Tuesday 29 September 2020 10:09 AM IST : By സ്വന്തം ലേഖകൻ

അവർ എന്നെ ദൃഢമായി കെട്ടിപ്പിടിച്ചു, കവിളുകളിൽ ശക്തമായി പിച്ചി! സ്‌നേഹവും ആരാധനയും നല്ലതാണ്, അധികം ആകരുതെന്ന് സായ് കിരൺ

sai

‘വാനമ്പാടി’യിലൂടെ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സായ് കിരൺ റാം. മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് തെലുങ്ക് നടനായ സായ് പരമ്പരയിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ, താരത്തിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും അതിനെത്തുടർന്ന് താരം പങ്കുവച്ച ഒരു അനുഭവവുമാണ് ചർച്ചയാകുന്നത്.

‘സ്‌നേഹവും ആരാധനയും നല്ലതാണ്. പക്ഷേ അധികം ആകരുത്. ഇത് അല്‍പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം കൂട്ടും’ എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

ഒരു സ്ത്രീ ആരാധികയിൽ നിന്നു നേരിടേണ്ടി വന്ന മോശം അനുഭവമാണത്രേ അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് പിന്നിൽ.

‘‘ഒരു സ്ത്രീ പരിചയപ്പെടാനും കൂടെ നിന്നു ഫോട്ടോ എടുക്കാനും എന്റെ അടുത്തേക്കു വന്നു. ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാൻ എന്ന വണ്ണം അടുത്തേക്കു വന്ന അവർ എന്നെ ദൃഢമായി കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളിൽ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി മറയുകയും ചെയ്തു. കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയി ഞാൻ. രാത്രി മുഴുവനും വേദന കാരണം വാട്ടർ ബാഗ് വയ്‌ക്കുകായിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. ഇനി മുതൽ ആളുകളെ ദൂരെ നിർത്തി സംസാരിക്കാൻ പഠിക്കണം’’.– ഒരു മാധ്യമത്തോട് താരം പറഞ്ഞു.