Saturday 25 June 2022 10:53 AM IST : By സ്വന്തം ലേഖകൻ

‘ഭാവന പറയാറുണ്ട്, ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത് മാത്രമാണെന്ന്’: സംയുക്ത പറയുന്നു: വിഡിയോ

samyuktha

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് സംയുക്ത വർമ. ഏറെക്കാലമായി സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യോഗയാണ് താരത്തിന്റെ മറ്റൊരു താൽപര്യം. യോഗ ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സംയുക്ത ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, തന്റെ ഒരു പുതിയ അഭിമുഖത്തിൽ, തന്റെ യോഗ പ്രാക്ടീസ് കാണുമ്പോൾ ബിജു മേനോൻ പറയാറുള്ള രസകരമായ ചില കാര്യങ്ങളെക്കുറിച്ച് സംയുക്ത പറഞ്ഞതാണ് വൈറലാകുന്നത്.

‘യോഗ പ്രാക്റ്റീസുള്ള ദിവസങ്ങളിൽ നാല് മണി ആകുമ്പോഴേക്ക് എണീക്കേണ്ടി വരും. യോഗ ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ എണീക്കുന്നത്. രാവിലെ നാലുമണിക്ക് എണീക്കുമ്പോള്‍ ബിജുവേട്ടന്‍ പറയും, നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ, കിടന്നുറങ്ങിക്കൂടേ, തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ എന്ന്’ സംയുക്ത പറയുന്നു.

അഭിമുഖത്തിൽ തന്റെ പ്രിയസുഹൃത്തുക്കളും അഭിനേത്രികളുമായ ഭാവന, മഞ്ജു വാരിയർ, ഗീതു മോഹൻദാസ് എന്നിവരെ കുറിച്ചും സംയുക്ത പറയുന്നു. ‘ഭാവന എനിക്കൊരു സഹോദരിയെ പോലെയാണ്. എന്റെ സഹോദരി സംഘമിത്രയുടെ കൂടെയാണ് ഭാവന പഠിച്ചത്, അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായി ഉണ്ട്. ഭാവന നിങ്ങൾ കാണുന്ന പോലെ വളരെ കരുത്തയൊക്കെ ആണെങ്കിലും, കഴിഞ്ഞ രണ്ടുമൂന്നു കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റൽ ട്രോമ ചെറുതൊന്നുമല്ല. ഞങ്ങൾ വളരെ അടുത്ത കുറച്ചുപേർ മാത്രമേ അത് കണ്ടിട്ടുള്ളൂ, പൊട്ടിച്ചിതറി താഴെ വീണൊരു അവസ്ഥയിലെത്തി പിന്നീട് അതിൽ നിന്ന് ഉയർന്നുവന്ന, ശക്തി നേടിയ കുട്ടിയാണ്. പലപ്പോഴും എന്റെയടുത്തും മഞ്ജുവിന്റെ അടുത്തുമൊക്കെ പറയാറുണ്ട്. ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത് മാത്രമാണെന്ന്. അച്ഛൻ മരിച്ചിട്ട് അധികനാൾ ആയിട്ടില്ല, അതിന്റെ ഷോക്കിൽ നിന്നുതന്നെ അമ്മ കരകയറിയിട്ടില്ല, അമ്മയെ ഓർത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. നല്ലൊരു ഭർത്താവും അമ്മയും സഹോദരനും കുറേ നല്ല സുഹൃത്തുക്കളുമുള്ളതുകൊണ്ടാണ് പിടിച്ചുനിന്നത്, പിന്നെ ആ കുട്ടിയുടെ ഉള്ളിലുള്ള ഊർജ്ജത്തിൽ നിന്ന് കരുത്താർജ്ജിച്ചു വന്നതാണ്’ ഭാവനയെ കുറിച്ച് സംയുക്ത പറയുന്നതിങ്ങനെ.