Tuesday 23 July 2019 02:54 PM IST : By സ്വന്തം ലേഖകൻ

‘മനുഷ്യൻമാരെ മനസ്സിലാക്കാൻ സാധിക്കാതെ ആളെ കൊല്ലുന്ന എല്ലാ മുറിവൈദ്യന്മാർക്കും ഒരു പാഠമാകട്ടെ’! കുമ്പളങ്ങിയുടെ മനശാസ്ത്ര വശം: കുറിപ്പ്

saubin-new

അടുത്തിടെ തിയേറ്ററുകളിലെത്തിയവയിൽ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പലതരം കുറിപ്പുകളും നിരൂപണങ്ങളുമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വന്നത്. ഇപ്പോഴിതാ കുമ്പളങ്ങിയുടെ മനശാസ്ത്ര സംബന്ധമായ മറ്റൊരു വശം പരിചയപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് ആയ സയ്യിദ് ഷഹീർ.

സയ്യിദ് ഷഹീർ എഴുതിയ കുറിപ്പ് വായിക്കാം:

#പണി_പാളിയിരിക്കയാണ്, ശരിക്കും കയ്യിന്ന് പോയി ,എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവുമോടാ...??

#കുമ്പളങ്ങി_നൈറ്റ്സ് എന്ന ഈയിടെ ഇറങ്ങിയ പടം ഒരുപാട് മനശ്ശാസ്ത്ര വായനകൾക്ക്‌ ഇടം കൊടുക്കുന്ന സിനിമയാണ് , മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം എന്നും മനശ്ശാസ്ത്ര വിഷയവുമാണ് .

ഫഹദ് അവതരിപ്പിച്ച ഷമ്മിയും , സൗബിൻ അവതരിപ്പിച്ച സജിയും കൃത്യമായ മനശ്ശാസ്ത്ര പഠനത്തിന് വിധേയമകേണ്ട കഥാപാത്രങ്ങളാണ് എന്ന്‌ യാതൊരു ആമുഖവും കൂടാതെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് .

"പണി പാളിയെന്നാ തോന്നുന്നെ , എന്നെയൊന്ന് ഡോക്ടറുടെയടുത് കൊണ്ട് പോകുമോ , കരയാനൊന്നും പറ്റുന്നില്ല " എന്നു അനിയനോട് പറഞ്ഞു തന്റെ മാനസിക നില താളം തെറ്റുന്നത് തിരിച്ചറിഞ്ഞ് സ്വമേധയാ ചികിത്സയെടുക്കാൻ തയ്യാറാകുന്ന സജി ഒരു വലിയ മാറ്റത്തിന്റെ സൂചനയാണ് നമുക്ക് കാണിച്ചു തരുന്നത് .

പലപ്പോഴും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പോലും ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യുന്ന നമ്മൾ പലപ്പോഴും മനസ്സിന്റെ കാര്യം വരുമ്പോൾ പിന്നോട്ടടിക്കുകയാണ് പതിവ് .

മനസ്സിലൊരു പ്രയാസം തോന്നുകയാണെങ്കിൽ അതിനെ പരിഹരിക്കാൻ ശാസ്ത്രീയമായ അറിവും കഴിവും പഠിച്ച സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ അടുത്ത് പോകാൻ ഇന്നും പല കാരണങ്ങളാൽ നമ്മൾ മടിക്കുന്നത് പലപ്പോഴും സമൂഹത്തിന്റെ മുദ്രകുത്തലുകൾ ഭയന്നിട്ട് തന്നെയാകണം .

അത്തരത്തിൽ നില നിൽക്കുന്ന സാമൂഹിക സാഹചര്യത്തിലാണ് , സജി എന്ന സാധാരണക്കാരിൽ സാധാരണക്കാരൻ തന്റെ മനസ്സിന്റെ താളപ്പിഴ മനസ്സിലാക്കി ചികിത്സയെടുക്കാൻ സന്നദ്ധനാകുന്നത് .
സിനിമയുടെ കഥ എഴുതുന്ന സമയത്ത് ഇങ്ങനൊരു രംഗം അതിൽ ഉൾപെടുത്തിയത്തിന് കഥാകൃത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല , ഒരുപക്ഷേ നൂറ് ബോധവത്കരണ ക്ലാസ്സുകളെക്കാളോ , ലേഖനങ്ങളെക്കളോ നമ്മളെ മനസ്സിന്റെ വിഷയത്തിൽ കൃത്യമായ ചികിൽസ എടുക്കുന്നതിന് ഈയൊരു രംഗം പ്രചോദിപ്പിക്കും എന്നുറപ്പാണ് .

ഇനി സജി കാണാൻ പോയ ആശ്രയ് എന്ന ക്ലിനിക്കിലെ മനസികരോഗ വിദഗ്ധനോ മനശ്ശാസ്ത്രജ്‌ഞനോ ആരാവട്ടെ , അദ്ദേഹത്തിന്റെ സജിയോടുള്ള സമീപനം ഏതൊരു മനശ്ശാസ്ത്ര വിദ്യാർത്ഥിക്കും അനുകരണീയമാണ് .

