. ഫിയാൽ റാവൻ എന്ന സ്വീഡിഷ് കമ്പനിയാണ് ഈ എക്സ്പെഡിഷൻ നടത്തുന്നത്. 20 പേരാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. ഏത് കൊടിയ തണുപ്പിനേയും അതിജീവിക്കുന്ന സജ്ജീകരണങ്ങളാണ് അവർ ഒരുക്കുന്നത്. സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായ കെട്ടിവലിക്കുന്ന 200 കിലോമീറ്റർ റൈഡിലൂടെയാണ് യാത്ര തുടങ്ങുന്നത്. ട്രക്കിംഗ്, അഡ്വഞ്ചർ റൈഡ് അങ്ങനെ സംഭവങ്ങൾ വേറെയും. പിന്നെ ഈ മത്സരത്തിൽ ഇന്ത്യയ്ക്കായി മാറ്റുരയ്ക്കാനായി എന്നത് തന്നെ മഹാഭാഗ്യം. ഇനി എനിക്ക് വേണ്ടത് രണ്ട് കാര്യങ്ങളാണ്, ബാബുസാഗർ സുരക്ഷിതനായി ഇതേ ഉടലോടെ തിരിച്ചു വരാനുള്ള പ്രാർത്ഥന. പിന്നെ ഈ മത്സരം ജയിക്കാനുള്ള വോട്ട്, https://polar.fjallraven.com/contestant/?id=4934 ഈ ലിങ്കിൽ കയറിയാൽ എനിക്കായി വോട്ട് രേഖപ്പെടുത്താവുന്നതാണ്. നിലവിൽ ആന്ധ്ര സ്വദേശിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. മലയാളികളുടെ പിന്തുണയുണ്ടെങ്കിലേ സ്വപ്നം സഫലമാകു എന്നു സാരം.

babz-7

പറഞ്ഞു തീർന്നപ്പോഴേക്കും ബാബുവിന്റെ ഫാം ഹൗസിൽ കോളിങ് ബെൽ മുഴങ്ങി. മൂന്നു ദിവസം ബാബുവിന്റെ സ്വർഗഭൂമിയിൽ അതിഥികളായി കഴിഞ്ഞവർ യാത്ര പറഞ്ഞിറങ്ങുകയാണ്. ‘ജീവിക്കുന്നെങ്കിൽ നിങ്ങളെപ്പോലെ ജീവിക്കണം മാഷേ, ഫയലുകൾക്കിടയിൽ നിന്നും രക്ഷപ്പെട്ട്, മണ്ണിന്റെ മണമറിയുന്ന കർഷകനായി... സഞ്ചാരിയായി... ഇക്കണ്ട ചെമ്മരിയാട്ടിൻ കൂട്ടത്തിനു നടുവിൽ, ശരിക്കും ഇതാണ് സ്വർഗം...’ കോംപ്ലിമെന്റ് പറഞ്ഞിറങ്ങിയ ആളിനെ ബാബു ഞങ്ങൾക്ക് പരിചയപ്പെടുത്തി, ആള് ഐഎഎസ് ഓഫീസറാണ്, കേരളത്തില്‍ നിന്നാണ്,– ഡോക്ടർ പണി കളഞ്ഞെത്തിയ താന്തോന്നിയായ സഞ്ചാരിയുടെ മുഖത്ത് ആ വിജയിയുടെ ഭാവമുണ്ടായിരുന്നു അപ്പോൾ...

Editor’s Pick

കലേഷ് പറയുന്നു, ഒരു കവിത എഴുതി, വർഷങ്ങൾക്കിപ്പുറം അതു സ്വന്തമാണെന്നു തെളിയിക്കേണ്ടി വരുന്നത് ഗതികേട്!

‘ജിമ്മിനോട് നോ പറഞ്ഞു, ഡയറ്റിനെ പ്രണയിച്ചു’; ഒറ്റയടിക്ക് ഹരി കുറച്ചത് 17 കിലോ; ഡയറ്റ് രഹസ്യം

‘നിങ്ങൾക്കൊപ്പം ഇനിയൊരു ജീവിതമില്ല’; സിസേറിയന് സമ്മതിക്കാത്ത ഭർത്താവിനോട് അവർ പറഞ്ഞത്; കണ്ണീർക്കുറിപ്പ്

അടിവയറ്റിലെ സ്ഫോടനം, യോനീവേദന, തുടയിടുക്കിലെ നീറ്റല്‍; ഇതില്‍ എവിടുന്നാണ് ഈ ഹാപ്പിനസ്സ് വരേണ്ടത്?