Friday 04 April 2025 10:10 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ജീവിതത്തിൽ ആകെ നേരിട്ട സാമ്പത്തിക ചൂഷണം എന്റെ ഭർത്താവായിരുന്ന ആളിൽ നിന്നാണ്’: പ്രതികരിച്ച് രത്തീന

ratheena

തനിക്ക് ജീവിതത്തിൽ ആകെ നേരിട്ട സാമ്പത്തിക ചൂഷണം തന്റെ ഭർത്താവായിരുന്ന ആളിൽ നിന്നാണെന്ന് സംവിധായിക രത്തീന. അതിന് താൻ കോടതിയെയാണ് സമീപിച്ചതെന്നും അതിൽ തനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നൽകാൻ നാല് മാസം മുൻപ് കോടതി വിധി വന്നതുമാണെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നെത്തിയ പ്രതിനിധി രാജേഷ് കൃഷ്ണയെ മടക്കി അയച്ചുവെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു രത്തീന.

‘മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിലെ ചില സംഭവങ്ങളിൽ എന്റെ പ്രതികരണത്തിനായി ചില മാധ്യമങ്ങൾ സമീപിച്ചിരുന്നു. എന്റെ പേരിലുള്ള പരാതിയിൽ ചില നടപടികളുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. അത് ശരി വയ്ക്കുന്ന ചില മാധ്യമ റിപ്പോർട്ടുകളും കാണാനിടയായി. കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് ചില ആളുകൾ നടത്തുന്ന പ്രസ്താവനകളും എനിക്ക് നേരെ വിരൽ ചൂണ്ടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. വാർത്തകളിൽ കാണുന്നതുപോലെ എന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല. പാർട്ടിക്കോ മാധ്യമങ്ങൾക്കോ ഞാൻ അത്തരം ഒരു പരാതി കൊടുത്തിട്ടില്ല.

എനിക്കുവേണ്ടി പരാതി കൊടുക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എനിക്ക് ജീവിതത്തിൽ ആകെ നേരിട്ട സാമ്പത്തിക ചൂഷണം എന്റെ ഭർത്താവായിരുന്ന ആളിൽ നിന്നാണ്. അതിന് ഞാൻ കോടതിയെയാണ് സമീപിച്ചത്. അതിൽ എനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നൽകാൻ നാല് മാസം മുൻപ് കോടതി വിധി വന്നതുമാണ്. പാർട്ടിയെയും മാധ്യമങ്ങളെയും ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് ഒരു പങ്കും ഇല്ല. ഈ കാര്യത്തിൽ ഇനി ഒരു പ്രതികരണം ഉണ്ടായിരിക്കുന്നതല്ല. വേണ്ടി വന്നാൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.’– രത്തീന ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

സംവിധായികയായ റത്തീനയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭർത്താവ് രാജേഷിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച ഇത്തരം ചില പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാൻ നിർദേശിച്ചതെന്നാണു വിവരം.