Tuesday 15 September 2020 12:47 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മലയാളം വായിക്കാൻ അറിയില്ല, ആ ട്രോളുകളിൽ എഴുതിയത് മനസിലായതുമില്ല’! വിഡിയോ പങ്കുവച്ച് മന്യ

manya

തനിക്ക് മലയാളം വായിക്കുവാൻ അറിയില്ലെന്നും അതുകൊണ്ട് തന്നെ ‘വാസു അണ്ണൻ’ ട്രോളുകളിൽ എന്താണ് എഴുതിയതെന്ന് മനസിലായിരുന്നില്ലെന്നും നടി മന്യ

‘നന്ദി, നിങ്ങളുടെ എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. അതുകൊണ്ട് തന്നെ ആ ട്രോളുകൾ എനിക്ക് മനസിലായതുമില്ല. ഈ പ്രശ്നം എത്രയും പെട്ടന്ന് തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു’.– ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം മന്യ കുറിച്ചു.

കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സായ് കുമാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ് ഗരുഡൻ വാസു എന്ന വാസു അണ്ണൻ. ചിത്രത്തിൽ നായികമാരിൽ ഒരാളായ മന്യ അവതരിപ്പിച്ച പ്രിയ ലക്ഷ്മിയെ കൊല്ലുന്നത് വാസുവും. എന്നാൽ ചിത്രം റിലീസായി വർഷങ്ങൾ കഴിഞ്ഞ്, വാസുവിനെ ഏറ്റെടുക്കുകയായിരുന്നു ട്രോളൻമാർ. അതിൽ ഒരു ട്രോൾ വാസു പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ്. ഈ ട്രോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാസു അണ്ണനെ സൂക്ഷിക്കണം എന്ന രസികൻ പോസ്റ്റുമായി മന്യ എത്തിയിരുന്നു. എന്നാൽ അത് തമാശയായി കാണാനാകില്ലെന്ന വാദവുമായി നടി രേവതി സമ്പത്ത് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി മന്യ വീണ്ടും എത്തിയത്.

കുഞ്ഞിക്കൂനൻ, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. കുഞ്ഞിക്കൂനനിൽ ദിലീപ് അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാർത്ഥി ആയിരുന്നു. പ്രസാദിന്റെ കാമുകിയുടെ വേഷമാണ് ചിത്രത്തിൽ മന്യ അവതരിപ്പിച്ചത്.

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരായത്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്.മകൾ ഒമിഷ്ക.