Wednesday 03 June 2020 09:37 AM IST : By സ്വന്തം ലേഖകൻ

‘അവന്റെ വേദന എനിക്ക് മനസിലാകും’! ആ പിഞ്ചോമന ഇനി കിങ്ഖാന്റെ ദത്തുപുത്രൻ

srk-new

മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ചിത്രം രാജ്യത്തിന്റെ വേദനയായത് അടുത്തിടെയാണ്. അമ്മ മരിച്ചതറിയാതെ അവരെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം മനസാക്ഷിയെ മുറിവേൽപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ, ആ കുഞ്ഞിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ്.

ബിഹാറിലെ മുസഫർപുർ റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് കുട്ടിയുടെ അമ്മ മരിച്ചത്. എന്നാൽ ഇതൊന്നുമറിയാതെ അമ്മയ്ക്ക് സമീപം നിന്ന് കളിക്കുകയും അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുകയുമായിരുന്നു ഈ കുഞ്ഞ്.

ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തതായി അറിയിച്ച് ട്വീറ്റ് ചെയ്തത്. ഷാരൂഖും ഇതേ കുറിപ്പ് പങ്കുവച്ചു. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’.– അദ്ദേഹം കുറിച്ചു. മുത്തച്ഛന്റെ കൂടെയാണ് കുഞ്ഞ് ഇപ്പോള്‍ കഴിയുന്നത്.