Tuesday 23 April 2024 03:53 PM IST : By സ്വന്തം ലേഖകൻ

‘ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’: മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന ഡാൻസ്: കയ്യടിച്ച് കിങ് ഖാനും

lal-vfa-dance

സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുകയാണ് ഈ പ്രകടനം. തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാര നിശയായ വനിത ഫിലിം അവാർഡ്സിൽ ന‍ൃത്തച്ചുവടുകളുമായെത്തിയ മോഹൻ ലാലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഷാരൂഖ് ഖാന്റെ ജവാനിലെ സിന്ദാ... ബന്ദാ, ജയിലറിലെ ടൈഗർ കാ ഹുകും തുടങ്ങിയ പാട്ടുകൾക്കാണ് ത്രസിപ്പിക്കുന്ന ചുവടുകളുമായി മോഹൻലാൽ എത്തിയത്.

ഇപ്പോഴിതാ മോഹൻലാലിന്റെ ചടുലനൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡിന്റെ കിങ് ഖാൻ ഷാറുഖ് ഖാൻ രംഗത്തെത്തുകയാണ്. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്.

‘നന്ദി മോഹൻലാൽ സർ, ഈ ഗാനം എനിക്ക് ഏറ്റവും സ്‌പെഷൽ ആക്കിത്തന്നതിന്. താങ്കൾ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സർ. വീട്ടിൽ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു’ ഷാറുഖ് കുറിച്ചു.

‘സിന്ദ ബാന്ദ’യ്ക്കൊപ്പമുള്ള മോഹൻലാലിന്റെ തകർപ്പൻ ചുവടുകൾ ആരാധകരുംഏറ്റെടുത്തിരിക്കുകയാണ്. പ്രായത്തെ തോൽപ്പിക്കുന്ന മെയ്‍വഴക്കമായിരുന്നു വനിത ഫിലിം അവാർഡ്സിലെ പ്രകടനത്തിലൂടെ മോഹൻലാൽ പുറത്തെടുത്തതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.

അറ്റ്ലീ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമായ ‘ജവാനിലെ’ ഗാനമാണ് സിന്ദ ബന്ദ.. അനിരുദ്ധ് രവിചന്ദർ ആണ് ഗാനം ആലപിച്ചത്. ഇർഷാദ് കാമിൽ പാട്ടിനു വരികളെഴുതി.