15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വനിതയ്ക്കു വേണ്ടി ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ച് നടന്‍ രവികുമാറിനെ ഇന്‍റര്‍വ്യു ചെയ്തത്. ഭാര്യ കല്‍പ്പനയോടൊപ്പമായിരുന്നു അദ്ദേഹം അഭിമുഖത്തിന് വന്നത്. രണ്ടു ദിവസത്തിനു ശേഷം ഫോട്ടോ എടുക്കാന്‍ ചെല്ലുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. പിന്നീട് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴെല്ലാം ഫോട്ടോഷൂട്ടിന് മൂഡ് തോന്നുന്നില്ല എന്നായിരുന്നു മറുപടി. ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്ന ആ അഭിമുഖം ഇതാ അദ്ദേഹത്തിന്റെ വിയോഗ ശേഷം വനിത ഓൺലൈനിലൂടെ വായനക്കാരിലേക്ക്...
എഴുപതുകളുടെ അവസാനകാലത്ത് യുവജനങ്ങളുടെ ഹരമായിരുന്നല്ലോ. അന്നത്തെ താരാരാധനയെക്കുറിച്ച് ?
അന്നൊക്കെ തിരുവനന്തപുരത്ത് എയർപോർട്ടിൽ ചെന്നാൽ ലോഡിങ് തൊഴിലാളികൾ ചോദിക്കുമായിരുന്നു. ഇടിയുള്ള പടമാണോ അണ്ണാ. ശരിക്ക് ഇടിക്കണം കേട്ടോ സാറേ എന്നെല്ലാം പറയുമായിരുന്നു. ദുഷ്ടന്മാരെ ഇടിച്ചു നിരപ്പാക്കണം മോനേ എന്നായിരുന്നു വയസ്സായിരുന്ന സ്ത്രീയുടെ അഭ്യർഥന.
ആർട്സ് ക്ലബ്ബ് ഉദ്ഘാടനങ്ങൾക്ക് ചെല്ലുമ്പോഴായിരുന്നു താരാരാധന ശരിക്ക് അറിഞ്ഞിരുന്നത്. എറണാകുളത്തെ ഒരു പ്രശസ്ത വനിതാ കോളജിൽ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു പോയത് ഓർക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ക്യാംപസിൽ നിന്നു പുറത്തിറങ്ങാൻ പെൺകുട്ടികൾ എന്നെ അനുവദിച്ചില്ല. അവർ ബോധപൂർവം ഉന്തും തള്ളും ഉണ്ടാക്കുകയായിരുന്നു. ഒടുവിലെനിക്കു രക്ഷപെടാൻ പെൺകുട്ടികളെ ‘ഇടിച്ച് ’ മാറ്റേണ്ടി വന്നു. അതിൽപ്പിന്നെ ഞാൻ കോളജിൽ ഉദ്ഘാടനങ്ങൾക്കു പോയിട്ടില്ല. വർഷങ്ങൾക്കു ശേഷം മക്കളോടൊപ്പം എന്നെ കാണാൻ വന്ന ചില വീട്ടമ്മമാർ പറഞ്ഞിട്ടുണ്ട് ‘അന്നു നിങ്ങൾ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു വന്നപ്പോൾ പ്രശ്നമുണ്ടാക്കിയ സംഘത്തിൽ അവരുമുണ്ടായിരുന്നെന്ന്’.
ഓർമയിൽ ഇപ്പോഴും സൂക്ഷിക്കുന്നത് ?
