മറ്റൊരു താരപുത്രി കൂടി മലയാള സിനിമയിലേക്ക്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലൂടെ നടൻ നിഷാന്ത് സാഗറിന്റെ മകള്‍ നന്ദയാണ് മോളിവുഡിൽ അരങ്ങേറുന്നത്. ചിത്രത്തിലെ നായികമാരിൽ ഒരാള്‍ നന്ദയാണ്.
വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് നന്ദ അഭിനയ രംഗത്തേക്കെത്തുന്നത്. ഓഡിഷനിലൂടെയാണ് ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
അതേ സമയം, ഏപ്രില്‍ പത്തിന് വിഷു റിലീസായി ‘ആലപ്പുഴ ജിംഖാന’ തിയേറ്ററിലെത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
ചിത്രത്തിലെ ഗാനങ്ങളും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം തുടരുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും വൻ വരവേൽപ്പാണ് ലഭിച്ചത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്.