Saturday 23 April 2022 12:13 PM IST : By സ്വന്തം ലേഖകൻ

‘ബാക്കി എല്ലാവർക്കും ഇഷ്ടപ്പെടുമായിരിക്കും... എനിക്ക് ഇഷ്ടപ്പെട്ടില്ല’: പിഷാരടിയുടെ മകൾ പറയുന്നതിങ്ങനെ: വിഡിയോ

ramesh

രമേശ് പിഷാരടി നായകനായ ‘നോ വേ ഔട്ട്’ ന്റെ ആദ്യ പ്രദർശനം കണ്ടിറങ്ങിയ ശേഷം താരത്തിന്റെ മകൾ പൗർണമി ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞ അഭിപ്രായമാണ് വൈറലാകുന്നത്.

അച്ഛന്റെ സിനിമ ഇഷ്ടമായില്ലെന്നാണ് മകൾ പറയുന്നത്.

‘നോ വേ ഔട്ട് കണ്ടു. പടം ഇഷ്ടമായില്ല. അച്ഛൻ തൂങ്ങിച്ചാവുന്നതു കണ്ടിട്ട് സഹിച്ചില്ല. അച്ഛന് ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒക്കെയാണ് സിനിമയിലുള്ളത്. വല്ല നല്ല കാര്യങ്ങളും ചെയ്താൽ പോരേ. അവസാനം അച്ഛൻ രക്ഷപ്പെട്ടതു കണ്ടപ്പോൾ സന്തോഷമായി. അച്ഛൻ കോമഡി പടങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. ഈ സിനിമ മുഴുവൻ സീരിയസ് ആണ്. ബാക്കി എല്ലാവർക്കും ഇഷ്ടപ്പെടുമായിരിക്കും എനിക്ക് ഇഷ്ടപ്പെട്ടില്ല.’– പൗർണമി പറയുന്നു.

‘മകൾ ഒരു അച്ഛൻ കുഞ്ഞാണ്. അവൾക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവൾക്കു സിനിമയും കഥാപാത്രവും ഒന്നും ഇല്ല... അച്ഛനാണ് വേദനിക്കുന്നത്’. –പൗർണമിയുടെ പ്രതികരണത്തിൽ പിഷാരടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

രമേശ് പിഷാരടിയുടെ അഭിനയ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണ് ‘നോ വേ ഔട്ട്’. നിധിന്‍ ദേവിദാസ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർക്കിടയിൽ.