ആദ്യത്തെ നീലത്താമരയിൽ ഞാനായിരുന്നു നായകൻ. എംടിയുടെ തിരക്കഥ. ബൈക്കോടിക്കുന്ന സമ്പന്ന കോളജ് കുമാരൻ എന്ന അക്കാലത്തെ സ്ഥിരം റോളിൽ നിന്ന് മാറ്റമുള്ള വേഷമായിരുന്നു നീലത്താരമരയിലേത്. പിന്നീടിറങ്ങിയ നീലത്താമരയുടെ പൂജാവേളയ്ക്ക് ആദ്യത്തെ താമരയിൽ അഭിനയിച്ചവരെ നിർമാതാവ് സുരേഷ് ക്ഷണിച്ചിരുന്നു. അവിടെ വച്ച് അംബികയേയും സത്താറിനേയുമെല്ലാം കണ്ടു. അയൽക്കാരി, അഭിനന്ദനം, ആലിംഗനം, അവളുടെ രാവുകൾ, അഭിനിവേശം, അങ്ങാടി...അങ്ങനെ ഐ.വി. ശശിയുടെ തന്നെ ‘അ’യിൽ തുടങ്ങുന്ന അമ്പതോളം സിനിമകളിൽ അഭിനയിച്ചു. അമേരിക്കയിൽ ചിത്രീകരിച്ച ഐവി.ശശിയുടെ ഏഴാകടലിനക്കരെ എന്ന സിനിമയിലും എനിക്കു പ്രധാന റോളുണ്ടായിരുന്നു. മോഹൻലാൽ ആദ്യമായി മുഖം കാണിച്ച ‘തിരനോട്ടം’ എന്ന സിനിമയിൽ നായകവേഷം ചെയ്തത് ഞാനായിരുന്നു. തിരുവനന്തപുരത്ത് മോഹൻലാലിന്റെ വീട്ടിൽ വച്ചായിരുന്നു അന്നു ഷൂട്ടിങ്.
അച്ഛൻ കെ.എം.കെ.മേനോൻ ചലച്ചിത്ര നിർമാതാവായിരുന്നതിന്റെ അനുഭവങ്ങൾ ?
അച്ഛൻ നിർമാതാവു മാത്രമല്ല, തിരുവനന്തപുരത്ത് കുളത്തൂരിൽ ശ്രീകൃഷ്ണ സ്റ്റുഡിയോയും ആരംഭിച്ചു. ചാൻസ് ചോദിച്ച് അച്ഛന്റെയടുത്തു വന്നവരിൽ സത്യൻ മാഷിന്റെ മുഖം എനിക്കോർമയുണ്ട്. അന്നു ഞാൻ സ്കൂളിൽ പഠിക്കുകയാണ്. ‘ഒന്നഭിനയിക്കണമായിരുന്നു’ എന്ന് അധികാര സ്വരത്തിലായിരുന്നു സത്യൻ മാഷിന്റെ ചോദ്യം. സത്യൻ അന്ന് കേരളത്തിൽ ഏതോ ഒരു സ്‌റ്റേഷനിൽ എസ്ഐ ആണ്. ‘ഈ മീശ അഭിനയത്തിനു ചേരില്ലല്ലോ’ എന്ന് അച്ഛൻ മറുപടി പറഞ്ഞു.സത്യൻ മാഷ് പിറ്റേദിവസം തന്നെ ക്ലീൻ ഷേവ് ചെയ്തു വന്നു. അച്ഛൻ നിർമിച്ച ‘ത്യാഗസീമ’ എന്ന സിനിമയിൽ സത്യൻ മാഷിന് റോൾ നൽകി. പ്രേംനസീറും അച്ഛൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ ആദ്യം അഭിനയിച്ചതും അച്ഛൻ നിർമിച്ച ‘ഉല്ലാസയാത്ര’ എന്ന സിനിമയിലാണ്.
അന്നത്തെ കാലത്ത് സ്റ്റണ്ട് ചെയ്യുന്നത് സാഹസമായിരുന്നില്ലേ?
തീർച്ചയായും. അന്നു സ്റ്റണ്ട് ചെയ്യുമ്പോൾ ഇപ്പോഴത്തെപ്പോലെ സുരക്ഷാ സംവിധാനങ്ങൾ അധികമില്ലായിരുന്നു. തറയിൽ വീഴുമ്പോൾ പരിക്കു പറ്റാതിരിക്കാനുള്ള ഫോം ബെഡ് പോലും അന്നുണ്ടായിരുന്നില്ല.
സാഹസികമായി ചെയ്ത ഷൂട്ടിങ് ഓർമകൾ ?