കാൾ റോജേഴ്‌സ് Client Centred Therapy യെ കുറിച്ചു പറഞ്ഞ സ്ഥലത്ത് Unconditional Positive Regard നെ വിവരിച്ചിട്ടുണ്ട് . 
ഓരോ വ്യക്തിക്കും അവന്റെ ഉള്ളിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരാനും Growth ഉണ്ടാക്കാനുമുള്ള വിഭവങ്ങൾ ഉണ്ടെന്നും , ഒരു തെറാപ്പിസ്റ്റു എല്ലാ മുൻവിധുകളും മാറ്റി വച്ച് ആ വ്യക്തിയെ നിരുപാധികം കേൾക്കാനും ഉൾക്കൊള്ളാനും സ്വീകരിക്കാനും പറ്റണം എന്നാണ് റോജേഴ്‌സ് വിവരിക്കുന്നത് .

സിനിമയിൽ സജിയോട് തെറാപ്പിസ്റ്റ് കാണിക്കുന്ന സമീപനം സജിയുടെ പ്രക്ഷുബ്ധമായ മനസ്സിലെ ആഴത്തിലുള്ള പ്രയാസങ്ങളുടെ തീവ്രത നമുക്ക് എളുപ്പത്തിൽ കാണിക്കുന്നുണ്ട്.
"കരയണേൽ കരഞ്ഞോ, സഹായിക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളത് " എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളിൽ നിന്നു തന്നെ സജി അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടിനെ മനസ്സിലാക്കുകയും , സെൽഫ് എക്സ്പ്രെഷനെ ഫെസിലിറ്റേറ്റ്‌ ചെയ്യുകയുമാണ് കൗണ്സിലർ.
ഒരുപക്ഷേ സജി തെറാപ്പിസ്റ്റിന്റെ മടിയിൽ മുഖം അമർത്തി കരയുന്ന രംഗവും , കണ്ണീരും ചീരാപ്പും എല്ലാം അദ്ദേഹത്തിന്റെ കുപ്പായത്തിൽ തുടയ്ക്കുന്നതും , യാതൊരു പ്രയാസവും കാണിക്കാതെ സജിയെ സമാധാനിപ്പിക്കുന്നതും വളരെ സൂക്ഷ്മമായി തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത് .

കരയാൻ പോലും പറ്റുന്നില്ല എന്ന് പറഞ്ഞ സജി മനസ്സ് തുറന്ന് സംസാരിക്കുന്നതും , തന്തയില്ലാത്തവൻ എന്ന്‌ ആളുകൾ തമാശയ്ക്കും കാര്യത്തിലും വിളിക്കുമ്പോ വിഷമം ആകാറുണ്ട് എന്ന് പറയുന്നതും ഒടുവിൽ ഉള്ള് തുറന്ന് കരയുന്നതും തന്നെയാണ് കുമ്പളങ്ങിയിലെ ഏറ്റവും വികാരപരമായ രംഗം എന്ന്‌ പറയാം , ഒടുവിൽ ക്ലിനിക്കിൽ നിന്നും പുറത്തിറങ്ങുന്ന സജിയുടെ മുഖത്തെ തെളിച്ചവും നമുക്കു ഓരോരുത്തർക്കുമുള്ള വലിയ ബോധമാണ് പങ്ക് വയ്ക്കുന്നത് . മനസിന്റെ കാര്യത്തിൽ യാതൊരു നീട്ടിവയ്ക്കലുകളും ഇല്ലാതെ , കൃത്യമായ സമയത്തു ശരിയായ ഇടപെടലുകൾ നടത്തി മാനസികരോഗ്യമുള്ള ഒരു സമൂഹമായി മാറാൻ നമുക്ക് സജി ഒരു വഴി കാട്ടിയവട്ടെ എന്ന് പ്രത്യാശിക്കാം.

കൗണ്സിലിംഗ് എന്ന് പറഞ്ഞാൽ ഉപദേശമല്ലേ , അതിന് രണ്ട് ദിവസത്തെ ഏതേലും പ്രമുഖ ഉപദേശിയുടെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുൻപിൽ വരുന്ന മനുഷ്യന്മാരെ മനസ്സിലാക്കാൻ സാധിക്കാതെ ആളെ കൊല്ലുന്ന എല്ലാ മുറിവൈദ്യന്മാർക്കും ഈ തെറാപ്പിസ്റ്റും ഒരു പാഠമകട്ടെ.

NB : തീർച്ചയായും ആ തെറാപ്പിസ്റ്റ് സജി പോയതിനു ശേഷം ആ ഷർട്ട് മാറ്റിയിട്ട് മാത്രമേ അടുത്ത ആളെ കണ്ടിട്ടുണ്ടാകുള്ളൂ അതിൽ ഒരു സംശയവും വേണ്ട , പക്ഷെ അതിലും ഒരു മാനുഷികത അയാൾ കാണിച്ചിട്ടുണ്ടാകണം .

മുൻകാല മലയാള സിനിമകളിൽ മാനസിക രോഗവും , ചികിത്സയും പലപ്പോഴും വികലമായി അവതരിപ്പിച്ചത് കണ്ട നമ്മൾക്ക് കുമ്പളങ്ങിയിലെ സിനിമയുടെ ഒരു നടകീയതയ്ക്ക് വേണ്ടി ഈ രംഗത്തിൽ എന്തെങ്കിലും ചേരുവ ചേർത്തിട്ടുണ്ടെങ്കിൽ തന്നെ അത് നീതീകരിക്കാവുന്ന ഒന്നാണ് എന്നാണ് വ്യക്തിപരമായ കാഴ്ചപ്പാട് .

മാറ്റം വരട്ടെ , മാറ്റം ആവശ്യമായ ഇടങ്ങളിൽ .

സയ്യിദ് ഷഹീർ
സൈക്കോളജിസ്റ്റ്