Saturday 01 October 2022 10:27 AM IST : By സ്വന്തം ലേഖകൻ

കരഘോഷത്തോടെ സദസ്, എഴുന്നേറ്റ് നിന്ന് ആദരവ്... പുഞ്ചിരിയോടെ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ: വിഡിയോ

nanchamma

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലെ ഹൃദയം തൊടുന്ന നിമിഷം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. മലയാളത്തിന്റെ ഹൃദയം കീഴടക്കിയ മധുര സ്വരം നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം. സദസൊന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് നഞ്ചിയമ്മയുടെ നേട്ടം ആഘോഷിച്ചത്.

അറുപത്തിനാലുകാരിയായ നഞ്ചിയമ്മ വേദിയിലേക്ക് കടന്നുവന്നപ്പോള്‍ സദസ് മുഴുവന്‍ കരഘോഷത്തോടെ വരവേറ്റു. എപ്പോഴും മുഖത്ത് കാണാറുള്ള ആ നിറഞ്ഞ പുഞ്ചിരിയിലൂടെ അവാര്‍ഡ് നേട്ടത്തിന്‍റെ സന്തോഷം നഞ്ചിയമ്മയും പ്രകടിപ്പിച്ചു. ഇന്ത്യയുടെ വൈവിധ്യത്തിന്റെ സൗന്ദര്യമാണ് നഞ്ചിയമ്മയുടെ പുരസ്കാര നേട്ടത്തിലൂടെ പ്രകടമാകുന്നതെന്ന് സദസിൽ മുഴങ്ങിക്കേട്ടു.

മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തുന്നതായി അറുപത്തെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ്‌. 8 പുരസ്കാരങ്ങളാണു മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സച്ചി (കെ.ആർ. സച്ചിദാനന്ദൻ) ആണു മികച്ച സംവിധായകൻ. 4 പുരസ്കാരങ്ങൾ ഈ സിനിമ നേടി. സച്ചിക്കു വേണ്ടി ഭാര്യ സിജിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

മികച്ച സഹനടനുള്ള പുരസ്‌കാരം ബിജുമേനോൻ ഏറ്റുവാങ്ങി. മാഫിയാ ശശി (സംഘട്ടന സംവിധാനം– അയ്യപ്പനും കോശിയും), വിഷ്‌ണുഗോവിന്ദ്‌ (റീ റെക്കോഡിസ്‌റ്റ്‌ ഓഫ്‌ ഫൈനൽ മിക്‌സ്‌ഡ്‌ട്രാക്ക്‌–- മാലിക്ക്‌), അനീസ്‌ നാടോടി (പ്രൊഡക്‌ഷൻ ഡിസൈൻ–-കപ്പേള), നിഖിൽ എസ്‌. പ്രവീൺ (നോൺഫീച്ചർ വിഭാഗം, മികച്ച ഛായാഗ്രഹണം– ശബ്‌ദിക്കുന്ന കലപ്പ), ഡ്രീം ഓഫ്‌ വേർഡ്‌സ്‌ (നോൺഫീച്ചർ, മികച്ച വിദ്യാഭ്യാസചിത്രം) എന്നിവയായിരുന്നു ചലച്ചിത്ര പുരസ്‌കാരവേദിയിലെ മലയാളത്തിന്റെ മറ്റ്‌ അഭിമാനങ്ങൾ.  വാങ്ക്‌ എന്ന ചിത്രത്തിലൂടെ പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹയായ സംവിധായിക കാവ്യാപ്രകാശും ചടങ്ങിനെത്തി.

സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണു മികച്ച സിനിമ. ഇതിലൂടെ അപർണ ബാലമുരളി മികച്ച നടിയായി. ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.