Tuesday 08 October 2019 10:53 AM IST : By സ്വന്തം ലേഖകൻ

‘അഭിനയം നിർത്തുന്നു, ആത്മഹത്യ ചെയ്യാൻ കയറും കുറിപ്പും തയാറാക്കി വച്ചു!’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാമുവൽ റോബിൻസൺ

sudani-ggrdrs4s3a

പ്രേക്ഷക–നിരൂപക പ്രശംസ സ്വന്തമാക്കിയ സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിദേശ നടനാണ് സാമുവൽ അബിയോള റോബിൻസൺ. സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സുഡുമോനായി മാറിയ സാമുവൽ റോബിൻസന്റെ ഏറ്റവും പുതിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ. അഭിനയ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുന്ന താരത്തിന്റെ പോസ്റ്റ് ഇതിനോടകം ചർച്ചയാണ്. 

സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് താരം അഭിനയ ജീവിതം അവസാനിപ്പിക്കുന്നതത്രേ. ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും മികച്ച നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും അവസാനം നിമിഷം നടക്കാതെ പോകുകയായിരുന്നു എന്നും താരം കുറിച്ചു.

സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നു. ഇതിനായി കയറും ആത്മഹത്യാക്കുറിപ്പും വരെ തയാറാക്കി വച്ചിരുന്നു. എന്നാൽ അത് ചെയ്യാതിരുന്നതിനു കാരണം സുഹൃത്തുക്കളും തെറാപ്പിസ്റ്റുമാണ്. ഈ അവസരത്തിൽ ഒപ്പം നിന്നവരോട് നന്ദി പറയുന്നു എന്നും സമുവൽ കുറിക്കുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷം രാജ് കുമാർ സന്തോഷി വഴി ബോളിവുഡിൽ നിന്നും എഐബിയിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു. രാജ് കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന രൺവീർ സിംഗ് ചിത്രം നിർമാതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സംവിധായകന് നേരെ ഉയർന്ന ആരോപണത്തെ തുടർന്ന് എഐബി പ്രൊജക്ടും നഷ്ടപ്പെട്ടു. ലഭിച്ച തമിഴ് പ്രൊജക്ട് നല്ലതായി തോന്നിയിരുന്നില്ല. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ ബ്രാന്‍ഡ് പരസ്യവും നഷ്ടമായി. ആ സമയത്തായാണ് ജീവിതം അവസാനിപ്പിക്കാൻ തോന്നിയതെന്നും അദ്ദേഹം കുറിച്ചു.

Tags:
  • Movies