Saturday 03 August 2019 03:53 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ’; ഡോക്ടറെ ചിരിപ്പിച്ച പ്രിയയുടെ ചോദ്യം

pk

‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ’; ഡോക്ടറെ ചിരിപ്പിച്ച പ്രിയയുടെ ചോദ്യം

കണ്ണിമ ചിമ്മാതെ അവന്റെ കിളിക്കൊഞ്ചൽ നോക്കിയിരിപ്പാണ്. കുഞ്ഞിളം ചുണ്ടിൽ മില്ലീ മീറ്റർ വലുപ്പത്തിൽ തെളിയുന്ന ആ പുഞ്ചിരി...കെഞ്ചിക്കരച്ചിൽ...അവനാണ് അവരുടെ ലോകം.

കുഞ്ഞ് ഇസഹാഖിന്റെ പുഞ്ചിരിയിൽ ഈ ലോകം തന്നെ കാണുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും നല്ല പാതി പ്രിയയും. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കനിഞ്ഞരുളിയ കണ്മണിയില്‍ ദൈവം അവർക്ക് കാത്തു വച്ചിരുന്നത് ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള സന്തോഷം.

ഇസ്ഹാഖ് എന്ന പൊൻപൂവിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെയും ചാക്കോച്ചൻ ഹൃദയം കൊണ്ടാണ് മറുപടി പറയുന്നത്. വനിത ജൂലൈ ലക്കത്തിന് അനുവദിച്ച അഭിമുഖത്തിലും ചാക്കോച്ചൻ നിറഞ്ഞു സംസാരിച്ചത് ഇസയെക്കുറിച്ച്. അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗം ചുവടെ...

പ്രിയ തന്ന ഏറ്റവും വലിയ സർപ്രൈസ് എന്താണ്?

കുഞ്ചാക്കോ ബോബൻ: പന്ത്രണ്ടാമത്തെ ദിവസം മുതൽ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി. ഇതുവരെ തന്ന സർപ്രൈസുകളിൽ ഏറ്റവും വലുതായി ആ കാഴ്ച മാറി. കുഞ്ഞു വന്നു കഴിഞ്ഞാൽ എങ്ങനെ നോക്കണം എന്ന കാര്യത്തിൽ പ്രിയയ്ക്ക് ആദ്യം കുറച്ചു ടെൻഷനുണ്ടായിരുന്നു.

കുഞ്ഞിനെ സ്വന്തമായി കുളിപ്പിക്കാൻ തുടങ്ങിയ ദിവസങ്ങളിൽ പ്രിയയ്ക്ക് ആകെ പേടി. ഒടുവിൽ ഡോക്ടറെ വിളിച്ചു ചോദിച്ചു, ‘‘ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?’’

ഡോക്ടർ ചിരിയോടെ തിരിച്ചു ചോദിച്ചു, ‘‘ കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോ? പാലു കുടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെന്തു കുഴപ്പം...’’ അതോടെ ആത്മവിശ്വാസമായി.

വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രിയയാണ്. ക ക്ഷിയുടെ ഭാഷയിൽ പറഞ്ഞാൽ ‘മത്തി മുതൽ മാണിക്യം വരെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാനാണ്’. എന്റെ കോസ്റ്റ്യൂം സെല്ക്ട് ചെയ്യുന്നത്, തീയതികൾ ഒാർമിപ്പിക്കുന്നത് അങ്ങനെ എല്ലാം. എനിക്ക് അഭിനയിച്ചാൽ മതി. ബാറ്റ്മിന്റൺ കളിച്ചാൽ മതി. മൾട്ടി ടാസ്കിങ് പരിപാടിയിൽ ഞാൻ പിറകോട്ടാണ്.