Tuesday 23 June 2020 09:37 AM IST : By സ്വന്തം ലേഖകൻ

107–ാം വയസ്സിൽ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് പാപ്പുക്കുട്ടി ഭാഗവതർ! ആദരവർപ്പിച്ച് കലാകേരളം

paappukkutti

107–ാം വയസ്സിൽ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ്, മലയാള നാടക – സിനിമ അഭിനേതാവും ചലച്ചിത്ര പിന്നണി ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ.

‘വേദമണി’ എന്ന സംഗീത നാടകത്തിലൂടെ ഏഴാമത്തെ വയസിൽ അരങ്ങിലെത്തിയ പാപ്പുക്കുട്ടി ഭാഗവതർ പതിനേഴാം വയസ്സിൽ ‘മിശിഹാചരിത്ര’ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ടു.

ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാപ്പുക്കുട്ടി ഭാഗവതര്‍, തിക്കുറിശ്ശിയുടെ ‘മായ’ എന്ന നാടകത്തിൽ നായകവേഷത്തില്‍ എത്തി. ‘സമത്വം സ്വാതന്ത്ര്യം,’ ‘തെരുവുതെണ്ടി,’ ‘കമ്യൂണിസ്റ്റ് അല്ല,’ ‘ഭാഗ്യചക്രം,’ ‘ഇണപ്രാവുകൾ,’ ‘ചിരിക്കുന്ന ചെകുത്താൻ,’ ‘പത്തൊമ്പതാം നൂറ്റാണ്ട്’ തുടങ്ങി അനവധി നാടകങ്ങളിൽ വേഷമിട്ട പാപ്പുക്കുട്ടി ഭാഗവതർ 15,000 ല്‍പ്പരം വേദികളില്‍ നാടകം അവതരിപ്പിച്ചു.

‘പ്രസന്ന’യാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. ‘ഗുരുവായൂരപ്പൻ,’ ‘സ്ത്രീഹൃദയം,’ ‘മുതലാളി,’ ‘വില കുറഞ്ഞ മനുഷ്യർ,’ ‘പഠിച്ച കള്ളൻ,’ ‘അഞ്ചു സുന്ദരികൾ’ തുടങ്ങിയ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

സിനിമയിൽ സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി ഗായകനായി. 2010ൽ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന പാട്ടും അദ്ദേഹം ആലപിച്ചതാണ്.

ഗായിക സെൽമ ജോർജ്, നടൻ മോഹൻജോസ്, സാബു ജോസ് എന്നിവർ മക്കളാണ്. പ്രശസ്ത സംവിധായകൻ ശ്രീ കെ ജി ജോർജ് മരുമകനാണ്.