ടൈഗർ സലിം എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്നു. വില്ലനെ പിൻതുടർന്ന് ഞാൻ ബൈക്കോടിക്കുന്നു. ബൈക്ക് ഉപേക്ഷിച്ച് ലോഡ്ജിലേക്ക് ഓടിക്കയറുന്ന വില്ലന്റെ പിന്നാലെ ഞാൻ പായുന്നു. വില്ലൻ നാലാം നിലയിൽ നിന്ന് താഴേക്കു ചാടുന്ന സീനാണ്. വില്ലന്റെ പിറകെ ഓടിയിട്ട് നാലാം നിലയിൽ നിന്നു ചാടുന്നതായി ഞാൻ ആക്‌ഷൻ കാണിക്കണം. എല്ലാം ഭംഗിയായി ചെയ്തു. വില്ലന്റെ പിറകെ ചാടുന്നതായി ആക്‌ഷൻ കാണിച്ചതും സംവിധായകൻ ജോഷി വിളിച്ചു പറഞ്ഞു ‘ചാടിക്കോ രവി’ എന്ന്.
എന്നിട്ട് ചാടിയോ?
പൊതുജനങ്ങളും ആരാധകരും, ലോ കോളെജ്, സെന്‍റ് തെരേസാസ് കോളെജ്, മഹാരാജാസ് കോളെജുകളിലെയും വിദ്യാർഥികൾ ഉൾപ്പെടെ വൻജനാവലി മുകളിലേക്കു നോക്കി നിൽക്കുകയാണ്. സർക്കസിൽ കണ്ടിട്ടുള്ളതു പോലെ നീല വല പിടിച്ച് ലോഡ്ജിന്റെ താഴെ നാലു പേർ നിൽപ്പുണ്ട്.വല പിടിച്ചവരിലൊരാൾ അടിച്ചു ഫിറ്റാണ്.ചാടിയില്ലെങ്കിൽ ആക്‌ഷൻ ഹീറോ എന്ന എന്റെ ഇമേജാണു തകരാൻ പോകുന്നത്. ദാ വരുന്നു ജോഷിയുടെ അടുത്ത ചോദ്യം. ‘പേടിയാണോ’ ? പിന്നീട് ഒന്നും ചിന്തിച്ചില്ല. കണ്ണുമടച്ച് നേരേ വലയിലേക്ക് എടുത്തു ചാടി. വലയിൽ വീണ് മൂന്നോ നാലോ തവണ പൊങ്ങിയിട്ടാണു നിന്നത്. ഈശ്വരൻ കാത്തു. പിന്നീട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി എന്നോടു പറഞ്ഞു ‘അന്ന് ഭാരത് ഷൂട്ടിങ് ഹോമിലെ ഷൂട്ടിങ് കാണാൻ ജനക്കൂട്ടത്തിനിടയിൽ ഞാനും ഉണ്ടായിരുന്നു’. മമ്മൂട്ടി അന്ന് എറണാകുളം ലോ കോളെജിൽ വിദ്യാർഥിയായിരുന്നു.
ജയനോടൊപ്പം ഒട്ടേറെ സിനിമകൾ ചെയ്തില്ലേ?
ജയൻ എനിക്ക് ആത്മാർഥതയുള്ള സുഹൃത്തായിരുന്നു. ബേബിയെന്നായിരുന്നു ഞങ്ങൾ അടുപ്പമുള്ളവർ ജയനെ വിളിച്ചിരുന്നത്. ഞാൻ നായകനായി ആദ്യമായി അഭിനയിച്ച ഉല്ലാസയാത്രയിൽ വില്ലനായിരുന്നു ജയൻ. ഞാൻ നിർമിച്ച പൗർണമി എന്ന സിനിമയിൽ ജയൻ ഡ്രാക്കുളയുടെ വേഷം ചെയ്തിട്ടുണ്ട്. രാത്രി ഡ്രാക്കുളയും പകൽ സാധാരണ മനുഷ്യമായി പെരുമാറുന്ന കഥാപാത്രമായിരുന്നു ജയന്. സിനിമ സാമ്പത്തികമായി വിജയമായിരുന്നു. വർഷങ്ങൾക്കു ശേഷം ജയൻ നായകനായി അഭിനയിച്ച അങ്ങാടിയിൽ എനിക്ക് വില്ലൻ റോളായിരുന്നു.
