Wednesday 28 September 2022 12:42 PM IST : By സ്വന്തം ലേഖകൻ

‘കരുതി വച്ചിട്ട് കാര്യമില്ല, കൊടുക്കാനുള്ളത് അപ്പോൾ കൊടുക്കണം’: മാളിലെ ലൈംഗികാതിക്രമം: നടിയുടെ പ്രതികരണം

kozhikode-mall-issue

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നത്. ഇതിൽ ഒരു നടി തിരക്കിനിടയിൽ അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുന്നതിന്റെ വിഡിയോ വൈറലാണ്.

സംഭവത്തിൽ സോഷ്യൽ മീഡ‍ിയയിൽ പ്രതികരണം ശക്തമാകുമ്പോൾ‌ ലൈംഗികാതിക്രമം നേരിട്ട നടിമാരിലൊരാൾ പ്രതികരണവുമായി എത്തുകയാണ്. ‘കൊടുക്കാനുള്ളത് അപ്പോൾ കൊടുക്കണം, കരുതി വച്ചിട്ട് കാര്യമില്ല, ഓൺ ദി സ്പോട്ട് ആക്ഷൻ ഓൺലി’– നടിയുടെ പ്രതികരണം ഇങ്ങനെ. ഇൻസ്റ്റഗ്രാമിലാണ് പ്രതികരണം പങ്കുവച്ചത്.

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം. തിരക്കിനിടയിൽ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ചു. ഇന്നലെ രാത്രി 9.30നു ശേഷമാണു സംഭവം പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു

9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ഹൈലൈറ്റ് മാളിൽ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതർ വിവരം അറിയിക്കാറില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് പൊലീസ് സ്ട്രൈക്കിങ് ഫോഴ്സും പന്തീരാങ്കാവ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. 7 മുതൽ 9 വരെയാണു പരിപാടി നടന്നത്. അതുവരെ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നും പുറത്തു തടിച്ചുകൂടിയവർ പിരിഞ്ഞുപോയ സമയത്ത് മാളിന്റെ ഉള്ളിൽ നിന്നാണ് നടിയെ കയ്യേറ്റം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.