Thursday 07 March 2019 05:07 PM IST

പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21! സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് നിയാസ് ബക്കർ മറുപടി പറയുന്നു

V.G. Nakul

Sub- Editor

n1

നടനും മിമിക്രി കലാകാരനുമായ നിയാസ് ബക്കറുടെ മകളുടെ വിവാഹ വിഡിയോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങളുടെ സാന്നിധ്യം ചടങ്ങിനെ കളറാക്കിയെങ്കിലും സകലരും അതിശയത്തോടെ ചോദിച്ചത് ഒരേ ചോദ്യം,

‘നിയാസിന് കെട്ടിക്കാറായ മോളോ...’ ?

ഈ അത്ഭുതപ്പെടലിൽ പ്രേക്ഷകരെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ കണ്ട, കാണുന്ന നിയാസ് ബക്കർ പയ്യനാണ്. ഏറിയാൽ അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുന്ന രണ്ടു ചെറിയ പിള്ളേരുടെ ബാപ്പ. ആ ധാരണകളും ഊഹങ്ങളുമൊക്കെ തകർന്നു വീണത്, നിയാസിന്റെ പ്രിയ രാജകുമാരി ജസീലയെ പുയ്യാപ്ല മുനീർ താലി ചാർത്തിയതോടെയാണ്.

n7

സോഷ്യൽ മീഡിയയിലെ വട്ടംകൂടി വർത്തമാനങ്ങളൊക്കെ കണ്ടാണ് നിയാസിനെ വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ ‘ഇതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടിൽ അദ്ദേഹം ആസ്വദിച്ചു ചിരിച്ചു. തൊട്ടു പിന്നാലെ വന്നു രസികൻ മറുപടി,

ഇടവേള മതിയാക്കി, മനോഹര നൃത്തവുമായി ഭാവന വീണ്ടും വേദിയിൽ! (വിഡിയോ)

‘മനസു കീഴടക്കിയത് തൃശ്ശൂർക്കാരി, കണ്ടുമുട്ടിയത് ലൊക്കേഷനിൽ വച്ച്’; വിവാഹം ഉടനെന്ന് അരിസ്റ്റോ സുരേഷ്

n3

‘പട്ടിണിയേക്കാൾ ഭേദം വെയിലല്ലേ ചേട്ടാ’; പൊള്ളുന്ന വെയിലിൽ പിഞ്ചുകുഞ്ഞുമായി ഭാഗ്യം തേടി ഗീതു; കണ്ണീർ

‘‘ഞാൻ ആരുടെയും ശ്രദ്ധയിൽ പെടാത്തതു കൊണ്ടാകാം. എന്നെ ശ്രദ്ധിക്കാത്തതു കൊണ്ട് എന്റെ മോൾ വളർന്നതും പലരും അറിഞ്ഞില്ല’’.

നാടകം, മിമിക്രി, സിനിമ, ടെലിവിഷൻ ഷോ, സീരിയൽ എന്നിങ്ങനെ അഭിനയ കലയിൽ നിയാസ് ബക്കർ കൈ വെക്കാത്ത മേഖലകൾ കുറവ്. വാത്സല്യത്തിലെ കുഞ്ഞമ്മാമയായും ഗാന്ധർവത്തിലെ അബൂക്കയായും മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ നടൻ അബൂബക്കറുടെ മൂത്ത മകൻ, മിമിക്രി വേദികളിലെ മുടിചൂടാ മന്നനായ കലാഭവൻ നവാസിന്റെ ചേട്ടൻ...നിയാസിന് വിശേഷണങ്ങൾ ഇനിയുമുണ്ട്. സിനിമയിലും സ്റ്റേജിലുമൊക്കെയായി വർഷങ്ങള്‍ പലത് കടന്നെങ്കിലും അദ്ദേഹത്തെ താരമാക്കിയത് മഴവിൽ മനോരമയിലെ ജനപ്രിയ ടെലിവിഷൻ പരിപാടിയായ ‘മറിമായ’മാണ്. സ്വാഭാവികമായ അഭിനയ മുഹൂർത്തങ്ങളുമായി ചുരുങ്ങിയ കാലത്തിനുള്ളിൽ നിയാസ് ജനപ്രിയനായി. നിയാസ് ബക്കർ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു...

n2

‘നിയാസിന് കെട്ടിക്കാറായ മോളോ...’ എന്നാണ് പലരുടെയും ചോദ്യം ?