ജയനെക്കുറിച്ച് ഒരിക്കലും മറക്കാത്തൊരു ഓർമയുണ്ട്. ‘എന്റെ സിനിമയിൽ നീയൊരു റോൾ ചെയ്യണമെന്ന്’ ഫോൺ ചെയ്ത് ജയൻ എന്നോടു പറഞ്ഞിരുന്നു. ജയനും ഷീലാമ്മയും ചേർന്നു നിർമിക്കുന്ന സംഘർഷം എന്ന സിനിമയിൽ അഭിനയിക്കണമെന്നാണ് ജയൻ എന്നോടു പറഞ്ഞത്. കോളിളക്കത്തിന്റെ ചിത്രീകരണത്തിനായി ഷോളാവാരത്തേക്കു പോവുകയാണ്. പിറ്റേ ദിവസം വൈകിട്ടു തമ്മിൽ കാണണമെന്നും ജയൻ പറഞ്ഞിരുന്നു. എന്നാൽ, ഫോൺ കോൾ വന്ന് പതിനെട്ടു മണിക്കൂർ തികയും മുൻപേ എനിക്കു കാണേണ്ടി വന്നത് ജീവനില്ലാത്ത ജയനെയാണ്. എന്റെ ആദ്യകാല നായികയായിരുന്ന റാണി ചന്ദ്രയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു.
അക്കാലത്തെ ചലച്ചിത്ര പ്രവർത്തകരിൽ ഇപ്പോഴും സൗഹൃദമുള്ളവർ ?
എഴുപത്തൊൻപതു സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകിയ ഐ.വി.ശശിയും എന്നോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച സീമയും മിക്കവാറും വിളിക്കാറുണ്ടായിരുന്നു. സീമയുമായി പിന്നീട് ഒരു തമിഴ് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചു. സത്താർ,ജനാർദനൻ ചേട്ടൻ,രാഘവൻ ചേട്ടൻ ഇവരുമായൊക്കെ സൗഹൃദം പുതുക്കാറുണ്ട്. എറണാകുളത്തു പോകുമ്പോൾ സംവിധായകൻ ജോഷി, നടൻ കുഞ്ചൻ തുടങ്ങിയവരെ കാണാറുണ്ട്. ജോസ് പ്രകാശിനെ വീട്ടിൽ പോയി കാണാറുണ്ട്.
അച്ഛന്റെ വീട് ചെങ്ങന്നൂരായിരുന്നു.അമ്മയുടേതു തൃശൂരും. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചില ബന്ധുക്കൾ മാത്രമേയുള്ളൂ കേരളത്തിൽ.
അഭിനയിച്ചു തുടങ്ങി തിരക്കായി. മലയാള സിനിമ കൈവിട്ടതായി തോന്നിയോ?
ഇല്ല. അഭിനയം ഞാൻ സ്വയം നിർത്തിയതാണ്. അച്ഛൻ മരിച്ചു. പിന്നെ, ഭാര്യയുടെ അച്ഛന്റെ കൂടെ ബിസിനസിലായിരുന്നു ശ്രദ്ധ.
കുടുംബം?
ഭാര്യ കൽപ്പന.കോയമ്പത്തൂർ സ്വദേശിയാണ്. പ്രണയ വിവാഹമായിരുന്നു. ഞങ്ങൾ കുടുംബ സുഹൃത്തുക്കളായിരുന്നു. മകൻ വസന്ത്.
സൈന്യത്തിൽ അഭിനയിച്ചതിനു ശേഷം കണ്ടില്ല?
മലയാളത്തെ മറക്കാൻ പറ്റുമോ. മലയാള സിനിമയിൽ അഭിനയിച്ചു കൊതി തീർന്നിട്ടില്ല. നല്ല ഓഫർ കിട്ടിയാൽ അഭിനയിക്കാൻ താൽപര്യമുണ്ട്.