Wednesday 25 September 2019 12:37 PM IST : By സ്വന്തം ലേഖകൻ

വിനീതിന്റെ ഹാട്രിക് വിജയം പ്രതീക്ഷിച്ച് പ്രേക്ഷകർ! ‘മനോഹരം’ തിയറ്ററിലേക്ക്

manoharam-new

മറ്റൊരു ഫാമിലി ഫീൽഗുഡ് എന്റർടെയ്നർ ഉറപ്പ് നൽകി ‘മനോഹരം’ ഈയാഴ്ച തിയേറ്ററിലെത്തുമ്പോൾ, നായകനെന്ന നിലിൽ ചിത്രം വിനീതിന്റെ ഹാട്രിക് വിജയമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം ഹിറ്റാണ്. ‘കിനാവോ...’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡിയോ ആസ്വാദകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

പാലക്കാടിന്റെ ഗ്രാമീണ ഭംഗി പശ്ചാത്തലമാക്കിയുള്ള പ്രണയ–കുടുംബ ചിത്രമാണ് മനോഹരം. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27ന് തിയേറ്ററിലെത്തും. മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിൽ എത്തുന്നത്. അപര്‍ണ ദാസാണ് നായിക. ഇന്ദ്രന്‍സും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇതിനു മുമ്പ് വിനീത് നായകനായി തിയേറ്ററിലെത്തിയ ‘അരവിന്ദന്റെ അതിഥികൾ’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾ വലിയ വിജയങ്ങളായിരുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ മാത്യു തോമസായിരുന്നു മറ്റൊരു നായകൻ. ഇരു ചിത്രങ്ങളിലും വിനീതിന്റെ കഥാപാത്രങ്ങൾ കയ്യടി നേടി. ആ വിജയങ്ങളുടെ തുടർച്ചയാകും ‘മനോഹര’ത്തിലും സംഭവിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.