Tuesday 29 September 2020 04:20 PM IST : By സ്വന്തം ലേഖകൻ

‘മാന്യൻമാർ ചമഞ്ഞു നടക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല, എന്റെ സ്വന്തം അനുഭവം!’ ലിസിയുടെ പ്രതികരണം

lissy

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ യൂ ട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ളവർക്ക് പിന്തുണയേറുകയാണ്. സംഭവം സ്ത്രീസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ലിസി. സോഷ്യൽ മീഡിയയില്‍ അശ്ലീല വിഡിയോകൾ ചൊരിഞ്ഞ യൂട്യൂബറെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും പിന്തുണയർപ്പിച്ചാണ് ലിസിയുടെ കുറിപ്പ്.

‘ഇതൊരു ശക്തമായ തുടക്കമാണ്. നമ്മുടെ സമൂഹത്തിനു വേണ്ടിയുള്ള വലിയ ചുവടുവയ്പാണ്. ഈ മറുപടിയെ താൻ വലിയപ്രതീക്ഷയോടെ നോക്കിക്കാണുന്നു.’– ലിസി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ക്രിമിനലുകൾ മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് കരുതരുതെന്നും സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്നവരും ഇത്തരം ക്രൂരതകൾ ചെയ്യാറുണ്ടെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയുമെന്നും ലിസി കുറിച്ചു.

ലിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ ഇങ്ങനെ:

'മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്. 

മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. 

ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.

വാൽക്കഷ്ണം- ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.