Monday 19 September 2022 12:04 PM IST : By സ്വന്തം ലേഖകൻ

പെട്ടെന്നുണ്ടായ അവശതകൾ...രോഗം രശ്മിയെ കീഴടക്കിയത് ദിവസങ്ങൾക്കുള്ളിൽ...: ഞെട്ടിക്കുന്ന വിയോഗം

rashmi-new5

കഴിഞ്ഞ ഷെഡ്യൂളിലും തങ്ങൾക്കൊപ്പമുണ്ടായിരുന്ന ആൾ ഇനി ഓർമയിൽ തെളിയുന്ന സാന്നിധ്യം മാത്രമാണെന്ന യാഥാർഥ്യം സൃഷ്ടിക്കുന്ന നൊമ്പരത്തിലാണ് ‘സ്വന്തം സുജാത’ ടീം. പരമ്പരയിൽ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ രശ്മി ജയഗോപാലിന്റെ വിയോഗം അത്രയേറെ അപ്രതീക്ഷിതമായിരുന്നു. 51 വയസ്സിൽ രോഗത്തിന്റെ പിടിയിലമർന്ന് പ്രതിഭാധനയായ ആ കലാകാരി കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു...അവർ ബാക്കിയാക്കിയ കഥാപാത്രങ്ങൾ ഓരോ പ്രേക്ഷകരിലും നോവുള്ള ഓർമയായി ഇനിയുള്ള കാലങ്ങളോളം ജീവിക്കും...

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു രശ്മിയുടെ അന്ത്യം.

കടുത്ത ശാരീരിക അവശതകൾ അടുത്തിടെയാണത്രേ രശ്മിയെ പിടികൂടിയത്. രോഗത്തിന്റെ കടുത്ത പരീക്ഷണകാലത്തിലേക്ക് കടക്കവേയാണ് അവരെ മരണം കവർന്നതും.

‘‘കഴിഞ്ഞ ഷെഡ്യൂളിൽ കണ്ടപ്പോൾ ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു. ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തേക്കാന്‍ ഞാന്‍ പറഞ്ഞു. ചേച്ചിയത് ചെയ്തു. ഓണത്തിന് തറവാട്ടിലൊക്കെ പോയപ്പോഴും വലിയ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു കസിനെ കാണാൻ എത്തിയപ്പോഴാണ് പെട്ടെന്ന് വയ്യാതായത്...വയറ് ബ്ലോക്ക് ആയി, ഫ്ലൂഡിയ് റിട്ടൻഷനായി...ഡോക്ടർ ആർ.സി.സിയിലേക്ക് റഫർ ചെയ്തു...കടുത്ത വേദനയായിരുന്നതിനാൽ കൂടിയ പെയിൻ കില്ലേഴ്സാണ് കഴിച്ചിരുന്നത്. ബയോപ്സിക്ക് കൊടുക്കുന്ന ദിവസം ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് സംസാരിക്കാനായില്ല...മിനിഞ്ഞാന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെയായപ്പോഴേക്കും ഒന്നും ചെയ്യാനില്ലെന്ന ഘട്ടമായി...ബയോപ്സി റിസൾട്ട് വരാൻ കാത്തു നിൽക്കാതെ വളരെ വേഗം ചേച്ചി പോയി...’’.– രശ്മിയുടെ സഹതാരവും പ്രിയസുഹൃത്തുമായ ചന്ദ്ര ലക്ഷ്മൺ ‘വനിത ഓൺലൈനോ’ട് പറഞ്ഞതിൽ നിന്ന് കുറഞ്ഞ കാലത്തിനുള്ളിൽ അവർ നേരിട്ട വേദനയുടെ ആഴം വ്യക്തമാണ്.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.