Friday 10 July 2020 04:48 PM IST : By സ്വന്തം ലേഖകൻ

‘യാത്രയിൽ താനെയായ്’ ; ബാലഭാസ്കർ അവസാനമായി ഈണമിട്ടപാട്ട് ജൻമദിനത്തിൽ ഫെയ്സ്ബുക്ക് പേജിൽ റിലീസ്

balu

ബാലഭാസ്കർ അഭിനേതാവായും മ്യുസിഷനായും ഭാഗമായ അവസാനചിത്രത്തിലെ ടൈറ്റിൽ സോങ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ റിലീസായി. വേളിക്കു വെളുപ്പാൻകാലം എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹമൊരുക്കിയ ‘യാത്രയിൽ താനെയായ്...’എന്ന പാട്ടാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

ബാലഭാസ്കറിന്റെ ഈണത്തിന് വരികളെഴുതിയതും പാടിയതും സുഹൃത്തുക്കളായ ജോയ് താമലവും ഷിബി മണിയേരിയുമാണ്. ഷിബിക്ക് ബാലഭാസ്കർ പാടി അയച്ച ട്രാക്കും വോയ്സ് നോട്ടുകളും നിർദേശങ്ങളും ചേർത്ത് സോങ് റീ അറേ‍ഞ്ച് ചെയ്തത് ബിജിബാൽ ആണ്. ചിത്രത്തിൽ ചെറിയ വേഷത്തിൽ ബാലഭാസ്കർ അഭിനയിച്ചിട്ടുമുണ്ട്. കാറപകടത്തിൽ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ബാലഭാസ്കർ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തത്.

ഇതോടൊപ്പം തന്നെ ബാലഭാസ്കറിന്റെ ഗാനത്തിന്റെ ലിറിക്കൽ കവർ പാടി അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരിയുടെ മകൾ പ്രിയ വേണുഗോപാൽ അദ്ദേഹത്തിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ്. ബാലഭാസ്കറിന്റെ‘ െലറ്റ് ഇറ്റ് ബീ’ എന്ന ആൽബത്തിലെ ‘ബിഗിൻ വിത് സൂര്യ’ എന്ന ഗാനത്തിന്റെ ലിറിക്കൽ കവറിന്റെ ആശയവും വരികളും പാടിയതും പ്രിയ തന്നെ. ഗാനരംഗത്ത് ബാലഭാസ്കറിനെ ചിത്രീകരിച്ച ആൽബത്തിന്റെയും അദ്ദേഹത്തിന്റെ സംഗീതമുഹൂർത്തങ്ങളുടെയും വിഷ്വലുകളുണ്ട്. ഗാനം തുടങ്ങുന്നതിനു മുമ്പ് ‘സ്വർഗലോകത്തെ ജാനിക്കുട്ടിയുടെ അച്ഛന്...ഞങ്ങളുടെ ബാലുച്ചേട്ടന്...’എന്ന കുറിപ്പ് കാണാം. ഒരൊറ്റ ദിവസം കൊണ്ട് ചെയ്തതാണ് ഗാനമെന്ന് പ്രിയയുടെ എഫ് ബി പോസ്റ്റിൽ പറയുന്നു. ‘ബാലഭാസ്കറിനെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ബാലഭാസ്ക്കറിന്റെ കുടുംബത്തിൽ നിന്ന്..’.എന്ന അടിക്കുറിപ്പോടെയാണ് ഗാനം യുട്യൂബിൽ സമർപ്പിച്ചിരിക്കുന്നത്.

Tags:
  • Movies