Monday 11 April 2022 01:00 PM IST

ആ പഴയ മാരുതി 800 ൽ അഭിമാനിച്ച 4–ാം ക്ലാസുകാരി, അച്ഛനും അമ്മയ്ക്കുമുള്ള വിഷുക്കൈനീട്ടമായി 72 ലക്ഷത്തിന്റെ ബി.എം.ഡബ്ലിയു

V.G. Nakul

Sub- Editor

lakshmi-1

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ് ലക്ഷ്മി നക്ഷത്ര. അവതാരകയെന്ന നിലയിൽ മിനിസ്ക്രീനിൽ തിളങ്ങി, ഇത്രയധികം ജനപ്രീതി സ്വന്തമാക്കിയവർ ചുരുക്കം. റേഡിയോ ജോക്കിയെന്ന നിലയിലും താര ശ്രദ്ധേയയാണ്. ഇപ്പോഴിതാ, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് ലക്ഷ്മി ക‍ടന്നു പോകുന്നത്. കുട്ടിക്കാലത്തെപ്പോഴോ ഒരു സിനിമാക്കാഴ്ചയ്ക്കിടെ മനസ്സിലുടക്കിയ ആഗ്രഹം യാഥാർഥ്യമായതിന്റെ ആനന്ദത്തിലാണ് ആരാധകരുടെ ചിന്നു. ഈ വിഷുക്കാലത്ത് അച്ഛനും അമ്മയ്ക്കുമുള്ള സമ്മാനമായാണ് അത് സാധ്യമായിരിക്കുന്നത്. പറഞ്ഞു വന്നത് ലക്ഷ്മിയുടെ പുതിയ വാഹനത്തെക്കുറിച്ചാണ്. 72 ലക്ഷം രൂപയുടെ ബി.എം.ഡബ്ലിയു എം സ്പോർട് 330 Li ആണ് ഈ പുതിയ അതിഥി.

lakshmi-3

‘‘ജീവിതത്തിൽ കഠിനപരിശ്രമം നടത്തിയാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഞാൻ സ്വന്തം അനുഭവത്തിൽ നിന്നു തിരിച്ചറിയുകയാണ്. ഒരുപാട് സ്വപ്നം കണ്ട കാറാണ്. നേടാനാകുമോയെന്ന് അറിയില്ലായിരുന്നു. അത്രയും ഞാൻ അതിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്. പതിനാറാമത്തെ വയസ്സിൽ, തൃശൂരിലെ ഒരു പ്രാദേശിക ചാനലിലാണ് ഞാൻ ആങ്കറിങ് തുടങ്ങിയത്. ആദ്യം കിട്ടിയ പ്രതിഫലം 100 രൂപയായിരുന്നു. അവിടെ നിന്നാണ് ഇവിടെ വരെയെത്തിയത്. അതിന്റെ അഭിമാനമുണ്ട്’’. – പ്രിയപ്പെട്ട വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ലക്ഷ്മി ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.


‘‘കുട്ടിക്കാലത്ത് ഒരു സിനിമയില്‍ ബി.എം.ഡബ്ലിയു കാറ് കണ്ടപ്പോള്‍ തുടങ്ങിയ മോഹമാണ്. അത് സ്വന്തമാക്കാന്‍ പറ്റുമെന്ന് കരുതിയിട്ടേയില്ല. നമ്മളില്‍ നിന്നു വളരെ ദൂരെ ദൂരെ ദൂരെയുള്ള കാര്യങ്ങളാണല്ലോ ഇതൊക്കെ. ഞാൻ പൊതുവേ ലക്ഷ്വറി കാണിക്കുന്ന ആളുമല്ല.

lakshmi-2

അച്ഛൻ ആദ്യം വാങ്ങിയ കാർ മാരുതി 800 ന്റെ ഒരു പഴയ മോഡൽ സെക്കൻഡ് ഹാൻഡാണ്; ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ. അതിന്റെ മുന്നിൽ ഞാൻ പാവക്കുട്ടിയെയുമൊക്കെ പിടിച്ച് വലിയ അഭിമാനത്തോടെ ഫോട്ടോയെടുക്കാൻ നിന്നിട്ടുണ്ട്. അതേ പോലെ കാറിൽ പോകുമ്പോൾ ഞാൻ എല്ലാവരെയും നോക്കും, എന്നെ ആരെങ്കിലും നോക്കുന്നുണ്ടോയെന്ന്. പിന്നീട് വീട്ടിൽ വന്നതിൽ ഇപ്പോൾ ഉപയോഗിക്കുന്നത് അച്ഛൻ വാങ്ങിയ ഹ്യുണ്ടായ് creta ആണ്. കഴിഞ്ഞതിനു മുന്നത്തെ വർഷം അച്ഛന് പിറന്നാൾ ദിനത്തിൽ ഞാൻ ഒരു സാൻട്രോ സമ്മാനിച്ചിരുന്നു. അങ്ങനെയിരിക്കെയാണ്, ഞാൻ അധ്വാനിച്ചുണ്ടാക്കി കൂട്ടിവച്ച കാശിൽ നിന്ന് അച്ഛനും അമ്മയ്ക്കും വിഷുക്കൈനീട്ടമായി ബി.എം.ഡബ്ലിയു വാങ്ങണം എന്നു തീരുമാനിച്ചത്. ദൈവാദീനവും പരിശ്രമവും ചേർന്നപ്പോൾ അത് സാധ്യമായി. നന്ദി പറയാനുള്ളത് എന്നെ പിന്തുണച്ച, സ്നേഹിച്ച പ്രേക്ഷകരോടാണ്. അവർ നൽകിയ കരുത്താണ് എന്നെ ഇവിടെ എത്തിച്ചത്. മലയാളികള്‍ എന്നെ ഒരിക്കലും ഒരു സെലിബ്രിറ്റി ആയി പരിഗണിച്ചിട്ടേയില്ല. അവരുടെ വീട്ടിലെ ഒരു അംഗമാണ് ഞാൻ. അത് അഭിമാനത്തോടെ പറയാനാകും’’. – ലക്ഷ്മി പറയുന്നു.