Monday 20 January 2020 05:20 PM IST : By സ്വന്തം ലേഖകൻ

ഇത് ‘കുങ്ഫു മാസ്റ്റർ’ ലെവൽ! തകർപ്പൻ ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി നീത പിള്ള: വിഡിയോ

kungfu-new

സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ആവേശത്തോടെ ഏറ്റെടുത്ത്, ലോകത്താകമാനം തരംഗമായ ബോട്ടിൽ ക്യാപ്പ് ചലഞ്ച് അടുത്തകാലത്ത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലേക്കും അതു വഴി മോളിവുഡിലേക്കുമൊക്കെ എത്തിയ ഈ ചലഞ്ചിന്റെ കുറച്ചു കൂടി ചലഞ്ചിങ്ങായ ഒരു വകഭേദവുമായി എത്തിയിരിക്കുകയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് പ്രദർശനത്തിനൊരുങ്ങുന്ന ‘ദ് കുങ്ഫു മാസ്റ്ററി’ലെ നായിക നീത പിള്ള. മുൻ ബോട്ടിൽ ക്യാപ്പ് ചലഞ്ച് പ്രകടനങ്ങളിൽ നിന്നു വ്യത്യസ്തമായി, ഒരു പടി കൂടി കടന്ന്, കണ്ണ് മൂടിക്കെട്ടിയാണ് നീത ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.

എബ്രിഡ് ഷൈൻ ഒരുക്കുന്ന ‘ദ് കുങ്ഫു മാസ്റ്ററി’ന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘പൂമര’ത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തിലെ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്കറിയ ആണ് നായകൻ. ചിത്രത്തിനു വേണ്ടി കഠിനമായ പരിശീലനത്തിന്റെ വഴിയിലായിരുന്നു നീതയും ജിജിയും. പൂമരത്തിനു ശേഷം ലഭിച്ച ഓഫറുകളൊക്കെ വേണ്ടെന്നു വച്ചാണ് നീത ഈ സിനിമക്കു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചത്.

മേജർ രവിയുടെ മകൻ അർജുനാണ് ക്യാമറ. കെ.ആർ. മിഥുൻ എഡിറ്റർ. ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ് നിർമാതാവ്.