Monday 18 October 2021 10:26 AM IST : By സ്വന്തം ലേഖകൻ

‘ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം’: സുധീഷിനെ അഭിനന്ദിച്ച് ചാക്കോച്ചൻ

sudheesh

‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ഇക്കുറി സുധീഷ് നേടി. ഇപ്പോഴിതാ, സുധീഷിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

‘സുധീഷ്.. ദ് ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള ചലച്ചിത്രമേഖലയിലെ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ‘അടുത്ത വീട്ടിലെ പയ്യനിൽ’ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്’.– ചാക്കോച്ചൻ കുറിച്ചു.