Thursday 17 April 2025 10:19 AM IST : By സ്വന്തം ലേഖകൻ

‘ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും’: മീര വാസുദേവിന്റെ കുറിപ്പ്

meera-vasudev

അഭിനയ ജീവിതത്തിൽ 25 പൂർത്തിയായ സന്തോഷം പങ്കുവച്ച് നടി മീര വാസുദേവ്. 

‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടിയും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശകൾക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്.

എന്റെ ഇന്‍സ്റ്റാഗ്രാം കുടുംബത്തിലെ എല്ലാവരും, എന്നെ പോലെ തന്നെ കുടുംബബന്ധത്തിലും സ്‌നേഹത്തിലും ആരോഗ്യത്തിലും ജോലിയിലും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ സമൃദ്ധിക്കും മനസ്സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാർഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയട്ടെ’. – മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘നീയാണ് എന്റെ ലോകം’ എന്നാണ് മീരയുടെ ഭർത്താവ് വിപിന്‍ കുറിപ്പിൽ കമന്റിട്ടത്. ‘എന്റെ ജീവിതം അനുഗ്രഹീതമാക്കുന്നത് നീയാണ്. എന്റെയും അരിഹയുടെയും (മകൻ) ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം’, എന്നാണ് മീര ഇതിനു നൽകിയ മറുപടി.

കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്. ക്യാമറാമാനാണ് വിപിൻ.