എന്റെ രൂപമൊക്കെ വച്ച് മുൻപും പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. നവാസ് എന്റെ ചേട്ടനാണെന്നായിരുന്നു മിക്കവരുടെയും ധാരണ. എന്നെക്കാൾ രണ്ടു വയസ്സിനു താഴെയാണവൻ. കക്ഷി നേരത്തേ ഫീൽഡിൽ വന്നതു കൊണ്ടും എന്നെക്കാൾ ഹൈറ്റും വെയിറ്റുമൊക്കെയുള്ളതു കൊണ്ടും ഞാൻ പൊതുവേ അനുജനായിപ്പോയതാ. ഒരിക്കൽ മഴവിൽ മനോരമയിലെ ‘സിനിമാ ചിരിമാ’ എന്ന പ്രോഗ്രാമിൽ സംവിധായകൻ സിദ്ധിഖിക്ക എന്നെയും നവാസിനെയും നിർത്തി ഇത് ചേട്ടൻ ഇതാണ് അനിയൻ എന്ന് വ്യക്തമായി പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നു. അതേ പോലെ സിനിമയിൽ ഞാൻ ചെയ്തതിൽ അധികവും പയ്യൻ കഥാപാത്രങ്ങളാണല്ലോ. പക്ഷേ ഗ്രാമഫോണൊക്കെ വന്നിട്ട് പതിനഞ്ച് കൊല്ലം കഴിഞ്ഞു എന്നതാണ് മറ്റൊരു തമാശ.

എന്നാലും മുഖത്തിനോ രൂപത്തിനോ വലിയ മാറ്റമില്ലെന്നു പറഞ്ഞപ്പോൾ നിയാസ് രസിച്ചു ചിരിച്ചു. സംസാരത്തിനിടയിൽ പുട്ടിനു പീരയെന്ന പോലെ അദ്ദേഹം ചിരി വിതറിക്കോണ്ടേയിരിക്കും.

25 ൽ മണവാളൻ

n4

ഞങ്ങൾ വടക്കാഞ്ചേരിക്കാരാണ്. എനിക്കിപ്പോൾ 46 വയസ്സായി. 25 – ാം വയസ്സിലായിരുന്നു വിവാഹം. ബാപ്പയുടെ ആത്മസുഹൃത്ത് കെ.വി മുഹമ്മദിന്റെ മകളാണ് ഹസീന. ചെറുപ്പം മുതലേ അറിയാമെങ്കിലും സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളും തീരെ ഇളയ ഒരു അനിയനുമാണ്. അതുകൊണ്ടു തന്നെ സൗഹൃദത്തിനൊന്നും പറ്റിയ സാഹചര്യമുണ്ടായിരുന്നില്ല. എന്റെ ബാപ്പയും അവളുടെ ബാപ്പയും കുട്ടിക്കാലം മുതൽ ഒരുമിച്ചു നാടകം കളിച്ചിരുന്നവരാണ്.

വിവാഹം കഴിക്കുമ്പോൾ ഞാൻ ചെറിയ സ്റ്റേജ് ഷോസ് ഒക്കെ ചെയ്യുകയാണ്. നവാസ് കലാഭവനിലും ഞാൻ മാള അരവിന്ദേട്ടന്റെ നാടകസമിതിയിലുമായിരുന്നു.

