Saturday 05 October 2019 03:57 PM IST : By സ്വന്തം ലേഖകൻ

‘ഏഴ് തവണ ചോദിച്ചു, ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്’! ആ പ്രണയകഥ തുറന്നു പറഞ്ഞ് ശ്രുതി രാമചന്ദ്രൻ

sruthi-new

ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് ശ്രുതി രാമചന്ദ്രൻ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും ശ്രുതി സജീവമാണ്.

തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ് ശ്രുതിയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹിതരായവരാണ് ശ്രുതിയും ഫ്രാന്‍സിസ് തോമസും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് ശ്രുതി.

പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നതെന്നും ശ്രുതി പറയുന്നു.

‘‘9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി. ആര്‍ക്കിടെക്ചര്‍ കോഴ്സിന് ചെന്നൈയിൽ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അവിടെ വച്ചാണ് ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. 7 തവണ ചോദിച്ചു. ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. വീണ്ടും 4 വര്‍ഷം കഴിഞ്ഞായിരുന്നു കല്യാണം’’–. ശ്രുതി പറഞ്ഞു.

ജയസൂര്യ നായകനാകുന്ന ‘അന്വേഷണ’ത്തിന്റെ തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്. ശ്രുതിയാണ് ചിത്രത്തിലെ നായിക. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ ആണ് നിർമിക്കുന്നത്.