Monday 13 March 2023 11:48 AM IST : By സ്വന്തം ലേഖകൻ

ഓസ്കർ വേദിയില്‍ സ്വപ്നനേട്ടവുമായി ‘നാട്ടു നാട്ടു’; സന്തോഷം കൊണ്ട് തുള്ളിച്ചാടി രാജമൗലി, വൈറല്‍ വിഡിയോ

rajammm578ug

ഓസ്കർ വേദിയില്‍ സ്വപ്നനേട്ടവുമായി ‘നാട്ടു നാട്ടു’ ഗാനം. ഓസ്കർ പ്രഖ്യാപിച്ച നിമിഷം സംവിധായകൻ രാജമൗലിയുടെ ആഹ്ലാദപ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഹൃദയം നിറയ്ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൺമുന്നിൽ അരങ്ങേറിയപ്പോൾ ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്.

വേദിയിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആകാംക്ഷയോടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു നിൽക്കുകയായിരുന്നു രാജമൗലിയും സുഹൃത്തുക്കളും. ആർആർആർ എന്ന് പേര് അവതാരകർ ഉച്ചരിച്ചപ്പോൾ ആഹ്ലാദാരവങ്ങളോടെ രാജമൗലി തുള്ളിച്ചാടി. തൊട്ടടുത്തു നിന്നിരുന്ന ഭാര്യയെ ആലിംഗനം ചെയ്തു. അതിനുശേഷം ഭാര്യയ്ക്കൊപ്പം സദസിന്റെ മുന്നിലേക്ക് ഇറങ്ങി. 

ഓസ്കർ പ്രഖ്യാപിച്ച നിമിഷത്തെ രാജമൗലിയുടെ ഈ വിഡിയോ ട്വിറ്ററിൽ ഏറെ പങ്കുവയ്ക്കപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയിൽ പരിഗണിക്കാതിരുന്ന ആർആർആറിനെ, ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലേക്ക് രാജമൗലി സ്വന്തം നിലയ്ക്ക് അയയ്ക്കുകയായിരുന്നു. സംവിധായകന്റെ ആ ദീർഘവീക്ഷണമാണ് ഇന്ത്യയുടെ അഭിമാനനേട്ടത്തിന് കാരണമായതും. 

Tags:
  • Movies