ഞങ്ങൾ മൂന്ന് ആൺ മക്കളാണ്. ബാപ്പ പരിപാടികൾക്ക് പോകുമ്പോൾ ഉമ്മയും കൂടെപ്പോകും. അതിനാൽ ഞങ്ങൾ മൂന്നു പേരും മിക്കപ്പോഴും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അത്തരം ഒറ്റപ്പെടലുകൾ ഉണ്ടാകുന്നു എന്നു തോന്നിയതിനാലാകും എന്നെ നേരത്തെ പിടിച്ചു കെട്ടിച്ചത്. ഞങ്ങളുടെ ഏറ്റവും ഇളയ അനുജൻ നിസാമുദ്ദീൻ മാധ്യമപ്രവർത്തകനാണ്. എന്റെ മോള് ജസീലയ്ക്കിപ്പോൾ 21 വയസ്സ് കഴിഞ്ഞു. മരുമകൻ മുനീർ ഖത്തറിലാണ്.

മറിമായത്തിനു ശേഷമാണ് തന്റെ കരിയർ മാറി മറിഞ്ഞതെന്ന് നിയാസ് പറയുന്നു.

ഞാൻ തൃപ്തനാണ്

n6

അഭിനയത്തിൽ ബാപ്പയുടെ ജനിറ്റിക്കൽ സ്വാധീനമുണ്ടാകാം. പക്ഷേ, കരിയറിലെ ഒരു നേട്ടവും വൈകി വന്നതാണെന്ന് എനിക്കു തോന്നിയിട്ടില്ല. വിധിച്ചതു പോലെ എന്നാണ് കരുതുന്നത്. ഓരോ വർഷവും കഴിഞ്ഞ വർഷത്തേക്കാൾ കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നു വിചാരിക്കും. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുന്നു. പതിനഞ്ചു വർഷമായി സിനിമയിൽ നിലനിൽക്കാൻ പറ്റുന്നുണ്ടല്ലോ. അതു തന്നെ ധാരാളം.

തുടക്കം വെങ്കലത്തിൽ

ആദ്യം മുഖം കാണിക്കുന്നത് ഭരതേട്ടന്റെ വെങ്കലത്തിലാണ്. ഒരു ഡയലോഗൊക്കെയുള്ള ചെറിയ വേഷം. ശ്രദ്ധേയമായ ആദ്യത്തെ കഥാപാത്രം സിബി സാറിന്റെ ഇഷ്ടത്തിലാണ്. പിന്നീട് ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, സ്പീഡ്, ഓർഡിനറി തുടങ്ങി അമ്പതോളം സിനിമകൾ. പിന്നെ എന്തു കൊണ്ടാണ് ഇടവേള വന്നതെന്ന് അറിയില്ല. നിയോഗം അതായിരിക്കാം. മറിമായം വന്നതോടെയാണ് ബ്രേക്ക് ലഭിച്ചത്. സ്റ്റേജ് ഷോ ഇപ്പോഴുമുണ്ട്. ഇടയ്ക്ക് ഞാനും നവാസും സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു.

പത്തു വർഷമായി ആലുവയിലാണ് നിയാസും കുടുംബവും താമസം. മോന്റെ പേര് താഹ. ഒൻപതാം ക്ലാസിൽ പഠിക്കുന്നു.

എന്തായാലും ആളുകളുടെ മനസ്സിലെ പയ്യൻ ഇമേജ് അങ്ങനെ തന്നെയിരിക്കട്ടേ. ഞാൻ കഴിക്കുന്ന ഒരു മെഡിസിനുണ്ട്. അത് വലിയ വിലയ്ക്ക് വിൽക്കാനിരിക്കുകയാണ്.

അതെന്താണെന്നു ചോദിച്ചതും ഒരു പൊട്ടിച്ചിരിയോടെ നിയാസ് പറഞ്ഞു നിർത്തിയതിങ്ങനെ,

‘‘നന്നായി ചിരിക്കുക, നല്ല സൗഹൃദങ്ങളുണ്ടാക്കുക, എല്ലാത്തിലും തൃപ്തരാകുക...’’