Wednesday 20 October 2021 11:48 AM IST : By സ്വന്തം ലേഖകൻ

‘നീ നല്ല ഒരു അമ്മയാണ്, സ്നേഹം മാത്രം’: മുക്തയെ പിന്തുണച്ച് ഭർത്താവ് റിങ്കു ടോമി

muktha

ഒരു ചാനലില്‍ പരിപാടിക്കിടെ മകളെക്കുറിച്ച് നടി മുക്ത ജോർജ് നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. മുക്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന തരത്തിലാണ് ചിലരുടെ പ്രതികരണങ്ങൾ. ഇതിന് മറുപടിയുമായി താരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കൂ’ എന്നാണ് മുക്ത സോഷ്യൽ മീഡിയയിൽ മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്.

അതേ സമയം, മുക്തയെ പിന്തുണച്ച് ഭർത്താവ് റിങ്കു ടോമി ഈ പോസ്റ്റിന് നൽകിയ കമന്റും ശ്രദ്ധേയമാകുന്നു. ‘നീ നല്ല ഒരു അമ്മയാണ്, സ്നേഹം മാത്രം’ എന്നായിരുന്നു റിങ്കു കുറിച്ചത്. പിന്നീട് സൈബര്‍ ആക്രമണം ശക്തമായതോടെ ഇൻസ്റ്റഗ്രാമിലെ കമന്റുകൾ മുക്ത ബ്ലോക്ക് ചെയ്തു.

മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്’ എന്നു മുക്ത മറുപടി പറഞ്ഞു. ‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ...ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ’ എന്നായിരുന്നു മുക്തയുടെ മറുപടി.